Reading Time: 5 minutes

ഇല്ല. തമ്പ്രാൻ പറയാതെ സ്ഥിരീകരിക്കില്ല. അവർക്ക് കോവിഡ് ഇല്ല. കോ വിഡ് ഇല്ല. ആ കോ വിഡ് ഇങ്ങനെയല്ല.

ഇടുക്കിയില്‍ ഉള്ളതായി കളക്ടര്‍ അറിയിച്ച 3 കോവിഡ് കേസുകള്‍ മുഖ്യമന്ത്രിയുടെ കണക്കില്‍ ഉള്‍പ്പെടാതെ പോയതിനെപ്പറ്റി ഒരു സുഹൃത്തിന്റെ കമന്റാണ്. എത്ര നിസ്സാരമായാണ്, നിരുത്തരവാദപരമായാണ് ഓരോരുത്തരും വിഷയത്തെ സമീപിക്കുന്നത് എന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു. ഈ മഹാമാരിയുടെയോ, അതിനെ കൈകാര്യം ചെയ്യുന്ന രീതിയുടെയോ ഗൗരവം അശേഷം ബോദ്ധ്യപ്പെടാത്തതു കൊണ്ടാണ് ഇങ്ങനൊക്കെ പറയാന്‍ കഴിയുന്നത്. പറയാന്‍ പാടില്ലാത്തതാണെങ്കിലും പറയുകയാണ് -ചിലര്‍ക്കൊക്കെ കാര്യം ബോദ്ധ്യപ്പെടാന്‍ കോവിഡ് ബാധിക്കേണ്ടി വരുമെന്നു തോന്നുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളും അതുപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് കേരളത്തിലെ കോവിഡ് ചികിത്സാവിധി അഥവാ ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ നിശ്ചയിക്കുന്നത്. കോവിഡ് ചികിത്സയ്ക്കു മാത്രമല്ല രോഗം നിര്‍ണ്ണയിക്കുന്നതിനും പരിശോധിക്കുന്നതിനും പരിശോധനാ ഫലം പ്രഖ്യാപിക്കുന്നതിനും രോഗിയെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു മാറ്റുന്നതിനും, എന്തിനേറെ പറയുന്നു രോഗി മരിച്ചാല്‍ ശവസംസ്കാരം നടത്തുന്നതിനു വരെ പ്രോട്ടോക്കോളുണ്ട്. പക്ഷേ, അതു മനസ്സിലാക്കാന്‍ വിവരം വേണം. ഈ പ്രോട്ടോക്കോളിനെക്കുറിച്ച് ആരോഗ്യ മന്ത്രി പറഞ്ഞതിനെ കളക്ടറെക്കാള്‍ വലിയ പ്രോട്ടോക്കോള്‍ മുഖ്യമന്ത്രിക്കാണെന്ന് അറിയില്ലേ എന്നൊക്കെ ട്രോളുന്ന വിവരദോഷികളുണ്ട്.

ഇടുക്കിയില്‍ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അവിടത്തെ കളക്ടര്‍ ഏപ്രില്‍ 28ന് രാവിലെ പറഞ്ഞു. മാധ്യമങ്ങളില്‍ അതു വാര്‍ത്തയായി. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തില്‍ ഈ മൂന്നെണ്ണം ഇല്ല. അപ്പോള്‍ കളക്ടര്‍ പറഞ്ഞത് എവിടെപ്പോയി എന്ന ചോദ്യം സ്വാഭാവികമായും വന്നു. കോവിഡ് ഫലം നേരെ തിരുവനന്തപുരത്ത് അയച്ച ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് അറിയുന്നതെന്ന ആരോപണം വീണ്ടും ചിലര്‍ പൊടിതട്ടിയെടുത്തു. കളക്ടര്‍ മുഖ്യമന്ത്രിക്കു മുമ്പ് പ്രഖ്യാപിച്ചതുകൊണ്ടാണ് ഇടുക്കിയിലെ മൂന്നെണ്ണം കോവിഡ് പട്ടികയില്‍ ഉള്‍പ്പെടാതെ പോയത് എന്നായി വിശകലനവിശാരദന്മാരുടെ കണ്ടെത്തല്‍.

കോവിഡ് ബാധിച്ചു എന്നു പറയുന്നതിന് വൈകാരികമായ ഒരു തലമുണ്ട്, വ്യക്തിപരമായും സമൂഹപരമായും. ആ വൈകാരിക തലം സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതില്‍ രോഗനിര്‍ണ്ണയത്തിലെ കൃത്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കോവിഡ് ഇല്ലാത്ത രോഗിക്ക് അതുണ്ടെന്നു പറയുന്നത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചിന്തിച്ചുനോക്കൂ. ഇനി കോവിഡ് ഉള്ളയാള്‍ക്ക് അതില്ല എന്നു പറഞ്ഞാലുള്ള അപകടം പറയാനുമില്ല. രോഗം കണ്ടെത്താനുള്ള ചില ടെസ്റ്റുകള്‍ പൂര്‍ണ്ണഫലം തരില്ല. എന്നുവച്ചാല്‍, അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക തോന്നിപ്പിക്കും. അത്തരത്തില്‍ ഫലം അന്തിമമല്ലാത്ത ടെസ്റ്റുകള്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയച്ച് റി-വാലിഡേറ്റ് ചെയ്യും. ഇടുക്കിയിലെ 3 കേസുകളും ഇത്തരത്തില്‍ റി-വാലിഡേറ്റ് ചെയ്യാനായി ചൊവ്വാഴ്ച രാവിലെ തന്നെ ആലപ്പുഴയിലേക്ക് അയച്ചു. മുഖ്യമന്ത്രി പത്രസമ്മേളനത്തിനെത്തുമ്പോള്‍ അതിന്റെ ഫലം വന്നിട്ടില്ല.

ഒരു ടെസ്റ്റ് പോസിറ്റീവ് ആയി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഒരുപാട് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പരിശോധിക്കുന്ന ലാബില്‍ അതെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ അവിടെ നിന്നു തന്നെ റിസള്‍ട്ട് പോസിറ്റീവാണെന്ന അറിയിപ്പു നല്‍കും. പൂര്‍ണ്ണമായി നിര്‍ണ്ണയിക്കാനായില്ലെങ്കില്‍ ലാബില്‍ നിന്ന് ബന്ധപ്പെട്ടവര്‍ക്ക് സൂചന നല്‍കും -പോസിറ്റീവാകാന്‍ സാദ്ധ്യതയുണ്ടെന്ന്. അപ്പോള്‍ത്തന്നെ കോവിഡ് ചികിത്സാവിധി തുടങ്ങും. എന്നിട്ട് ആ ടെസ്റ്റ് റി-വാലിഡേറ്റ് ചെയ്യാന്‍ ആലപ്പുഴയിലേക്ക് അയയ്ക്കും. അവിടെ നിന്നാണ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന അന്തിമ തീരുമാനം പറയുക. ഇടുക്കിയില്‍ ചികിത്സ തുടങ്ങിയിട്ടുണ്ട്, ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും. ടെസ്റ്റ് പോസിറ്റീവാണെന്ന് റി-വാലിഡേറ്റ് ചെയ്തു കിട്ടാതെ സംസ്ഥാന പട്ടികയില്‍ അതു പെടില്ല, മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുമില്ല.

മുമ്പ് നിപ്പ വന്നപ്പോള്‍ സ്ഥിതി ഇതിലും രൂക്ഷമായിരുന്നു. ഇവിടെ ആലപ്പുഴയിലെ ലാബില്‍ മാത്രമാണ് അന്ന് പരിശോധിക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇവിടെ രോഗം സ്ഥിരീകരിച്ചാലും പുണെയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയച്ച് പരിശോധനാ ഫലം അംഗീകരിച്ചാലേ പ്രഖ്യാപിക്കാനാവൂ എന്നതായിരുന്നു സ്ഥിതി. എന്നാല്‍, ഇക്കുറി കോവിഡ് രോഗവ്യാപനം കൂടുതലായതിനാല്‍ പ്രാദേശിക തലത്തില്‍ പരിശോധന നടത്താനും പ്രഖ്യാപിക്കാനും അനുമതി കിട്ടി. ആലപ്പുഴയിലെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം പൊതുമേഖലയില്‍ 14 എണ്ണവും സ്വകാര്യ മേഖലയില്‍ രണ്ടെണ്ണവും ഉള്‍പ്പെടെ 16 ലാബുകളിലാണ് കേരളത്തിലെ കോവിഡ് പരിശോധന. ഭൂരിഭാഗവും അതാതിടത്ത് ഫലം പറയും. എന്നാല്‍, മറ്റു 15 ലാബുകളില്‍ നടക്കുന്ന പരിശോധനകളില്‍ രണ്ടാം വട്ടം ഉറപ്പിക്കല്‍ ആവശ്യമുള്ളവ മാത്രം ആലപ്പുഴയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തും.

ഇടുക്കിയിലെ 3 കേസുകളില്‍ കോവിഡ് സ്ഥിരീകരിക്കാനുള്ള സാദ്ധ്യത തന്നെയാണ് കാണുന്നത്. രോഗികളെ വിവരം അറിയിച്ചു. അതുപ്രകാരമുള്ള ചികിത്സയും തുടങ്ങിക്കഴിഞ്ഞു. കളക്ടര്‍ അതു തന്നെയാവണം മാധ്യമങ്ങളോടു പറഞ്ഞതും. എന്നാല്‍, ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ പൊതുകണക്കില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയേ മതിയാകൂ. ചാനലില്‍ വാര്‍ത്ത വന്നു എന്ന പേരില്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ല. രോഗിയുടെ മനുഷ്യാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതില്‍ കടന്നുവരുന്നുണ്ട്. അതിനാല്‍ ഒരു ദിവസം വൈകിയാലും കൃത്യതയും വ്യക്തതയും ഉറപ്പാക്കിയിട്ടേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ. ഇതുവരെ അവലംബിച്ചു പോരുന്ന രീതി അതു തന്നെയാണ്. ഇടുക്കി കളക്ടറുടേത് പ്രഖ്യാപനമല്ല, വിവരകൈമാറ്റം മാത്രമാണ്.

പരിശോധനാ ഫലം മുഖ്യമന്ത്രി പ്രഖ്യാപിച്ചാലേ ഫലമാകൂ എന്നും അതിനു ശേഷമേ ചികിത്സ തുടങ്ങൂ എന്നുമൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഫലങ്ങള്‍ പ്രാദേശികമായി നേരത്തേ നല്‍കുന്നുണ്ട് എന്നതിനു തെളിവ് ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തന്നെയാണ്. ഉദാഹരണമായി ഏപ്രില്‍ 22ന് കോഴിക്കോട്ടുള്ള 2 ഹൗസ് സര്‍ജ്ജന്മാര്‍ക്കു കോവിഡ് പോസിറ്റീവായ വിവരം എല്ലാ ചാനലുകളിലും മുഖ്യമന്ത്രി പറയുന്നതിനു മുമ്പ് രാവിലെ തന്നെ വന്നതല്ലേ? ഏപ്രില്‍ 25ന് വന്ന കൊല്ലത്തെ കേസും ഇതുപോലെ ചാനലുകളും പോര്‍ട്ടലുകളുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോവിഡ് പോസിറ്റീവ് ആകുന്ന വിവരം പ്രാദേശികമായി തല്‍ക്ഷണം തന്നെ നല്‍കുന്നുണ്ട്. വര്‍ക്കലയില്‍ കറങ്ങി നടന്ന ഇറ്റലിക്കാരനും ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനും തിരുവനന്തപുരത്തെ പോത്തന്‍കോട്ടുകാരനും കാസര്‍കോട് രോഗവ്യാപനം നടത്തിയ വ്യക്തിക്കുമെല്ലാം കോവിഡ് പോസിറ്റീവായത് മുഖ്യമന്ത്രി പ്രഖ്യാപിക്കും മുമ്പ് നാട്ടുകാരറിഞ്ഞ സംഭവങ്ങളാണ്. പോസിറ്റീവ് എന്ന് ഉറപ്പിച്ച ഫലം കിട്ടുന്ന മുറയ്ക്ക് അതാതിടത്ത് അറിയിക്കുന്ന വിവരങ്ങള്‍ ക്രോഢീകരിച്ച് വൈകീട്ട് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ കണക്കു പറയുന്നു എന്നേയുള്ളൂ.

പല വിവാദങ്ങള്‍ക്കും കാരണം വിവരക്കേടാണ്. 2020 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാനദണ്ഡമനുസരിച്ച് കോവിഡ് 19 രോഗികളെ അവരുടെ രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ വീടുകളിലിരുത്തി ചികിത്സിക്കാം. കോവിഡ് സ്ഥിരീകരിച്ച, എന്നാല്‍ രോഗലക്ഷണങ്ങള്‍ നാമമാത്രമായവരെയാണ് ഇത്തരത്തില്‍ ചികിത്സിക്കാനാവുക. ആശുപത്രികളില്‍ തിരക്ക് അനുഭവപ്പെടാതിരിക്കാനാണ് ഈ പ്രോട്ടോക്കോള്‍ നിശ്ചയിച്ചത്. എന്നാല്‍, തുടക്കം മുതല്‍ പ്രകടിപ്പിച്ച അതീവജാഗ്രത നിമിത്തം കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാനായതിനാല്‍ കേരളം ഇതുവരെ ഇങ്ങനൊരു വീട്ടുചികിത്സാ രീതി അവലംബിച്ചിട്ടില്ല. രോഗികളെ ആദ്യ ഘട്ടം മുതല്‍ ആശുപത്രിയിലെത്തിച്ച് പരിചരിക്കുകയും ചികിത്സിക്കുകയും ചെയ്യുക എന്നതാണ് ഇവിടത്തെ രീതി. അതു കേരളത്തിന്റെ കരുതലിന്റെ ഭാഗമാണ്.

കോട്ടയത്ത് ഏതോ രോഗിയുടെ വീട്ടില്‍ ആംബുലന്‍സ് എത്താന്‍ വൈകിയെന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കിയ സംസ്ഥാനത്തെ മുതിര്‍ന്ന ചില ജനപ്രതിനിധികളും ചാനല്‍ ജഡ്ജിമാരുമൊന്നും അറിയാതെ പോയത് ഈ പ്രോട്ടോക്കോളാണ്. അതോ മനഃപൂര്‍വ്വം അവഗണിച്ചതോ? ഇവിടെ സംഭവിച്ച കുഴപ്പം ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും പ്രതിരോധ പ്രവര്‍ത്തിനത്തിനു നേതൃത്വം നല്‍കുന്നവരെയും മറികടന്ന് രോഗിയെ ആശുപത്രിയിലെത്തിക്കേണ്ട സമയം ഈ നേതാക്കളും ചാനല്‍ ജഡ്ജികളും ചേര്‍ന്നങ്ങ് നിശ്ചയിച്ചു. എന്നിട്ടതിനനുസരിച്ച് ആംബുലന്‍സ് വൈകിയോ ഇല്ലയോ എന്നു തീരുമാനിച്ചു.

എന്തു മാനദണ്ഡമനുസരിച്ചാണ് ആംബുലന്‍സ് വൈകി എന്ന് ഇവരെല്ലാരും കൂടി തീരുമാനിച്ചത്? ഈ മാനദണ്ഡമനുസരിച്ച് ഇത്ര മണിക്കകം രോഗിയെ ആശുപത്രിയിലെത്തിക്കേണ്ടതായിരുന്നു, അതു പാലിച്ചില്ല എന്നു പറയാന്‍ എന്തെങ്കിലും വേണ്ടേ? ഔദ്യോഗികമായി ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരെങ്കിലും പറഞ്ഞോ? ഒരു ഡോക്ടറെക്കൊണ്ട് ഇതു പറയിപ്പിക്കാനാവുമോ? നിലവില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുന്നയാളാണ് രോഗി എന്നതോര്‍ക്കണം. “വണ്ടി ഓടിയെത്താനുള്ള സമയമെങ്കിലും കൊടുക്കണ്ടേ” എന്ന് ചോദിച്ച ആ രോഗി പ്രകടിപ്പിച്ച മനസ്സാന്നിദ്ധ്യം പോലും ഈ ‘പ്രഗത്ഭന്മാര്‍ക്ക്’ ഉണ്ടായില്ല.

കാര്യം ഇങ്ങനെയാണെങ്കിലും മനഃപൂര്‍വ്വം ആരും വൈകിക്കില്ലല്ലോ! പഞ്ചായത്തിലല്ല ആംബുലന്‍സുള്ളത്. ആംബുലന്‍സുകള്‍ ജില്ലാ കേന്ദ്രത്തിലാണുള്ളത് എന്ന കാര്യം വിമര്‍ശകര്‍ക്ക് അറിയാത്തതല്ല. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടനെ ആംബുലന്‍സ് പോയി അയാളെ പിടിച്ചുകയറ്റി കൊണ്ടുവരികയല്ല ചെയ്യുന്നത്. ആ രോഗിയെ എത്തിച്ചതിനു ശേഷം അവശ്യം വേണ്ട സൗകര്യങ്ങള്‍ നേരത്തേ തന്നെ സജ്ജീകരിക്കണം. ആംബുലന്‍സ് അണുവിമുക്തമാക്കണം. ആംബുലന്‍സ് ഡ്രൈവര്‍ക്ക് സുരക്ഷാവസ്ത്രം അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതെല്ലാം കഴിഞ്ഞ് എത്രയാണോ ദൂരം അത്രയും ആംബുലന്‍സ് ഓടിയെത്തണം. അതിന് ന്യായമായും ഒരു സമയമെടുക്കും. ഇനി സമയം അല്പം കൂടുതലെടുത്താലും പ്രശ്നമില്ല എന്നാണ് മുകളില്‍ പറഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കാള്‍ പ്രകാരം “അശോകന് ക്ഷീണമാകാം”!!!

ഇതെല്ലാം അറിയാത്തവരാണോ മാധ്യമപ്രവര്‍ത്തകര്‍? അല്ല എന്ന് മാധ്യമപ്രവര്‍ത്തകനായ എനിക്കുറപ്പാണ്. പുറത്തേക്കു പറയുന്നത് കള്ളമാണെങ്കിലും ഒരു മാധ്യമ പ്രവര്‍ത്തകന്‍ സത്യമെന്തെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയിരിക്കും. കാരണം ആ സത്യം മൂടി വെച്ചാണല്ലോ കള്ളം അവതരിപ്പിക്കേണ്ടത്. സത്യം കള്ളമാക്കേണ്ടത് മാധ്യമവ്യവസായത്തിന്റെ താല്പര്യമാണ്. ആ വ്യാവസായിക താല്പര്യത്തിനു മുന്നില്‍ വഴങ്ങേണ്ടി വരുന്നതാണ് മാധ്യമപ്രവര്‍ത്തകന്റെ ദുര്യോഗം.

ലോകത്തെ വേറൊരു ആരോഗ്യ സംവിധാനത്തിനും ഇത്രയധികം പ്രതിലോമ ശക്തികളെ നേരിടേണ്ടി വരുന്നില്ല എന്നു തോന്നുന്നു. കോവിഡിനെ കേരളം വിജയകരമായി നേരിടും. പക്ഷേ, കള്ളക്കാറ്റടിക്കുന്നിടത്തെല്ലാം വേലി കെട്ടുക എന്നു പറയുന്നത് അതീവദുഷ്കരം തന്നെയാണ്. എങ്കിലും, സത്യം പറയാതെ തരമില്ല. കാരണം കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആത്മവീര്യം തകരാതെ നോക്കിയേ മതിയാകൂ. കോവിഡിന്റെ ഭീഷണി ഒഴിഞ്ഞു എന്നു കരുതിയാണ് ഈ ബഹളമെല്ലാം ഉണ്ടാക്കുന്നതെങ്കില്‍ അതു ചെയ്യുന്നവര്‍ മണ്ടന്മാരാണ്. കോവിഡിന്റെ കൂടുതല്‍ ശക്തമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ എന്ന് വിവരമുള്ളവര്‍ പറയുന്നു. അന്ന് നമുക്കിവരെ -പ്രതിരോധ ഭിത്തി തീര്‍ക്കുന്നവരെ -കൂടിയേ തീരൂ. അതിനായി അവരെ ഉറപ്പിച്ചുനിര്‍ത്തണം. അതുകൊണ്ടു തന്നെ എന്റെ പിന്തുണ അവര്‍ക്കാണ്, കള്ളത്തിനല്ല.

Previous articleമലയാളം പറയുന്ന അമേരിക്കന്‍ പൊലീസ്!!
Next article‘ധൂര്‍ത്ത്’ ആക്കിയ പാക്കേജ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here