പ്രിയ ചീഫ്, വിട…

 • 88
 • 14
 •  
 •  
 • 17
 •  
  119
  Shares

9847001507 കോളിങ്……

‘ഡോ… ജ്ജബ്‌ടെ എന്താക്കുവാ?’ -ഗൗരവത്തിലാണെങ്കിലും സ്‌നേഹം തുളുമ്പുന്ന ശബ്ദം.

‘ഓ പ്രത്യേകിച്ചൊന്നും ഇല്ല ചീഫേ’ -പതിവു മറുപടി.

v-rajagopal-300x195

‘ജ്ജ് ഒരു പണിയുമെടുക്കാണ്ട് ഇങ്ങനെ കാള കളിച്ചു നടക്ക്വാ. എന്നാ നീയ് ഇങ്ങോട്ടു പോരെ’ -എന്തോ കുരിശ് കരുതി വെച്ചിട്ടാണ് ആ വിളിയെന്നറിയാമെങ്കിലും ഒഴിഞ്ഞുമാറാന്‍ തോന്നില്ല. അതിനു സാധിക്കുമായിരുന്നില്ല എന്നു പറയുന്നതാണ് സത്യം. കുരിശ് ചെറുതാണേലും വലുതാണേലും ഏറ്റെടുക്കാനുള്ള മാനസികാവസ്ഥ വിളി വന്ന നിമിഷം തന്നെ കൈവരിച്ചിട്ടുണ്ടാവും. കാരണം വിളിച്ചത് വി.രാജഗോപാലാണ് എന്നതു തന്നെ.

1999ല്‍ ഈയുള്ളവന്‍ മാതൃഭൂമിയിലേക്കു കടന്നുചെല്ലുമ്പോള്‍ രാജഗോപാല്‍ ഉഗ്രപ്രതാപിയാണ്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തസ്തികയിലായിരുന്നു അദ്ദേഹമെന്നാണ് എന്റെ ഓര്‍മ്മ. സ്‌പോര്‍ട്‌സ് പേജ് കൃത്യമായി വായിച്ചിരുന്ന ഒരാളെന്ന നിലയില്‍ 5 ഒളിമ്പിക്‌സും 6 ഏഷ്യാഡും റിപ്പോര്‍ട്ട് ചെയ്ത ഈ മനുഷ്യനെ തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അല്പം ഭയഭക്തി ബഹുമാനത്തോടെ മാറി നിന്നു. എന്നാല്‍, എല്ലാവരോടും സൗഹൃദം പങ്കിട്ട് അവരിലൊരാളായി നീങ്ങുന്ന ഈ മനുഷ്യനില്‍ നിന്ന് അധികകാലം അകന്നുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹത്തോട് ഞാന്‍ അടുത്തു എന്നതിനെക്കാള്‍, അദ്ദേഹം എന്നെ വലിച്ചടുപ്പിച്ചു എന്നു പറയുന്നതാവും ശരി. സ്‌പോര്‍ട്‌സ് അറിയാം എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ ഞാന്‍ ചീഫിന്റെ ഭൂതഗണങ്ങളിലൊരുവനായി മാറി. പില്‍ക്കാലത്ത് അതിന്റെ ഗുണവും ദോഷവുമുണ്ടായി എന്നത് വേറെ കാര്യം.

പുറമേക്ക് ശാന്തമാണെങ്കിലും മാതൃഭൂമി മാനേജ്‌മെന്റില്‍ എം.പി.വീരേന്ദ്രകുമാര്‍ ഒരു ഭാഗത്തും പി.വി.ചന്ദ്രന്‍ മറുഭാഗത്തുമായി പൊരിഞ്ഞ പോരാണ്. ഇതില്‍ രാജഗോപാല്‍ കെ.ടി.സി. ഗ്രൂപ്പിന്റെ സേനാനായകനായിരുന്നു. മാതൃഭൂമിയില്‍ കെ.ടി.സി. ഗ്രൂപ്പിന്റെ ആധിപത്യമുറപ്പിച്ചത് രാജഗോപാലിന്റെ കൃശാഗ്രബുദ്ധിയാണെന്ന് കേട്ടിട്ടുണ്ട്. പിന്നീട്, ടൈംസ് ഓഫ് ഇന്ത്യയുടെ കൈവശമിരുന്ന ഓഹരികള്‍ സ്വന്തമാക്കി വീരേന്ദ്രകുമാര്‍ പ്രതാപിയായപ്പോള്‍ രാജഗോപാലിനെ ഗ്രഹണം ബാധിച്ചതിനു കാരണവും മറ്റൊന്നല്ല. എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന അദ്ദേഹം ഒരു പടി താഴേക്കിറങ്ങി ഡെപ്യൂട്ടി എഡിറ്ററായി. രാജഗോപാലിനു ശേഷം മാതൃഭൂമിക്ക് മറ്റൊരു എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഉണ്ടായിട്ടില്ലെന്നത് വേറെ കാര്യം. ഈ പൊളിറ്റിക്‌സ് ഒന്നും ഞങ്ങള്‍ പിള്ളേര്‍ സെറ്റിന് മനസ്സിലാവുമായിരുന്നില്ല. കാരണം സ്ഥാനമാറ്റമൊന്നും രാജഗോപാലിനെ ബാധിച്ചതായി തോന്നിയിട്ടില്ല. അതിനാല്‍ത്തന്നെ ഞങ്ങള്‍ ചീഫിനെ ആരാധിച്ചു. അദ്ദേഹത്തോടൊപ്പം അര്‍മാദിച്ചു.

VRG

വാര്‍ത്ത നല്‍കുന്ന കാര്യത്തിലോ ഭരണപരമായ നടപടിയെടുക്കുന്ന കാര്യത്തിലോ ആകട്ടെ, വേഗത്തില്‍ തീരുമാനമെടുക്കാന്‍ രാജഗോപാലിനുണ്ടായിരുന്ന കഴിവ് അസാധാരണമാണ്. മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഇതു തന്നെയാണ്. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസാണ് മാതൃഭൂമിക്കു വേണ്ടി രാജഗോപാല്‍ അവസാനമായി കവര്‍ ചെയ്ത കായിക ഇനം. സാന്ദര്‍ഭികവശാല്‍ മാതൃഭൂമിക്കു വേണ്ടി ഈ എളിയവന്‍ റിപ്പോര്‍ട്ട് ചെയ്ത അവസാന കായിക ഇനവും അതു തന്നെ. 18 വര്‍ഷം നീളുന്ന എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു 2010 ഒക്ടോബര്‍ 1 മുതല്‍ 15 വരെയുള്ള ആ ഡല്‍ഹിവാസം. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എനിക്കൊപ്പം റിപ്പോര്‍ട്ടര്‍മാരായി ഉണ്ടായിരുന്നത് കെ.വിശ്വനാഥ്, ജോസഫ് മാത്യു, ഡി.ശ്രീജിത്ത്, ഷൈന്‍ മോഹന്‍ എന്നിവര്‍. ഫോട്ടോഗ്രാഫര്‍മാരായ കെ.കെ.സന്തോഷ്, ഉണ്ണികൃഷ്ണന്‍ തോട്ടയ്ക്കാട്, സാബു സ്‌കറിയ എന്നിവരും ചേര്‍ന്നാല്‍ സംഘം പൂര്‍ത്തിയായി. ഡല്‍ഹി മുഴുവന്‍ വ്യാപിച്ചുകിടന്ന മേള റിപ്പോര്‍ട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് കരുത്തായത് രാജഗോപാലിന്റെ അസൂയാവഹമായ അനുഭവസമ്പത്ത്. ചെറുപ്പക്കാര്‍ക്കൊപ്പം ഞങ്ങളെക്കാള്‍ ചെറുപ്പക്കാരനായി അദ്ദേഹം ഓടി നടന്നു. എവിടെയെല്ലാം സംഘാടകരെ സമീപിക്കേണ്ടി വന്നുവോ, മാതൃഭൂമി എന്നു പറഞ്ഞപാടെ ഉയരുന്ന മറുചോദ്യം -‘രാജഗോപാല്‍ വന്നിട്ടില്ലേ?’ ഈ മനുഷ്യന്‍ എനിക്കെന്നും അത്ഭുതമായിരുന്നു, അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.

VRG 2

വ്യക്തിപരമായ കാരണങ്ങളാല്‍ 2012ല്‍ ഞാന്‍ മാതൃഭൂമി വിടാന്‍ തീരുമാനിച്ചപ്പോള്‍ ‘അരുത്’ എന്ന് എന്നോട് പറഞ്ഞ ഏക വ്യക്തി രാജഗോപാലാണ്. ‘പരിഹാരമില്ലാത്ത പ്രശ്‌നമുണ്ടോ’ എന്ന അദ്ദേഹത്തിന്റെ ചോദ്യം മുഖവിലയ്‌ക്കെടുത്ത് ഒരിക്കല്‍ക്കൂടി ഭാഗ്യപരീക്ഷണത്തിനു മുതിരാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. വഴിപിരിയാനുള്ള തീരുമാനം ഉറച്ചതാണെന്ന് മറുപടി നല്‍കിയപ്പോള്‍ ‘ഉറച്ച തീരുമാനം പിഴയ്ക്കില്ല’ എന്ന പ്രോത്സാഹനമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2013ൽ രാജഗോപാല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചുവെന്ന അഞ്ചാം പേജ് വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. ഇത്ര പെട്ടെന്നോ എന്ന തോന്നലാണ് ആദ്യമുണ്ടായത്. അദ്ദേഹത്തിനു മുമ്പ് വിരമിച്ച ചില വെറും പെട്ടിയെടുപ്പുകാര്‍ വര്‍ഷങ്ങള്‍ക്കുശേഷവും സര്‍വ്വീസില്‍ കടിച്ചുതൂങ്ങുന്ന മാതൃഭൂമിയില്‍, രാജഗോപാലിനെപ്പോലൊരു മിടുക്കന് കുറച്ചുകാലം കൂടി ഞാൻ പ്രതീക്ഷിച്ചുപോയത് സ്വാഭാവികം. പക്ഷേ, മുതലാളിമാര്‍ക്കിടയിലെ രാഷ്ട്രീയത്തിലും ചേരിപ്പോരിലും കക്ഷിയായി എന്നത് അദ്ദേഹത്തിന് വിനയായിട്ടുണ്ടാവണം.

‘എടോ, എന്നേം നിന്നെപ്പോലെ ടീവീലെടുത്തു’ -ടി വി ന്യൂവിന്റെ എഡിറ്ററായി ചുമതലയേല്‍ക്കുന്ന കാര്യം രാജഗോപാല്‍ വിളിച്ചറിയിച്ചത് ഇങ്ങനെയാണ്. ‘നീ ഇങ്ങോട്ടു വരുന്നോ എന്നു ഞാന്‍ ചോദിക്കുന്നില്ല. പക്ഷേ, ഏതെങ്കിലും ഘട്ടത്തില്‍ ആവശ്യം വന്നാല്‍ നിനക്കെന്നെ വിളിക്കാം’ -അദ്ദേഹത്തിനു മാത്രം പറയാനാവുന്ന വാക്കുകള്‍. ഇന്ത്യാവിഷനില്‍ തന്നെ തുടരാനാണ് തീരുമാനം എന്നറിയിച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെ ചീഫ് അനുഗ്രഹിച്ചു.

ഫോണില്‍ ഞങ്ങള്‍ സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഇന്ത്യാവിഷനിലും ടി വി ന്യൂവിലുമെല്ലാമുള്ള സാമ്പത്തികപ്രതിസന്ധി വാര്‍ത്തയായതോടെ എന്നെ എങ്ങനെ സഹായിക്കാനാവും എന്നതായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ചിന്ത. വെറുമൊരു അശുവായ എന്നെക്കുറിച്ച് ഈ മനുഷ്യനെന്തിന് ഇത്ര വേവലാതിപ്പെടുന്നു എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ‘ഉറച്ച തീരുമാനം പിഴയ്ക്കില്ല’ എന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. ആ ഉറച്ച തീരുമാനവുമായി ഞാന്‍ മുന്നോട്ടുപോകുന്നു.

അകാലത്തില്‍ പൊലിഞ്ഞുപോയ എന്റെ ചില ഉറ്റ സുഹൃത്തുക്കളുണ്ട്. എനിക്കു വട്ടായിട്ടാണോ എന്നറിയില്ല, അവരുടെ ഫോണ്‍ നമ്പറുകള്‍ ഞാന്‍ മൊബൈല്‍ ഫോണില്‍ നിന്ന് നീക്കിയിട്ടില്ല. ഓര്‍മ്മയില്‍ എന്നും അവരെ നിലനിര്‍ത്താന്‍, നെഞ്ചോടു ചേര്‍ത്തുവെയ്ക്കാന്‍ ഒരു മാര്‍ഗ്ഗമായി ഞാന്‍ ഇതിനെ കാണുന്നു. ഞാന്‍ വിളിക്കാത്ത, അല്ലെങ്കില്‍ വിളിക്കേണ്ടതില്ലാത്ത ആ നമ്പറുകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടി – 9847001507 / രാജഗോപാല്‍ വാരിയംകണ്ടി.

പ്രിയ ചീഫ്, ഒരുകാലത്ത് അങ്ങയുടെ ഭൂതഗണമായിരുന്ന പലരും നിലനില്‍പ്പിനു വേണ്ടി പിന്നീട് നിലപാട് മാറ്റി തള്ളിപ്പറഞ്ഞു. എന്നാല്‍, ഇന്നും അങ്ങയുടെ ഭൂതഗണമാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

പ്രിയ ചീഫ്, വിട…

തുടര്‍വായന

മാഞ്ഞുപോയ നിറപുഞ്ചിരി... ചില മുഖങ്ങളുണ്ട്. സദാ പുഞ്ചിരി തത്തിക്കളിക്കും. അവര്‍ ദേഷ്യത്തിലാണേലും സങ്കടത്തിലാണേലും പുഞ്ചിരിക്കുന്നതായിട്ടായിരിക്കും മറ്റുള്ളവര്‍ക്കു തോന്നുക. ആ മുഖം കാണുന്നതു തന്നെ ആശ്വാസമ...
ജലസമരത്തിന്റെ അടയാളപ്പെടുത്തല്‍... ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ഒരു മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകനും വിലയുണ്ടാവുന്നത്. ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആ വില ഇടിയുകയും ചെയ്യും. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ...
‘അണ്ണാ’ എന്ന വിളിക്കായി…... എടാ അനീഷേ... നീ പോയെന്ന് എല്ലാവരും പറയുന്നു. എനിക്കു വിശ്വാസമായിട്ടില്ല. ഞാന്‍ വിശ്വസിക്കില്ല. നിന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചപ്പോള്‍ എടുത്ത പോലീസുകാരന്‍ പറഞ്ഞ അറിവാണ് എല്ലാവ...
മഞ്ചലുമായി മരണം മുന്നില്‍... മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍... അശ്വമേധം എന്ന നാടകത്തിനായി വയലാര്‍ രാമവര്‍മ്മ എഴുതി കെ.രാഘവന്‍ ഈണമിട്ട അനശ്വരഗാനത്തിന്റെ അവസാനത്തോടടുക്കുമ്പ...
പ്രിയ സുഹൃത്തേ.. വിട... സൗഹൃദത്തിന് പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഈ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു. ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വഴിയില്‍ പെട്ടെന്ന് ഒരു യമഹ...
മെര്‍ക്കലിനെ കാണാന്‍ അപ്പൂസിന്റെ യാത്ര... ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ.ആംഗല മെര്‍ക്കലിനോട് ഈ പാവം പയ്യന്‍സ് ആശയവിനിമയം നടത്തും, അതും ജര്‍മ്മന്‍ ഭാഷയില്‍. ബെര്‍ലിനിലെ ചാന്‍സലര്‍ ഓഫീസില്‍ തന്നെയായിരിക്കും കൂടിക്കാഴ്ച. യാത്ര ജര്‍...

 • 88
 • 14
 •  
 •  
 • 17
 •  
  119
  Shares
 •  
  119
  Shares
 • 88
 • 14
 •  
 •  
 • 17

COMMENT