• 823
 • 31
 •  
 • 38
 •  
 •  
 •  
  892
  Shares

ദേരാ സച്ചാ സൗദയുടെ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് 20 വര്‍ഷം കഠിന തടവും 30,20,000 രൂപ പിഴയും പഞ്ച്കുലയിലെ സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ വിധിക്കുമ്പോള്‍ പൊളിഞ്ഞുവീണത് എന്തിനും പോന്ന ആള്‍ദൈവങ്ങളില്‍ ഒന്നിന്റെ മുഖംമൂടിയാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍, ഈ കോടതി വിധിയിലൂടെയാണോ ഗുര്‍മീത് സിങ് എന്ന കള്ളസ്വാമിയുടെ മുഖംമുടി പൊളിഞ്ഞത്? അല്ല തന്നെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുര്‍മീതിന്റെ മുഖം മൂടി വലിച്ചുകീറിയ ഒരു പാവം പത്രക്കാരനുണ്ട്. അത് ചെയ്തതിന്റെ പേരില്‍ സ്വജീവന്‍ ബലി നല്‍കേണ്ടി വന്ന മനുഷ്യന്‍ – രാംചന്ദര്‍ ഛത്രപതി. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ഇന്നും ഗുര്‍മീത് സിനിമാഭിനയവും ബലാത്സംഗങ്ങളുമെല്ലാമായി സുഖിച്ചു വാഴുമായിരുന്നു. ഈ ‘ആസാമി’ കോടതിയില്‍ കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കണ്ണില്‍ നിന്ന് കണ്ണീര്‍ വന്നാല്‍ പോരാ, ചോര വരണം!!

രാംചന്ദര്‍ ഛത്രപതി

ഹരിയാണയിലെ സിര്‍സയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘പൂരാ സച്’ എന്ന സായാഹ്ന പത്രം നടത്തിയിരുന്നയാളാണ് രാംചന്ദര്‍ ഛത്രപതി. ‘പൂരാ സച്’ എന്നാല്‍ പൂര്‍ണ്ണ സത്യം. 2002 മെയ് 30നാണ് രാംചന്ദര്‍ ഛത്രപതിയുടെയും ഇപ്പോള്‍ ഗുര്‍മീത് സിങ്ങിന്റെയും ജീവിതം മാറ്റിമറിച്ച ആ വാര്‍ത്ത വന്നത്. ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിന്ന് പുറത്തുവന്ന ഒരു ‘സാധ്വി’ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പഞ്ചാബ് -ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റീസും അടക്കമുള്ള പ്രമുഖര്‍ക്ക് അയച്ച പേരുവെയ്ക്കാത്ത കത്തായിരുന്നു വാര്‍ത്തയ്ക്ക് ആധാരം. 3 പേജുള്ള കത്തില്‍ പറഞ്ഞിരുന്നത് ദേരാ തലവന്‍ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വിശദാംശങ്ങള്‍. വാര്‍ത്ത വന്‍ വിവാദമായത് സ്വാഭാവികം. രാംചന്ദര്‍ ഛത്രപതിയുടെ നേര്‍ക്ക് വധഭീഷണിയും ഉയര്‍ന്നു.

ഗുര്‍മീത് സിങ്ങിനെതിരായ വാര്‍ത്തയുമായി പുറത്തിറങ്ങിയ ‘പൂരാ സച്’

‘പൂരാ സച്’ പ്രസിദ്ധീകരിച്ച കത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ 2002 സെപ്റ്റംബര്‍ 24ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവായി. തനിക്ക് ലഭിച്ച കത്ത് പരിശോധിച്ച് വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സിര്‍സ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ശുപാര്‍ശയാണ് സിര്‍സ ജില്ലാ ജഡ്ജി നല്‍കിയത്. അതനുസരിച്ച് ഹൈക്കോടതി തീരുമാനമെടുക്കുകയും ചെയ്തു. സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരു മാസം കഴിഞ്ഞ ദിവസം -2002 ഒക്ടോബര്‍ 24ന് വധഭീഷണി സത്യമായി. രാംചന്ദര്‍ ഛത്രപതിക്ക് വെടിയേറ്റു. ബൈക്കിലെത്തിയ 2 പേര്‍ അദ്ദേഹത്തിന്റെ വീട്ടിനു മുന്നില്‍ വെച്ച് പോയിന്റ് ബ്ലാങ്കില്‍ 5 തവണ നിറയൊഴിക്കുകയായിരുന്നു. ഒരു മാസത്തോളം മരണവുമായി പോരാടിയ രാംചന്ദര്‍ ഛത്രപതി നവംബര്‍ 21ന് ഒടുവില്‍ കീഴടങ്ങി.

ഗുര്‍മീത് റാം റഹിം സിങ്‌

മരപ്പണിക്കാരായ നിര്‍മ്മല്‍ സിങ്, കുല്‍ദീപ് സിങ് എന്നിവരെ പ്രതിയാക്കിയാണ് ലോക്കല്‍ പൊലീസ് രാംചന്ദര്‍ ഛത്രപതി കൊലക്കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികള്‍ ഇരുവരും ദേരായിലെ ജോലിക്കാരായിരുന്നു. ഗുര്‍മീത് സിങ്ങിനെതിരെ രാംചന്ദര്‍ ഛത്രപതിയുടെ മരണമൊഴി ഉണ്ടായിരുന്നുവെങ്കിലും കള്ളസ്വാമിയെക്കുറിച്ച് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വിദൂരപരാമര്‍ശം പോലുമുണ്ടായിരുന്നില്ല. എന്നാല്‍, രാംചന്ദര്‍ ഛത്രപതിയുടെ മകനും ‘പൂരാ സച്ചി’ന്റെ പുതിയ നടത്തിപ്പുകാരനുമായ അന്‍ഷുല്‍ ഛത്രപതി ഈ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് 2003 ജനുവരിയില്‍ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ. അന്വേഷണം എന്ന ആവശ്യം 2003 നവംബര്‍ 10ന് ഹൈക്കോടതി അംഗീകരിച്ചു.

രാംചന്ദര്‍ ഛത്രപതിയുടെ ചിത്രവുമായി മകന്‍ അന്‍ഷുല്‍ ഛത്രപതി

2007 ജൂലൈയില്‍ കൊലക്കേസ് അന്വേഷണം പൂര്‍ത്തിയാക്കിയ സി.ബി.ഐ. ഗുര്‍മീത് സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഗുഢാലോചന കുറ്റമാണ് ഗുര്‍മീതിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ തെളിവുകള്‍ ഹാജരാക്കുന്ന നടപടി 2014 നവംബറില്‍ പൂര്‍ത്തിയാക്കി. രാംചന്ദര്‍ ഛത്രപതി കൊലക്കേസിനൊപ്പം ദേരായിലെ മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഛത്രപതിയെ കൊലപ്പെടുത്തുന്നതിന് മാസങ്ങള്‍ക്കു മുമ്പ് 2002 ജൂലൈയിലാണ് രഞ്ജിത് സിങ്ങിനെ വകവരുത്തിയത്. ഈ കേസുകളിലെ അടുത്ത വാദം സെപ്റ്റംബര്‍ 16നാണ്. കേസ് കേള്‍ക്കുന്നത് പഞ്ച്കുലയിലെ സി.ബി.ഐ. പ്രത്യേക ജഡ്ജി ജഗ്ദീപ് സിങ് തന്നെ!!

സി.ബി.ഐ. പ്രത്യേക ജഡ്ജി ജഗ്ദീപ് സിങ്‌

‘പൂരാ സച്ചി’ലെ വാര്‍ത്തയെ തുടര്‍ന്നുള്ള ഹൈക്കോടതി ഇടപെടിലന്റെ ഫലമായി ഗുര്‍മീത് സിങ്ങിനെതിരെ 2002 ഡിസംബര്‍ 12നാണ് ബലാത്സംഗ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 506, 509 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. അന്വേഷണം പൂര്‍ത്തിയായപ്പോള്‍ കുറ്റപത്രം 376, 506 വകുപ്പുകള്‍ പ്രകാരമായി. ഇപ്പോള്‍ കഠിനതടവും പിഴയും ഉള്‍പ്പെടുന്ന ശിക്ഷാവിധിയും ഈ വകുപ്പുകള്‍ പ്രകാരം തന്നെ. രാംചന്ദര്‍ ഛത്രപതി എന്ന പത്രപ്രവര്‍ത്തകന്റെ ജീവന്റെ വിലയാണ് ഈ ശിക്ഷാവിധി. ഒപ്പം എല്ലാ ഭീഷണിയും മറികടന്ന് തങ്ങളുടെ കള്ളസ്വാമിക്കെതിരായ മൊഴിയില്‍ അവസാനം വരെ ഉറച്ചുനിന്ന മുഖമില്ലാത്ത 2 ‘ഇരകള്‍’ പ്രകടിപ്പിച്ച പോരാട്ടവീര്യത്തിന്റെ ഫലവും.

കേരളത്തിലും ചില ആള്‍ദൈവങ്ങളെക്കുറിച്ചും ആശ്രമങ്ങളെക്കുറിച്ചും അധോലോക കുറ്റകൃത്യങ്ങളെ വെല്ലുന്ന കഥകള്‍ കേള്‍ക്കുന്നുണ്ട്. ഗുര്‍മീത് സിങ്ങിനുണ്ടായ അനുഭവം പാഠമാക്കി സത്യം വിളിച്ചുപറയാന്‍ ആരെങ്കിലുമൊക്കെ മുന്നോട്ടുവന്നെങ്കില്‍…

FOLLOW

V S Syamlal

EDITOR at THE INSIGHT
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്‌സൈറ്റുണ്ട്.

Address: SIVADAM, T.C.18/1233-3, Thrikkannapuram, Aramada P.O., Thiruvananthapuram- 695032, Kerala, India
E-mail: vssyamlal@vssyamlal.com
Phone: +91 98470 62789 / +91 98470 01435 / +91 98470 61999 / +91 471 2359285
Website: https://www.vssyamlal.com/
Blog: https://vssyamlal.wordpress.com/
Page: https://fb.me/vssyamlal.official
FOLLOW
Advertisements

 • 823
 • 31
 •  
 • 38
 •  
 •  
 •  
  892
  Shares
 •  
  892
  Shares
 • 823
 • 31
 •  
 • 38
 •  
 •  
COMMENT