Reading Time: 2 minutes

ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു വരുന്നതാണ് ഈ പുഞ്ചിരി. ഇത് ഓര്‍മ്മയിലെന്നുമുണ്ടാവും. റാമേട്ടന് ആദരാഞ്ജലികള്‍…

പത്രപ്രവര്‍ത്തന രംഗത്ത് പിച്ചവെയ്ക്കുന്ന കാലം. എന്‍.ആര്‍.എസ്.ബാബു സാറിന്റെ ശിഷ്യനെന്ന ലേബലുമായി കലാകൗമുദിയുടെ ഡെസ്‌കില്‍ ചെന്നു കയറുമ്പോള്‍ ആദ്യം പരിചയപ്പെട്ടവരില്‍ ഒരാളാണ് എസ്.എസ്.റാം. അന്ന്, കേരള കൗമുദിയും കലാകൗമുദിയും ഇന്നത്തേതു പോലെ രണ്ടായിട്ടില്ല. കേരള കൗമുദി ബ്യൂറോയും കലാകൗമുദി ഡെസ്‌കുമെല്ലാം വിശാലമായ ഒരു ഹാളിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. പത്രത്തിന്റെ ബ്യൂറോയ്ക്കു മുന്നിലൂടെയാണ് വാരികയുടെ ഡെസ്‌കിലേക്കും ഫോട്ടോകമ്പോസിങ്ങിലേക്കുമെല്ലാമുള്ള സഞ്ചാരം. ബ്യൂറോയിലെ ഗൗരവമാര്‍ന്ന മുഖങ്ങള്‍ക്കിടയില്‍ (ഗൗരവം മുഖത്തേയുള്ളൂ, എല്ലാവരും പാവങ്ങളായിരുന്നു) സദാ പുഞ്ചിരിതൂകി നടക്കുന്ന രണ്ടു മനുഷ്യര്‍ വേറിട്ടുനിന്നു -ഫോട്ടോഗ്രാഫര്‍മാരായ ശങ്കരന്‍കുട്ടിയേട്ടനും റാമേട്ടനും. കുറച്ചുകൂടി ചെറുപ്പമായതിനാലാകണം റാമേട്ടനുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം.

കലാകൗമുദിയില്‍ നിന്ന് മാതൃഭൂമിയിലെത്തിയതോടെ തിരുവനന്തപുരത്തു തന്നെ ഞാന്‍ വിടവാങ്ങി. ഇടയ്ക്ക് അവധിക്കു വരുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വെച്ചു മാത്രമായിരുന്നു കൂടിക്കാഴ്ചയെങ്കിലും ആ സ്‌നേഹത്തിന് ഒരു കുറവുമുണ്ടായില്ല. റാമേട്ടന്‍ സ്‌നേഹം വലിയ തോതില്‍ പ്രകടിപ്പിക്കാറൊന്നുമില്ല. പക്ഷേ, തോളില്‍ ചെറുതായൊന്നു തട്ടും. ആ തട്ടില്‍ എല്ലാമടങ്ങിയിട്ടുണ്ടാവും. വര്‍ഷങ്ങള്‍ക്കു ശേഷം മാതൃഭൂമിയിലൂടെ തന്നെ തിരുവനന്തപുരത്ത് തിരിച്ചെത്തി. പിന്നീട് ഇന്ത്യാവിഷനിലും എന്റെ തട്ടകം സ്വന്തം നഗരം തന്നെയായി. അപ്പോഴും മാറ്റമില്ലാതെ ഓടി നടക്കുന്ന ഏതാനും ചിലരുടെ കൂട്ടത്തില്‍ റാമേട്ടനുണ്ട്.

രണ്ടു ദശകത്തോളമാകുന്നു റാമേട്ടനെ പരിചയപ്പെട്ടിട്ട്. അദ്ദേഹത്തില്‍ സംഭവിച്ച മാറ്റം വയറിന്റെ വ്യാസം കൂടി എന്നതു മാത്രമായിരുന്നു. റാമേട്ടന് അസുഖമായി എന്നു കേട്ടപ്പോഴും ഞാന്‍ കാര്യമാക്കിയില്ല, കാരണം അദ്ദേഹം തിരിച്ചുവരും എന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചു. ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം സുഹൃത്തായ രാജീവിന്റെ സന്ദേശം വന്നപ്പോള്‍ ആഹ്ലാദിച്ചു. പക്ഷേ, ഇന്നു രാവിലെ സ്ഥിതിഗതികള്‍ മാറുന്നതായി സൂചന വന്നു. പ്രസ് ക്ലബ്ബിലിരിക്കുമ്പോള്‍ സുജിത്താണ് പറഞ്ഞത് -അല്പം സീരിയസാണ്. ഞാന്‍ പറഞ്ഞു -ഹേയ് കഥയായിരിക്കും. മെച്ചപ്പെട്ടു എന്നാണല്ലോ കേട്ടത്. അല്പം കഴിഞ്ഞപ്പോള്‍ വിഷ്ണു വന്നു -റാമേട്ടന്റെ കാര്യം അറിഞ്ഞില്ലേ? കൂടുതലെന്തെങ്കിലും പറയും മുമ്പ് ഞാന്‍ തിരിച്ചറിഞ്ഞു -കഴിഞ്ഞു.

ശത്രുക്കളില്ലാതെ, ആരെയും വെറുപ്പിക്കാതെ ജീവിക്കാനാവുക എന്നു പറയുന്നത് വലിയൊരു കാര്യമാണ്. എന്നെപ്പോലുള്ളവര്‍ക്ക് സാധിക്കാത്ത കാര്യം. പക്ഷേ, അക്കാര്യത്തില്‍ കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ്.റാം തികഞ്ഞ വിജയമാണെന്ന് ഞാന്‍ പറയും. റാമേട്ടന് ശത്രുക്കളുണ്ടായിരുന്നില്ല. നല്ലവര്‍ക്ക് കാലമില്ല. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയുകയാണ്…

റാമേട്ടനെ അവസാനമായി കാണാന്‍ പോകണോ? ഞാന്‍ ആശയക്കുഴപ്പത്തിലാണ്. ഫ്രീസറില്‍ തണുത്തു മരവിച്ച മുഖം കാണാന്‍ ശേഷിയില്ല. നിറപുഞ്ചിരിയുമായി നില്‍ക്കുന്ന റാമേട്ടന്‍ ഓര്‍മ്മകളില്‍ നിറയട്ടെ.

47 വയസ്സ് വലിയൊരു പ്രായമാണോ? വിശ്വസിക്കാനാവുന്നില്ല. ആകെ ഒരു മരവിപ്പ്…

Previous articleമാതൃഭൂമിയില്‍ സംഭവിക്കുന്നത്‌
Next articleഭക്തിവ്യവസായം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here