തിരുവനന്തപുരത്തെ പൂജപ്പുര -കരമന റോഡ്.
സമയം ബുധനാഴ്ച രാവിലെ 9.45.
ഒച്ചിഴയുന്ന വേഗത്തില്‍ വാഹനങ്ങള്‍ മുന്നോട്ടു നീങ്ങുന്നു.
മകനെ സ്‌കൂളിലാക്കിയിട്ട് മടങ്ങുന്ന ഞാനുമുണ്ട് കൂട്ടത്തില്‍.

പെട്ടെന്ന് വലിയൊരു ശബ്ദം.
എന്റെ കാര്‍ വല്ലാതെയൊന്നുലഞ്ഞു.
ഇതെന്താ ഭൂമികുലുക്കമാണോ എന്ന് ഭയന്നു.
പെട്ടെന്നു തന്നെ മനസ്സിലായി എന്റെ കാറില്‍ ആരോ കൊണ്ടിടിച്ചതാണ്.

ഇറങ്ങി നോക്കിയപ്പോള്‍ സംഭവം ശരിയാണ്.
ഇടവഴിയില്‍ നിന്ന് ഇറങ്ങിയ വന്ന ഒരു കാര്‍ എന്റെ കാറിന്റെ പിന്‍ഭാഗത്തെ ബമ്പറില്‍ കൊരുത്തു നില്‍ക്കുന്നു.
ഡ്രൈവര്‍ അല്പം പ്രായമുള്ളയാളാണ്, മുന്നില്‍ പ്രായമുള്ള ഒരു സ്ത്രീയുണ്ട് -ഭാര്യയാകണം.
ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം സ്വന്തം കാര്‍ പിന്നോട്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

വേഗത്തില്‍ എടുത്തതിനാല്‍ കൊരുത്തിരുന്ന എന്റെ കാര്‍ ബമ്പര്‍ നന്നായി പൊട്ടി മാറി.
‘നിര്‍ത്തൂ, പതുക്കെയെടുക്കൂ’ എന്ന് ഞാന്‍ വിളിച്ചുപറഞ്ഞുവെങ്കിലും അദ്ദേഹം കേട്ട ഭാവമില്ല.
അദ്ദേഹം പോകാനുള്ള തിരക്കിലാണ്.
എന്നെ കണ്ട ഭാവം പോലുമില്ല, സര്‍വ്വാംഗ പുച്ഛം.

ഞാന്‍ ആ കാറിനു മുന്നില്‍ നിന്നു.
അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി.
ഗതാഗതക്കുരുക്ക് കൂടുതല്‍ വഷളായിരുന്നു.
കാര്‍ ഒതുക്കിയിട്ട് ചര്‍ച്ച ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു.

ഞാന്‍ മാറിയാല്‍ ഇടിച്ചയാള്‍ രക്ഷപ്പെടും എന്നു ഞാന്‍ വാദിച്ചു.
അങ്ങനെ പോകില്ല നിങ്ങള്‍ മാറൂ എന്ന് ‘നാട്ടുകാര്‍’.
റോഡിനു കുറുകെ കിടക്കുകയായിരുന്ന ആ കാറിന് പോകാന്‍ അവര്‍ വഴിയൊരുക്കി.
അപ്പോഴും ഞാന്‍ ആ കാറിനു മുന്നില്‍ തന്നെയാണ്.

പെട്ടെന്നാണ് ആ കാറിന്റെ എഞ്ചിന് ഇരമ്പം വര്‍ദ്ധിച്ചത്.
എനിക്കെന്തോ പന്തികേട് തോന്നി.
എന്തോ ഉള്‍വിളി പോലെ ഞാന്‍ ചാടി മാറി.
അങ്ങനെ മാറിയതും ആ കാര്‍ ചീറിപ്പാഞ്ഞു മുന്നോട്ടു പോയതും ഒരുമിച്ചായിരുന്നു.

കൃത്യസമയത്ത് ചാടി മാറിയതുകൊണ്ട് എന്റെ കാലുകള്‍ ചമ്മന്തിയാവാതെ രക്ഷപ്പെട്ടു.
അയാള്‍ രക്ഷപ്പെടില്ല എന്ന് ആദ്യം ഉറപ്പുപറഞ്ഞ ‘നാട്ടുകാരെ’ ഞാന്‍ നോക്കി.
കുരുക്കൊഴിഞ്ഞപ്പോള്‍ അവരും സ്ഥലം വിട്ടിരുന്നു.
എല്ലാവര്‍ക്കും ‘സ്വന്തം കാര്യം സിന്ദാബാദ്.’

എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന ചിന്തയായിരുന്നു വീടെത്തും വരെ.
വാഹനത്തിനുണ്ടായ നഷ്ടം എനിക്കു പ്രശ്‌നമല്ലായിരുന്നു.
പക്ഷേ, ആ മനുഷ്യന്റെ പെരുമാറ്റം അറപ്പുളവാക്കി.
ഒരു കുട്ട ചീമുട്ട തലയിലൂടെ പൊട്ടി വീണതു പോലുള്ള അനുഭവം.

സാധാരണ ഇത്തരം കേസുകള്‍ സംസാരിച്ച് തീര്‍ത്ത് കൈകൊടുത്തു പിരിയുകയാണ് പതിവ്.
എന്നാല്‍, ഇതു ഞാന്‍ വിടില്ലെന്നു തീരുമാനിച്ചു.
പരാതി കൊടുത്ത് കേസാക്കണം.
ഒരു മനുഷ്യജീവി എന്ന പരിഗണന പോലും ആ വ്യക്തി എനിക്കു തന്നില്ല.
മാത്രമല്ല, എനിക്ക് പരിക്ക് പറ്റാത്തത് കൃത്യസമയത്ത് ചാടി മാറിയതുകൊണ്ടു മാത്രം.
അങ്ങനെ വരുമ്പോള്‍ ഇടിച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്നും പറയാം.

വീട്ടിലെത്തിയപാടെ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി വാഹനനമ്പര്‍ വെച്ച് ഉടമയെ പരതി.
നോക്കിയപ്പോള്‍ ഞെട്ടി -The RC of the vehicle is not issued by authority… Please Contact Your Concerned RT0 !!!!
ഇങ്ങനൊരു വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഇല്ലെന്ന്.
അതോടെ വാശിയായി. സാധാരണക്കാരന്റെ ആയുധം പ്രയോഗിച്ചു -സമൂഹമാധ്യമം.

ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍ പ്ലസിലും വാട്ട്‌സാപ്പിലുമെല്ലാം വിവരം പങ്കിട്ടു.
സുഹൃത്തുക്കളുടെ സഹായം തേടി.
ഒരു മണിക്കൂറിനകം കൃത്യമായ വിവരം കൈയിലെത്തി.
ഒടുവില്‍ കണ്ടെത്തി, അടുത്ത സുഹൃത്തിന്റെ ഭാര്യാപിതാവ്.
അതോടെ എന്റെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടു.

സുഹൃത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നിയമപരമായ നടപടികളില്‍ നിന്ന് ഞാന്‍ പിന്മാറി.
വൈകുന്നരം പൊലീസ് സ്റ്റേഷനില്‍ എത്താമെന്ന് സമ്മതിച്ചിരുന്നു.
പരാതി ഒഴിവാക്കുകയാണെന്ന് വിളിച്ചു പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ ഇട്ടിരുന്ന പോസ്റ്റുകളെല്ലാം പിന്‍വലിച്ചു.

ഒരു കാര്യം വ്യക്തമാക്കാം.
മേല്‍നടപടികള്‍ ഒഴിവാക്കി എന്നതുകൊണ്ട് ആ മനുഷ്യനോട് ഞാന്‍ ക്ഷമിച്ചു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല.
ക്ഷമിക്കാന്‍ കഴിയില്ല തന്നെ.
പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി.

ഒപ്പം ഒരു പ്രധാന കാര്യം.
എല്ലാ വാഹന ഉടമകളുടെയും വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ് എന്നാണ് വിശ്വാസം.
എന്നാല്‍പ്പിന്റെ ഈ കാറിന്റെ വിവരങ്ങള്‍ എന്തുകൊണ്ട് ഇല്ലാതെ പോയി?
ഗുരുതരമായ ഒരു പാളിച്ചയിലേക്കല്ലേ ഇത് വിരല്‍ ചൂണ്ടുന്നത്?
ഇതു പരിഹരിക്കാന്‍ നടപടിയുണ്ടാവും എന്നു പ്രതീക്ഷ.

FOLLOW
 •  
  398
  Shares
 • 347
 • 32
 •  
 • 19
 •  
 •