അംബാനിപ്പേടി ഇല്ലാത്തവര്‍

 • 189
 • 76
 •  
 • 54
 •  
 • 2
 •  
  321
  Shares

രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയും സമ്പന്നനുമാണ് മുകേഷ് അംബാനി. ഏതു പാര്‍ട്ടി ഭരിച്ചാലും കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കരുത്തന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെന്ന നിലയില്‍ ഗുജറാത്തുകാരനായ അദാനിയുടെ വരവില്‍ അല്പം ക്ഷീണം തട്ടിയിട്ടുണ്ടെങ്കിലും അംബാനി എന്നും അംബാനി തന്നെ. അംബാനിയുടെ റിലയന്‍സിനെ എതിര്‍ക്കാന്‍ അധികമാരും മുതിരാറില്ല. പേടി തന്നെ കാരണം.

RELIANCE.jpg

എനിക്കു നേരിട്ട ഒരനുഭവം പറയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആസ്പത്രികളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥലം റിലയന്‍സ് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ പാട്ടത്തിനു നല്‍കുന്ന വാര്‍ത്ത ഞാന്‍ ഇന്ത്യാവിഷനിലായിരുന്നപ്പോള്‍ പുറത്തുകൊണ്ടു വന്നിരുന്നു. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെപ്പോലും മറികടന്ന് വ്യവസായ സെക്രട്ടറി പി.എച്ച്.കുര്യന്‍ ഇതിനായി നടത്തിയ കരുനീക്കം വിവാദമായി. രാവിലെ 11 മണിക്ക് ‘ഹാപ്പനിങ് അവേഴ്‌സ്’ പരിപാടിയില്‍ ഈ വാര്‍ത്ത ചര്‍ച്ചയ്‌ക്കെടുത്തു. സര്‍ക്കാര്‍ ഓഫീസുകളും ആസ്പത്രികളുമടക്കം ജനങ്ങള്‍ കൂട്ടമായെത്തുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് സൃഷ്ടിക്കാവുന്ന ആരോഗ്യപ്രശ്‌നമായിരുന്നു അഴിമതിക്കൊപ്പം ചര്‍ച്ചയ്ക്കു പരിഗണിക്കപ്പെട്ട വിഷയങ്ങളിലൊന്ന്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സര്‍വ്വീസ് സംഘടനാ നേതാക്കളെയും ബി.ജെ.പിയുടെ പ്രതിനിധിയെയും ചര്‍ച്ചയ്ക്ക് അതിഥിയായി ക്ഷണിക്കാന്‍ തീരുമാനിച്ചു. ഇതില്‍ ബി.ജെ.പി. പ്രതിനിധി മാത്രം ചര്‍ച്ചയ്ക്കു വരാന്‍ തയ്യാറായില്ല.

മാധ്യമങ്ങളുമായി ഒരു വിധം നന്നായി സഹകരിക്കുന്നവരാണ് കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍. ഇടക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പൊതുവെ എല്ലാവരോടും അവര്‍ സൗഹൃദത്തിലാണ്. ഇന്ത്യാവിഷനില്‍ ഏതു ചര്‍ച്ചയ്ക്കു വിളിച്ചാലും അവര്‍ കൃത്യമായി എത്തും. പക്ഷേ, റിലയന്‍സ് അഴിമതി ചര്‍ച്ച ചെയ്യുന്നതിന് ഞാന്‍ ബി.ജെ.പിയുടെ വിവിധ നേതാക്കളെ മാറി മാറി വിളിച്ചു. ഒരാള്‍ പോലും പിടി തന്നില്ല. അവസാനം വ്യക്തിപരമായി അല്പം അടുപ്പം കൂടുതലുള്ള ഒരു നേതാവ് മാത്രം പിന്‍മാറ്റത്തിന്റെ കാരണം പറഞ്ഞു -‘അതേയ് ശ്യാമേ.. റിലയന്‍സിനെക്കുറിച്ച് നമ്മള്‍ ഇവിടെ എന്തെങ്കിലും പറഞ്ഞാല്‍ ശരിയാവില്ല. കേന്ദ്രത്തിന്റെ നയം ഇക്കാര്യത്തില്‍ എന്താണെന്ന് അറിയില്ലല്ലോ. ഇവിടെ നമ്മള്‍ ചാടിക്കയറി റിലയന്‍സിനെ എതിര്‍ത്താല്‍ പണി കിട്ടും. കേന്ദ്രത്തില്‍ അവര്‍ക്കനുകൂലമായി എന്തെങ്കിലും തീരുമാനമാനമുണ്ടായാല്‍ അപ്പോള്‍ നമ്മളെന്തു പറയും? അപ്പോള്‍പ്പിന്നെ റിലയന്‍സിനെ തൊടാതിരിക്കുന്നതല്ലേ ബുദ്ധി?’ സത്യസന്ധമായ ആ മറുപടി അംഗീകരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും എന്നൂഹിക്കാമല്ലോ!

റിലയന്‍സ് പെട്ടെന്ന് വിഷയമാവാന്‍ എന്താണ് കാരണം? അംബാനിക്കു ചെറിയ തോതിലെങ്കിലും മൂക്കുകയറിടാന്‍ ഒരാള്‍ തയ്യാറായിരിക്കുന്നു. മറ്റാരുമല്ല, നമ്മുടെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ തന്നെ. സുധാകരന്‍ അതും ചെയ്യും, അതിലപ്പുറവും ചെയ്യും. എറണാകുളം എം.ജി. റോഡില്‍ രവിപുരത്ത് അനധികൃതമായി റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കമ്പനി റോഡ് കുഴിക്കുന്നത് തടയാനാണ് മന്ത്രിയുടെ ഉത്തരവ്. നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും മന്ത്രിയോട് ഇതേക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

റോഡ് കുഴിക്കുന്നതിന് പൊതുമരമാത്ത് റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറില്‍ നിന്ന് റിലയന്‍സ് ജിയോ അനുമതി വാങ്ങിയിരുന്നു. എന്നാല്‍, ഈ അനുമതിയുടെ കാലാവധി കഴിഞ്ഞ മെയ് 7ന് അവസാനിച്ചു. ആരുമറിയാതെ രഹസ്യമായി റോഡ് കുഴിക്കല്‍ തുടരാനുള്ള റിലയന്‍സ് ശ്രമമാണ് മന്ത്രിയുടെ ഉത്തരവിലൂടെ പാളിയത്. സുധാകരന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങിയവരെല്ലാം രവിപുരത്ത് പാഞ്ഞെത്തി. റോഡ് കുഴിക്കുന്നത് അവര്‍ തടഞ്ഞു എന്നു മാത്രമല്ല, അനധികൃതമായി റോഡ് കുഴിച്ചതിന് റിലയന്‍സിനെതിരെ തേവര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതിലിപ്പോള്‍ എന്താ ഇത്ര വലിയ കാര്യമെന്ന് ചോദിക്കുന്നവരുണ്ടാവാം. മുകേഷ് അംബാനിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു റിലയന്‍സ് ഇന്‍ഫോകോം എന്ന മൊബൈല്‍സേവന കമ്പനി. എന്നാല്‍, റിലയന്‍സ് വിഭജിച്ചപ്പോള്‍ ചേട്ടന്‍ അംബാനിയുടെ സ്വപ്‌നം അനിയനായ അനില്‍ അംബാനിയുടെ പങ്കിലായിപ്പോയി. അതിനു പകരം 4ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ മുകേഷ് അംബാനി ആരംഭിച്ച പുതിയ മൊബൈല്‍ സേവന കമ്പനിയാണ് റിലയന്‍സ് ജിയോ. കേരളം പോലെ വലിയൊരു വിപണിയില്‍ അടിസ്ഥാനസൗകര്യ വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി നിലയുറപ്പിക്കുക എന്ന ലക്ഷ്യവുമായി കമ്പനി മുന്നോട്ടുനീങ്ങുകയാണ്. വന്‍ വളര്‍ച്ചാസാദ്ധ്യതയുള്ള വിപണിയെന്ന നിലയില്‍ പ്രത്യേക ടൈംടേബിള്‍ അനുസരിച്ചാണ് കേരളത്തില്‍ അവരുടെ പ്രവര്‍ത്തനം. ലക്ഷ്യം നേടുന്നതിന് ഏതു നിയമവം സൗകര്യം പോലെ വളച്ചൊടിക്കാന്‍ കമ്പനി തയ്യാര്‍. അവിടെയാണ് സുധാകരന്‍ എന്ന മന്ത്രി ഈ കുത്തക കമ്പനി ഭീമന് മൂക്കുകയറിടുന്നത്.

മഴക്കാല ശുചീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15 വരെ റോഡുകള്‍ കുഴിക്കരുതെന്ന് കര്‍ശനം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് മന്ത്രി. പറയുന്നത് സുധാകരനായതിനാല്‍ ലംഘിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുട്ടുവിറയ്ക്കും. അപ്പോള്‍ റിലയന്‍സ് സാറന്മാരെ, നിങ്ങള്‍ ഓഗസ്റ്റ് 15 വരെ കാത്തിരുന്നേ മതിയാകൂ. ഏതു കൊലകൊമ്പനാണെങ്കിലും സര്‍ക്കാര്‍ തീരുമാനം അനുസരിക്കണമെന്ന് സുധാകരന്‍. റിലയന്‍സിന്റെ ടൈംടേബിള്‍ പാളുന്നത് രാജ്യത്തു തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും.

ഇനി ഒരു കാര്യം കൂടി അറിയാനുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും ആസ്പത്രികളും റിലയന്‍സിന് പാട്ടത്തിനു നല്‍കാനുള്ള യു.ഡി.എഫ്. തീരുമാനത്തിന് എന്തു സംഭവിക്കുന്നു എന്ന്.


 • 189
 • 76
 •  
 • 54
 •  
 • 2
 •  
  321
  Shares
 •  
  321
  Shares
 • 189
 • 76
 •  
 • 54
 •  
 • 2

2 Comments Add yours

 1. cijoyy says:

  They will simply purchase people over him and solve the problem

 2. Ajith says:

  ചിലരെങ്കിലും ഇങ്ങനെ എതിർ നിൽക്കാനുണ്ടെന്നുള്ളതൊരു ധൈര്യവും ആശ്വാസവുമാണ്.
  നല്ല കുറിപ്പിന് നന്ദി

COMMENT