Reading Time: 4 minutes

മൂത്രമൊഴിക്കാം.. എവിടെയും എപ്പോഴും!! എവിടെയും എപ്പോഴും മൂത്രമൊഴിക്കുകയോ? നാണമില്ലേ ഇവന്? വട്ടായിപ്പോയോ? പലവിധ ചോദ്യങ്ങള്‍ നിങ്ങളുടെയൊക്കെ മനസ്സിലുയരുന്നുണ്ടാവും. അവ തീര്‍ത്തും ന്യായമാണ്. പൗരബോധമുള്ള എല്ലാരും ചോദിക്കേണ്ട ചോദ്യങ്ങള്‍. പക്ഷേ, ഞാന്‍ വീണ്ടും വീണ്ടും പറയും -‘എവിടെയും മൂത്രമൊഴിച്ചോളൂ, ധൈര്യമായി’. സംശയിക്കണ്ട, എനിക്ക് വട്ടൊന്നുമില്ല. പൂര്‍ണ്ണ ബോധത്തോടെ തന്നെയാണ് പറയുന്നത്. നമ്മുടെയൊക്കെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന വലിയൊരു വിപ്ലവത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഒരാവശ്യത്തിനു പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അല്പദൂരം പിന്നിട്ടപ്പോള്‍ കലശലായ മൂത്രശങ്ക. റോഡിലാണെങ്കില്‍ കടുത്ത ബ്ലോക്ക്. കാര്‍ ഇഴഞ്ഞുനീങ്ങുന്നു. ഒരു രക്ഷയുമില്ല. മൂത്രസഞ്ചി പൊട്ടുന്ന അവസ്ഥ. മൂത്രം പോകാതിരിക്കാന്‍ തുടകള്‍ ചേര്‍ത്തുപിടിച്ച് പുട്ടുകയും ഇഴഞ്ഞു നീങ്ങുന്ന വാഹനം നിയന്ത്രിക്കാന്‍ ഡ്രൈവര്‍ സീറ്റിലിരുന്ന് ക്ലച്ചും ബ്രേക്കും ആക്‌സിലറേറ്ററും മാറിമാറി ചവിട്ടുകയും ചെയ്യേണ്ടി വന്ന ആ നിമിഷങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കില്ല.

സാധാരണനിലയില്‍ ഇത്തരമൊരു അവസ്ഥയുണ്ടായാല്‍ അടുത്തുള്ള പെട്രോള്‍ പമ്പിലോ ഹോട്ടലിലോ ചാടിക്കയറുകയാണ് പതിവ്. പ്രതീക്ഷിക്കുന്ന വൃത്തി ഇവിടങ്ങളില്‍ എല്ലായ്‌പ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല എന്നതാണ് പ്രശ്‌നം. നമ്മള്‍ പുരുഷന്മാര്‍ ഇതു കാര്യമാക്കാറില്ലെങ്കിലും സ്ത്രീകള്‍ക്ക് വൃത്തി വലിയ പ്രശ്‌നമാണ്. അറ്റകൈയ്ക്ക് പുരുഷകേസരികള്‍ പാതയോരത്തു തന്നെ വേണമെങ്കില്‍ കാര്യം സാധിക്കുകയും ചെയ്യുമല്ലോ, അല്പം തൊലിക്കട്ടിയുണ്ടെങ്കില്‍. അതില്ലാത്തത് വലിയ പ്രശ്‌നമാണ്.

മൂത്രശങ്ക കടുത്തു വരുന്നു. ഒരു രക്ഷയുമുണ്ടായിരുന്നില്ല. ഒരു പ്ലാസ്റ്റിക് കൂടുണ്ടായിരുന്നുവെങ്കില്‍ അതില്‍ കാര്യം സാധിക്കാന്‍ ശ്രമിക്കാമായിരുന്നു. പിന്നീട് സൗകര്യം പോലെ എറിഞ്ഞു കളഞ്ഞാല്‍ മതിയല്ലോ. പരതാന്‍ ശ്രമിച്ചുവെങ്കിലും ആ വഴിയും രക്ഷയില്ലെന്ന് താമസിയാതെ മനസ്സിലായി. ഒടുവില്‍ ഒരു വിധം കാര്‍ ചാക്ക വരെയെത്തിച്ചു. പേട്ടയിലേക്കു തിരിഞ്ഞപാടെ അവിടത്തെ പെപ്‌കോ ചിക്കന്‍ കോര്‍ണറില്‍ കാര്‍ നിര്‍ത്തി ചാടിക്കയറി. അത്രയ്ക്കു വിശപ്പില്ലായിരുന്നുവെങ്കിലും 3 ചപ്പാത്തിയും ചിക്കന്‍ കറിയും ഓര്‍ഡര്‍ ചെയ്തു. മൂത്രശങ്ക തീര്‍ത്തതിന് അനുബന്ധം!!

കേരളത്തിന്റെ വികസനം സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോഴെല്ലാം ദേശീയ പാതയ്ക്കരുകിലെ ടോയ്‌ലറ്റുകള്‍ വിഷയമായി ഉയര്‍ന്നുവരാറുണ്ട്. ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെട്ട ടോയ്‌ലറ്റുകള്‍ എവിടെയെങ്കിലും വന്നിട്ടുണ്ടോ എന്നത് സത്യമായിട്ടും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. എന്തായാലും മൂത്രസഞ്ചി നിറഞ്ഞതിനൊപ്പം ചിന്തയിലും മൂത്രം നിറഞ്ഞപ്പോള്‍ മാത്രമാണ് പാതയോരത്ത് നിര്‍ദ്ദേശിക്കപ്പെട്ട ടോയ്‌ലറ്റുകളെക്കുറിച്ച് ചിന്ത എനിക്കുണ്ടായത്. ആവശ്യം വരുമ്പോള്‍ മാത്രമാണല്ലോ അതു നിറവേറ്റാനുള്ള സാഹചര്യത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കുക.

പാതയോര ടോയ്‌ലറ്റുകള്‍ വരാത്തിടത്തോളം പ്ലാസ്റ്റിക് കൂടില്‍ മൂത്രമൊഴിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ടി വരും. അങ്ങനെ ചിലര്‍ കാര്യമായി ചിന്തിച്ചുതുടങ്ങി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. വൈകുന്നേരത്തെ വെടിവട്ടത്തില്‍ മൂത്രശങ്ക ചര്‍ച്ചാവിഷയമായപ്പോള്‍ ഒരു സുഹൃത്താണ് ശ്രദ്ധയില്‍പ്പെടുത്തിയത് -മൂത്രക്കൂടിന്റെ കാര്യം. അങ്ങനൊരു സാധനം വന്നിട്ടുണ്ടത്രേ. എല്ലാവരും ചെയ്യുന്ന പോലെ ഇന്റര്‍നെറ്റില്‍ പരതി. അവിടെ നിന്ന് കിട്ടിയ വിവരം വെച്ചു തുടങ്ങിയ അന്വേഷണം എത്തി നിന്നത് അങ്ങ് ഗുജറാത്തിലെ സൂറത്തില്‍.

സൂറത്തിലെ നമ്പറില്‍ വിളിച്ചപ്പോള്‍ ആദ്യം ഒരു യുവതിയാണ് ഫോണെടുത്തത് -സുഷമ പട്ടേല്‍. മൈക്രോബയോളജിസ്റ്റാണ്. അവരോടു വിവരങ്ങള്‍ ചോദിച്ചു. എന്റെ ചോദ്യപ്രവാഹം നേരിടാനാവാതെയാണോ എന്നറിയില്ല, അവര്‍ പെട്ടെന്നു തന്നെ ഒപ്പമുള്ള പുരുഷ സുഹൃത്തിന് ഫോണ്‍ കൈമാറി. പ്രകാശ് പ്രജാപതി എന്നാണ് പേര്. ജോലി പ്രൈവറ്റ് ഡിറ്റക്ടീവ്. മൂത്രക്കൂടിന്റെ കാര്യം ചോദിച്ചപ്പോള്‍ വളരെ ഉത്സാഹത്തോടെ തന്നെ പ്രകാശ് സംസാരിച്ചു. അദ്ദേഹം സുഷമയ്‌ക്കൊപ്പം ചേര്‍ന്നു തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് REST IN PEE. ആരെങ്കിലും മരിക്കുമ്പോള്‍ അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി നമ്മള്‍ REST IN PEACE എന്നു പറയാറുണ്ട്. ഇവിടെ PEACE അല്ല PEE ആണ് താരം.

അതെ PEE തന്നെ! മൂത്രശങ്കയ്ക്ക് പരിഹാരം വരുന്നത് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ രൂപത്തിലാണ്. ഈ കമ്പനിയിലേക്ക് പ്രകാശും സുഷമയും എത്തിയതിനു പിന്നിലൊരു കഥയുണ്ട്. ഡിറ്റക്ടീവ് എന്ന നിലയിലുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രകാശിന് ധാരാളം യാത്രകള്‍ വേണ്ടിവരാറുണ്ട്. ഈ യാത്രകളില്‍ പലപ്പോഴും മൂത്രശങ്ക പ്രശ്‌നമാകുന്നു. നീണ്ട യാത്രകളിലും അന്വേഷണത്തിന്റെ ഭാഗമായി എവിടെയെങ്കിലും പതിയിരിക്കുമ്പോഴൊക്കെ മൂത്രമൊഴിക്കല്‍ പ്രശ്‌നം തന്നെയായിരുന്നു. ഇതിനു പലപ്പോഴും അദ്ദേഹം പരിഹാരം കണ്ടിരുന്നത് കുടിവെള്ള കുപ്പിയില്‍ കാര്യം സാധിച്ചുകൊണ്ടാണ്. പലപ്പോഴും അത് വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.

സുഷമ പട്ടേലും പ്രകാശ് പ്രജാപതിയും

ഈ പ്രശ്‌നം എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയാണ് മൈക്രോബയോളജിസ്റ്റായ സുഷമയുമൊത്തുള്ള ഗവേഷണത്തിലെത്തിയത്. ഒരു വര്‍ഷത്തോളം നീണ്ട ഗവേഷണത്തിന്റെ ഫലമാണ് REST IN PEE. ലോകത്തെ ആദ്യത്തെ അള്‍ട്രാവയലറ്റ് സ്‌റ്റെറിലൈസ്ഡ് ഡിസ്‌പോസബിള്‍ യൂറിന്‍ ബാഗാണ് REST IN PEE. ഒരു കടലാസ് കൂടും ചോര്‍പ്പും അടങ്ങുന്ന ഡിസ്‌പോസബിള്‍ മൂത്രപ്പുര. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാനാവുന്നത്. യൂറിന്‍ ബാഗിലേക്ക് അതില്‍ ഘടിപ്പിച്ചിട്ടുള്ള ചോര്‍പ്പു വഴി നിന്നുകൊണ്ടു തന്നെ മൂത്രമൊഴിക്കാം. ഒരു ടെന്‍ഷനുമില്ലാതെ ദീര്‍ഘയാത്രകളില്‍ ഏര്‍പ്പെടാം. ചെറിയൊരു മറ അല്ലെങ്കില്‍ സ്വകാര്യത സ്വയം സൃഷ്ടിക്കാനായാല്‍, എവിടെ നിന്നു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും മൂത്രമൊഴിക്കാം. കാറിനകത്തോ, ആളൊഴിഞ്ഞ ഇടനാഴിയിലോ, മേശയുടെ മറവിലോ, മറ്റുള്ളവര്‍ക്ക് പുറംതിരിഞ്ഞു നിന്നോ ഒക്കെ സൗകര്യം പോലെ..

യാത്ര ചെയ്യുന്നവര്‍ക്കു മാത്രമല്ല, ഗര്‍ഭിണികള്‍, സന്ധിവാത രോഗികള്‍, പുറംവേദനയും സന്ധിവേദനയും അലട്ടുന്നവര്‍, തളര്‍വാതവും പ്രമേഹവും മൂത്രാശയ രോഗവുമെല്ലാം ബാധിച്ചവര്‍, അംഗപരിമിതര്‍, കിടപ്പുരോഗികള്‍, വയോധികര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇതുപയോഗിക്കാം. മൂത്രശങ്കയുണ്ടായാല്‍ ഉടനെ തന്നെ കൂടിനുള്ളിലേക്ക് നേരിട്ട് മൂത്രമൊഴിക്കാം. കൂടിനുള്ളിലെ മൂത്രം തത്സമയം മണമുള്ള ഒരു തരം ജെല്‍ ആയി മാറും. മൂത്രക്കൂട് ഭദ്രമായി പായ്ക്ക് ചെയ്ത് വെച്ച ശേഷം പിന്നീട് സൗകര്യം പോലെ കളഞ്ഞാല്‍ മതി. ആസ്പത്രികളില്‍ ഇടുന്ന യൂറിന്‍ ട്യൂബിനു പകരം ഈ മൂത്രക്കൂട് ഉപയോഗിക്കാനാവുമോ എന്ന കാര്യം വിദഗ്ദ്ധരുമായി ചേര്‍ന്ന് പരിശോധന തുടരുകയാണ്.

ഒരു അബ്‌സോര്‍ബന്റ് പൗഡറാണ് ഈ സങ്കേതത്തിന്റെ കേന്ദ്ര ബിന്ദു. മൂത്രത്തിനെ സെക്കന്‍ഡുകള്‍ക്കകം ജെല്‍ ആക്കി മാറ്റുന്നത് -അതും സുഗന്ധമുള്ള ജെല്‍ -ഈ പൊടിയാണ്. ചോര്‍ച്ചയുണ്ടാകാനോ മൂത്രം പടര്‍ന്ന് വൃത്തികേടാകാനോ ഉള്ള സാഹചര്യം അബ്‌സോര്‍ബന്റ് പൗഡര്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നു. അള്‍ട്രാവയലറ്റ് സങ്കേതമുപയോഗിച്ച് സ്‌റ്റെറിലൈസ് ചെയ്ത കൂട് കൂടിയാകുമ്പോള്‍ REST IN PEE അങ്ങേയറ്റം സുരക്ഷിതമാകുന്നു. ഈ സങ്കേതത്തിന് പേറ്റന്റ് നേടാന്‍ സുഷമയും പ്രകാശും ചേര്‍ന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമെ ചൈന, കാനഡ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചു. അതിനു ശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയത്.

ജൂണ്‍ ഒന്നിനാണ് REST IN PEE ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. ജൂണ്‍ 15 മുതല്‍ വിപണനം തുടങ്ങും. ഈ ഉത്പന്നം പുറത്തിറക്കുന്നതിനു മുന്നോടിയായി മെയ് 15 മുതല്‍ ഒരു പ്രി ലോഞ്ച് ബുക്കിങ് സുഷമ -പ്രകാശുമാര്‍ ആരംഭിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് ഈ 15 ദിവസം കൊണ്ട് അവരെ വിളിച്ചത്. വലിയൊരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചതില്‍ അഭിനന്ദനം കൊണ്ടു മൂടുകയായിരുന്നു വിളിച്ചവരിലേറെയും. വിളിച്ചവരില്‍ 30 ശതമാനത്തോളം പേരോട് തിരക്കുകാരണം പ്രതികരിക്കാനാവാതെ പോയി. പുലര്‍ച്ചെ 3.30ന് വരെ വിളികള്‍ വന്നു. കേരളത്തില്‍ നിന്നും ധാരാളം വിളികള്‍ ചെന്നിരുന്നുവെന്ന് പ്രകാശ് പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളിച്ചവരില്‍ വലിയൊരു വിഭാഗം വിതരണശൃംഖലയില്‍ പങ്കാളിയാവാന്‍ താല്പര്യമുള്ളവരായിരുന്നു.

3 മൂത്രക്കൂടുകളുള്ള ഒരു പായ്ക്കറ്റിന് വില വെറും 169 രൂപ മാത്രമാണ് REST IN PEE ഈടാക്കുന്നത്. തല്‍ക്കാലം പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് അവര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുവരെ ലഭിച്ച ഓര്‍ഡറുകള്‍ സഫലീകരിച്ച ശേഷം പുതിയത് സ്വീകരിച്ചാല്‍ മതിയെന്നാണ് തീരുമാനം. സൂറത്തിലെ ഫാക്ടറിയില്‍ ഒരു ദിവസം 2,000 മൂത്രക്കൂടുകളും അനുബന്ധ സാമഗ്രികളും നിര്‍മ്മിക്കാനുള്ള സൗകര്യമാണുള്ളത്. ഇത് ക്രമേണ വര്‍ദ്ധിപ്പിക്കുമ്പോള്‍ അതനുസരിച്ച് കൂടുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കും.

സുഷമ പട്ടേലിന്റെയും പ്രകാശ് പ്രജാപതിയുടെയും വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസം. പലതരം സ്റ്റാര്‍ട്ടപ്പ് കമ്പനികളെക്കുറിച്ച് വാര്‍ത്തകളെഴുതാന്‍ ഇടയായിട്ടുണ്ട്. പക്ഷേ, സാധാരണ മനുഷ്യരുടെ ദൈനംദിന ജീവതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന, അവരുടെ നീറുന്ന പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ഇതാദ്യം. സ്റ്റാര്‍ട്ടപ്പ് എന്നു പറഞ്ഞാല്‍ ഐ.ടി. കമ്പനിയോ മറ്റേതെങ്കിലും ടെക്‌നോളജി കമ്പനിയോ ഒക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിവരിക. അതില്‍ നിന്നു വ്യത്യസ്തമാകുന്നു എന്നതു തന്നെയാവാം REST IN PEE മുന്നോട്ടു വെയ്ക്കുന്ന സവിശേഷത. തുടങ്ങും മുമ്പേ വിജയിച്ചുകഴിഞ്ഞ കമ്പനി എന്ന് ഇതിനെക്കുറിച്ചു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ലെന്നുറപ്പ്.

Previous articleതരംഗം ഇത്ര വേഗം മാഞ്ഞുപോയോ?
Next articleഅരങ്ങിലൊരു കാര്‍ണിവല്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here