Reading Time: 2 minutes

ഹിമാലയത്തിലേക്കുള്ള കവാടം. അതാണ് ഋഷികേശ്. ഗംഗയും ഹിമാലയവും ആശ്രമങ്ങളും സംഗീതവും ഒത്തുചേരുന്ന, ഭക്തിനിര്‍ഭരവും ആവേശകരവുമായ അന്തരീക്ഷം. ഒരാള്‍ ഋഷികേശില്‍ എത്തുമ്പോള്‍ അയാളുടെ മാനസികാവസ്ഥ എന്താണോ അതനുസരിച്ചുള്ള സ്വാഗതമാണ് ഋഷികേശ് നല്കുക എന്ന് അനുഭവസാക്ഷ്യം. പ്രതീക്ഷാനിര്‍ഭരമായ ഒരു തുടക്കമാണ് ലക്ഷ്യമെങ്കില്‍ അതിന് ഇതിലും പറ്റിയൊരിടമില്ല തന്നെ.

ഹൃഷിക്, ഈശ് എന്നീ വാക്കുകളില്‍ നിന്നാണ് ഋഷികേശ് എന്ന പേരിന്റെ ഉത്ഭവം. ഹൃഷിക് എന്നാല്‍ ഇന്ദ്രിയബോധം. ഈശ് എന്നാല്‍ ഈശ്വരന്‍. ഇന്ദ്രിയബോധങ്ങളുടെ ദേവനായ മഹാവിഷ്ണു എന്നാണ് ഹൃഷികേശ് എന്ന പദത്തിന്റെ അര്‍ത്ഥം. പിന്നീടത് ലോപിച്ച് ഋഷികേശ് ആയി -മഹാവിഷ്ണുവിന്റെ നഗരം. ഗംഗാതീരത്തെ ഈ നഗരത്തില്‍ അനേകം ദേവീദേവന്മാര്‍ അധിവസിക്കുന്നതായി സങ്കല്പം.

മഹാഭാരത കഥ പറയൊനൊരുങ്ങുന്ന ഒരാള്‍ ആദ്യമെത്തേണ്ടത് ഋഷികേശിലാണ്. മഹാഭാരത പിറവി ഇവിടെയായിരുന്നു എന്നതാണ് കാരണം. ഭഗവാന്‍ ഗണപതിക്ക് എഴുതിയെടുക്കാന്‍ മഹര്‍ഷി വേദവ്യാസന്‍ ഈ ഇതിഹാസകാവ്യം പറഞ്ഞുകൊടുത്തത് ഇവിടെയാണെന്നു പറയപ്പെടുന്നു. വേദവ്യാസന്‍ വേദങ്ങളെ ഋഗ്, സാമം, യജുര്‍, അഥര്‍വ്വം എന്നിങ്ങനെ നാലായി വിഭജിച്ചതും ഋഷികേശില്‍ത്തന്നെ.

മഹാഭാരതത്തില്‍ പരാമര്‍ശിക്കാത്ത ഒരു കാര്യവും ഇതേവരെ സംഭവിച്ചിട്ടില്ല. സംഭവിച്ചതായ എല്ലാം മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതാണു താനും. ഈ സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. വചനമഹിമയിലും ആശയ സമ്പുഷ്ടതയിലും വര്‍ണ്ണനയിലും മഹാഭാരതം പോലെ മുന്നേറിയ മറ്റൊരു കൃതിയില്ല. ഇത്ര പഴക്കമുള്ള ഒരു കൃതി ഇന്നും ഹൃദയാധിപത്യം പുലര്‍ത്തുന്നതിനും മറ്റുദാഹരണങ്ങളില്ല.

മഹാഭാരതം ആദ്യത്തെ വംശചരിത്രവും കുടുംബകഥയും ആത്മകഥയുമാണ്. ഒരേസമയം അത് കാവ്യവും ഇതിഹാസവും നാടോടിക്കഥയും വംശപുരാണവും വേദവും എല്ലാമാണ്. ധര്‍മ്മശാസ്ത്രവും മോക്ഷശാസ്ത്രവും സ്മൃതിയും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. മഹാഭാരതത്തില്‍ നിന്നൊരേട് അടര്‍ത്തിയെടുക്കുക എന്നു പറയുന്നത് വലിയ വെല്ലുവിളി തന്നെ.

മഹാഭാരതം അവലംബമാക്കി കഥ പറയാന്‍ ഒരുങ്ങുന്നയാള്‍ക്ക് ഋഷികേശ് ദേവഭൂമിയാകുന്നു. ആര്‍.എസ്.വിമല്‍ ഇപ്പോള്‍ അവിടെയാണ്, മനസ്സില്‍ നിറഞ്ഞ പ്രതീക്ഷയോടെ. തുടക്കത്തിന് ഏറ്റവും ഉചിതമായ ഇടം. അടുത്തുള്ള നീലകണ്ഠ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം, തടസ്സങ്ങള്‍ ഒഴിഞ്ഞുനില്‍ക്കാന്‍. പങ്കജ, മധുമതി എന്നീ നദികള്‍ സമ്മേളിക്കുന്ന സ്ഥലത്താണ് നീലകണ്ഠ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഋഷികേശിന്റെ പുണ്യം തന്റെ പേനത്തുമ്പിലേക്ക് ആവാഹിക്കാനുള്ള ശ്രമത്തിലാണവന്‍. ഇരുവഴിഞ്ഞിപ്പുഴയുടെ തീരം വിട്ട് ഗംഗാനദിയുടെ തീരത്തേക്ക്… യാത്ര അവസാനിക്കുന്നില്ല…

Previous articleമഹാഭാരത വഴിയിലൂടെ…
Next articleAmassing WEALTH!!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here