Reading Time: 6 minutes

കാലം അല്പം പിന്നോട്ട് ചലിക്കുകയാണ്. 1996 മെയ് അവസാനത്തോടടുക്കുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു. അന്ന് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് ഞങ്ങളാണെന്നു പറയാം. കാരണം, മുഖ്യമന്ത്രിയായ ശേഷം നായനാര്‍ പുറപ്പെടുവിച്ച ആദ്യ ഉത്തരവ് യൂണിവേഴ്‌സിറ്റി കോളേജിനെ പൂര്‍വ്വപ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ളതായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചു.

SABU2

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ അന്നത്തെ ആഹ്ലാദത്തിന് കാരണമുണ്ട്. കേരളത്തിലെ ആദ്യ കലാലയമായ യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോള്‍ 150-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാല്‍, യൂണിവേഴ്‌സിറ്റി കോളേജ് അങ്ങേയറ്റം വേദനിച്ച ഒരു കാലമുണ്ട്. 1866ല്‍ സ്ഥാപിതമായ കോളേജ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ഇപ്പോള്‍ അധികമാരും ഓര്‍മ്മിക്കാത്ത ദുരിതകാലം. രണ്ടായി വെട്ടിമുറിക്കപ്പെട്ട വിഭജനകാലം. ആ കാലത്ത് കോളേജില്‍ പഠിച്ച ഹതഭാഗ്യരില്‍ ഒരാളാണ് ഞാന്‍.

SABU3

യൂണിവേഴ്‌സിറ്റി കോളേജ് 125-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് എന്റെ തലമുറ അവിടേക്ക് കടന്നു ചെല്ലുന്നത്. എന്നാല്‍ വര്‍ഷം 126 തികഞ്ഞപ്പോള്‍, 1993ല്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ ബിരുദവിഭാഗം കാര്യവട്ടത്തേക്ക് മുറിച്ചുനീക്കി. ആ വര്‍ഷം മുതല്‍ ബിരുദപ്രവേശനം നടന്നത് കാര്യവട്ടത്ത്. എലിയെ പേടിച്ച് ഇല്ലം ചുടാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങളുടെ കലാലയ ജീവിതത്തിലെ സുവര്‍ണ്ണകാലമാണ് നഷ്ടമായത്. ഒന്നാം വര്‍ഷ ബി.എ. മുതല്‍ ഒന്നാം വര്‍ഷ എം.എ. വരെ നാലു വര്‍ഷവും കോളേജിലെ ഏറ്റവും ജൂനിയര്‍ വിദ്യാര്‍ത്ഥികളായി ഞങ്ങള്‍ക്ക് പഠിക്കേണ്ടി വന്നു! കോളേജ് വിഭജനത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും യു.ഡി.എഫ്. സര്‍ക്കാര്‍ വഴങ്ങിയില്ല. സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ വന്ന അന്നത്തെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി ഇ.കെ.നായനാര്‍ ഞങ്ങള്‍ക്കുറപ്പ് നല്‍കി, ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ആ നിമിഷം യൂണിവേഴ്‌സിറ്റി കോളേജ് തിരികെ പാളയത്തെത്തിക്കുമെന്ന്. ആ ഉറപ്പാണ് പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം പാലിച്ചത്.

SABU4
സാബുവും ജാസി ഗിഫ്റ്റും

അങ്ങനെ 1996 ജൂലൈ മാസത്തോടെ കലാലയ ജീവിതത്തിലാദ്യമായി ഞങ്ങള്‍ സീനീയറായി. ഒന്നാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥകള്‍ വന്നു. ഒപ്പം ഒന്നാം വര്‍ഷ എം.എ. വിദ്യാര്‍ത്ഥികളും. എല്ലാവരെയും സ്വീകരിക്കാന്‍ രണ്ടാം വര്‍ഷ എം.എക്കാരായ ഞങ്ങള്‍ മാത്രം. പക്ഷേ, അതുകൊണ്ടൊരു പ്രയോജനമുണ്ടായി. പുതിയതായി വന്ന ഏതാണ്ടെല്ലാവരെയും പേരെടുത്തു വിളിക്കാനുള്ള പരിചയം ഞങ്ങള്‍ നേടി. അന്ന് ഒന്നാം വര്‍ഷ ബി.എ. മലയാളം വിദ്യാര്‍ത്ഥിയായി വന്നു കയറിയ മീശ മുളയ്ക്കാത്ത ഒരു പയ്യന്‍ ഇപ്പോള്‍ വിവാദനായകനാണ് -അവന്റേതല്ലാത്ത കാരണങ്ങളാല്‍. പിന്നെ, ഇപ്പോഴും അവനു വലിയ മീശയൊന്നുമില്ല. ‘സാബു’ എന്നു മാത്രമാണ് ഞാന്‍ അവനെ വിളിക്കുന്നത്. അവന്‍ തിരിച്ചെന്നെ ‘അണ്ണാ’ എന്നും. അവനെ പുറത്തറിയുന്ന മറ്റു പല പേരുകളുമുണ്ട് -സാബുമോന്‍, സാബുമോന്‍ അബ്ദുസമദ്, തരികിട സാബു എന്നിങ്ങനെ.

SABU5

കോളേജിലേക്ക് വന്നു കയറിയ പുതിയ തലമുറയിലെ വിദൂഷകനായിരുന്നു സാബു. അവന്റെ ക്ലാസ്സിലെ തന്നെ ജോയ് തമലം -അവനിപ്പോള്‍ വലിയ മാധ്യമസിങ്കമാണ് -ആദ്യം കവിയായി പിന്നെ പാട്ടെഴുത്തുകാരനായി. ബി.എ. സംസ്‌കൃതം വിദ്യാര്‍ത്ഥിയായി എത്തിയ ബാലഭാസ്‌കര്‍ -വയലിന്‍ തന്ത്രികളില്‍ മന്ത്രവാദം നടത്തുന്ന അവന്‍ തന്നെ -സംഗീതജ്ഞനായി. പിള്ളേര്‍ സെറ്റിന്റെ കൂട്ടത്തില്‍ ബുജി പരിവേഷമുള്ള ഒരുവനുണ്ടായിരുന്നു -എന്റെ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ. പ്രശാന്ത് എന്നായിരുന്നു ആ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയുടെ പേര്. ഞങ്ങളവനെ ‘പാപ്പു’ എന്നു വിളിച്ചു. പിന്നീടവന്‍ സ്വന്തം പേരിനൊപ്പം വീട്ടുപേരൊക്കെ ചേര്‍ത്ത് പരിഷ്‌കരിച്ചു ബല്യ പുള്ളിയായി. നരേന്ദ്ര മോദിയുടെ തൊട്ടടുത്ത കസേരയിലൊക്കെയാണ് ഇപ്പോള്‍ ഇരിപ്പ്. അവനെ എല്ലാവരുമറിയും -ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹി മുഖമായ പ്രശാന്ത് രഘുവംശം.

SABU6

ഇവരുടെയെല്ലാം നേതാവ് ഒരുത്തനുണ്ടായിരുന്നു. പക്ഷേ, അവന്‍ ഞങ്ങളുടെ തലമുറയില്‍ നിന്നാണ്. ജാസി ഗിഫ്റ്റ് എന്ന എം.എ. ഫിലോസഫി വിദ്യാര്‍ത്ഥി. കോളേജിലെ സാംസ്‌കാരികയ സംഘടനയായ ‘സംസ്‌കാര’ കണ്‍വീനര്‍. ജാസി അന്നേ ഗായകനായിരുന്നു. സംഗീതസംവിധായകനായത് പിന്നീട്. ഈ സംഘം പെട്ടെന്നു തന്നെ കോളേജിലെ കണ്ണിലുണ്ണികളായി. ചില്ലറ ക്യാമ്പസ് തിയേറ്റര്‍ പരിപാടികളൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഒരു സാംസ്‌കാരിക വരള്‍ച്ച വിഭജനകാലത്തെ യൂണിവേഴ്‌സിറ്റി കോളേജിനെ ബാധിച്ചിരുന്നു. ഇപ്പോള്‍ മാതൃഭൂമി ന്യൂസിലുള്ള വേണു ബാലകൃഷ്ണന്‍ നേതൃത്വം നല്‍കിയിരുന്ന -അന്ന് ബി.വേണുഗോപനായിരുന്നു, കാമ്പസിലെ ആസ്ഥാനകവി -‘ധര്‍മ്മപുരി’ എന്ന കൂട്ടായിരുന്നു ഞങ്ങളുടെ തലമുറയിലെ ഏക ആശ്വാസം. ആ വരള്‍ച്ചയ്ക്ക് ഈ കുട്ടിക്കൂട്ടം ആശ്വാസമേകി. കോളേജിലെ എല്ലാ സാംസ്‌കാരിക പരിപാടികളുടെയും നേതൃത്വം ഇവര്‍ ഏറ്റെടുത്തു. ഏറെക്കാലത്തിനു ശേഷം കോളേജില്‍ ഗാനമേള ട്രൂപ്പുണ്ടായി. യുവജനോത്സവത്തിനു പോകാന്‍ പണമില്ലാത്തതിനാല്‍ മത്സരത്തില്‍ പാടുന്ന പാട്ടുകള്‍ ഉള്‍പ്പെടുത്തി തന്നെ പാളയം സാഫല്യം ഷോപ്പിങ് കോംപ്ലക്‌സില്‍ ഗാനമേള അവതരിപ്പിച്ച് ബക്കറ്റ് പിരിവ് നടത്തിയതൊക്കെ ചരിത്രം. വയറ്റത്തടിച്ചു പാടാന്‍ ആദ്യമായി പരിശീലച്ചത് അവിടെയാണ്. ഇവിടെ പറഞ്ഞ എല്ലാവരുമായും ഇന്നും ബന്ധമുണ്ട്.

ഇപ്പോള്‍ സാബുവാണല്ലോ പരാമര്‍ശവിധേയന്‍. അതിനാല്‍ അവനെക്കുറിച്ച് പറയാം. സാബു അന്നേ ഒരു ബഹളക്കാരനാണ്. മറ്റുള്ളവരെ അപേക്ഷിച്ച് അല്പം ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. പക്ഷേ, ബഹളം മാത്രമേയുള്ളൂ. ആള് പാവമാണ്. ഇന്നും അങ്ങനെ തന്നെയെന്നാണ് വിശ്വാസം. എന്റെ അനുഭവം അങ്ങനെ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ജോലി കിട്ടി തിരുവനന്തപുരം വിടുംവരെ യൂണിവേഴ്‌സിറ്റി കോളേജുമായി സ്ഥിരബന്ധമുണ്ടായിരുന്നു, സാബുവുമായും. പിന്നീട് അവനെ ഞാന്‍ കാണുന്നത് ടെലിവിഷന്‍ സ്‌ക്രീനിലാണ്. സൂര്യ ടിവിയിലൂടെ അവന്‍ ‘തരികിട’ സാബുവായി മാറിയിരുന്നു. ടിവിയില്‍ നിന്ന് അവന്‍ സിനിമയിലെത്തിയ അവനും ഞാനുമായുള്ള കൂടിക്കാഴ്ചകള്‍ കുറഞ്ഞു, ബന്ധം മുറിഞ്ഞില്ല.

ഏറെക്കാലത്തെ പ്രവാസത്തിനു ശേഷം മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയില്‍ എത്തിയശേഷമാണ് സാബുവിനെ പിന്നീട് കാണുന്നത്. മാതൃഭൂമി ഓഫീസില്‍ വെച്ചു തന്നെ. മാതൃഭൂമി ന്യൂസ് ചാനലും കപ്പ ചാനലും തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്ന കാലം. മാതൃഭൂമി ചാനല്‍ സി.ഇ.ഒ. മോഹനന്‍ നായര്‍ക്കൊപ്പമാണ് സാബുവിനെ കണ്ടത്. എന്തോ വിനോദ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി കുറച്ചുദിവസം തുടര്‍ച്ചയായി സാബു ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. അമൃത ടിവിയില്‍ ഒരു യൂത്ത് സീരിയല്‍ ആസൂത്രണം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്നു സംസാരിച്ചു. താമസിയാതെ ഞാന്‍ മാതൃഭൂമി വിട്ടു. സാബു ആസൂത്രണം ചെയ്ത പരിപാടികള്‍ മാതൃഭൂമിയില്‍ സ്വീകരിക്കപ്പെട്ടോ എന്നറിയില്ല, പക്ഷേ അവനെ പിന്നീട് കണ്ടത് മഴവില്‍ മനോരമ സ്‌ക്രീനിലാണ്.

വല്ലപ്പോഴും മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും എല്ലാ കൂട്ടുകാരുമായുള്ള ബന്ധം മുറിയാതെ സാബു കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു. അടുത്തിടെ അവന്‍ വീണ്ടും സജീവമായത് യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടിന് രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ക്കാണ്. ഏറ്റവും ആവേശത്തോടെ അതിനു മുന്‍കൈയെടുത്തവരില്‍ ഒരാളായി. അടുത്തിടെ അവന്‍ വിളിക്കുമ്പോഴെല്ലാം സംസാരിച്ചിരുന്നത് ഇതേപ്പറ്റി മാത്രം. അപ്പോഴാണ് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാബുവിന്റെ പേരും ഉള്‍പ്പെട്ടുകണ്ടത്.

ഞാന്‍ ഇഷ്ടപ്പെടുന്ന, സ്‌നേഹിക്കുന്ന നടനാണ് കലാഭവന്‍ മണി. മൂന്നു തവണ മാത്രമേ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ടുള്ളൂ എങ്കിലും മറ്റു പലര്‍ക്കുമെന്നപോലെ ആയുഷ്‌കാലം നിലനില്‍ക്കുന്ന ഒരു സ്‌നേഹബന്ധം മണിച്ചേട്ടന്‍ സമ്മാനിച്ചിട്ടുണ്ട്. തലമുടിയിലും താടിയിലുമൊക്കെ വരുന്ന മാറ്റങ്ങളിലൂടെ ഇടയ്ക്കിടെ രൂപമാറ്റം സംഭവിക്കുന്നയാളാണ് ഞാന്‍. ഒരിക്കല്‍ കണ്ട എന്നെ രണ്ടാമതു കണ്ടാല്‍ തിരിച്ചറിയാന്‍ പാടാണെന്ന് സുഹൃത്തുക്കള്‍ തന്നെ പറയാറുണ്ട്. ആ എന്നെ രണ്ടാം വട്ടം കണ്ടപ്പോള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു എന്നത് തന്നെ മണിച്ചേട്ടന്‍ ബന്ധങ്ങള്‍ക്കു കല്പിക്കുന്ന വിലയുടെ തെളിവായി കാണുന്നു. അദ്ദേഹം എന്റെ മനസ്സില്‍ പ്രത്യേക സ്ഥാനം നേടാനുള്ള കാരണവും മറ്റൊന്നല്ല. മണിച്ചേട്ടന്റെ മരണവുമായി സാബുവിനെന്ത് ബന്ധം? മണിച്ചേട്ടനും സാബുവുമായി എന്തോ ഉരസല്‍ ഉണ്ടായിട്ടുണ്ടെന്നൊക്കെ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നു. എനിക്ക് സാബുവിനോടു ദേഷ്യമായി. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചു. സാബുവിനോടു തന്നെ ചോദിച്ചു.

? ‘മണിച്ചേട്ടനുമായി ബന്ധപ്പെട്ട് നിന്നെക്കുറിച്ച് ഭയങ്കര ചര്‍ച്ചയാണല്ലോ. ടിവിയില്‍ എന്തൊക്കെയോ എഴുതിക്കാണിക്കുന്നു. എന്താ സംഭവം?’
= ‘എന്തു പറയാനാ അണ്ണാ! ഞാന്‍ മണിച്ചേട്ടനെ കാണാന്‍ അവിടെ വരെ ഒന്നു പോയി. അത്ര തന്നെ.’

? ‘നീയും മണിച്ചേട്ടനുമായി പ്രശ്‌നം വല്ലതും ഉണ്ടായിരുന്നോ?’
= ‘അയ്യോ അണ്ണാ മണിച്ചേട്ടനുമായി എനിക്കെന്ത് പ്രശ്‌നം. ആ മനുഷ്യനെ ശത്രുവായി കാണാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ! ഒരു 10-12 വര്‍ഷം മുമ്പ് മണിച്ചേട്ടന്റെ കൂടെ ഞാനൊരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. രാജസേനന്‍ സാറിന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയില്‍. അതാണ് ബന്ധം. ആ ജാഫര്‍ ഇടുക്കിയാണ് എന്നെ വിളിച്ചോണ്ടു പോയത്. ഇവിടം വരെ വന്നതല്ലേ, മണിച്ചേട്ടനെ ഒന്നു കണ്ടിട്ടുപോകാം എന്നു ജാഫര്‍ പറഞ്ഞു. കുറേക്കാലമായല്ലോ മണിച്ചേട്ടനെ കണ്ടിട്ട്, ഒന്നു ചെന്നു കണ്ടുകളയാം എന്നു ഞാനും കരുതി. നിറഞ്ഞ സ്‌നേഹത്തോടെയാണ് ചേട്ടന്‍ സ്വീകരിച്ചത്. എന്നെ തിരികെ എറണാകുളം വരെയെത്തിച്ചതും മണിച്ചേട്ടന്റെ ഡ്രൈവര്‍ തന്നെയാണ്.’

എന്റെ ചോദ്യങ്ങള്‍ക്ക് അവസാനമില്ലായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും സാബു മറുപടി നല്‍കുന്നുണ്ട് എന്നത് കൂടുതല്‍ ചോദിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. അവന്‍ പറഞ്ഞതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇങ്ങനെ. സാബു സ്വന്തം കാറിലും ജാഫര്‍ മൂന്നു കൂട്ടുകാര്‍ക്കൊപ്പം മറ്റൊരു കാറിലുമാണ് പാഡിയിലെത്തിയത്. അപ്പോള്‍ത്തന്നെ മണിച്ചേട്ടനു ചുറ്റും ഏതാണ് 30ഓളം പേരുണ്ടായിരുന്നു. അവിടെ ബിയറുണ്ടായിരുന്നു. പക്ഷേ, മണിച്ചേട്ടന്‍ കുടിച്ചിരുന്നോ എന്നു സാബുവിനറിയില്ല. താന്‍ അവിടെ നിന്ന് ഒരു ബിയര്‍ കഴിച്ചു എന്ന് സാബു സമ്മതിക്കുന്നു. ഒന്നര മണിക്കൂര്‍ സമയം അവിടെ ചെലവഴിച്ചു. ആ സമയത്ത് മണിച്ചേട്ടന്‍ കുടിക്കുന്നത് അവന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. അവന്‍ കണ്ടില്ല. അടുത്ത ദിവസം തിരുവനന്തപുരത്ത് ഒരു പരിപാടിയുള്ളതിനാല്‍ ഇറങ്ങി. പകല്‍ മുഴുവന്‍ ജോലി ചെയ്തതിനാല്‍ വല്ലാത്ത ക്ഷീണം. എറണാകുളത്തേക്കു പോകാന്‍ ഒരു ഡ്രൈവറെ കിട്ടുമോ എന്നു ചോദിച്ചപ്പോള്‍ ‘എന്തിനാ? എന്റെ പീറ്ററെ കൊണ്ടുപൊയ്‌ക്കോ’ എന്നു പറഞ്ഞ് മണിച്ചേട്ടന്‍ തന്നെയാണ് സ്വന്തം ഡ്രൈവറെ ഒപ്പമയച്ചത്. പീന്നീട് പീറ്ററിനോട് കുടിക്കുമോ എന്നു സാബു ചോദിച്ചു. ‘കുടിയുമില്ല, വലിയുമില്ല’ എന്നായിരുന്നു പീറ്ററിന്റെ മറുപടി. പീറ്റര്‍ ഓടിച്ച കാറില്‍ എറണാകുളത്തെത്തി കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ സാബു തിരുവനന്തപുരത്തേക്ക് സ്വയം വണ്ടിയോടിച്ചെത്തി മാര്‍ ബസേലിയോസ് കോളേജിലെ പരിപാടിയില്‍ പങ്കെടുത്തു.

ഇക്കാര്യങ്ങള്‍ എന്നോടു പറയുമ്പോള്‍ ഒരു തവണ പോലും സാബുവിന്റെ വാക്കുകള്‍ മുറിഞ്ഞില്ല. അവന്റെ വാക്കുകള്‍ വിശ്വസിക്കണമെന്ന് എനിക്കു തോന്നി.

? ‘നീയെന്താ ചാനലില്‍ ഇതൊന്നും പറയാത്തെ?’
= ‘അണ്ണാ, എന്റെ സ്വകാര്യത പരസ്യമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അണ്ണനോട് വ്യക്തിപരമായി അടുപ്പമുള്ളതിനാല്‍ കാര്യങ്ങള്‍ പറഞ്ഞു. പക്ഷേ, ഇക്കാര്യങ്ങളോക്കെ പറയേണ്ടവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കത് ബോദ്ധ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസം.’

ആരുടെയും മുഖത്തുനോക്കി എന്തും പറയുന്നത് എന്റെ ഒരു ദോഷമായി പല സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പറയാനുള്ളത് പറഞ്ഞങ്ങ് തീര്‍ക്കും. മനസ്സില്‍ ഒന്നും പുറത്ത് മറ്റൊന്നും പ്രകടിപ്പിക്കാന്‍ എനിക്കറിയില്ല. പക്ഷേ, എന്തെങ്കിലും മനസ്സിലുണ്ടെങ്കില്‍ ആ തുറന്നു പറച്ചിലിലൂടെ അതു തീരും. പിന്നെ ബാക്കിനില്‍ക്കില്ല. എന്റെ ഈ സ്വഭാവത്തിന്റെ കുറച്ചുകൂടി കടുത്ത രൂപമാണ് സാബു എന്നു തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അതിരുവിടുന്നതായി എനിക്ക് അഭിപ്രായവുമുണ്ട്. അടുത്തിടെ മോഹന്‍ലാലിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലൂടെ പിടിച്ച പുലിവാല്‍ തന്നെയാണ് ഉദാഹരണം. തുറന്ന പ്രതികരണം ധാരാളം ശത്രുക്കളെ സമ്മാനിച്ചേക്കാം. പക്ഷേ, നമ്മളെ സ്‌നേഹിക്കുന്നവര്‍ നിറഞ്ഞ മനസ്സോടെ അതു നല്‍കുമെന്നാണ് അനുഭവം.

വില്ലന്‍ വേഷങ്ങളില്‍ അഭിനയിക്കാറുണ്ടെങ്കിലും ജീവിതത്തില്‍ സാബു വില്ലനല്ല. അവനെ പരിചയപ്പെട്ടിട്ട് വര്‍ഷം 20 ആകുന്നു. ഒരാളെയും അവന്‍ ദ്രോഹിച്ചതായി ആരും പറഞ്ഞുകേട്ടിട്ടില്ല. എനിക്ക് അനുഭവവുമില്ല. അവന്‍ ഒരാളെ കൊല്ലുമെന്നോ, കൊല്ലാന്‍ ഗൂഢാലോചന നടത്തുമെന്നോ ഒക്കെ പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല.

സൗഹൃദങ്ങള്‍ക്ക് വളരെയധികം വില കല്പിക്കുന്നയാളാണ് ഞാന്‍. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴെല്ലാം ഓടിയെത്തിയത് സുഹൃത്തുക്കളാണ്, ബന്ധുക്കളല്ല. ഒരാളെ ഞാന്‍ സുഹൃത്താക്കുന്നത് അവന്റെ നന്മയും തിന്മയുമെല്ലാം സ്വീകരിച്ചുകൊണ്ടാണ്. നന്മ ഞാനെടുത്തിട്ട് തിന്മ തള്ളിപ്പറയാറില്ല. തിന്മയുണ്ടെങ്കില്‍ അതു തിരുത്താന്‍ ശ്രമിച്ചിട്ടേയുള്ളൂ. ഒരു സുഹൃത്ത് പ്രതിസന്ധിയില്‍പ്പെടുമ്പോള്‍ അവനെ അവന്റെ വഴിക്കു വിട്ടിട്ട് കൈയും കെട്ടി നില്‍ക്കുന്നത് എന്റെ രീതിയല്ല. കാരണം, എന്റെ കൂട്ടുകാരെക്കുറിച്ച് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. സാബുവിനോട് സംസാരിച്ചാല്‍ പുലിവാലാകുമോ എന്നു സംശയിക്കുന്ന ചില കൂട്ടുകാര്‍ എനിക്കും അവനുമുള്ളതുകൊണ്ടാണ് ഇതു പറഞ്ഞത്.

കലാഭവന്‍ മണി എന്റെ കൂട്ടുകാരനല്ല. അത്രമാത്രം അടുപ്പം ഉണ്ടാക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. പക്ഷേ, മണിച്ചേട്ടനെ എനിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന് എന്നോട് സ്‌നേഹമായിരുന്നു.

സാബു എന്റെ കൂട്ടുകാരനാണ്. അവന്‍ എന്താണെന്ന് എനിക്കു നല്ല ബോദ്ധ്യമുണ്ട്. അരുതാത്തതൊന്നും അവന്‍ ചെയ്യില്ല എന്നെനിക്ക് ഉറച്ച വിശ്വാസമുണ്ട്.

എന്റെ വിശ്വാസം എന്നെ രക്ഷിക്കും.

Previous articleകാലം മറിഞ്ഞ കാലം
Next articleമാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

2 COMMENTS

Leave a Reply to d.dhanasumod Cancel reply

Please enter your comment!
Please enter your name here