“ഞങ്ങൾക്ക് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ലേ…” എന്നു തെളിയിക്കാൻ കാവിയണിഞ്ഞ ചിലർ വല്ലാതെ വ്യഗ്രതപ്പെടുന്നുണ്ട്. 24ന്റെ എറണാകുളം ബ്യൂറോയിൽ ജോലി ചെയ്യുന്ന സഹിൻ ആന്റണിയാണ് അവരുടെ പ്രചാരണത്തിനുള്ള പുതിയ ആയുധം. സഹിൻ ആന്റണി ചെയ്ത ‘തെറ്റ്’ എന്താണ്? തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ താൻ ജോലി ചെയ്യുന്ന ചാനലിലൂടെ പുറത്തുവിട്ടു. എന്നാൽ പിന്നെ സഹിനെ സി.പി.എം. ആക്കിക്കളയാം. അതുകൊണ്ടാണല്ലോ ‘സി.പി.എമ്മു’കാരിയായ സ്വപ്നയുടെ ശബ്ദരേഖ അദ്ദേഹത്തിന്റെ കൈയിൽ തന്നെ കിട്ടിയത്! സഹിന്റെ മൂന്നു ചിത്രങ്ങൾ പരതിയെടുത്തു, ചുവപ്പിന്റെ പശ്ചാത്തലമുള്ളത്. എന്നിട്ടങ്ങ് തുടങ്ങി പണി.

    1. ഒന്നാമത്തെ ചിത്രം മറ്റൊരാൾക്കൊപ്പം ചുവപ്പിന്റെ പശ്ചാത്തലത്തിൽ ചുവന്ന സഞ്ചിയുമണിഞ്ഞ് സഹിൻ നിൽക്കുന്നതാണ്. ആ ‘മറ്റൊരാൾ’ ആരെന്നറിയണ്ടേ? മനോരമ ന്യൂസിന്റെ ലേഖകൻ റോയി കൊട്ടാരച്ചിറ. സഹിനൊപ്പം റോയിയും സി.പി.എം. ആയോ?
    2. രണ്ടാമത്തെ ചിത്രം ബിനീഷ് കോടിയേരിക്കൊപ്പമുള്ള സെൽഫിയാണ്. കമാനം പോലെ എന്തോ ചുവപ്പ് അതിലും കാണാം. മാധ്യമപ്രവർത്തകർക്കിടയിൽ വിശാലമായ സൗഹൃദബന്ധങ്ങളുള്ളയാളാണ് ബിനീഷ് എന്നത് രഹസ്യമല്ല.
    3. മൂന്നാമത്തെ ചിത്രം സെക്രട്ടേറിയറ്റിനു മുന്നിൽ ചെങ്കൊടിയുടെ പശ്ചാത്തലത്തിൽ സഹിൻ നിൽക്കുന്നതാണ്.

ഒന്നാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളിൽ സഹിന്റെ കഴുത്തിൽ ടാഗുണ്ട് -ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഐഡന്റിറ്റി കാർഡ്. ബിനീഷുമായുള്ള ചിത്രം മാത്രമാണ് സൗഹൃദാന്തരീക്ഷത്തിലുള്ളത്, അതും ഏതോ പൊതുപരിപാടിക്കിടയിൽ എടുത്തതു തന്നെ. സഹിന്റെ രാഷ്ട്രീയം എനിക്കറിയില്ല. അതെന്താണെന്നത് പ്രസക്തവുമല്ല. ചെയ്യുന്ന ജോലിയിൽ രാഷ്ട്രീയം കലർത്തുന്നുണ്ടോ എന്നു മാത്രം നോക്കിയാൽ മതി. പക്ഷേ, ഈ ചിത്രങ്ങളെല്ലാം സി.പി.എം. സമ്മേളനങ്ങളിലോ സമരങ്ങളിലോ എടുത്തവയാണ് എന്നതുറപ്പ്. സ്വകാര്യ ചിത്രമെടുക്കുമ്പോൾ കഴുത്തിൽ സ്ഥാപന ഐഡി ഉണ്ടെന്ന് ഉറപ്പാക്കുന്നവരാണല്ലോ എല്ലാവരും, അല്ലേ?

സഹിന്‍റെ ഈ ചിത്രങ്ങളുടെ മാതൃകയിലാണെങ്കിൽ ജന്മഭൂമിയുടെ മുതിർന്ന ലേഖകരായ കുഞ്ഞിക്കണ്ണൻ ചേട്ടനും ശ്രീകുമാറുമെല്ലാം ‘സി.പി.എം.’ ആണെന്ന് അനായാസം തെളിയിക്കാൻ സാധിക്കും. സി.പി.എം. വേദികളിൽ സ്ഥിരമായി റിപ്പോർട്ടിങ്ങിനു പോകുന്ന അവരുടെ ഇത്തരം ചിത്രങ്ങൾ എത്ര വേണമെങ്കിലും കിട്ടും, പരതി നോക്കിയാൽ. പരിവാരങ്ങളാണ് സഹിന്റെ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കാൻ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നത് എന്നതിനാൽ മാത്രമാണ് ജന്മഭൂമിയെ ഇവിടെ ഉദാഹരിച്ചത്.

ഇതൊരുമാതിരി കോഴി കട്ടവന്റെ തലയിൽ പൂടയുണ്ടെന്നു പറയുമ്പോൾ തപ്പി നോക്കുന്ന പരിപാടിയാണ് കേട്ടാ..

Previous articleചിത്രവധം
Next articleസൂക്ഷിച്ചാൽ ദുഃഖിക്കണ്ട

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS