രാഹുല്‍ ദ്രാവിഡ് -ഇന്ത്യയുടെ വന്‍മതില്‍. സമീപകാലത്ത് ഇന്ത്യ സൃഷ്ടിച്ച ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാന്‍. ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി. കളിയില്‍ നിന്നു വിരമിച്ച് വര്‍ഷങ്ങളായിട്ടും രാഹുല്‍ എവിടെയെങ്കിലും പോകുകയാണെങ്കില്‍ അദ്ദേഹത്തിനു പിന്നാലെ മാധ്യമങ്ങള്‍ കൂടും, ഉറപ്പ്.

ഇനി നമുക്ക് രാഹുല്‍ ദ്രാവിഡിനെ വെറുതെ വിടാമെന്നു തോന്നുന്നു. പകരം മറ്റൊരു ദ്രാവിഡിനെ പിടിക്കാം -സമിത് ദ്രാവിഡ്. സാക്ഷാല്‍ രാഹുല്‍ ദ്രാവിഡന്റെ മകന്‍. അണ്ടര്‍ 14 ക്രിക്കറ്റില്‍ 2 ഡബ്ള്‍ സെഞ്ച്വറികളാണ് 2 മാസത്തിനകം ഈ മിടുക്കന്‍ അടിച്ചെടുത്തിരിക്കുന്നത്.

സമിത് ദ്രാവിഡിന്റെ ബാറ്റിങ്

ബി.ടി.ആര്‍. ഷീല്‍ഡ് ഗ്രൂപ്പ് 1 ഡിവിഷന്‍ 2 മത്സരത്തില്‍ മല്യ അദിതി ഇന്റര്‍നാഷണല്‍ സ്കൂളിനു വേണ്ടി കഴിഞ്ഞ ദിവസം ഇറങ്ങിയ സമിത് എതിരാളികളായ ശ്രീ കുമരന്‍സ് ചില്‍ഡ്രന്‍ അക്കാദമി ബൗളര്‍മാരെ മൈതാനത്തിന്റെ നാലുപാടും പായിച്ചത് പക്ഷേ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്റ്റൈലിലായിരുന്നു. വെറും 146 പന്തില്‍ 33 ബൗണ്ടറികളുടെ സഹായത്തോടെ 204 റണ്‍സ് അടിച്ചുകൂട്ടി.

സമിതിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തില്‍ മല്യ അദിതി ഇന്റര്‍നാഷണല്‍ നിശ്ചിത 50 ഓവറില്‍ 377 റണ്‍സ് വാരി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീ കുമരന്‍സ് അക്കാദമി വെറും 110 റണ്‍സിന് പുറത്താവുകയും ചെയ്തു. ശ്രീ കുമരന്‍സിന്റെ 2 വിക്കറ്റും പിഴുത സമിത് ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചു. അങ്ങനെ ഈ മിടുക്കന്‍ തന്റെ ടീമിന് 267 റണ്‍സിന്റെ കൂറ്റന്‍ വിജയം സമ്മാനിച്ചു.

കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന മേഖലാ ടൂര്‍ണ്ണമെന്റിലായിരുന്നു സമിതിന്റെ ആദ്യ ഡബ്ള്‍ സെഞ്ച്വറി. ധാര്‍വാഡ് മേഖലയ്ക്കെതിരെ വൈസ് പ്രസി‍ഡന്റ്സ് ഇലവനെ നയിച്ച സമിത് 256 പന്തില്‍ 201 റണ്‍സെടുത്തു. 22 തവണയാണ് ഈ ഇന്നിങ്സില്‍ സമിത് പന്തിനെ അതിര്‍ത്തിവര കടത്തിവിട്ടത്. ഇതിനു ശേഷം പന്തെടുത്ത സമിത് 26 റണ്‍സ് മാത്രം വഴങ്ങി 3 ധാര്‍വാഡ് വിക്കറ്റുകളും എറിഞ്ഞിട്ടു.

രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ പയ്യന്‍സ് ഒന്നാമിന്നിങ്സിലെ മികവ് ആവര്‍ത്തിക്കുന്നതാണ് കണ്ടത്. കളി സമനിലയില്‍ അവസാനിക്കുമ്പോള്‍ 94 റണ്‍സുമായി സമിത് പുറത്താവാതെ ക്രീസിലുണ്ടായിരുന്നു.

രാഹുലിനൊപ്പം വീട്ടില്‍ സമിത്

ഇപ്പോള്‍ പെട്ടെന്നുണ്ടായതല്ല സമിതിന്റെ കളിമികവ്. കഴിഞ്ഞ വര്‍ഷം ബി.ടി.ആര്‍. ഷീല്‍ഡില്‍ സമിത് അടിച്ചെടുത്ത 150 റണ്‍സിന്റെ പിന്‍ബലത്തില്‍ മല്യ അദിതി സ്കൂള്‍ എതിരാളികളായ വിവേകാനന്ദ സ്കൂളിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. 3 വര്‍ഷം മുമ്പ് ടൈഗര്‍ കപ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ബാംഗ്ലൂര്‍ യുണൈറ്റര്‍ ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി ഫ്രാങ്ക് ആന്തണി പബ്ലിക് സ്കൂളിനെതിരെ 125 റണ്‍സ് നേടിയതും ശ്രദ്ധേയമായി. 2015 സെപ്റ്റംബറില്‍ നടന്ന അണ്ടര്‍ 12 ഗോപാലന്‍ ക്രിക്കറ്റ് ചാലഞ്ചില്‍ 3 തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറികളുമായി -77*, 93, 77 -മികച്ച ബാറ്റ്സ്മാനായി.

ഇന്ത്യന്‍ ക്രിക്കറ്റ് ഒരുപാട് താരപുത്രന്മാരുടെ വരവും പോക്കും കണ്ടിട്ടുണ്ട്. ഇഫ്തിഖര്‍ അലിഖാന്‍ പട്ടൗഡിയുടെ മകന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി, ലാലാ അമര്‍നാഥിന്റെ മകന്‍ മൊഹീന്ദര്‍ അമര്‍നാഥ്, വിജയ് മഞ്ജരേക്കറുടെ മകന്‍ സഞ്ജയ് മഞ്ജരേക്കര്‍, സുനില്‍ ഗാവസ്കറുടെ മകന്‍ രോഹന്‍ ഗാവസ്കര്‍, യോഗ് രാജ് സിങ്ങിന്റെ മകന്‍ യുവരാജ് സിങ്, റോജര്‍ ബിന്നിയുടെ മകന്‍ സ്റ്റ്യൂവര്‍ട്ട് ബിന്നി -അങ്ങനെ എത്രയോ പേര്‍. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ തെണ്ടുല്‍ക്കറെക്കുറിച്ച് കേള്‍ക്കാന്‍ കായികപ്രേമികള്‍ കാത്തിരിക്കുന്നതിനിടെയാണ് ഒരു വിസ്ഫോടനം പോലെ സമിത് ദ്രാവിഡ് അവതരിച്ചിരിക്കുന്നത്. അച്ഛനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യയ്ക്കു വേണ്ടി 164 ടെസ്റ്റുകളില്‍ നേടിയ 13,288 റണ്‍സും 344 ഏകദിനങ്ങളില്‍ നേടിയ 10,889 റണ്‍സും മകനായ സമിത് ദ്രാവിഡ് മറികടക്കുമെന്നത് ഏകദേശം ഉറപ്പാണ്.

 •  
  185
  Shares
 • 164
 • 11
 •  
 • 10
 •  
 •  
 •  
Previous articleഎന്റെ ആദ്യ മുഖ്യപത്രാധിപര്‍
Next articleകേരളത്തില്‍ നടന്നതും ഗുജറാത്തില്‍ നടക്കാത്തതും
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS