Reading Time: 3 minutes

സഞ്ചരിക്കുന്ന കൊട്ടാരം സ്‌കാനിയ ഒടുവില്‍ റോഡിലിറങ്ങി. വിഷുക്കൈനീട്ടം 3 ദിവസം വൈകി. ഏപ്രില്‍ 17 ഞായറാഴ്ച രാത്രി 8 മണിക്ക് സ്‌കാനിയ ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഔദ്യോഗികമായി യാത്ര തിരിച്ചു. അതിനു മുമ്പ് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് ചെറിയൊരു ആമുഖ സര്‍വ്വീസ് നടത്തിയിരുന്നു. അത് ബസ് ആലപ്പുഴയിലേക്കു കൊണ്ടുപോകുമ്പോള്‍ വെറുതെ കാലിയടിച്ചു പോകണ്ട എന്ന ചിന്താഗതിയുടെ പേരില്‍ മാത്രം.

സ്‌കാനിയ ഇറങ്ങുന്ന കാര്യം നേരത്തേ തന്നെ അറിഞ്ഞിരുന്നു. പക്ഷേ, പരസ്യമായി പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടായില്ല. കെ.എസ്.ആര്‍.ടി.സിയല്ലേ, കാര്യം ഉറപ്പിച്ചു പറയാന്‍ പറ്റില്ല. പെന്‍ഷന്‍ ഇന്നു കിട്ടും, നാളെ കിട്ടും എന്നു പറഞ്ഞ് കാത്തിരിക്കുകയും ഒടുവില്‍ നിരാശനാവുകയും ചെയ്യുന്ന അച്ഛനെ സ്ഥിരമായി കാണുന്നതു കൊണ്ടാണോ ഈ മാനസികാവസ്ഥ എന്നറിയില്ല. എന്തായാലും എനിക്ക് മുന്‍വിധിയുണ്ട്. അത് ശരിയാണു താനും.

Scania Aleppey

സ്‌കാനിയയോട് ഒരു പ്രത്യേക താല്പര്യം തോന്നിയത് യാദൃശ്ചികമായാണ്. കുംഭകര്‍ണ സേവയിലായിരുന്ന എന്നിലെ മാധ്യമപ്രവര്‍ത്തകന്റെ മൂക്കിലിട്ട തിരിയായി ഈ രാജകീയ ശകടം മാറിയെന്നര്‍ത്ഥം. അതിനാല്‍ത്തന്നെ കൃത്യമായി ഇതിന്റെ നടപടികള്‍ പിന്തുടര്‍ന്നു. വിവരങ്ങള്‍ എല്ലാം അപ്പപ്പോള്‍ ശേഖരിക്കുകയും ചെയ്തു. എന്റെ അന്വേഷണം ചിലര്‍ക്കൊക്കെ അലോസരമായിട്ടുണ്ടെന്ന് അറിയാം. പക്ഷേ, അതൊരു നല്ല ലക്ഷ്യത്തിനായിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ശേഖരത്തില്‍ രണ്ടെണ്ണം മാത്രമേ ഇപ്പോള്‍ റോഡ് കണ്ടിട്ടുള്ളൂ. ബാക്കിയെല്ലാം ഒതുക്കിയിട്ടിരിക്കുക തന്നെയാണ്. ആലപ്പുഴയ്ക്കും ബാംഗ്ലൂരിനുമിടയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന സൂപ്പര്‍ ഡീലക്‌സിനു പകരമായിട്ടാണ് ഇപ്പോള്‍ സ്‌കാനിയ വന്നിരിക്കുന്നത്. എറണാകുളം -തൃശ്ശൂര്‍ -കോഴിക്കോട് -സുല്‍ത്താന്‍ ബത്തേരി -മൈസൂര്‍ വഴിയാണ് യാത്ര. എറണാകുളം 90 രൂപ, ചാലക്കുടി 150 രൂപ, തൃശ്ശൂര്‍ 190 രൂപ, കുറ്റിപ്പുറം ബൈപാസ് 250 രൂപ, കോഴിക്കോട് 350 രൂപ, താമരശ്ശേരി 380 രൂപ, കല്‍പ്പറ്റ 440 രൂപ, സുല്‍ത്താന്‍ ബത്തേരി 470 രൂപ, കേരള-കര്‍ണ്ണാടക അതിര്‍ത്തി 490 രൂപ, ഗുണ്ടല്‍പ്പേട്ട് 560 രൂപ, മൈസൂര്‍ 680 രൂപ, മാണ്ഡ്യ 760 രൂപ എന്നിവയാണ് ആലപ്പുഴയ്ക്കും ബംഗളൂരുവിനുമിടയ്ക്കുള്ള പോയിന്റുകള്‍. ആലപ്പുഴയില്‍ നിന്നു കയറി ബംഗളൂരുവിലിറങ്ങാന്‍ 950 രൂപ കൊടുക്കണം.

ഒരു ദിവസം വൈകുന്നേരം 5.30ന് ആലപ്പുഴ നിന്നു പുറപ്പെടുന്ന സ്‌കാനിയ അടുത്ത ദിവസം വൈകുന്നേരം 4.30ന് ബംഗളൂരുവില്‍ നിന്ന് മടക്കയാത്ര തിരിക്കും എന്നായിരുന്നു തീരുമാനം. ആദ്യ ബസ് ബംഗളൂരുവില്‍ നിന്നു മടക്കയാത്ര പുറപ്പെടുന്ന വേളയില്‍ രണ്ടാമത്തെ ബസ് ആലപ്പുഴയില്‍ നിന്ന് അങ്ങോട്ടേക്കു തിരിക്കും. ഇങ്ങനെ രണ്ടു ബസ്സുകള്‍ ഉപയോഗിച്ച് ആഴ്ചയില്‍ എല്ലാ ദിവസവും ആലപ്പുഴ -ബംഗളൂരു സര്‍വ്വീസ് നടത്തും. എന്നാല്‍, സ്‌കാനിയയുടെ ആദ്യ യാത്ര ആലപ്പുഴയില്‍ നിന്നു പുറപ്പെട്ടത് രാത്രി എട്ടിന്. കാനനപാത സന്ധ്യയ്ക്ക് ആറു മണിക്കു മാത്രമേ തുറക്കുകയുള്ളൂ. അതനുസരിച്ച് സമയം ക്രമീകരിച്ചുവെന്നാണ് ഉത്തരം. ഇത് നേരത്തേ അറിയില്ലായിരുന്നോ എന്നു ചോദിച്ചാല്‍ ‘ഇവിടിപ്പം ഇങ്ങനൊക്കേ പറ്റൂ’ എന്നാ മറുപടി. ഇപ്പോള്‍ ആലപ്പുഴ നിന്നു പുറപ്പെടുന്ന സമയം രാത്രി എട്ടാക്കി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

സ്‌കാനിയ റോഡിലിറങ്ങുന്നതിനു മുന്നോടിയായി ഗതാഗത വകുപ്പും കെ.എസ്.ആര്‍.ടി.സിയും തമ്മില്‍ വന്‍ വടംവലി നടന്നു. സ്‌കാനിയ ഒതുക്കിയിട്ടിരിക്കുന്നു എന്ന വിവരം പുറത്തുവന്നപ്പോള്‍ ഗതാഗത വകുപ്പ് കാരണമന്വേഷിച്ചത് കെ.എസ്.ആര്‍.ടി.സി. ഏമാന്മാര്‍ക്കു പിടിച്ചില്ല. നികുതിയിളവിന്റെ ഒരുത്തരവ് സര്‍ക്കാരില്‍ നിന്നു കിട്ടാനുള്ളത് വൈകുന്നതിനാലാണ് സ്‌കാനിയ ഇറക്കാത്തത് എന്നായിരുന്നു മറുപടി. അതു പ്രകാരം സെക്രട്ടേറിയറ്റിലെ ഗതാഗത വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ അത്തരമൊരു നികുതിയിളവിന്റെ പ്രശ്‌നമേയില്ലെന്നും കെ.എസ്.ആര്‍.ടി.സി. നികുതി അടയ്ക്കാറേയില്ലെന്നും മറുപടി കിട്ടി. പിന്നെന്താണ് പ്രശ്‌നം? വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഒരു വിജ്ഞാപനമിറക്കണം. വണ്ടിയുടെ സീറ്റ് എത്രയാണ്, എത്ര പേരെ കൊണ്ടുപോകാം, എത്ര ഭാരം കയറ്റാം എന്നൊക്കെയുള്ള വിശദാംശങ്ങളാണ് ഇതിലുണ്ടാവുക. ഇതിറങ്ങാത്തതാണ് തടസ്സം.

തടസ്സം എങ്ങനെ ഉണ്ടായി? വിജ്ഞാപനമിറക്കി നല്‍കാനുള്ള അപേക്ഷ കെ.എസ്.ആര്‍.ടി.സിക്കാര്‍ സെക്രട്ടേറിയറ്റില്‍ ‘കൊണ്ടെറിഞ്ഞിട്ടു പോയി’ എന്നാണ് അവിടെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. അടിയന്തര പ്രാധാന്യമുള്ളതാണെന്നു പറയാതെ വെറുതെ ഒരപേക്ഷ നല്‍കുക മാത്രമാണ് ചെയ്തത് എന്നു സാരം. അപേക്ഷ വളരെ സാവകാശം ഫയലായി രൂപം പ്രാപിച്ച് നിയമവകുപ്പില്‍ എത്തുമ്പോഴാണ് സ്‌കാനിയ തുരുമ്പിക്കുന്ന അവസ്ഥ ഏപ്രില്‍ 9ന് ബ്ലോഗിലും സമൂഹമാധ്യമങ്ങളിലും വന്ന് ചര്‍ച്ചയായത്. ഇതോടെ ഗതാഗത സെക്രട്ടറി വിഷയത്തില്‍ ഇടപെടുകയും ഒരു ദിവസത്തിനകം വിജ്ഞാപനമിറക്കുകയും ചെയ്തു.

വിജ്ഞാപനം വാങ്ങിക്കൊണ്ടു പോയി ബസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുക എന്നാണ് സ്വാഭാവികമായും കെ.എസ്.ആര്‍.ടി.സിയുടെ പണി. അതാണ് നമ്മളെല്ലാവരും പ്രതീക്ഷിക്കുക. സ്‌കാനിയ സര്‍വ്വീസിനെക്കുറിച്ച് വിഷുവിന്റെ തലേന്നാള്‍, അതായത് ഏപ്രില്‍ 13ന് വീണ്ടും ഗതാഗതക വകുപ്പില്‍ നിന്ന് അന്വേഷണം ചെന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ മറുപടി വിജ്ഞാപനം അന്നു വൈകുന്നേരം മാത്രമാണ് കിട്ടിയതെന്നായിരുന്നു. അതെങ്ങനെ എന്നു പരിശോധിച്ചപ്പോഴാണ് കെ.എസ്.ആര്‍.ടി.സിയുടെ ‘താല്പര്യം’ വ്യക്തമായത്. ഒരു അപേക്ഷ കൊടുത്താല്‍ അതെന്തായി എന്ന് അന്വേഷിക്കാന്‍ പോലും ആ സാറന്മാര്‍ തയ്യാറായില്ല. അപേക്ഷയുടെ കാര്യം അന്വേഷിച്ചു ചെന്നത് ഏപ്രില്‍ 13ന്. അപ്പോള്‍ത്തന്നെ സെക്രട്ടേറിയറ്റിലുള്ളവര്‍ വിജ്ഞാപനം കൈയില്‍ കൊടുത്തു. ഏപ്രില്‍ 11ന് അന്വേഷിച്ചിരുന്നുവെങ്കില്‍ അന്നു കിട്ടുമായിരുന്നു. വിജ്ഞാപനം ഇറക്കുക എന്നതു മാത്രമാണ് സര്‍ക്കാരിന്റെ പണി. വിജ്ഞാപനം പുറപ്പെടുവിക്കുന്ന സമയം കൃത്യമായി മനസ്സിലാക്കി അതു സ്വീകരിച്ച് അനന്തരനടപടികള്‍ സ്വീകരിക്കേണ്ടത് അപേക്ഷകന്റെ കടമയാണ്. ഉഴപ്പ് കാരണം അതു നടന്നില്ല.

അപ്പോള്‍ വിഷുവിന് സ്‌കാനിയ ഇറങ്ങില്ലെന്നുറപ്പായി. എപ്രില്‍ 15ന് ബസ്സുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നും അടുത്ത ദിവസം സര്‍വ്വീസ് തുടങ്ങുമെന്നും പ്രതീക്ഷിച്ചു. രജിസ്‌ട്രേഷന്‍ നടന്നു. കെ.എല്‍.-15 എ 1414 മുതല്‍ കെ.എല്‍.-15 എ 1431 വരെയാണ് നമ്പരുകള്‍. പക്ഷേ, ഏപ്രില്‍ 16നും സര്‍വ്വീസ് തുടങ്ങാതായപ്പോള്‍ വീണ്ടും അന്വേഷിച്ചു. അപ്പോഴാണറിഞ്ഞത് പെര്‍മിറ്റ് കിട്ടിയിട്ടില്ല. എന്തുകൊണ്ട് പെര്‍മിറ്റ് കിട്ടിയില്ല? അത് അന്വേഷിക്കുമ്പോഴാണ് അനാസ്ഥയുടെ അടുത്ത കഥ.

നിലവിലുള്ള അന്തസ്സംസ്ഥാന സര്‍വ്വീസ് ബസ്സുകള്‍ക്ക് പകരം താല്‍ക്കാലിക പെര്‍മിറ്റ് ഉള്ള സ്‌കാനിയ ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. അങ്ങനെ മാറ്റുന്ന ബസ്സുകള്‍ കേരളത്തിനകത്തെ മറ്റു റൂട്ടുകളിലേക്ക് തിരിച്ചുവിടും. എന്നാല്‍, നിലവിലുള്ള പെര്‍മിറ്റ് ഉള്ളതിന് പകരം സംവിധാനമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി. അപേക്ഷ സമര്‍പ്പിച്ചത് രണ്ടെണ്ണം മാത്രം. ബാക്കി അപേക്ഷകള്‍ മുഴുവന്‍ പുതിയ പെര്‍മിറ്റുകള്‍ക്കാണ്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പുതിയ പെര്‍മിറ്റുകള്‍ നല്‍കാനാവില്ല. നടക്കില്ലെന്ന് തീര്‍ത്തും ബോദ്ധ്യമുള്ള അപേക്ഷ എന്തിനു സമര്‍പ്പിച്ചു? അപ്പോള്‍ സ്‌കാനിയ നിരത്തിലിറങ്ങരുതെന്ന് ആരോ ആഗ്രഹിക്കുന്നു എന്നാണോ?

മാറ്റപെര്‍മിറ്റ് എന്ന നിലയില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ട രണ്ടു സ്‌കാനിയ ബസ്സുകളാണ് ഇപ്പോള്‍ സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. ബാക്കിയെല്ലാം ഇപ്പോഴും ഒതുക്കിയിട്ടിരിക്കുന്നു. ഈ ബസ്സുകള്‍ ഓടാതിരിക്കുമ്പോഴുണ്ടാവുന്ന നഷ്ടം ഒരു തരത്തിലും പിന്നീട് നികത്തപ്പെടുന്നില്ല. ഇന്ന് ബസ് ഓടി 30,000 രൂപ വരുമാനം കിട്ടുന്നത് ഇല്ലാതായത് നാളെ ഓടി 60,000 രൂപ കിട്ടിയാലും നികത്തപ്പെടുന്നില്ലല്ലോ. ഇന്നു നഷ്ടപ്പെട്ട അവസരം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതു തന്നെ.

സ്‌കാനിയ ഓടാതെ ഒതുക്കിയിട്ടിരിക്കുന്നതിനാല്‍ ഓരോ ദിവസവും ഉണ്ടാവുന്ന നഷ്ടത്തിന് ആര് ഉത്തരവാദിത്വമേല്‍ക്കും? ആ നഷ്ടം വരുത്തിയതിന് ഉത്തരവാദികളായവരില്‍ നിന്ന് നികത്തിയെടുക്കാന്‍ നടപടിയുണ്ടാവുമോ? അത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടാല്‍ ബാക്കി സ്‌കാനിയ കൂടി ‘സ്വയം’ റോഡിലിറങ്ങി ഓടിത്തുടങ്ങും.

Previous articleപൂരപ്പൊലിമ!!!
Next articleഅനന്തപുരിയിലും സ്‌കാനിയ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

2 COMMENTS

  1. സർക്കാരുകാര്യം മുറപോലെ എന്നൊരു ചൊല്ലുണ്ട്. കെ എസ് ആർ ടിസിയുടെ കാര്യത്തിൽ ഇത് അച്ചട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here