Reading Time: 2 minutes

സെക്രട്ടേറിയറ്റ് ഇപ്പോള്‍ ആരുടെ വകയാണ്? സെക്രട്ടേറിയറ്റ് നില്‍ക്കുന്ന സ്ഥലം ആര്‍ക്കെങ്കിലും പതിച്ചുനല്‍കിയിട്ടുണ്ടോ എന്ന് അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ അറിയാം -പറയുന്നത് നമ്മുടെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണ്. വി.എസ്സിനെക്കൊണ്ട് ഇങ്ങനെ പറയിച്ചത് എന്താണ്?

വി.എസ്.അച്യുതാനന്ദൻ

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോകുന്ന പോക്കില്‍ സംസ്ഥാനത്ത് കായലും ഭൂമിയും കാടുമൊക്കെ ഇഷ്ടക്കാര്‍ക്കും, മത-സാമൂദായിക സംഘടനകള്‍ക്കും തീറെഴുതി നല്‍കിയതിന്റെ തെളിവുകള്‍ ഒന്നൊന്നായി ഓരോ ദിവസവും പുറത്തുവരുന്നു. മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളത്ത് കടമക്കുടിയില്‍ 47 ഏക്കറും വയല്‍ നികത്താന്‍ നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തന്നെ സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് എല്ലാവരും വിവരമറിഞ്ഞു. എന്നാല്‍, ആരുമറിയാത്ത ഒട്ടേറെ ഇടപാടുകള്‍ വേറെയും നടന്നിട്ടുണ്ട്.

വൈക്കത്തിനടുത്ത് ചെമ്പില്‍ 150 ഏക്കര്‍ നിലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴയ ഉപദേഷ്ടാവ് ഷാഫി മേത്തര്‍ക്കു പതിച്ചു നല്‍കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ തീരുമാനിച്ച ഇടുക്കിയിലെ 724 ഏക്കര്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്നൊഴിവാക്കി നല്‍കി. ഇടുക്കി ഹോപ്പ് പ്ലാന്റേഷന്‍സിന് വേണ്ടിയുള്ള ഈ വഴിവിട്ട നടപടിയുടെ ഉത്തരവിറങ്ങിയത് ഫെബ്രുവരി 20ന്.

റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഒരു പടി കൂടി മുന്നോട്ടുപോയി. തന്റെ മണ്ഡലമായ കോന്നിയില്‍ ജയമുറപ്പിക്കാന്‍ റവന്യൂ മന്ത്രി എന്ന അധികാരം കാര്യമായി പ്രയോജനപ്പെടുത്തി. കോന്നിയിലെ ജാതി-മത സംഘടനകളെ പ്രീണിപ്പിക്കാന്‍ 18 ഏക്കറോളം ഭൂമിയാണ് പതിച്ചു നല്‍കിയത്.

മലങ്കര കത്തോലിക്കാ പള്ളി, ഓര്‍ത്തഡോക്‌സ് പളളി, ബഥേല്‍ മാര്‍ത്തോമാസഭ, കത്തോലിക്കാ സഭ, പത്തനംതിട്ട ഭദ്രാസനം, കോന്നി എസ്.എന്‍.ഡി.പി. യോഗം 1182-ാം നമ്പര്‍ ശാഖ, തണ്ണിത്തോട് എസ്.എന്‍.ഡി.പി. യോഗം 1421-ാം നമ്പര്‍ ശാഖ, അടൂര്‍ കുറുമ്പകര എന്‍.എസ്.എസ് കരയോഗം എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ പേരുവിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന മാര്‍ച്ച് 4ന് ഇതു സംബന്ധിച്ച 10 ഉത്തരവുകള്‍ ഒരുമിച്ചിറക്കി. ആരുണ്ടിവിടെ ചോദിക്കാന്‍!!

സാധാരണനിലയില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റികള്‍ പരിശോധിച്ച് ഗുണഭോക്താക്കളുടെ യോഗ്യത സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ഭൂരഹിതര്‍ക്കു മാത്രമേ ഭൂമി ഇത്തരത്തില്‍ അനുവദിക്കാവൂ എന്ന വ്യവസ്ഥ ലംഘിച്ച് വന്‍ പണച്ചാക്കുകള്‍ക്കും തിണ്ണബലമുള്ള സംഘടനകള്‍ക്കും കേരളം തീറെഴുതി.

കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമെത്തിയിരിക്കുന്നു. ഭൂമി ലഭിച്ച പലരും അതിനുള്ള അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല. വോട്ടും കാശും മാത്രം ലക്ഷ്യമാവുമ്പോള്‍ നടപടിക്രമത്തിന് എന്തു സ്ഥാനം. മാത്രമല്ല, നടപടി തന്നെ തെറ്റാവുമ്പോള്‍ നടപടിക്രമത്തിനു സ്ഥാനമില്ലല്ലോ!

ഉമ്മൻ ചാണ്ടി

ഇനി ഒരു കാര്യമേ അറിയാനുള്ളൂ. അടുത്തത് അധികാരത്തില്‍ വരുന്നത് ഇടതു മുന്നണി സര്‍ക്കാരാണെങ്കില്‍ ചട്ടവിരുദ്ധമായ ഈ ഭൂമിദാനം റദ്ദാക്കുമോ? സ്വകാര്യവ്യക്തികള്‍ക്കും തോട്ടങ്ങള്‍ക്കും നല്‍കിയ ഭൂമി ഒരു പക്ഷേ തിരിച്ചുപിടിച്ചേക്കാം. കൈക്കൂലി കിട്ടിയത് യു.ഡി.എഫ്. നേതാക്കള്‍ക്കാണല്ലോ. പക്ഷേ, സഭകള്‍ക്കും എസ്.എന്‍.ഡി.പി. യോഗം, എന്‍.എസ്.എസ്. മുതലായ സാമുദായിക സംഘടനകള്‍ക്കും പതിച്ചുനല്‍കിയ ഭൂമി എന്നെന്നേക്കുമായി സ്വാഹ തന്നെ. അതില്‍ ഇടതു-വലതു വ്യത്യാസമില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ശക്തി അത്രമാത്രം വലുതാണ്. പൊതുജനമായ നമ്മള്‍ വെറും കഴുതകള്‍.

Previous articleതള്ളിനൊക്കെ ഒരു പരിധിയില്ലേഡേയ്!!
Next articleഅച്ചടക്കം പലവിധം, അച്ചടക്കരാഹിത്യവും…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here