മതനിരപേക്ഷത

 • 216
 • 88
 •  
 • 67
 •  
 • 2
 •  
  373
  Shares

മതനിരപേക്ഷത അഥവാ മതേതരത്വം എന്നാല്‍ എന്ത്? എല്ലാ മതങ്ങളെയും സമഭാവനയോടെയും തുല്യ ബഹുമാനത്തോടെയും കാണാന്‍ കഴിയുക എന്നതിനാണ് മതനിരപേക്ഷത എന്നു പറയുക എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഞാനൊരു മതേതരവാദിയാണെന്നും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ എനിക്ക് അര്‍ഹതയുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.

ജന്മംകൊണ്ട് ഞാനൊരു ഹിന്ദുവാണ്. ഹിന്ദുമതത്തിലും അതിലെ ആചാരാനുഷ്ഠാനങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു, പിന്തുടരുന്നു. അതിനാല്‍ത്തന്നെ ഹിന്ദുമതത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനും വിമര്‍ശിക്കാനും എനിക്ക് അവകാശമുണ്ട്. ക്രിസ്തുമതം, ഇസ്ലാം, സിഖ് മതം എന്നിവയെക്കുറിച്ചെല്ലാം പഠിച്ചിട്ടുണ്ട്. ഈ മതങ്ങളുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളില്‍ പോയിട്ടുണ്ട്, പോകാറുമുണ്ട് -സിഖ് മതാനുയായികളുടെ പരിപാവനമായ അമൃത്സര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ വരെ. പക്ഷേ, ഈ മതങ്ങളെ വിമര്‍ശിക്കാന്‍ ഞാനാളല്ല. കാരണം ഈ മതങ്ങളിലെ എല്ലാ അംശങ്ങളെക്കുറിച്ചും ആധികാരികമായ വിവരം എനിക്കില്ല. ഒരു മതത്തില്‍ ജനിച്ച് ആ മതം പിന്തുടരുന്ന വ്യക്തിക്കു മാത്രമേ ആ മതത്തെക്കുറിച്ച് ആധികാരികമായ വിവരമുണ്ടാവുകയുള്ളൂ എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതെന്റെ മാത്രം വിശ്വാസമാണ്, യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം.

SC.jpg

എല്ലാ മതങ്ങളെയും മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചവരുണ്ട് -ശ്രീ രാമകൃഷ്ണ പരമഹംസരെപ്പോലുള്ളവര്‍. അദ്ദേഹം ഹിന്ദുവായി ജനിച്ചു. ക്രൈസ്തവനായും മുസ്ലിമായും പാഴ്‌സിയായുമൊക്കെ ജീവിച്ചുനോക്കി. എന്നിട്ടദ്ദേഹം പറഞ്ഞു, എല്ലാ വഴികളും ചെന്നെത്തുന്നത് ഒരേ ലക്ഷ്യത്തിലേക്കാണെന്ന്. അദ്ദേഹത്തെപ്പോലുള്ളവരാണ് യഥാര്‍ത്ഥ മതേതരവാദികള്‍. മതങ്ങള്‍ സംഘര്‍ഷം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ മതത്തെ പിന്തുടരുന്നവര്‍ സംഘര്‍ഷം പ്രോത്സാഹിപ്പിക്കുന്നു, സ്വാര്‍ത്ഥലാഭത്തിനായി. ഈ പശ്ചാത്തലത്തില്‍ എല്ലാ മതങ്ങളേയും സമഭാവനയോടെ കാണുന്ന മതേതരവാദികള്‍ക്ക് ഉത്തരവാദിത്വം കൂടുതലാണ്. മതേതരവാദികള്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് എവിടെ നിന്നാണ്? മതസംഘര്‍ഷം കാംക്ഷിക്കുന്നവരെക്കാള്‍ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്നത് കപടമതേതരവാദികളാണ്. ആരാണ് കപടമതേതരവാദി? സ്വന്തം മതവും വിശ്വാസവും ഏറ്റവും വലുതാണെന്ന് ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം മതേതരവാദിയാണെന്നു നടിക്കുകയും ചെയ്യുന്നയാളാണ് കപടമതേതരവാദി. സ്വന്തം മതത്തെ ഇത്തരത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ആത്മാര്‍ത്ഥമായിട്ടാവണമെന്നില്ല, സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടിയാവാം.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമനുവദിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസും അതേത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമാണ് ഈ കുറിപ്പിനാധാരം. വ്യക്തികള്‍ക്ക് മതവിശ്വാസം പിന്തുടരുന്നതിന് അവകാശം നല്‍കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദവും മതപരമായ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന 26-ാം അനുച്ഛേദവും തമ്മിലുള്ള ഏറ്റുമുട്ടലാണ് സുപ്രീം കോടതിയില്‍ നടക്കുന്നത്. അതിന്റെ വിധി എന്തോ ആകട്ടെ, എന്നെക്കാള്‍ ഇക്കാര്യത്തില്‍ വിവരമുള്ളവരാണ് വിഷയം കൈകാര്യം ചെയ്യുന്നത്. പക്ഷേ, ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വേണമോ വേണ്ടയോ എന്നുള്ളതല്ല, മറിച്ച് കേസ് കൈകാര്യം ചെയ്യുന്ന ഒരു ജഡ്ജിക്ക് അതിനുമേല്‍ വിധി പറയാനുള്ള യോഗ്യതയുണ്ടോ ഇല്ലയോ എന്നുള്ളതാണ്.

ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ശബരിമല കേസ് പരിഗണിക്കുന്നത്. മലയാളിയായ ജസ്റ്റീസ് കുര്യന്‍ ജോസഫും ജസ്റ്റീസ് വി.ഗോപാലഗൗഡയുമാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. മലയാളിയായതിനാല്‍ത്തന്നെ ശബരിമലയെക്കുറിച്ച് കൂടുതല്‍ ധാരണയുണ്ടാവേണ്ടത് ജസ്റ്റീസ് കുര്യന്‍ ജോസഫിനാണ്. എന്നാല്‍, ബെഞ്ചില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ സാന്നിദ്ധ്യമാണ് ഇപ്പോള്‍ വിവാദമോ ചര്‍ച്ചാവിഷയമോ ഒക്കെ ആയിരിക്കുന്നത്. ‘ങ്ങള് ഇട്ടാല്‍ ബര്‍മുഡ.. ഞമ്മള് ഇട്ടാല്‍ വളളിക്കളസം’ എന്ന പേരില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ ഈ കേസിലുള്ള പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പുറത്തും വിമര്‍ശിക്കപ്പെടുന്നു. അതിനു കാരണമെന്ത്?

ഏതാണ്ട് ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2015 ഏപ്രില്‍ മൂന്നിന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന എച്ച്.എല്‍.ദത്തു ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിനെതിരെ ജസ്റ്റീസ് കുര്യന്‍ ജോസഫ് രംഗത്തുവന്നു. യോഗം തീരുമാനിച്ചിരിക്കുന്ന ദിവസം ദുഃഖവെള്ളിയാഴ്ചയായിരുന്നു എന്നതാണ് ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ എതിര്‍പ്പിനു കാരണം. ദുഃഖവെള്ളിയാഴ്ച ജോലി ചെയ്യാന്‍ തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്നാണ് അദ്ദേഹം വാദിച്ചത്. ഇതേ ജഡ്ജി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഭരണഘടന അനുസരിച്ചു മാത്രമേ കേസ് വിധിക്കാനാവൂ എന്നും ആചാരങ്ങള്‍ക്കവിടെ സ്ഥാനമില്ല എന്നും പറയുന്നതിനെതിരായാണ് വിമര്‍ശനം. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഒരു ചെയ്തി വ്യാഖ്യാനിക്കപ്പെടുന്നത് തത്സമയമാവണമെന്നില്ല, പിന്നീടുമാവാം എന്നര്‍ത്ഥം.

കേസില്‍ വിധിപറയുന്ന ബെഞ്ചിന്റെ ഭാഗമാവാനുള്ള ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ യോഗ്യത ചോദ്യം ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ മുന്‍ ചെയ്തികള്‍ മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍ ആയുധമാകുന്നത് ആശാസ്യമല്ല. അതും, ഒരു കേസില്‍ ഒരു ജഡ്ജിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്ന വിധത്തില്‍. കപട മതേതരവാദികളുടെ ചെയ്തികള്‍ നിമിത്തം യഥാര്‍ത്ഥ മതേതരവാദികള്‍ക്ക് ജോലി കൂടുന്നു എന്നതാണ് ഇതിന്റെ അനന്തരഫലം.


 • 216
 • 88
 •  
 • 67
 •  
 • 2
 •  
  373
  Shares
 •  
  373
  Shares
 • 216
 • 88
 •  
 • 67
 •  
 • 2

COMMENT