ഇന്നലെ രാവിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ പോയിരുന്നു. 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒരു പ്രഭാഷണം കേള്‍ക്കാന്‍. കേരളീയനായ ആദ്യ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയും യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളിയായ ആദ്യ ഇംഗ്ലീഷ് പ്രൊഫസറുമായ എം.എ.പരമുപിള്ളയെ അനുസ്മരിക്കുന്നതിനായിരുന്നു പരിപാടി. പ്രഭാഷണം നടത്താനെത്തിയത് കോളേജിലെ ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥിയും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ് മേധാവിയുമായ പ്രൊഫ.പി.ഉദയകുമാര്‍.

UC.jpg

പ്രഭാഷണം കേള്‍ക്കാന്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. സെമിനാര്‍ ഹാളായി മാറിയ പഴയ കോളേജ് ഓഡിറ്റോറിയത്തിനകത്തെ തിരക്ക് കാരണം ഞാന്‍ പുറത്തെ വരാന്തയില്‍ നിന്നാണ് പ്രഭാഷണം കേട്ടത്. പതിവുപോലെ പിന്‍നിരയില്‍ കസേര തേടിയെങ്കിലും ഒഴിവുണ്ടായിരുന്നില്ല. കോളേജിലെ സുഹൃത്തുക്കളായ ചില അദ്ധ്യാപകരും ഓഡിറ്റോറിയത്തിനു പുറത്ത് ഒപ്പമുണ്ടായിരുന്നു. ഇത്രയും പങ്കാളിത്തമുണ്ടായിട്ടും മുഖ്യ സംഘാടകനും ഇംഗ്ലീഷ് വിഭാഗത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ഇപ്പോള്‍ കോളേജിലെ ഹിസ്റ്ററി അദ്ധ്യാപകനുമായ ഡോ.ഗോപകുമാര്‍ എന്ന ഗോപന്‍ ചേട്ടന് തൃപ്തി പോരാ. ‘വരുമെന്ന് ഇങ്ങോട്ടു വിളിച്ചു പറഞ്ഞ പലരും വന്നില്ല. കോളേജിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കാരണം അവര്‍ക്ക് പേടിയാണ്’ -വാക്കുകളില്‍ നിരാശ. ഞാന്‍ ഒപ്പമുണ്ടായിരുന്ന മറ്റ് അദ്ധ്യാപക സുഹൃത്തുക്കളുടെ മുഖത്തേക്ക് നോക്കി. ഗോപന്‍ ചേട്ടന്റെ മുഖത്തെ നിരാശ അവരുടെ മുഖത്തേക്കും പടരുന്നത് കണ്ടു.

seminar.jpeg

യൂണിവേഴ്‌സിറ്റി കോളേജിന് എന്തു പറ്റി? ‘സദാചാര ഗുണ്ടായിസം’ തന്നെയാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. തല്ലിച്ചതയ്ക്കലിനെ ഒരു കാരണവശാലും ന്യായീകരിക്കില്ല എന്ന് എന്റെ അഭിപ്രായം. ഏറെക്കാലത്തെ ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമായ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെ തലേന്നാള്‍ അതിന്റെ ശോഭ കെടുത്താനെന്ന വണ്ണം സംഘര്‍ഷമുണ്ടാക്കിയതില്‍ ഞാന്‍ അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ഒരു അദ്ധ്യാപക സുഹൃത്ത് ചോദിച്ചു -‘തല്ല് ഇരന്നു വാങ്ങിയതാണെങ്കിലോ? പെണ്ണിനെ തല്ലാന്‍ പറ്റാത്തതിനാല്‍ അവന് കിട്ടി’. കൂടുതല്‍ ചോദിച്ചുവെങ്കിലും വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ‘നിങ്ങളുടെ ദീപക്കും വേണുവുമെല്ലാം സാക്ഷികളായിരുന്നല്ലോ. അവരോടു ചോദിക്കൂ. ഞാനായിട്ടിനി ഒന്നും പറയുന്നില്ല’ -വിവാദങ്ങളില്‍ താല്പര്യമില്ലാത്തതിനാല്‍ അദ്ദേഹം ഒഴിഞ്ഞുമാറി. അതിനാല്‍ത്തന്നെ ആ പേര് ഇവിടെ പറയുന്നില്ല. പക്ഷേ, തലച്ചോറില്‍ ഒരു കൊള്ളിയാന്‍ മിന്നി.

ആ അദ്ധ്യാപകന്‍ പറഞ്ഞ ദീപിക്കിനെയും വേണുവിനെയും പരിചയപ്പെടുത്താം. യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് എസ്.പി.ദീപക്കും ജനറല്‍ സെക്രട്ടറി ജി.വേണുഗോപാലും. അവരോട് കാര്യങ്ങള്‍ തിരക്കണം എന്നു നിശ്ചയിച്ചു. എനിക്ക് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാതിരിക്കാനാവില്ല. കാരണം, എന്നെ ഞാനാക്കിയത് യൂണിവേഴ്‌സിറ്റി കോളേജാണ്. അവിടെ പഠിച്ച 5 വര്‍ഷങ്ങള്‍ക്കിടെ സ്വായത്തമാക്കിയ അനുഭവപാഠങ്ങളാണ് പിന്നീടുള്ള ജീവിതത്തില്‍ പ്രതിസന്ധികളുണ്ടായപ്പോള്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ കരുത്തു പകര്‍ന്നത്. കോളേജിനെ താറടിക്കുമ്പോള്‍ -അത് എന്തിന്റെ പേരിലാണെങ്കിലും -കണ്ടുനില്‍ക്കാന്‍ എനിക്കാവില്ല. കോളേജിലെ ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് കോളേജിന്റെ മൊത്തം ചെയ്തിയാവുന്നതെങ്ങനെ? അവിടെ പഠിക്കുന്നവരും പഠിച്ചവരും മുഴുവന്‍ ആഭാസന്മാര്‍ ആവുന്നതെങ്ങനെ?

politics (2)
യൂണിവേഴ്‌സിറ്റി കോളേജിലെ ഒഴിഞ്ഞ മൂലയിലുള്ള പൊളിറ്റിക്‌സ് ബിരുദ വിഭാഗം

നടന്നതെന്താണെന്ന് ആദ്യം ദീപക്ക് അടക്കമുള്ള സുഹൃത്തുക്കളോടു ചോദിച്ചു. അവിടെയുണ്ടായിരുന്നതായി മനസ്സിലാക്കിയ അദ്ധ്യാപകരുള്‍പ്പെടെ മറ്റുള്ളവരോടും ചോദിച്ചു. അവരെല്ലാം പറഞ്ഞത് ഒരേ കഥ. കഥയിലേക്കു വരുംമുമ്പ് പശ്ചാത്തലം മനസ്സിലാക്കണം. പൊളിറ്റിക്‌സ് വിഭാഗത്തിലെ ക്ലാസ് മുറിയാണ് കഥയുടെ കേന്ദ്രം എന്നു നേരത്തേ കേട്ടു. എന്നാല്‍, ഞാന്‍ പഠിച്ചിരുന്നപ്പോഴത്തെ സ്ഥലത്തല്ല പൊളിറ്റിക്‌സ് ബിരുദ വിഭാഗം ഉള്ളതെന്ന വസ്തുത പുതിയ അറിവായിരുന്നു. നേരത്തേ പ്രധാന സമുച്ചയത്തില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നു നോക്കിയാല്‍ കാണാവുന്നിടത്തായിരുന്നു പൊളിറ്റിക്‌സ് ബിരുദ ക്ലാസ്. എന്നാല്‍, ഇപ്പോള്‍ കോളേജിലെ ഒരു ഒഴിഞ്ഞ മൂലയിലാണ് പൊളിറ്റിക്‌സ് ബിരുദ വിഭാഗം. സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഗേറ്റിലൂടെ കോളേജില്‍ പ്രവേശിക്കുമ്പോള്‍ നേരെ കാണുന്നത് സുവോളജി വിഭാഗമാണ്. അതിന്റെ ഓരത്തായി ഓടുമേഞ്ഞ ഒരു ലായമുണ്ട്. ‘കൗ ഷെഡ്’ എന്നാണ് ഞങ്ങള്‍ പണ്ട് അതിനെ വിളിച്ചിരുന്നത്. ഇപ്പോഴും അങ്ങനെയാണോ പേര് എന്നറിയില്ല. ബിരുദ വിഭാഗത്തിലെ ജനറല്‍ ഇംഗ്ലീഷ്, സെക്കന്‍ഡ് ലാംഗ്വേജ് ക്ലാസ്സുകളാണ് മുമ്പ് അവിടെ നടന്നിരുന്നത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ ജ്യോഗ്രഫിയും അവിടെ ആയിരുന്നെങ്കിലും പിന്നീട് സ്വന്തം കെട്ടിടമായപ്പോള്‍ അവരും ഉപേക്ഷിച്ചു. എന്നാല്‍, ഇപ്പോള്‍ അവിടം പൊളിറ്റിക്‌സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായിരിക്കുന്നു. നേരത്തേ പൊളിറ്റിക്‌സ് ബിരുദ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാന സമുച്ചയത്തില്‍ ഇപ്പോള്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകളാണ്. 1993ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദവിഭാഗം കാര്യവട്ടത്തേക്കു മുറിച്ചു മാറ്റിയപ്പോഴാണ് ആ ക്ലാസ്സുകളില്‍ പൊളിറ്റിക്‌സ് എം.എ. തുടങ്ങിയത്. പിന്നീട് 1996ല്‍ ബിരുദം തിരികെ വന്നപ്പോള്‍ സ്ഥലമില്ലാതായി. അതോടെ ‘കൗ ഷെഡ്’ അവര്‍ക്ക് ആശ്രയമായി.

politics (1)
പൊളിറ്റിക്‌സ് ബിരുദ വിഭാഗം ക്ലാസ് മുറിയുടെ ഉള്‍ഭാഗം

പൊളിറ്റിക്‌സ് വിഭാഗത്തില്‍ എന്തു നടന്നു എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല. ഇംഗ്ലീഷ് വിഭാഗത്തിലെ ഒരു പെണ്‍കുട്ടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എസ്.വിനയചന്ദ്രനു നല്‍കിയ പരാതി മാത്രമാണ് അതിനെക്കുറിച്ചുള്ളത്. അത് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമുണ്ട്. പക്ഷേ, സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ആ കുട്ടി പരാതിയുമായി പ്രിന്‍സിപ്പലിനെ സമീപിച്ചിരുന്നു. കെട്ടിച്ചമയ്ക്കാന്‍ ആവശ്യമായ സാവകാശത്തെക്കാള്‍ വേഗം പരാതി വന്നു എന്നത് വളരെ പ്രധാനമാണ്. അപമാനിതയായ ഒരു വിദ്യാര്‍ത്ഥിനിയുടെ തത്സമയ പ്രതികരണമായിട്ടു മാത്രമേ ഞാന്‍ ആ പരാതിയെ കാണുന്നുള്ളൂ. ആ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സാഹചര്യം പരാതിയനുസരിച്ച് വളരെ ഗൗരവമേറിയതാണ്. കോളേജ് അധികൃതര്‍ പരിശോധിച്ച് നടപടിയെടുക്കട്ടെ. ഈ ‘ലൊക്കേഷന്‍’ സംബന്ധിച്ച് വിശദമായി പറയാന്‍ കാരണമുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ ‘സദാചാര ഗുണ്ടായിസം’ എതിര്‍ക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്താന്‍ വന്ന പലരും പറഞ്ഞത് പൊളിറ്റിക്‌സ് വിഭാഗത്തില്‍ ‘അരുതാത്തത്’ ഒന്നും സംഭവിക്കാനിടയില്ലെന്നും അത് പ്രിന്‍സിപ്പലിന്റെ ദൃഷ്ടിയിലുള്ള സ്ഥലമാണെന്നുമാണ്. നിറഞ്ഞ വിനയത്തോടെ ഞാനത് തിരുത്തട്ടെ -നിങ്ങളുദ്ദേശിക്കുന്ന സ്ഥലത്തല്ല ഇപ്പോള്‍ പൊളിറ്റിക്‌സ് ബിരുദ ക്ലാസ്സുകള്‍ നടക്കുന്നത്. ഞാന്‍ കുറ്റപ്പെടുത്തുന്നില്ല, എനിക്കു തന്നെ ഇതു സംബന്ധിച്ച ധാരണ ഇന്നലെയാണുണ്ടായത്.

ഇനി വ്യാഴാഴ്ച നടന്ന സംഭവത്തിലേക്ക്. വെള്ളിയാഴ്ചത്തെ പരിപാടിയുടെ തയ്യാറെടുപ്പുകള്‍ക്കായി പൂര്‍വ്വവിദ്യാര്‍ത്ഥികളും വിരമിച്ചതും വിരമിക്കാത്തവരുമായ അദ്ധ്യാപകരില്‍ ചിലരും അടങ്ങുന്ന സംഘം കോളേജിന്റെ പോര്‍ട്ടിക്കോയില്‍ നില്‍ക്കുന്നു. അപ്പോള്‍ ഒരു ചെറുപ്പക്കാരനെയും രണ്ടു പെണ്‍കുട്ടികളെയും ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ‘പോ പോ’ എന്നു പറഞ്ഞ് ഇറക്കിക്കൊണ്ടു വരുന്നത് കാണുന്നിടത്താണ് ആദ്യ സീന്‍. ആ ചെറുപ്പക്കാരന്‍ പേടിച്ചരണ്ട നിലയിലായിരുന്നുവെങ്കിലും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഈറ്റപ്പുലികളെപ്പോലെ ചീറുന്നുണ്ടായിരുന്നു. സുവോളജി വിഭാഗത്തിനു മുന്നിലുള്ള വഴിയിലാണ് ഈ സംഘത്തെ ആദ്യം കാണുന്നത്. പിന്നീട് പ്രശ്‌നകേന്ദ്രമായി വെളിപ്പെട്ട പൊളിറ്റിക്‌സ് വിഭാഗം ക്ലാസ് മുറികളിലാണ് ആ വഴി അവസാനിക്കുന്നത് എന്നതിനാല്‍ അവിടെ നിന്നാണ് വരവെന്ന് ഗണിച്ചെടുക്കാം. ആ പെണ്‍കുട്ടികള്‍ പിന്നീട് അവകാശപ്പെട്ടതു പോലെ നാടകം കാണാന്‍ ഇരുന്നിടത്തു നിന്നല്ല എന്നത് വ്യക്തം. നാടകം നടന്നത് പ്രധാന സമുച്ചയത്തിന്റെ നടുത്തളത്തില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജിലാണ് -ഇംഗ്ലീഷ് വിഭാഗത്തിന്റെ ഉള്‍ത്തടത്തില്‍. അവിടെ നിന്ന് കാതങ്ങള്‍ അപ്പുറത്തുള്ള പൊളിറ്റിക്‌സ് വിഭാഗം വഴി അവരെ തെളിച്ചുകൊണ്ടു വരേണ്ട കാര്യമില്ലല്ലോ. സംഘം വേഗത്തില്‍ പോര്‍ട്ടിക്കോയിലൂടെ മുന്നോട്ടു നീങ്ങി. മുന്നിലെ കൊടിമരത്തിനു മുന്നിലെത്തിയപ്പോഴാണ് ഇത് വയലന്റാവുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനെ ബാക്കിയുള്ളവര്‍ സംഘടിതമായി പഞ്ഞിക്കിട്ടു!! അതിനു കാരണമുണ്ട്. ദൃക്‌സാക്ഷികളില്‍ നിന്നു ലഭിച്ച വിവരം അതു വ്യക്തമാക്കും.

കണ്ണു പൊട്ടുന്ന തെറിവിളിയായിരുന്നു. ഇത്രയും മോശമായി ‘തള്ളയ്ക്കു’ വിളിക്കുന്ന പെണ്‍കുട്ടികളെ ജീവിതത്തില്‍ കണ്ടിട്ടില്ല. അടിയെടാ @#$%!& മോന്മാരെ നിനക്കൊക്കെ കാണിച്ചുതരാം ഞങ്ങളാരാണെന്ന്. ആ പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി ചോദിച്ച ഒരു കാര്യമുണ്ട് -‘വെളിയിലുള്ള ആരും വന്ന് കോളേജില്‍ ഇരിക്കാറില്ലേ? വേറെ ആളുകള്‍ വരുന്നതിനു കുഴപ്പമൊന്നുമില്ലല്ലോ. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം, അതില്‍ നിനക്കൊക്കെ എന്താടാ? നിന്നെയൊക്കെ റെഡിയാക്കിത്തരാം @#$%!&കളേ’. നല്ല അസ്സല്‍ ‘പള്ളുവിളി’. അക്രമാസക്തരായി നിന്ന പയ്യന്മാര്‍ ആ പെണ്‍കുട്ടികളുടെ പല തരം @#$%!& മോനേ വിളി കേട്ട് ആദ്യം ഒന്നു പകച്ചുപോയി. അവര്‍ ഇറങ്ങിപ്പോടീ മറ്റവളേ, മറിച്ചവളേ എന്നൊക്കെ പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ചീത്തവിളിയില്‍ ജയിച്ചത് ആ പെണ്‍കുട്ടികളാണ്. ഒടുവില്‍ ആവേശം കയറിയ ഒരു പെണ്‍കുട്ടി ബാഗ് പൊക്കി അടിക്കാനാഞ്ഞു. അപ്പോഴും കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ അവിടെത്തന്നെ നില്‍പ്പുണ്ട്. പെണ്‍കുട്ടി കൂടുതല്‍ മുന്നോട്ടാഞ്ഞപ്പോഴാണ് പുരുഷകേസരികളുടെ കൂട്ടത്തിലെ ആരോ പറഞ്ഞത് -‘അവനാണ് അടികൊടുക്കേണ്ടത്, അവനെ വിടരുത്’. അതു പ്രശ്‌നമായി, അടി പൊട്ടി. ഇതിനിടെ വിഷയത്തില്‍ ഇടപെടാന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും ഒരു അദ്ധ്യാപകന്‍ തടഞ്ഞു -‘നിങ്ങളിതില്‍ ഇടപെടരുത്, നിങ്ങളും കൂടി നാറും, ഇതു പ്രശ്‌നമാണ്’ കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനാ നേതാവു കൂടിയായ അദ്ദേഹം മുന്നറിയിപ്പു നല്‍കി. അടുത്തിടെ വേറൊരു വലിയ പ്രശ്‌നമുണ്ടാക്കിയതിന് ആ കുട്ടിയെ പ്രിന്‍സിപ്പല്‍ വിളിച്ചുവരുത്തി വാണിങ് കൊടുത്ത് വിട്ടതേയുള്ളൂ എന്നാണ് അവള്‍ പഠിക്കുന്ന ഫിലോസഫിയിലെ തന്നെ അദ്ധ്യാപകനായ അദ്ദേഹം പറഞ്ഞത്.

ആ പയ്യനെ എല്ലാവരും കൂടി ശരിക്കിടിച്ചു. പൊലീസില്‍ എല്പിക്കണമെന്നായിരുന്നു അതിനു ശേഷം വിദ്യാര്‍ത്ഥികളുടെ ആവശ്യം. താന്‍ ഏഷ്യാനെറ്റിലാണ് ജോലി ചെയ്യുന്നതെന്നും കേസു വന്നാല്‍ ജോലി പോകുമെന്നും ആ ചെറുപ്പക്കാരന്‍ അപേക്ഷിച്ചു. എങ്ങനെയെങ്കിലും ഊരിപ്പോയാല്‍ മതിയെന്ന നിലയിലായിരുന്നു അവന്‍. ഈ സമയത്ത് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇടപെട്ടു. വിശദമായി ചോദിച്ചപ്പോള്‍ ഏഷ്യാനെറ്റില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടിയുടെ പ്രധാന അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണ്. അവന്റെ ജോലി നഷ്ടപ്പെടുത്തരുത് എന്നു പറഞ്ഞ് പുതുതലമുറയെ പഴയ തലമുറ പിന്മാറ്റി. പ്രശ്‌നം കൂടുതല്‍ നീട്ടാതെ ചെറുപ്പക്കാരനെ പറഞ്ഞുവിട്ടു. പെണ്‍കുട്ടികളും ഒപ്പം പോയി. പിന്നീടാണ് ഫേസ്ബുക്കിലൂടെയും ചാനല്‍ ചര്‍ച്ചയിലൂടെയുമെല്ലാം കഥ മാറിയത്. ഇപ്പോള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ എതിര്‍പക്ഷത്താണ്. യഥാര്‍ത്ഥത്തില്‍ പ്രശ്‌നം വഷളാക്കിയതും തങ്ങളെ കുഴിയില്‍ ചാടിച്ചതും സീനിയര്‍ ചേട്ടന്മാരാണെന്ന് ഇപ്പോഴത്തെ തലമുറ കുറപ്പെടുത്തുന്നു. അന്ന് ആ പയ്യനെ കൃത്യമായി പൊലീസില്‍ ഏല്പിച്ചിരുന്നുവെങ്കില്‍ കോളേജിനെ താറടിക്കുന്ന രീതിയിലുള്ള ഇപ്പോഴത്തെ അപവാദപ്രചരണം ഉണ്ടാവുമായിരുന്നില്ല എന്ന് അവര്‍ പറയുമ്പോള്‍ സമ്മതിക്കാതെ തരമില്ല എന്നാവുന്നു.

നാടകം കാണാന്‍ വന്നതിന് തല്ലി എന്ന വ്യാഖ്യാനം ശരിയല്ലെന്ന് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഒരുപോലെ പറയുന്നുണ്ട്. സദസ്സില്‍ കാണികള്‍ കുറവായതിനാല്‍ നാടകം നിശ്ചിത സമയത്ത് തുടങ്ങിയില്ല. അതോടെ എസ്.എഫ്.ഐയുടെയും കോളേജ് യൂണിയന്റെയും തലപ്പത്തുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാ ക്ലാസ്സുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിളിച്ചിറക്കാനിറങ്ങി. ഇതിന്റെ ഭാഗമായി പൊളിറ്റിക്‌സ് വിഭാഗത്തിലെത്തിയ പെണ്‍കുട്ടികളുമായി പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരു കുട്ടി അല്പം ഉരസി. ഉരസുന്നതിന് കാരണമായി പറയപ്പെടുന്ന സംഭവത്തില്‍ എത്രമാത്രം സത്യമുണ്ടെന്ന് ബോദ്ധ്യമില്ലാത്തതിനാല്‍ അത് ഇവിടെ പരാമര്‍ശിക്കുന്നില്ല. ആ ഉരസലാണ് പിന്നീട് ആണ്‍കുട്ടികളുടെ വരവിലേക്കും തെറിവിളിയിലേക്കും. കൈകാര്യം ചെയ്യലിലേക്കുമെല്ലാം നീണ്ടത്. നാടകം കാണാനായിരിക്കാം അവര്‍ വന്നത്, പക്ഷേ നാടകശാലയിലേക്ക് അവര്‍ ഒരിക്കലും എത്തിയിരുന്നില്ല എന്ന വാദത്തിന് ശക്തിയുണ്ട്..

ആ ചെറുപ്പക്കാരന് കോളേജിനുള്ളില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത് അങ്ങേയറ്റം അപലപനീയമാണ് എന്നു തന്നെയാണ് അഭിപ്രായം. പുറത്തു നിന്നെത്തിയ അവന്‍ പൊളിറ്റിക്‌സ് വിഭാഗത്തില്‍ എത്തി എന്നുണ്ടെങ്കില്‍ തന്നെ അതും കായികബലം കൊണ്ട് മറുപടി നല്‍കാന്‍ മാത്രമുള്ള ഒരു മഹാ അപരാധമായി കാണാനാവില്ല എന്നതു തന്നെ. തല്‍ക്കാലം ഇത് യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമേ നടക്കൂ എന്നു കൂടി പറയാം. സ്വന്തം അനുഭവസാക്ഷ്യം എനിക്ക് അതിനായി മുന്നോട്ടുവെയ്ക്കാനാവും. എന്റെ ഭാര്യ ഒരു സര്‍ക്കാര്‍ കോളേജ് അദ്ധ്യാപികയാണ്. ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായി അവര്‍ക്ക് മറ്റൊരു കോളേജില്‍ പോകേണ്ടി വന്നു. വൈകുന്നേരം അവരെ വിളിക്കാന്‍ ഈയുള്ളവന്‍ ആ കോളേജിലെത്തി. ഞാന്‍ എന്തൊക്കെ പറഞ്ഞിട്ടും അവിടത്തെ സെക്യൂരിറ്റി അകത്തേക്കു വിടില്ല. ഒടുവില്‍ ഭാര്യ ഇറങ്ങി വരും വരെ കവാടത്തിനു പുറത്ത് കാത്തുനിന്നു. അകത്തേക്കൊന്നു നോക്കാന്‍ പോലും സമ്മതിക്കാതെ ആ സെക്യൂരിറ്റി ചേട്ടന്‍ കൃത്യമായി തന്റെ ജോലി ചെയ്തു. തലയിലും താടിയിലും ഏതാണ്ട് പൂര്‍ണ്ണമായി നര കയറിയ എനിക്കു പോലും വിലക്കുണ്ടാവുമ്പോള്‍ ഒരു ചെറുപ്പക്കാരന് എന്തു പരിഗണനയാണ് അവിടെ ലഭിക്കുക!

പക്ഷേ, യൂണിവേഴ്‌സിറ്റി കോളേജ് ആവുമ്പോള്‍ വിശാലമായ കാഴ്ചപ്പാട് വേണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമാണ്!! യൂണിവേഴ്‌സിറ്റി കോളേജിനു വേണ്ടി മാത്രം സമൂഹം ചില പ്രത്യേക നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്! ഏതെങ്കിലും ഒരു പെണ്‍കുട്ടി പരാതിയുമായി തങ്ങളെ സമീപിച്ചാല്‍ ചോരയും നീരുമുള്ള പയ്യന്മാരെല്ലാം രക്ഷകരായി ചാടിയിറങ്ങും. അതില്‍ എസ്.എഫ്.ഐ. എന്നോ കെ.എസ്.യു. എന്നോ എ.ബി.വി.പി. എന്നോ ഇല്ല. ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയില്‍ അപ്പാ ഹാജയെക്കൊണ്ട് മുകേഷും സംഘവും മോപ്പഡിന്റെ കാറ്റൂതിക്കുന്നതു തന്നെയാണ് എല്ലാവര്‍ക്കും മനസ്സിലാവുന്ന ഉദാഹരണം. അത്ര ലാഘവബുദ്ധിയോടെ കാണാനാവില്ലെങ്കിലും ഇക്കുറി യൂണിവേഴ്‌സിറ്റി കോളേജിലും സംഭവിച്ചത് അതു തന്നെയാണ്. പുറത്തു നിന്നു വന്ന ആ ചെറുപ്പക്കാരനായിരുന്നു എതിര്‍പക്ഷത്ത്. കോളേജില്‍ തന്നെയുള്ള രണ്ടു പെണ്‍കുട്ടികള്‍ കൂടിയുണ്ടായിരുന്നു എന്നു മാത്രം. എങ്കില്‍പ്പോലും ഞാന്‍ മനസ്സിലാക്കിയിടത്തോളം സദാചാര ലംഘനത്തിന്റെ പേരിലല്ല ആ ചെറുപ്പക്കാരനു മര്‍ദ്ദനമേറ്റത്. ആദ്യം ചില പിടിച്ചുതള്ളലുകളുണ്ടായി, ചെറിയ കൈയേറ്റവും. ഇറക്കിവിടാന്‍ തീരുമാനിച്ചു. എന്നാല്‍, അവന്റെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ നാവിന് നീളം വളരെ കൂടുതലുണ്ടായിരുന്നു. അതാണ് മൃഗീയ മര്‍ദ്ദനത്തിനു വഴിവെച്ചത്. അങ്ങനെയൊക്കെ പെണ്‍കുട്ടികള്‍ പുലഭ്യം പറയുമോ എന്ന സംശയം മറ്റുള്ളവരെപ്പോലെ എനിക്കും തോന്നിയിരുന്നു. പക്ഷേ, ‘ഇര’യായ ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ ഇതും ഇതിലപ്പുറവും പറഞ്ഞിട്ടുണ്ടാവുമെന്നു മനസ്സിലായി. ഒരു പൊതുഇടത്ത് ഇത്തരം ഭാഷ ഉപയോഗിക്കുന്നവര്‍ സംഘര്‍ഷഭൂവില്‍ എന്തുതന്നെ പറഞ്ഞിട്ടുണ്ടാവില്ല!!

FB JR

മോശം ഭാഷ ഉപയോഗിക്കുന്നതിലെ എതിര്‍പ്പ് എനിക്ക് മറ്റൊരു കാര്യത്തിലുമുണ്ട് -ആ പയ്യന്റെയും പെണ്‍കുട്ടിയുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനോട്. അക്രമിച്ചത് തെറ്റാണെന്ന ഉത്തമബോദ്ധ്യത്തില്‍ നിന്നാണ് അതിനെ ന്യായീകരിക്കാനുള്ള ഇത്തരം ചീപ്പ് ടെക്‌നിക്കുകള്‍ ഉണ്ടാവുന്നത്. തെറ്റ് ബോദ്ധ്യപ്പെട്ടാല്‍ അതിനെ ന്യായീകരിക്കുന്നതല്ല തിരുത്തുന്നതാണ് ഉത്തമം. നിരന്തരമായ തിരുത്തലുകള്‍ വേണം. യൂണിവേഴ്‌സിറ്റി കോളേജില്‍ അതിനു തുടക്കമാവണം. വിദ്യാര്‍ത്ഥി സംഘടനാ സംവിധാനം കടുത്ത മൂല്യച്യുതി നേരിടുന്നു എന്നു തന്നെയാണ് അവിടെ നിന്നുള്ള വിവരങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാവുന്നത്. അവിടത്തെ ഇപ്പോഴത്തെ തലമുറയ്ക്ക് ഇതു സ്വയം മനസ്സിലാക്കാനുള്ള ശേഷിയില്ല. അവര്‍ ഒഴുക്കിനൊപ്പിച്ചു നീന്തുന്നു. വിദ്യാര്‍ത്ഥി സംഘടന എന്നത് വെറും ആള്‍ക്കൂട്ടം മാത്രമായി മാറിയിരിക്കുന്നു. പലപ്പോഴും ആശയപരമല്ല ഈ കൂട്ടുചേരല്‍ എന്നതിനാല്‍ സംഘടനാ സംവിധാനത്തിന് ഈ സംഘത്തിനു മേല്‍ ഒരു നിയന്ത്രണവുമില്ല. അങ്ങനെ വരുമ്പോള്‍ ഈ സംഘം സംഘടനയ്ക്ക് ബാദ്ധ്യതയായി മാറുന്നു. സംഘടനാബോധം ഒരു പിടി നേതാക്കളിലേക്കു ചുരുങ്ങുമ്പോള്‍ അതില്ലാത്ത ഭൂരിപക്ഷം എല്ലാം നിയന്ത്രിക്കുന്ന അവസ്ഥ വരുന്നത് ആശാസ്യമല്ല.

എസ്.എഫ്.ഐ. അഥവാ ഇടതുപക്ഷം എന്ന വികാരത്തിന് യൂണിവേഴ്‌സിറ്റി കോളേജില്‍ സ്വീകാര്യത ഉണ്ടെങ്കിലും അവിടത്തെ എസ്.എഫ്.ഐക്കാരോട് എന്തുകൊണ്ടോ അതില്ല എന്നതാണ് സ്ഥിതി. എസ്.എഫ്.ഐക്കാര്‍ എന്ന പേരില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് എന്തൊക്കെയോ കുറവുകളുണ്ട്. ഇത് സംഘടനാപരമായ വീഴ്ചയാണ്. അദ്ധ്യാപകര്‍ക്കായാലും സാധാരണ വിദ്യാര്‍ത്ഥിക്കായാലും ആ അഭിപ്രായം തന്നെയെന്ന് അവരോടു സംസാരിക്കുമ്പോള്‍ മനസ്സിലാകുന്നു. സംഘടനയുടെ പേരില്‍ സംഘടനാബോധമില്ലാത്ത ചിലര്‍ നടത്തുന്ന ഇടപെടലുകള്‍ വിനാശകരമാണ്. ഒരുദാഹരണം ചൂണ്ടിക്കാട്ടാം. അദ്ധ്യാപകരില്ലാത്തപ്പോള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ ക്ലാസ്സിലിരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ നിലനില്‍ക്കുന്നത് ഏതെങ്കിലും സ്വാശ്രയ കോളേജുകളില്‍ മാത്രമാണ് എന്നു കരുതിയെങ്കില്‍ തെറ്റി. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പുലരുന്നതായി പറയപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജിലെ ചില വിഭാഗങ്ങളിലും ഈ കിരാതവ്യവസ്ഥ നിലനില്‍ക്കുന്നു എന്നാണ് കുട്ടികള്‍ പറയുന്നത്. അദ്ധ്യാപകരുമായുള്ള ഊഷ്മള ബന്ധം പഴയകാല വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയായിരുന്നു. ആശയപരമായ പൊരുത്തക്കേടുകള്‍ ഉണ്ടായാലും അദ്ധ്യാപകരുമായുള്ള ബന്ധം ഒരു പരിധിയില്‍ കൂടുതല്‍ വഷളാവാതെ നോക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെ വഷളാവുന്ന സാഹചര്യമുണ്ടായാല്‍ തന്നെ അധികം വൈകാതെ അതു വിളക്കിച്ചേര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കുമായിരുന്നു.

എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. പലയിടത്തും അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ശത്രുപക്ഷത്താണ്. അദ്ധ്യാപകനെ തല്ലാന്‍ കൈയോങ്ങുന്നതും എസ്.എഫ്.ഐയുടെ പേരിലാണ്. ആ മൂന്നക്ഷരം ക്രിമിനലുകള്‍ക്ക് മറയാകുന്നത് അഭികാമ്യമല്ല. അദ്ധ്യാപകര്‍ പറയുന്നത് അനുസരിക്കേണ്ട കാര്യമില്ലെന്ന് സീനിയര്‍ ജൂനിയറെ പറഞ്ഞുപഠിപ്പിക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ അദ്ധ്യാപക സുഹൃത്തുക്കള്‍ തന്നെയാണ് ഇക്കാര്യം വേദനയോടെ പറഞ്ഞത്. ക്ലാസിലെ പ്രസംഗം സ്റ്റാഫ് റൂമിലിരുന്ന് അവര്‍ കേട്ടത് നടുക്കത്തോടെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ കൈയൊഴിയുകയാണ്. അദ്ധ്യാപകന്‍ ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥി ഒരു കാലത്തും രക്ഷപ്പെടില്ല. എന്തിന്റെ പേരിലാണെങ്കിലും ഇത്തരം ദുഷിപ്പുകളെ തടയാനാവുന്നില്ല എന്നതാണ് എസ്.എഫ്.ഐ. എന്ന സംഘടന നേരിടുന്ന പ്രതിസന്ധി. തങ്ങള്‍ക്ക് എതിരില്ല എന്നത് എന്തും ചെയ്യാനുള്ള ധൈര്യം ഈ കുട്ടിനേതാക്കള്‍ക്ക് പകരുന്നുണ്ട്. അച്ചടക്കമില്ലാത്ത വിദ്യാര്‍ത്ഥി ഒരിക്കലും എസ്.എഫ്.ഐക്കാരനാവില്ല എന്ന പഴയ സ്ഥിതി തിരിച്ചുപിടിച്ചാല്‍ മാത്രമേ ആ സംഘടനയ്ക്കു നിലനില്‍പ്പുണ്ടാവൂ.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഇല്ലാത്തതാണ് സ്വാശ്രയ കോളേജുകളിലെ ഇപ്പോഴത്തെ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാന്‍. എന്നാല്‍, ലക്ഷ്യബോധമില്ലാത്ത സംഘടനാപ്രവര്‍ത്തനം അതിലും വലിയ അപകടമാണെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നു. ക്യാമറ തകര്‍ക്കല്‍, അദ്ധ്യാപകനെ തല്ലാന്‍ കൈയോങ്ങല്‍, മോഷണം എന്നിങ്ങനെ പലതിനും ധൈര്യം പകരുന്നത് സംഘടനാപ്രവര്‍ത്തനത്തിന്റെ പിന്‍ബലമാണെങ്കില്‍ അത് അടിയന്തിരമായി പരിശോധിച്ച് തിരുത്തപ്പെടണം. തിരുത്താനാവാത്ത പ്രശ്‌നങ്ങള്‍ അവിടെയുള്ളതായി കരുതുന്നില്ല. പക്ഷേ, യൂണിവേഴ്‌സിറ്റി കോളേജിനെ ആക്രമിക്കുക എന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രീതിയാണ്. ഏതു സംഭവവും അത് അര്‍ഹിക്കുന്നതിനെക്കാള്‍ വലിപ്പത്തില്‍ ചിത്രീകരിച്ച് വക്രീകരിക്കുന്ന പതിവ് ഈ കോളേജിന്റെ മാത്രം ദുരന്തമാണ്.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിന് പ്രധാന കാരണമായൊരു സംഭവമുണ്ടായത് യൂണിവേഴ്‌സിറ്റി കോളേജിന്റെ അകത്തളങ്ങളിലാണ്. സൃഷ്ടിച്ചത് എന്നു പറയുന്നതാണ് ഉണ്ടായത് എന്നു പറയുന്നതിനെക്കാള്‍ അഭികാമ്യം. സത്യം മനസ്സിലായത് വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നത് വേറെ കാര്യം. നിഷാദെന്ന കെ.എസ്.യു. പ്രവര്‍ത്തകന്റെ പുറത്ത് യൂണിവേഴ്‌സിറ്റി കോളേജിലുള്ളവര്‍ കത്തി പോലുള്ള മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് എസ്.എഫ്.ഐ. എന്നു ചാപ്പകുത്തി എന്നായിരുന്ന വാര്‍ത്ത. വാര്‍ത്ത ആഘോഷിക്കപ്പെട്ടതോടെ കോളേജും കോളേജിനെ സ്‌നേഹിക്കുന്നവരും ഒറ്റപ്പെട്ടു. പക്ഷേ, എന്താണ് സംഭവിച്ചതെന്നു മനസ്സിലാവാതെ കോളേജിനകത്ത് എല്ലാവരും അന്തംവിട്ടു നില്‍ക്കുകയായിരുന്നു. കാരണം അങ്ങനൊരു സംഭവം സ്വപ്‌നത്തില്‍പ്പോലും ആരും കണ്ടിട്ടുണ്ടായിരുന്നില്ല. പ്രതി ചേര്‍ക്കപ്പെട്ടവരൊക്കെ കടുത്ത പീഡനത്തിന് വിധേയരായി. ആ കേസിന്റെ ഫലമായി ജീവിതം തന്നെ നഷ്ടപ്പെട്ടവരുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം നിഷാദ് തന്നെ പറഞ്ഞു യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് തന്നെ ആരും ഒന്നും ചെയ്തിരുന്നില്ലെന്ന്. നിലമേലില്‍ വെച്ച് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവാണ് എല്ലാം ചെയ്തതെന്ന്. ഒടുവില്‍ സൂത്രധാരനായ നേതാവും അഭിമുഖം നല്‍കിയപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിന് ശാപമോക്ഷം. ആദ്യമുണ്ടായ ബഹളത്തിന്റെ നാലിലൊന്നു ശബ്ദം പോലും സത്യം പറയാനുയര്‍ന്നില്ല. ചാപ്പകുത്തിനു പിന്നിലെ സത്യമറിയാത്ത എത്രയോ പേര്‍ ഇപ്പോഴുമുണ്ട്.

ആ ചെറുപ്പക്കാരനെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കുന്നില്ല. അതിലേക്കു നയിച്ച മാനസികാവസ്ഥയ്ക്കും ന്യായീകരണമില്ല. പക്ഷേ, കുറ്റപ്പെടുത്തുമ്പോള്‍ ആ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിഗണിക്കണം. ആരെങ്കിലും അതിബുദ്ധി പ്രകടിപ്പിച്ച് ‘ഇരവാദം’ ഉന്നയിച്ച് എല്ലാവരെയും കബളിപ്പിക്കുന്ന അവസ്ഥയുണ്ടാവരുത്. വെറുതെ തോളില്‍ കൈയിട്ടിരുന്നു എന്ന പേരില്‍ ഒരാളെ തല്ലാന്‍ മാത്രം അധഃപതിച്ചവരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം വെള്ളിയാഴ്ച ജാസി ഗിഫ്റ്റിന്റെയും ഇഷാന്‍ ദേവിന്റെയുമൊക്കെ നേതൃത്വത്തില്‍ ഞങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ കോളേജില്‍ നടക്കുമ്പോള്‍ തോളില്‍ കൈവെച്ചിരിക്കുന്ന എത്രയോ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും നേരിട്ടു കണ്ടിരിക്കുന്നു. തോളില്‍ കൈവെച്ചിരുന്നതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായി എന്നു പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം! ഏതായാലും പ്രിന്‍സിപ്പലിനു ലഭിച്ച പരാതിയുണ്ടല്ലോ. അതു പ്രകാരം കോളേജില്‍ അന്വേഷണം നടക്കട്ടെ. സംഭവം കണ്ട അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളുമെല്ലാം സത്യം പറയട്ടെ. തങ്ങള്‍ കണ്ടത് എവിടെ വേണമെങ്കിലും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പറയുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. ഒടുവില്‍ സത്യം തെളിയുമ്പോള്‍ ഇപ്പോള്‍ വിമര്‍ശിച്ച അതേ ആര്‍ജ്ജവത്തോടെ അതും വിളിച്ചുപറയാന്‍ തയ്യാറാവണം എന്നു മാത്രമാണ് അഭ്യര്‍ത്ഥന.

ഇരയെന്ന പരിഗണന ഇരയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. ഇരയായി അഭിനയിക്കുന്നവര്‍ക്കല്ല.

FOLLOW
 •  
  3K
  Shares
 • 3K
 • 31
 •  
 • 28
 •  
 •