ഉദരനിമിത്തം ബഹുകൃതവേഷം..

 • 42
 • 12
 •  
 • 23
 •  
 •  
 •  
  77
  Shares

എന്റെ പ്രിയ സുഹൃത്ത് ഷമ്മി പ്രഭാകര്‍ എന്നെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. അവിടെത്തന്നെ മറുപടി കുറിച്ചാലോ എന്നാലോചിച്ചതാണ്. എന്നാല്‍, പോസ്റ്റിട്ടയാളിന് മറുപടി ഡിലീറ്റ് ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള പശ്ചാത്തലത്തില്‍ അത് ഇവിടെ കിടക്കട്ടെ എന്നു കരുതി.

Veeran

വീരേന്ദ്രകുമാറിനെ ഷമ്മിക്കെന്ന പോലെ എനിക്കും ബഹുമാനമാണ്, അദ്ദേഹത്തിന്റെ പ്രായത്തിന്റെ പേരില്‍. നിലപാടുകളുടെ പേരിലല്ല എന്നു സാരം. മൂന്നു വര്‍ഷം മുമ്പ് വീരേന്ദ്രകുമാറിനോട് ഞാന്‍ കുറച്ചുകൂടി ബഹുമാനം ‘പ്രകടിപ്പിച്ചിരുന്നു’ -ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവി എന്ന പേരില്‍. ഇപ്പോള്‍ രണ്ടര വര്‍ഷമായി ഷമ്മി അദ്ദേഹത്തോട് ബഹുമാനം ‘പ്രകടിപ്പിക്കുന്ന’ അതേ കാരണം കൊണ്ടു തന്നെ. പക്ഷേ, ഇപ്പോള്‍ എനിക്ക് അതിന്റെ ആവശ്യമില്ലല്ലോ.

മൗലികാവകാശത്തെപ്പറ്റിയുള്ള വീരേന്ദ്രകുമാറിന്റെ ലേഖനം എന്റെ ഒരു സുഹൃത്താണ് അയച്ചുതന്നത്. ദേശാഭിമാനി ഓണപ്പതിപ്പിലാണ് വന്നതെന്ന് തോന്നുന്നു. ഇപ്പോള്‍ മാതൃഭൂമി പത്രത്തില്‍ അദ്ദേഹം നടത്തുന്ന മൗലികാവകാശ ധ്വംസനത്തിനെതിരെ പൊരുതുന്ന ഒരാള്‍ എന്ന നിലയിലാണ് എനിക്ക് ഇതു ലഭിച്ചത്. അത് ഞാന്‍ പോസ്റ്റുകയും ചെയ്തു. ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ല എന്നു പറയുമ്പോള്‍ ധനകാര്യമന്ത്രി കെ.എം.മാണിയെ കളിയാക്കുന്നത് പോലെ തന്നെയാണ് മൗലികാവകാശ സംരക്ഷണത്തെക്കുറിച്ച് വീരേന്ദ്രകുമാര്‍ പറയുമ്പോഴും നമ്മള്‍ കളിയാക്കുന്നത്. പറയുന്നത് പച്ചക്കള്ളമാണെന്ന തികഞ്ഞ ബോധത്തില്‍ നിന്നുയരുന്നതാണ് ആ ചിരി. കളിയാക്കുന്നത് അപമാനിക്കലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുപോലെ തന്നെ ബഹുമാനം എന്നത് പൂര്‍ണ്ണഅര്‍ത്ഥത്തിലുള്ള വിധേയത്വമല്ല എന്നും മനസ്സിലാക്കുക.

മൗലികാവകാശത്തെക്കുറിച്ച് ഗീര്‍വാണമടിക്കുന്ന വ്യക്തിയാണ് കെ.യു.ഡബ്ല്യു.ജെ. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് മാതൃഭൂമിയിലെ താങ്കളടക്കമുള്ള പത്രപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മാതൃഭൂമി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ തീരുമാനമായിരുന്നു അതെന്നു വാദിക്കാമെങ്കിലും യൂണിയന്റെ തലപ്പത്തുള്ള വിരലിലെണ്ണാവുന്ന ‘നേതാക്കളുടെ’ ഹൈക്കമാന്‍ഡ് താല്പര്യപ്രകാരമായിരുന്നു തീരുമാനം എന്നത് പരസ്യമായ രഹസ്യമാണ്. മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ വോട്ട് ചെയ്താല്‍ അതിലെ 99 ശതമാനവും നാരായണന് അനുകൂലമാകുമെന്ന തികഞ്ഞ ബോദ്ധ്യമാണ് ഹൈക്കമാന്‍ഡിനെക്കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിച്ചതും. അതിനെയാണ് ഞാന്‍ നേരത്തേയുള്ള പോസ്റ്റില്‍ കളിയാക്കിയത്.

പരിസ്ഥിതി സംരക്ഷണം പോലുള്ള വിഷയങ്ങളില്‍ വീരേന്ദ്രകുമാറിന്റെ ‘പരസ്യനിലപാട്’ ശ്ലാഘനീയം തന്നെയാണ്. ആ നിലപാടുകള്‍ ജനങ്ങളിലേക്കെത്തിയത് മാതൃഭൂമി എന്ന പത്രവും അവിടത്തെ പത്രപ്രവര്‍ത്തകരും ഉള്ളതുകൊണ്ടു മാത്രമാണ്. മാതൃഭൂമി എന്ന പത്രത്തിന്റെ പിന്‍ബലമില്ലാതെ വീരേന്ദ്രകുമാറിനെ വിലയിരുത്തി നോക്കൂ -കേരളത്തിലെ വെറുമൊരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെ നേതാവ്, അത്രേയുള്ളൂ. കേരളാ കോണ്‍ഗ്രസ്സിലെ ഏതെങ്കിലുമൊരു വിഘടിത ഗ്രൂപ്പിനു തുല്യം. അത്തരമൊരു ഗ്രൂപ്പിന് കേരളത്തിലെ മാധ്യമങ്ങള്‍ എന്തുമാത്രം പ്രാധാന്യം നല്‍കുമെന്ന് എല്ലാവര്‍ക്കുമറിയാം. മാധ്യമങ്ങളില്‍ നിന്നില്ലെങ്കില്‍ ജനങ്ങള്‍ക്കിടയിലും നില്‍ക്കില്ല എന്നു പറയേണ്ടതില്ലല്ലോ.

വീരേന്ദ്രകുമാറിന്റെ സോഷ്യലിസം പ്രസംഗത്തിലും പാര്‍ട്ടിയുടെ പേരിലും മാത്രമേയുള്ളൂ. ഉഗാണ്ടയിലും ഉട്ടോപ്യയിലുമൊക്കെ ജോലി ചെയ്യുന്ന മാതൃഭൂമിയിലെ സുഹൃത്തുക്കളോട് ചോദിച്ചാല്‍ ഇതു മനസ്സിലാകും. അടുത്തിടെ ഒരു ഫോട്ടോഗ്രാഫര്‍ പാലക്കാട്ടു നിന്ന് നേരെ തെറിച്ചുവീണത് കൊല്ലത്ത്. കാരണമറിയേണ്ടേ -നേരത്തേ മാതൃഭൂമിയിലുണ്ടായിരുന്ന, ഇപ്പോള്‍ ഡല്‍ഹിയില്‍ മീഡിയാ വണ്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായ ശ്രീജിത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആ ഫോട്ടോഗ്രാഫര്‍ ലൈക്ക് ചെയ്തു. മൗലികാവകാശം അതിന്റെ പാരമ്യത്തില്‍!!!

ജനങ്ങള്‍ അന്ധരല്ല. അവര്‍ക്ക് മുതലാളിഭക്തിയുടെ തിമിരം ബാധിച്ചിട്ടില്ല. മാതൃഭൂമയില്‍ പലരും ബോധപൂര്‍വ്വം ആ തിമിരം എടുത്തണിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. സഹതപിക്കുക മാത്രമേ വഴിയുള്ളൂ.

വീരേന്ദ്രകുമാറിനെ വിമര്‍ശിക്കാനുള്ള ബൗദ്ധികജ്ഞാനമൊന്നും എനിക്കില്ല. അതിനു വളര്‍ന്നിട്ടുമില്ല. അദ്ദേഹത്തിന്റെ ചിത്രവും വെച്ച് എന്നെ ടാഗ് ചെയ്ത് പോസ്റ്റിട്ടപ്പോള്‍ മറുപടി എഴുതി എന്നു മാത്രം. ഏതു നായയുടെയും വായില്‍ കോലിട്ടു കുത്തിയാല്‍ അതു കടിക്കില്ലേ?

———-

വാല്‍ക്കഷ്ണം: മുതലാളിക്കനുകൂലമായ പോസ്റ്റാണെങ്കിലും ആത്യന്തികമായി ദോഷം ചെയ്തു എന്നു കണ്ടാല്‍ മാതൃഭൂമിയില്‍ നടപടി ഉറപ്പാണ്. പഴയകാല അനുഭവം ഗുരു. ഷമ്മി ജാഗ്രതൈ..


 • 42
 • 12
 •  
 • 23
 •  
 •  
 •  
  77
  Shares
 •  
  77
  Shares
 • 42
 • 12
 •  
 • 23
 •  
 •  

COMMENT