നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവാഹ വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ മകനാണ് വിവാഹിതനായത്. ധാരാളിത്തത്തിന്റെയും ധൂര്‍ത്തിന്റെയും പേരിലല്ല ആ വിവാഹം ശ്രദ്ധേയമായത്, മറിച്ച് ലാളിത്യത്തിന്റെ പേരിലാണ്. മന്ത്രിയുടെ മകന്റെ വിവാഹത്തിന് മുഖ്യമന്ത്രിക്കു പോലും ക്ഷണമുണ്ടായിരുന്നില്ല എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെയും പ്രൊഫ.എം.കെ.വിജയത്തിന്റെയും മകന്‍ ജയകൃഷ്ണന്റെ വിവാഹം ജൂലൈ 10നാണ് നടന്നത്. കോതമംഗലം തൃക്കാരിയൂര്‍ ചിറളാടുകര വല്ലൂര്‍ വീട്ടില്‍ എ.ആര്‍.രാജുവിന്റെയും വി.എ.അംബികയുടെയും മകള്‍ രേഷ്മയായിരുന്നു വധു. പെരുമ്പാവൂരിലെ തങ്കമാളിക ഓഡിറ്റോറിയത്തിലായിരുന്നു ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള വിവാഹം. വാദ്യഘോഷങ്ങളും സ്വര്‍ണ്ണപ്പൊലിമയും ഇല്ലാതിരുന്ന വിവാഹത്തില്‍ പരമ്പരാഗത ചടങ്ങുകളും ഒഴിവാക്കി.
മുഖ്യമന്ത്രി പിണറായി വിജയനടക്കം എല്ലാവരെയും വിവാഹവിവരം ‘അറിയിച്ചിരുന്നു.’ പക്ഷേ, വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണമില്ല. മകന്റെ വിവാഹം ലളിതമായി നടത്താനുള്ള സഹപ്രവര്‍ത്തകന്റെ തീരുമാനത്തെ മുഖ്യമന്ത്രി സര്‍വ്വാത്മനാ പിന്തുണച്ചു. വിവാഹചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ എത്തിയ 200 ഓളം പേരില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കും മാത്രമായിരുന്നു പ്രമുഖര്‍. വിവാഹശേഷം ചെറിയൊരു സദ്യ. വിളമ്പിയത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ തന്നെ. മന്ത്രിയും വിളമ്പാന്‍ ഒപ്പം കൂടി.
അന്നു വൈകുന്നേരം തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിനു സമീപത്തുള്ള കാനാട്ടുകരയിലെ രവീന്ദ്രനാഥിന്റെ വീട്ടിലായിരുന്നു വിവാഹത്തിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ ചടങ്ങ്. പ്രത്യേക ഒരുക്കങ്ങളോ അലങ്കാരങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. ഒരു ടാര്‍പോളിന്‍ വലിച്ചുകെട്ടി എന്നതു മാത്രമായിരുന്നു വ്യത്യാസം.
വിവാഹസല്‍ക്കാരത്തിനായി കരുതിയിരുന്ന തുകയില്‍ നിന്ന് 50,000 രൂപ വധൂവരന്മാര്‍ പുതുക്കാട് സുസ്ഥിര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറി. സൊസൈറ്റി പ്രസിഡന്റ് പി.തങ്കം, ജോസ് തെക്കേത്തല എന്നിവര്‍ ചേര്‍ന്നാണ് തുക ഏറ്റുവാങ്ങിയത്. പുതുക്കാട് നിയോജകമണ്ഡലത്തില്‍ അര്‍ബുദ രോഗികള്‍ക്ക് സഹായമായി പ്രൊഫ.രവീന്ദ്രനാഥ് തന്നെ മുന്‍കൈയെടുത്ത് ആരംഭിച്ചതാണ് സുസ്ഥിര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. കേരളത്തില്‍ തന്നെ ഇത്തരത്തില്‍ തുടങ്ങിയ ആദ്യ സൊസൈറ്റികളില്‍ ഒന്നാണിത്.
വീട്ടുവരാന്തയില്‍ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വീട്ടിലെത്തിയത് 100ഓളം പേര്‍. അവര്‍ക്ക് ലഘുഭക്ഷണമായി ചായയും വടയും കൊടകര കദളിപ്പഴവും. അതിഥികളെ സ്വീകരിക്കാനും ലഘുഭക്ഷണം നല്‍കാനും മുന്നില്‍ ഗൃഹനാഥനായ രവീന്ദ്രനാഥ് തന്നെ. മന്ത്രിയുടെ മകന്റെ വിവാഹമാണെന്നറിഞ്ഞ് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാവിലെ വീട്ടിലെത്തിയിരുന്നു.
എം.ബി.എ. ബിരുദധാരിയായ ജയകൃഷ്ണന്‍ ആലുവ സി.എം.ആര്‍.എല്ലില്‍ അസിസ്റ്റന്റ് മാനേജരാണ്. ഫെഡറല്‍ ബാങ്ക് പട്ടിമറ്റം ശാഖയിലെ ക്ലാര്‍ക്കാണ് രേഷ്മ. രവീന്ദ്രനാഥ് എം.എല്‍.എ. ആയിരുന്നപ്പോഴായിരുന്നു മകള്‍ ഡോ.ലക്ഷ്മീദേവിയുടെ വിവാഹം. അതും ലാളിത്യത്താല്‍ ശ്രദ്ധേയമായിരുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവ് നന്ദകുമാര്‍ തിരുവനന്തപുരം സ്വദേശിയാണ്. ലക്ഷ്മിക്കും നന്ദനും 2 മക്കള്‍ -തീര്‍ത്ഥയും കീര്‍ത്തനയും. ഇവര്‍ ഇപ്പോള്‍ അമേരിക്കയില്‍.
ഇക്കുറിയും വിവാഹ ക്ഷണക്കത്തു മുതല്‍ തന്നെ ലാളിത്യം പ്രകടമായിരുന്നു. തപാലാപ്പീസില്‍ നിന്ന് 300 ഇന്‍ലന്‍ഡ് വാങ്ങി അതിലാണ് ക്ഷണപത്രിക അച്ചടിച്ചത്. ഒരെണ്ണത്തിന് ചെലവ് ഏകദേശം 2.50 രൂപ മാത്രം. അച്ചടിച്ച 300 പത്രിക തന്നെ വിതരണം ചെയ്‌തോ എന്ന കാര്യം സംശയം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ മകന്റെ വിവാഹവാര്‍ത്ത രവീന്ദ്രനാഥ് അറിയിച്ചു. എന്നാല്‍, അത് ക്ഷണമായിരുന്നില്ല. ക്ഷണം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തൃശ്ശൂരിലെ അയല്‍ക്കാര്‍ക്കും മാത്രം.
ഇന്ന് ജൂലൈ 17. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയായ തിരുവനന്തപുരം നന്തന്‍കോട് ക്ലിഫ് ഹൗസ് വളപ്പിലെ പൗര്‍ണ്ണമിയില്‍ ഉച്ചയ്ക്ക് ചെറിയൊരു വിവാഹസല്‍ക്കാരം നടന്നു. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ചില പ്രധാന ഉദ്യോഗസ്ഥരുമടക്കം തിരുവനന്തപുരത്ത് അടുപ്പമുള്ളവര്‍ക്കായി രവീന്ദ്രനാഥിന്റെ വക ചെറിയൊരു സദ്യ. പങ്കെടുത്തത് 75ല്‍ താഴെപേര്‍ മാത്രം.
വന്നവര്‍ മന്ത്രി തന്നെ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ചു, വധൂവരന്മാരെ അനുഗ്രഹിച്ചു. അതോടെ ലാളിത്യപൂര്‍ണ്ണമായ വിവാഹം പൂര്‍ത്തിയായി. യു.ജി.സി. സ്‌കെയിലിലെ ശമ്പളം വാങ്ങി കോളേജില്‍ പഠിപ്പിക്കുമ്പോള്‍ പോലും സൈക്കിളിനെ ആഢംബര വാഹനമായി കണ്ടയാളില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കാനാവില്ലല്ലോ.
പല ജനപ്രതിനിധികളുടെയും മക്കളുടെ വിവാഹം വിവാദമായി മാറുന്നത് അടുത്തിടെ നമ്മള്‍ കണ്ടു. വിവാഹധൂര്‍ത്ത് ഒഴിവാക്കണമെന്ന് ഉച്ചത്തില്‍ പറയുന്നവരാരും യഥാര്‍ത്ഥത്തില്‍ അതു പ്രാവര്‍ത്തികമാക്കാറില്ല. അതിനാല്‍ത്തന്നെ ഈ മന്ത്രി വ്യത്യസ്തനാവുന്നു.
V S Syamlal
1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.
2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.
2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്സൈറ്റുണ്ട്.
Address: SIVADAM, T.C.18/1233-3, Thrikkannapuram, Aramada P.O., Thiruvananthapuram- 695032, Kerala, India
E-mail: vssyamlal@vssyamlal.com
Phone: +91 98470 62789 / +91 98470 01435 / +91 98470 61999 / +91 471 2359285
Website: https://www.vssyamlal.com/
Blog: https://vssyamlal.wordpress.com/
Page: https://fb.me/vssyamlal.official
Latest posts by V S Syamlal (see all)
- അഴിമതിയിൽ കേരളം “മുന്നിൽ”!! - 30th November 2019
- വിജി പറയുന്ന സത്യങ്ങള്‍ - 20th October 2019
- സ്വച്ഛ് ‘നാടകം’? - 12th October 2019