Reading Time: 3 minutes

എല്ലാ നിയമങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ നാട്ടിലുണ്ട്.
അവരെയൊന്നും തൊടുന്നതു പോയിട്ട് അങ്ങനൊന്നു ചിന്തിക്കാന്‍ പോലും ഇവിടത്തെ ഭരണകൂടങ്ങള്‍ തയ്യാറാവില്ല.
ജനാധിപത്യത്തിന്റെ നാലാം തൂണെന്നൊക്കെ പറയുമെങ്കിലും അല്പം പോലും ജനാധിപത്യബോധം അവിടങ്ങളില്‍ നിലനില്‍ക്കുന്നില്ല.
ഒരു തൊഴില്‍ നിയമവും ബാധകമല്ലാത്ത അടിത്തം നിലനില്‍ക്കുന്ന ഇടങ്ങള്‍.
മാധ്യമസ്ഥാപനങ്ങള്‍.

മാധ്യമപ്രവര്‍ത്തകനാണ് എന്നു പറയുന്നത് കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും ഒരു പത്രാസുള്ള കാര്യമാണ്.
ആ പത്രാസ് കണ്ടിട്ട് സര്‍ക്കാര്‍ ജോലി കിട്ടിയതിനു പോകാതെ മാധ്യമപ്രവര്‍ത്തനത്തിനിറങ്ങിയ എത്രയോ പേരുണ്ട്.
പക്ഷേ, ആ പത്രാസ് മാത്രമേയുള്ളൂ എന്നതാണ് സത്യം.
പലര്‍ക്കുമറിയില്ല, മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പട്ടിണിയിലാണ്.
10,000 രൂപയിലും താഴെ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഈ നാട്ടിലുണ്ടെന്ന് എല്ലാവരുമറിഞ്ഞത് അടുത്തിടെ ശമ്പളം വെട്ടിക്കുറച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ്.
ബിരുദവും ബിരുദാനന്തര ബിരുദവും പുറമെ ജേര്‍ണലിസം ബിരുദവുമുള്ളയാളിന് ശമ്പളം 10,000 രൂപയില്‍ കുറവ്!!
അതു തന്നെ കിട്ടിയിട്ട് മാസങ്ങളായവരുണ്ട്.
മുഖ്യമന്ത്രിയുടെ പത്രസമ്മളേനത്തില്‍ ഉച്ചത്തില്‍ കേള്‍ക്കുന്ന ചില ശബ്ദങ്ങള്‍ അത്തരക്കാരുടേതാണ്.
തങ്ങള്‍ പട്ടിണിയിലാണെങ്കിലും നാട്ടുകാരുടെ പട്ടിണി തീര്‍ക്കാനുള്ള പരിഹാരമാര്‍ഗ്ഗം തേടി അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു.

സര്‍ക്കാര്‍ 15 കിലോ അരിയും പലവ്യജ്ഞനക്കിറ്റും സൗജന്യമായി നല്‍കുന്നു എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം ആഹ്ളാദിച്ചവരുടെ കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുമുണ്ടാവും.
കാരണം അത്രയും ദിവസമെങ്കിലും എങ്ങനെ വീട്ടിലെ അടുപ്പു പുകയ്ക്കും എന്ന ടെന്‍ഷനില്ലല്ലോ.
സമൂഹത്തിന്റെ ഒഴുക്കിനൊപ്പിച്ച് സ്വയം ഒഴുകിപ്പോകുന്നവരാണ് അവരൊക്കെ, നീന്തി വഴിമാറാന്‍ ത്രാണിയില്ലാത്തവര്‍.
നല്ല ശമ്പളം കിട്ടുന്ന മാധ്യമപ്രവര്‍ത്തകരില്ലെന്നല്ല.
പക്ഷേ, അവരുടെ എണ്ണം വളരെ കുറവാണ്.
വലിയ സ്ഥാപനങ്ങളില്‍ വലിയ ശമ്പളം.
അതിനു ഭാഗ്യം ചെയ്തവര്‍ വളരെ വിരളം.

മാധ്യമപ്രവര്‍ത്തനം എന്ന ദുരിതത്തെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും കുറിച്ചിടണം എന്നു തോന്നാന്‍ കാരണമുണ്ട്.
പുതിയ തലമുറയില്‍ മിടുക്കനെന്ന് ഞാന്‍ വിശ്വസിക്കുന്ന, നന്നായി അദ്ധ്വാനിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് അല്പനേരം സ്തംഭിച്ചിരുന്നു.
എന്‍.പി.മുരളീകൃഷ്ണനാണ് തന്റെ അവസ്ഥയെക്കുറിച്ച് പോസ്റ്റിട്ടത്.
അവന് ജോലി നഷ്ടമായിരിക്കുന്നു.
ലോക്ക്ഡൗൺ കാലത്ത് ആരെയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ശമ്പളം നിഷേധിക്കുകയോ ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.
വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇത് വ്യക്തമായി പറഞ്ഞതാണ്.
എന്നാൽ മുഖ്യമന്ത്രിയുടെ കരുതൽ നിർദേശം പാലിക്കപ്പെട്ടില്ല.
യാതൊരു മുന്നറിയിപ്പും കൂടാതെ മുരളിയെ പിരിച്ചുവിട്ടു.

കുടുംബത്തെയും ബാദ്ധ്യതകളെയും കുറിച്ച് അവന്‍ പറയുന്നതു കാണുമ്പോള്‍ തണുപ്പ് തരിച്ചു കയറുന്നു.
ഉള്ളംകാലിലെ തണുപ്പ് ഉച്ചംതലയിലെത്തുമ്പോള്‍ ആകെ മരവിപ്പ്.
തന്റെ ദുരിതം പറയുമ്പോഴും എതിര്‍കക്ഷി ബഹുമാനം മുരളി പ്രകടിപ്പിച്ചിട്ടുണ്ട്.
ജോലി നഷ്ടമായി എന്നു പറയുമ്പോഴും എവിടത്തെ ജോലി എന്നു പറഞ്ഞിട്ടില്ല.
കേരള കൗമുദിയാണ് അവനെ നിര്‍ദാക്ഷിണ്യം പിരിച്ചുവിട്ടത്.
പ്രകടനം മോശമായതിനാവില്ല പിരിച്ചുവിട്ടതെന്ന് ഉറപ്പ്.
വളരെ നന്നായി എഴുതുന്ന മാധ്യമപ്രവര്‍ത്തകനാണ് മുരളി.

ഇതിലെന്താണ് ചെയ്യാന്‍ കഴിയുക?
ഒരു ചുക്കും ചെയ്യാനാവില്ല.
മാനേജ്മെന്റ് ഇവിടെ സര്‍വ്വാധികാരിയാണ്.
സര്‍ക്കാരിനെക്കാള്‍ മുകളില്‍.
പത്രപ്രവര്‍ത്തക യൂണിയനുമുണ്ട് പത്രാസ്.
പക്ഷേ, അവര്‍ നിസ്സഹായരാണ്.
ദുര്‍ബലരായ മനുഷ്യര്‍ അംഗങ്ങളായ യൂണിയന് ശക്തിയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് അതിമോഹമല്ലേ?
ഇത് യൂണിയനെ കുറ്റപ്പെടുത്തുന്നതല്ല.
അതങ്ങനെയാണ്, ആര്‍ക്കും മാറ്റാനാവില്ല.

മുരളിയുടെ വേദന എനിക്ക് നന്നായി മനസ്സിലാവും.
2015 ഫെബ്രുവരി 9ന് തൊഴില്‍ നഷ്ടപ്പെട്ടവനാണ് ഞാന്‍.
ഇന്ത്യാവിഷന്റെ കുടക്കീഴില്‍ നിന്ന് പെട്ടെന്ന് വഴിയാധാരമാക്കപ്പെട്ടവരില്‍ ഒരാള്‍.
കുട കമഴ്ത്തിവെച്ച മുതലാളി പൊടിയും തട്ടിപ്പോയി.
ഞാനുള്‍പ്പെടെ എത്രയോ പേര്‍ക്ക് മാസങ്ങളുടെ ശമ്പളം ഇന്നും കുടിശ്ശിക.
ജോലിയും പോയി, ചെയ്ത ജോലിയുടെ കൂലിയും പോയി.
യൂണിയനൊക്കെ പരമാവധി ശ്രമിച്ചു.
തൊഴില്‍ നിയമങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊരുതി.
പക്ഷേ, പൊരുതിവീഴാനായിരുന്നു വിധി.
മുനീര്‍ മുതലാളി ഇപ്പോഴും വെളുക്കെ ചിരിച്ച് നമ്മുടെ മുന്നിലുണ്ട്.
ജനപ്രതിനിധി എന്ന ലേബലില്‍ അദ്ദേഹം സുഖിച്ചു ജീവിക്കുന്നു.

മാധ്യമപ്രവര്‍ത്തകന് ജോലി കിട്ടാന്‍ വലിയ പാടാണ് എന്നാണ് എന്റെ അനുഭവം.
തല നരച്ചുപോയാല്‍ പിന്നെ ഒരു രക്ഷയുമില്ല തന്നെ.
അല്ലെങ്കില്‍ അത്രമാത്രം മിടുക്കനായിരിക്കണം.
എന്നെപ്പോലൊരു ശരാശരിക്കാരന് ഒരു രക്ഷയുമില്ല.
അതിനാല്‍ത്തന്നെ രക്ഷപ്പെട്ടുമില്ല.
2015 ഫെബ്രുവരി 10 മുതല്‍ ഞാന്‍ പെരുവഴിയിലാണ്.
ഒരു മാധ്യമസ്ഥാപനത്തിലും ജോലി ചെയ്യുന്നില്ല.
സ്വന്തമായി എന്തൊക്കെയോ ഒപ്പിച്ചുകൂട്ടി പോകുന്നു.
ഫ്രീലാന്‍സ് എന്നാണ് ഓമനപ്പേര്.
ഫ്രീലാന്‍സിന് ഒരു കുഴപ്പമുണ്ട്, സേവനം ഫ്രീ ആണെന്ന് ജോലി ചെയ്യിക്കുന്നവര്‍ സ്വയമങ്ങ് തീരുമാനിച്ചുകളയും.
ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലിയുണ്ട് എന്ന ഭാഗ്യമുള്ളതിനാല്‍ കുഞ്ഞ് പട്ടിണി കിടക്കുന്നില്ല.

എന്റെ അനുഭവം മുരളീകൃഷ്ണനുണ്ടാവില്ല എന്നു കരുതുന്നു.
അവന് വേഗത്തില്‍ കൂടുതല്‍ നല്ലൊരു ജോലി കിട്ടട്ടേ എന്ന് ആശംസിക്കുന്നു.
അവന്‍ ചെറുപ്പമാണല്ലോ, ജോലി കിട്ടാതിരിക്കില്ല.
അവന്റെ മിടുക്കാണ് അവന്റെ കൈമുതല്‍.
പ്രതീക്ഷകളുടെ ആകാശത്തിന് അതിരുകളില്ല.

എന്തിനുമേതിനും മാധ്യമപ്രവര്‍ത്തകരെ തെറിവിളിക്കുന്നവരോട്.
നിങ്ങളുടെ തെറികള്‍ ഞങ്ങള്‍ വകവെയ്ക്കാത്തതിന്റെ കാരണമറിയാമോ?
പട്ടിണിയും പരിവട്ടവും പ്രാരാബ്ധവും നിറഞ്ഞതാണ് മാധ്യമപ്രവര്‍ത്തകന്റെ ജീവിതം.
അവ നല്‍കുന്ന വേദനകളെക്കാള്‍ വലിയ വേദന നിങ്ങളുടെ തെറികള്‍ക്ക് പകരാനാവില്ല.
മാത്രവുമല്ല, ആ തെറികള്‍ ഞങ്ങള്‍ക്കുള്ളതല്ല എന്നതും കാരണമാണ്.
തെറിവിളിക്കു കാരണമാവുന്ന മാധ്യമസ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യമല്ല.
അത് മാധ്യമമുതലാളിയുടെ സ്വാതന്ത്ര്യമാണ്, അവരുടേതു മാത്രമാണ്.
മുതലാളിയുടെ ഇഷ്ടത്തിനു വിരുദ്ധമായി ഒരക്ഷരം മാധ്യമത്തിലൂടെ പുറംലോകം കാണില്ല.

എപ്പോള്‍ വേണമെങ്കിലും തൊഴില്‍ നഷ്ടപ്പെടാം എന്ന അവസ്ഥയിലാണ് ഓരോ മാധ്യമപ്രവര്‍ത്തകനും.
അപ്പോഴും ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
നിങ്ങള്‍ തെറിവിളിച്ചാലും നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും.
ഞങ്ങളിങ്ങനാണ് ഭായ്!!
ഞങ്ങള്‍ വെറും അടിമകള്‍!
ഞങ്ങളെ മോചിപ്പിക്കാന്‍ ഒരു ഏബ്രഹാം ലിങ്കണ്‍ ഇനിയെന്നാണ് വരിക?

Previous articleക്വാറന്റൈനിലെ കുടയകലം
Next articleഅക്കരപ്പച്ച
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here