Reading Time: 9 minutes

-കേരളത്തിന്റെ പൊലീസ് മേധാവിയാര്?
-സെന്‍കുമാര്‍ പൊലീസ് മേധാവിയാകുമോ?
-എന്നായിരിക്കും സെന്‍കുമാര്‍ പൊലീസിന്റെ തലപ്പത്ത് വീണ്ടുമെത്തുക?

tp senkumar
ടി.പി.സെന്‍കുമാര്‍

കുറച്ചുകാലമായി പലരും ചോദിച്ചിരുന്ന ചോദ്യങ്ങള്‍. വ്യക്തമായ ഉത്തരം ആര്‍ക്കുമില്ലായിരുന്നു. ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമായിരിക്കുന്നു. ചിലരുടെയൊക്കെ പ്രതികരണം കണ്ടാല്‍ സെന്‍കുമാര്‍ പൊലീസ് മേധാവിയായിലെങ്കില്‍ ആകാശം ഇടിഞ്ഞുപൊടിഞ്ഞു താഴെ വീഴുമെന്ന്. സെന്‍കുമാറിനെ പുണ്യാളനാക്കാന്‍ അവര്‍ മത്സരിക്കുകയാണ്. അതുവഴി പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്താമെന്ന് അവര്‍ മോഹിക്കുന്നു.

സെന്‍കുമാറിനു ലഭിക്കുന്ന ഈ പിന്തുണ ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ജനത്തിന് മറവി കൂടുതലാണെന്നു പറയുന്നത് എത്ര ശരിയാണ്! ഈ മറവിയാണ് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും രക്ഷയാവുന്നത്. പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ഇടതുമുന്നണി സര്‍ക്കാര്‍ സെന്‍കുമാറിനെ നീക്കുമ്പോള്‍ ഇതിന്റെ നൂറിലൊരംശം പ്രതികരണം പോലുമുണ്ടായില്ല എന്നോര്‍ക്കണം. കാരണം അന്ന് സെന്‍കുമാറിനെ പിന്തുണയ്ക്കാന്‍ ആര്‍ക്കുമാവുമായിരുന്നില്ല. ഒരു വര്‍ഷം പുറത്തു നിന്നപ്പോള്‍ പഴയ ചെയ്തികളൊക്കെ വെള്ള പൂശപ്പെട്ടോ?

vinson-m-paul
വിന്‍സണ്‍ എം.പോള്‍

ടി.പി.സെന്‍കുമാര്‍ നല്ല ഓഫീസര്‍ തന്നെ ആയിരുന്നു. അതുപോലെ തന്നെയാണ് വിന്‍സണ്‍ എം.പോളും. പക്ഷേ, ഇരുവരുടെയും കാര്യത്തില്‍ ഒരുകാര്യം ശ്രദ്ധിക്കണം -‘ആയിരുന്നു’ എന്ന വിശേഷണം. അതായത് അവസാന കാലത്ത് ഇരുവരും നല്ല ഓഫീസര്‍ എന്ന പദവിക്ക് അര്‍ഹര്‍ ‘അല്ല’ എന്നു തന്നെ. സോളാര്‍ കേസ് അട്ടിമറിക്കാന്‍ സെന്‍കുമാറും ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ വിന്‍സണ്‍ പോളും സ്വീകരിച്ച വഴിവിട്ട നടപടികള്‍ അവരുടെ കരിയറിലുടനീളം കാഴ്ചവെച്ച മാന്യമായ പ്രവര്‍ത്തനത്തിലൂടെ സ്വീകരിച്ച സല്‍പ്പേര് കളഞ്ഞുകുളിച്ചു. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ രണ്ടുദ്യോഗസ്ഥരും കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തു നടത്തിയ അധമപ്രവര്‍ത്തനങ്ങള്‍ അടുത്തു മനസ്സിലാക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. ആ പേരില്‍ തന്നെയാണ് എനിക്ക് ഇപ്പോള്‍ ഇരുവരോടും അശേഷം ബഹുമാനമില്ലാത്തത്. സരിത എസ്.നായര്‍ ഏതു തരക്കാരിയോ ആകട്ടെ, ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ ഉന്നയിച്ച ആവലാതികള്‍ കേള്‍ക്കാന്‍ ഈ നാട്ടിലെ നിയമസംവിധാനത്തിന് ബാദ്ധ്യതയില്ലേ? അവരുടെ പരാതിപ്രകാരം ഒരു പ്രഥമ വിവര റിപ്പോര്‍ട്ട് എങ്കിലും രേഖപ്പെടുത്താന്‍ സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സേന തയ്യാറായോ? സ്വാധീനശക്തിയുള്ളവര്‍ക്ക് എന്ത് തോന്ന്യാസവും ചെയ്യാന്‍ ഈ രാജ്യത്ത് അവസരമുണ്ടെന്നും അവരെ നിയമം ഒരു ചുക്കും ചെയ്യില്ലെന്നുമുള്ള വസ്തുത സെന്‍കുമാറും വിന്‍സന്‍ പോളും അരക്കിട്ടുറപ്പിച്ചു.

പൊലീസ് മേധാവിയുടെ പണിക്ക് താന്‍ പറ്റിയ ആളല്ലെന്ന് സെന്‍കുമാര്‍ ഒന്നിലേറെ തവണ തെളിയിച്ചിട്ടുണ്ട്. പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് അദ്ദേഹം നടത്തിയ പരസ്യപ്രതികരണം ഒരു പൊലീസ് മേധാവിക്ക് ചേര്‍ന്നതായിരുന്നില്ല. അവശ്യനടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പരാജയപ്പെട്ടതു മാത്രമല്ല അവിടെ പ്രശ്‌നം. ഒരു പൊലീസ് മേധാവിയെന്ന നിലയില്‍ കാത്തുസൂക്ഷിക്കേണ്ട അച്ചടക്കവും സെന്‍കുമാര്‍ ലംഘിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് എതിരഭിപ്രായമുണ്ടെങ്കില്‍ അത് പത്രങ്ങളിലൂടെ പരസ്യമായി പറയുകയല്ല പൊലീസ് മേധാവി ചെയ്യേണ്ടത്, വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസിനെയും അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെയും അറിയിക്കുകയാണ്. സെന്‍കുമാര്‍ അതാണോ ചെയ്തത്?

balasubrahmaniyam
കെ.എസ്.ബാലസുബ്രഹ്മണ്യന്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 5 വര്‍ഷവും കേരളാ പൊലീസിലെ ഏറ്റവും ശക്തന്‍ ടി.പി.സെന്‍കുമാര്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു. ക്രമസമാധാനപാലന ചുമതലയുള്ള ഡി.ജി.പി. എന്ന നിലയില്‍ ആദ്യം എല്‍.ഡി.എഫ്. നിയമിച്ച ജേക്കബ്ബ് പുന്നൂസും പിന്നീട് കെ.എസ്.ബാലസുബ്രഹ്മണ്യന്‍ എന്ന മാന്യനായ ഉദ്യോഗസ്ഥനും ആയിരുന്നു പൊലീസ് മേധാവിയെങ്കിലും ഫലത്തില്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി. ആയ സെന്‍കുമാര്‍ തന്നെയായിരുന്നു ആ സ്ഥാനത്ത്. പിന്നീട് ജയില്‍ ഡി.ജി.പി. ആയപ്പോഴും ഒടുവില്‍ യഥാര്‍ത്ഥ പൊലീസ് മേധാവി ആയപ്പോഴും തല്‍സ്ഥിതി തുടര്‍ന്നു. ഈ അധികാരം ആസ്വദിക്കാന്‍ എന്തായിരുന്നു സെന്‍കുമാറിനുണ്ടായിരുന്ന അധികയോഗ്യത? ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എന്നതു തന്നെ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലസ്ഥാനത്തുള്ള എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് സെന്‍കുമാറുമായുള്ള കൂടിക്കാഴ്ച നിര്‍ബന്ധമായിരുന്നു എന്നാണ് കേട്ടിരുന്നത്. സംസ്ഥാനത്തെ പൊതുസ്ഥിതിയും രാഷ്ട്രീയ കരുനീക്കങ്ങളും സ്വന്തം ചേരിയിലെ കുത്തിത്തിരിപ്പുമെല്ലാം ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നത് സെന്‍കുമാറിലൂടെ ആയിരുന്നു. ഇത്തരമൊരാളെ എതിര്‍ ചേരിയിലുള്ള പിണറായി വിജയന്‍ താക്കോല്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന് ആരെങ്കിലും കരുതുമോ? ഇടതുഭരണ കാലത്ത് പൊലീസുകാരുടെ വീടു പണിക്ക് അഥവാ ഭവന നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള യോഗ്യതയേ സെന്‍കുമാറിന് ഉള്ളൂ എന്നു തീരുമാനിച്ചതിനെ തെറ്റു പറയാനാവുമോ?

35 വര്‍ഷത്തെ സര്‍വ്വീസില്‍ സത്യസന്ധത, മാന്യത, നീതിബോധം എന്നിവ പുലര്‍ത്തുകയും സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കു വേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സെന്‍കുമാര്‍ അവകാശപ്പെട്ടത്. ഇപ്പോഴും അതു തന്നെ പറയുന്നു. 30 വര്‍ഷത്തെ കാര്യം ഞാനും അംഗീകരിക്കുന്നു. പക്ഷേ, കഴിഞ്ഞ 5 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം എന്തായാലും അദ്ദേഹം അവകാശപ്പെടുന്നതു പോലെ അല്ല. പ്രത്യേക തസ്തികയ്ക്കു വേണ്ടി ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. എന്തിന് സ്വാധീനിക്കണം? മേലാളര്‍ക്കു വേണ്ടതെല്ലാം ഏതു വിധേനയും നടത്തിക്കൊടുത്താല്‍ തസ്തികകള്‍ ചോദിക്കാതെ തന്നെ കിട്ടുമല്ലോ! നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 5 വര്‍ഷം കാലാവധി തികയ്ക്കുന്നതില്‍ കൃശാഗ്രബുദ്ധിയായ ഈ പോലീസുദ്യോഗസ്ഥന്‍ വഹിച്ച പങ്ക് ചെറുതല്ല. സെന്‍കുമാറിനെ പോലീസ് മേധാവിയായി നിലനിര്‍ത്തുന്നത് അപകടമാണെന്ന് പിണറായി തിരിച്ചറിയാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. കാരണം, രഹസ്യാന്വേഷണ വിവരങ്ങളടക്കം പോലീസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയുന്നതിനു മുമ്പ് ഇപ്പോള്‍ പ്രതിപക്ഷത്തുള്ള, പ്രതിപക്ഷ നേതാവു പോലുമല്ലാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയും. അത്രയ്ക്കാണ് അവര്‍ തമ്മിലുള്ള ബന്ധം. ഉമ്മന്‍ ചാണ്ടിയുടെ താല്പര്യം സംരക്ഷിക്കാന്‍ രാജ്യത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെപ്പോലും വെല്ലുവിളിക്കാന്‍ സെന്‍കുമാര്‍ തയ്യാറായി എന്നത് നമ്മളോര്‍ക്കണം.

പരവൂര്‍ വെടിക്കെട്ടു ദുരന്തം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തെ സെന്‍കുമാര്‍ വിമര്‍ശിച്ചത് ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയല്ലേ? സന്ദര്‍ശനം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ പോലീസ് മേധാവിക്ക് അവകാശമുണ്ട്. പക്ഷേ, ആ അഭിപ്രായം പരസ്യമായി പറയാനുള്ള അധികാരം പൊലീസ് മേധാവിക്കില്ല. അധികാരസ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ കര്‍ത്തവ്യം എന്താണെന്ന് സെന്‍കുമാര്‍ മറന്നു. തന്റെ മുന്നില്‍ വരുന്ന വെല്ലുവിളികളെ നേരിടുന്നതിനും കടമകള്‍ നിറവേറ്റുന്നതിനും ലഭ്യമായ അധികാരവും ഉള്ള സൗകര്യങ്ങളും പ്രയോജനപ്പെടുത്തി വിജയം വരിക്കുക എന്നതാണ് പൊലീസ് മേധാവിയെപ്പോലെ ഒരു നിര്‍ണ്ണായക തസ്തികയില്‍ ഇരിക്കുന്ന വ്യക്തിയുടെ ചുമതല. അല്ലാതെ, തന്റെ മുന്നില്‍ വരുന്ന വെല്ലുവിളി നേരിടാന്‍ ധൈര്യമില്ലാതെ അത് ഒഴിവാക്കിത്തരണേ എന്നു നിലവിളിക്കുകയല്ല വേണ്ടത്. അങ്ങനെ ചെയ്യുന്നയാള്‍ ആ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല.

പ്രധാനമന്ത്രിയെ പോലും വെല്ലുവിളിക്കാനുള്ള സെന്‍കുമാറിന്റെ എടുത്തുചാട്ടത്തിനു പിന്നില്‍ താന്‍ സംരക്ഷിക്കപ്പെടും എന്ന ഉറപ്പു തന്നെയായിരുന്നു. പക്ഷേ, വോട്ടുകച്ചവട കരാര്‍ അടക്കം ഉമ്മന്‍ ചാണ്ടി നടത്തിയ രാഷ്ട്രീയകരുനീക്കങ്ങള്‍ വിജയിക്കുമെന്നും യു.ഡി.എഫ്. വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നുമുള്ള സെന്‍കുമാറിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ഫലപ്രഖ്യാപനം വരെ ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനാധാരം സെന്‍കുമാറിന്റെ ‘ഇന്റലിജന്‍സ്’ ആയിരുന്നുവല്ലോ! നല്ലവര്‍ അഥവാ കഴിവുറ്റവര്‍ എന്നു പേരുകേട്ട ഡി.ജി.പിമാര്‍ ആരും തന്നെ തങ്ങളുടെ യജമാനന്മാരുടെ ദാസരായിരുന്നില്ല, മറിച്ച് അവര്‍ ജനസേവകരായിരുന്നു. രാഷ്ട്രീയക്കസര്‍ത്തുകളുടെ ഭാഗമാവാതിരുന്ന അവര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഉമ്മന്‍ ചാണ്ടിയുടെ കാലത്തു തന്നെ ഡി.ജി.പി. ആയിരുന്ന ബാലസുബ്രഹ്മണ്യന്‍ ചീത്തപ്പേരൊന്നും കേള്‍പ്പിക്കാതെ ഇറങ്ങിപ്പോയത് ഉദാഹരണം. മറുഭാഗത്ത് ഇതിനു വിപരീതമായി പ്രവര്‍ത്തിച്ചവരൊക്കെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി. സെന്‍കുമാറും ആ ഗണത്തില്‍ തന്നെയാണ്, ഇപ്പോള്‍ അദ്ദേഹം എത്ര പുണ്യാളന്‍ ചമഞ്ഞാലും.

ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിലടക്കം ഇപ്പോഴത്തെ ഭരണകക്ഷിയായ സി.പി.എമ്മിന് വിരുദ്ധമായ ഉറച്ച നിലപാടെടുത്തു എന്ന പേരിലാണ് തന്നെ നീക്കിയതെന്ന് സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. മറ്റു കേസുകള്‍ വിടാം, ടി.പി. കേസ് എടുക്കാം. സെന്‍കുമാറിന്റെ വാദം ശരിയാണോയെന്ന് ടി.പിയുടെ വിധവ കെ.കെ.രമയോട് ചോദിക്കാം. എല്‍.ഡി.എഫ്. വന്നപ്പോഴാണല്ലോ സെന്‍കുമാറിനെ മാറ്റിയത്. അങ്ങനെ മാറ്റപ്പെടും വരെ സെന്‍കുമാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രമ കോടതിയില്‍ പോകുമായിരുന്നോ? അപ്പോള്‍ ഇനിയും പ്രതികളെ പിടിച്ചിട്ടില്ല എന്നര്‍ത്ഥം. പിന്നെന്ത് നടപടി സ്വീകരിച്ചുവെന്നാണ് സെന്‍കുമാര്‍ പറയുന്നത്? വാദത്തിനു വേണ്ടി മാത്രം സെന്‍കുമാര്‍ ഉന്നയിക്കുന്ന വാദമാണിത്.

Supreme-Court-of-India.jpg

ജിഷ കേസിലും സമാനമായ സാഹചര്യമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ സംഭവത്തില്‍ അന്നത്തെ ഭരണമുന്നണിയിലെ ഒരു പ്രമുഖനെതിരെ കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ തന്നെ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ആ സംശയങ്ങള്‍ പരിഗണിക്കാന്‍ പോലും അന്നത്തെ പൊലീസ് തയ്യാറായില്ല. മാത്രമല്ല ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത രീതിയിലും ധൃതിപിടിച്ച് അത് ദഹിപ്പിച്ചതിലും ദുരൂഹത നിലനില്‍ക്കുന്നു. ഇതില്‍ എന്തൊക്കെ പാളിച്ച ഉണ്ടായിട്ടുണ്ട് എന്നത് കേസ് കോടതിയില്‍ വിചാരണയ്‌ക്കെത്തുമ്പോള്‍ മാത്രമാണ് വ്യക്തമാവുക. സൗമ്യ കേസില്‍ ഗോവിന്ദച്ചാമി രക്ഷപ്പെട്ടതു പോലെ ജിഷ കേസിലും പ്രതി രക്ഷപ്പെടുമോ എന്നത് കണ്ടറിയണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പാളിച്ചയാണ് ഗോവിന്ദച്ചാമിക്ക് രക്ഷയായത്. ജിഷ കേസിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെയാണ് പ്രശ്‌നം. അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അന്നു നമുക്ക് സെന്‍കുമാറിനെ പൊങ്കാലയിട്ട് തൃപ്തിപ്പെടാം, അല്ലേ!!

സെന്‍കുമാറിനെതിരെ ഇത്രയൊക്കെ പറയാനുണ്ടെങ്കില്‍ സുപ്രീം കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചതെന്തിന് എന്ന ചോദ്യമുണ്ടാവാം. അതു സ്വാഭാവികം. കോടതി തീരുമാനമെടുക്കുന്നത് മുന്നിലെത്തുന്ന തെളിവുകള്‍ വിലയിരുത്തിയാണ്, വാദങ്ങള്‍ പരിഗണിച്ചാണ്, നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചാണ്. ഈ കേസില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതിലും വാദങ്ങളുയര്‍ത്തുന്നതിലും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു എന്നു തന്നെ പറയണം. സെന്‍കുമാറും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്വീകരിച്ച നടപടികളെ രൂക്ഷമായി വിമര്‍ശിച്ചവരാണ് ഇടതുമുന്നണി നേതാക്കള്‍. തിരഞ്ഞെടുപ്പ് കാലത്ത് പൊലീസിന്റെ വീഴ്ചകള്‍ പ്രചാരണവിഷയവുമായിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ അംഗീകരിച്ചതിന്റെ ഭാഗമായാണ് ഇടതുപക്ഷം അധികാരത്തിലേറിയത്. അതിനാല്‍ പൊലീസ് മേധാവിയെ മാറ്റിയേ മതിയാകൂ. പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതിനാല്‍ സെന്‍കുമാറിനെ മാറ്റി എന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍, അവമതിപ്പിന് തെളിവ് ഹാജരാക്കാനായില്ല. സെന്‍കുമാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രചാരണം നടത്തിയതും ആ പ്രചാരണം ജനങ്ങള്‍ അംഗീകരിച്ചതും പറഞ്ഞാല്‍ അവമതിപ്പിന് തെളിവാകുമായിരുന്നില്ലേ? എന്തുകൊണ്ടോ അതു മാത്രം പറഞ്ഞില്ല. തങ്ങള്‍ നിശിതമായി വിമര്‍ശിച്ച പൊലീസ് മേധാവിയെ വെച്ചുകൊണ്ട് മുന്നോട്ടു പോകുന്നത് പുതിയ സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാല്‍ മാറ്റി എന്നെങ്കിലും പറയാമായിരുന്നില്ലേ?

pinarayi vijayan
പിണറായി വിജയന്‍

സെന്‍കുമാറിന് രക്ഷയായത് നടപടിക്രമങ്ങളിലെ പാളിച്ചയും സര്‍ക്കാരിന്റെ എടുത്തുചാട്ടവുമാണ്. തിടുക്കപ്പെട്ട് മാറ്റുന്നതിനു പകരം ഒരു മാസം കൂടി സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കിയിരുത്തി നിര്‍ത്തിപ്പൊരിക്കണമായിരുന്നു. ‘ഭരണം മാറിയെന്ന കാര്യം സെന്‍കുമാര്‍ ഓര്‍ക്കണം’ എന്ന് പിണറായിക്കു പരസ്യമായി ശാസിക്കാനുള്ള അവസരം സെന്‍കുമാര്‍ പലവട്ടം സൃഷ്ടിച്ചു കൊടുക്കുമായിരുന്നു. അഥവാ സെന്‍കുമാര്‍ സൃഷ്ടിച്ചുകൊടുത്തില്ലെങ്കില്‍ പിണറായിക്കു തന്നെ സൃഷ്ടിക്കാമായിരുന്നു. അത്തരത്തില്‍ ശാസിച്ച്, എതിര്‍ക്കാനുള്ള ഊര്‍ജ്ജം പൂര്‍ണ്ണമായി ചോര്‍ത്തിക്കളഞ്ഞ ശേഷം സെന്‍കുമാറിനെ മാറ്റണമായിരുന്നു. ഇവിടെ സംഭവിച്ചത് സെന്‍കുമാറിനെ മാറ്റിയ ശേഷം മാറ്റാനുള്ള കാരണങ്ങളുണ്ടാക്കി. അങ്ങനെ ‘ഉണ്ടാക്കിയ’ കാരണങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന് വിനയായി. ഈ വിന സെന്‍കുമാറിന്റെ മേന്മയാണെന്നു പറയരുത്. ഞാന്‍ അംഗീകരിക്കില്ല.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിവില്‍ സര്‍വ്വീസ് ബോര്‍ഡ് നിലവില്‍ വന്നിട്ടുള്ള സംസ്ഥാനമാണ് കേരളം. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ തോന്നിയ പോലെ സ്ഥലം മാറ്റാതിരിക്കാനാണ് സുപ്രീം കോടതിയുടെ ഈ മുന്‍കരുതല്‍ സംവിധാനം. ഒരുദ്യോഗസ്ഥന് ഒരു തസ്തികയില്‍ 2 വര്‍ഷ കാലാവധി പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിക്കണം. അതിനിടയ്ക്ക് മാറ്റണമെങ്കില്‍ സിവില്‍ സര്‍വ്വീസ് ബോര്‍ഡ് ചേര്‍ന്ന് ഉദ്യോഗസ്ഥനെതിരെയുള്ള ആക്ഷേപം പരിശോധിച്ച് തീരുമാനമെടുക്കണം. പൊലീസ് മേധാവിയുടെ സ്ഥാനമാറ്റം തീരുമാനിക്കുന്ന സമിതിയുടെ ഘടന സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട് എങ്കിലും ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി ബോര്‍ഡ് യോഗം ചേരാമായിരുന്നു. ആ ബോര്‍ഡിനു മുന്നില്‍ സെന്‍കുമാറിന്റെ കുറ്റപത്രം എത്തിക്കാമായിരുന്നു. സര്‍ക്കാരിന്റെ താല്പര്യത്തിനു വിരുദ്ധമായി ഒരുദ്യോഗസ്ഥനും പരസ്യമായ നിലപാടെടുക്കില്ല എന്നുറപ്പ്. അതു ചെയ്യാതിരുന്നത് വലിയ വീഴ്ചയായി എന്ന് ഇപ്പോള്‍ ബോദ്ധ്യപ്പെടുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാനാണല്ലോ സിവില്‍ സര്‍വ്വീസ് ബോര്‍ഡിന് രൂപം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. തങ്ങളുടെ നിര്‍ദ്ദേശം മറികടന്നുള്ള രാഷ്ട്രീയ തീരുമാനത്തെ സുപ്രീം കോടതി തള്ളിക്കളയുന്നത് സ്വാഭാവികം. ഇവിടെ അത് സെന്‍കുമാറിന് നേട്ടമായി. ഇക്കാര്യം മുഖ്യമന്ത്രിക്ക് ഉപദേശിക്കാന്‍ തക്ക ബുദ്ധിയുള്ള ആരും ഉപദേശി സംഘത്തിലുണ്ടായിരുന്നില്ല എന്ന് ഇപ്പോള്‍ വ്യക്തമാവുന്നു.

Nalini-Netto
നളിനി നെറ്റോ

കോടതിയലക്ഷ്യത്തിന്റെ പേരില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ജയിലിലടയ്ക്കണം എന്നാണ് സെന്‍കുമാര്‍ സാറിന്റെ പുതിയ ആവശ്യം. ഒരു രാഷ്ട്രീയ മേലാളന്റെയും ചെരുപ്പ് നക്കാന്‍ പോയിട്ടില്ലാത്ത, തനിക്ക് ശരിയെന്നു തോന്നുന്ന നടപടികള്‍ സ്വീകരിക്കാന്‍ എല്ലാക്കാലത്തും ധൈര്യം കാട്ടിയിട്ടുള്ള അപൂര്‍വ്വം ഉദ്യോഗസ്ഥരില്‍ ഒരാളാണ് നളിനി. ഉമ്മന്‍ ചാണ്ടിയുടെ അടുക്കള ക്യാബിനറ്റിലെ പ്രധാനിയായ സെന്‍കുമാറിന് നളിനിയുടെ ആ യോഗ്യത ദഹിക്കാതെ വരുന്നത് സ്വാഭാവികം. പൊലീസ് മേധാവിയെ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനനുസരിച്ച് ഫയല്‍ നീക്കുക എന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതലയാണ്. അതവര്‍ നിറവേറ്റി. പിന്നെ നളിനിയുടെ ഭര്‍ത്താവും തന്റെ പഴയ സഹപ്രവര്‍ത്തകനുമായ ഡെസ്മണ്ട് നെറ്റോയുമായി സെന്‍കുമാറിനുള്ള ‘സൗഹൃദം’ കുപ്രസിദ്ധമാണല്ലോ. വ്യക്തിവൈരാഗ്യത്തിന് സുപ്രീം കോടതിയെ കരുവാക്കിയിട്ടാണ് മാന്യതയുടെ ഗീര്‍വാണപ്രസംഗം!! ഇതൊക്കെ സെന്‍കുമാറിന് മാത്രമേ പറ്റൂ.

വഴിവിട്ട നേട്ടങ്ങള്‍ക്കൊന്നും താന്‍ ശ്രമിച്ചിട്ടില്ലെന്ന സെന്‍കുമാറിന്റെ അവകാശവാദം കൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല. ആ അവകാശവാദം ശരിയല്ല എന്നു ഞാന്‍ പറയും. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണല്‍ അംഗമാവാന്‍ സെന്‍കുമാര്‍ നടത്തിയ ചരടുവലികള്‍ മാത്രം മതി ഇതിനു തെളിവ്. ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദാണ് ഇതിനു വേണ്ട ചരടുവലികള്‍ക്ക് സെന്‍കുമാറിനൊപ്പം നിന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ളതാണ് ‘കാറ്റ്’ അംഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള സമിതി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, പി.എസ്.സി. ചെയര്‍മാന്‍, പി. ആന്‍ഡ് ആര്‍.ഡി. സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. ‘കാറ്റ്’ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ശരവേഗത്തിലാണ് വിജയാനന്ദ് മുന്നോട്ടുനീക്കിയത്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഒരിടത്തും കുടുങ്ങുന്നില്ലെന്ന് അദ്ദേഹം നേരിട്ടുറപ്പാക്കി. വളരെ തിടുക്കപ്പെട്ട് സെലക്ട് കമ്മിറ്റി യോഗം 2016 ഒക്ടോബര്‍ 22ന് ചേര്‍ന്നു. തീരുമാനവുമെടുത്തു. ഈ തിടുക്കം എന്തിനാണെന്ന സംശയം ‘കാറ്റി’ലും സെക്രട്ടേറിയറ്റിലും പലരും പ്രകടിപ്പിച്ചു. വെറുതെ ആയിരുന്നില്ല ആ തിടുക്കം.

raman-srivasthava
രമണ്‍ ശ്രീവാസ്തവ

അന്നത്തെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹന്‍ എം.ശാന്തനഗൗഡര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റീസ് ടി.ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് നിയമനം സംബന്ധിച്ച് പ്രത്യേക താല്പര്യമൊന്നും ഉണ്ടാവാനിടയില്ല. എന്നാല്‍, സമിതിയിലുള്ള മറ്റു 3 പേരും അങ്ങനെയല്ല. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ താല്പര്യം നടത്തിയെടുക്കാന്‍ മറ്റ് 2 പേരുടെ പിന്തുണ വേണം. ഒക്ടോബര്‍ 22 എന്ന തീയതിക്ക് പ്രാധാന്യം വരുന്നത് അവിടെയാണ്. പി.എസ്.സി. ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണനെ യു.ഡി.എഫ്. നിയമിച്ചതാണ്. അദ്ദേഹത്തിന്റെ കാലാവധി ഒക്ടോബര്‍ 30ന് അവസാനിക്കും. അതിനു ശേഷമാണ് യോഗം ചേരുന്നതെങ്കില്‍ എല്‍.ഡി.എഫ്. നിയമിച്ചിരിക്കുന്ന പുതിയ ചെയര്‍മാന്‍ എം.കെ.സക്കീറാണ് യോഗത്തിനെത്തുക. സെന്‍കുമാറിന്റെ കാര്യം സ്വാഹയാകും എന്നുറപ്പ്. ഇനി കമ്മിറ്റിയിലെ നാലാമന്‍. പി. ആന്‍ഡ് ആര്‍.ഡി. സെക്രട്ടറി സത്യജിത് രാജനാണ്. എന്നാല്‍ ഒക്ടോബര്‍ 27 വരെ അദ്ദേഹം അവധിയിലായിരുന്നു. പകരം ചുമതലക്കാരനായിരുന്നത് കെ.ആര്‍.ജ്യോതിലാല്‍. യു.ഡി.എഫ്. സര്‍ക്കാരിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ പൊതുഭരണ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നയാള്‍. സെന്‍കുമാറിന്റെ കാര്യം വരുമ്പോള്‍ സര്‍ക്കാരിന്റെ താല്പര്യക്കുറവ് വ്യക്തമായറിയാവുന്ന സത്യജിത് രാജന്‍ എതിരഭിപ്രായം പറഞ്ഞ് തന്റെ ഭാഗം ക്ലിയറാക്കാന്‍ ശ്രമിക്കും. ജ്യോതിലാല്‍ പറയില്ല.

കാര്യങ്ങള്‍ കൃത്യമായി മുന്നോട്ടു നീങ്ങി. ഒടുവില്‍ മുഖ്യമന്ത്രി തട്ടിപ്പ് കണ്ടുപിടിക്കുകയും നിയമനഫയല്‍ പിടിച്ചുവെയ്ക്കുകയും ചെയ്തു. ഇതൊന്നും തന്റെ അറിവോടെയല്ലെന്ന് സെന്‍കുമാര്‍ പറയുമായിരിക്കും. അതു വിശ്വസിക്കാന്‍ വേറെ ആളിനെ നോക്കണം. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. സര്‍വ്വീസില്‍ നിന്നു വിരമിക്കുമ്പോഴോ, ഒരു പക്ഷേ അതിനു മുമ്പോ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലായി സെന്‍കുമാറിനെ നിയമിക്കുന്നതിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയേക്കാം. ചൂടുവെള്ളത്തില്‍ വീണ പൂച്ച തണുത്ത പാല്‍ കണ്ടാലും പേടിക്കും എന്നാണല്ലോ പ്രമാണം!

jacob-punnoos
ജേക്കബ്ബ് പുന്നൂസ്‌

സെന്‍കുമാര്‍ പൊലീസിന്റെ തലപ്പത്തു തിരിച്ചെത്തുമ്പോള്‍ എന്തു സംഭവിക്കും എന്നു ചോദിക്കുന്നവരോട്. ഒരു ചുക്കും സംഭവിക്കില്ല. കാരണം അതിനുള്ള സമയം സെന്‍കുമാറിനില്ല. ചില പൊട്ടലും ചീറ്റലും അദ്ദേഹത്തിന്റെ ‘ഇഷ്ടക്കാരായ’ മാധ്യമപ്രവര്‍ത്തകര്‍ മുഖേന പുറത്തുവന്നേക്കാം എന്നു മാത്രം. സര്‍ക്കാരിന് താല്പര്യമില്ലാത്ത പൊലീസ് മേധാവികള്‍ ഉണ്ടായിരുന്ന രണ്ട് സമീപകാല ഉദാഹരണങ്ങള്‍ അതിനു തെളിവ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി നിയമിച്ച രമണ്‍ ശ്രീവാസ്തവ പിന്നീട് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോഴും തുടര്‍ന്നു. അന്ന് യഥാര്‍ത്ഥത്തില്‍ പൊലീസ് ഭരണം ഇന്റലിജന്‍സ് എ.ഡി.ജി.പി. ജേക്കബ് പുന്നൂസിനായിരുന്നു. പിന്നീട് വി.എസ്സിന്റെ കാലത്ത് മേധാവിയായി നിയമിക്കപ്പെട്ട ജേക്കബ് പുന്നൂസിനെ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയപ്പോള്‍ മാറ്റിയില്ല. പകരം സെന്‍കുമാര്‍ ‘എക്‌സ് ഒഫീഷ്യോ’ മേധാവിയായി. ഇപ്പോഴത്തെ നിലയില്‍ സര്‍ക്കാരിനു താല്പര്യമുള്ള ഒരുദ്യോഗസ്ഥന്‍ സമാനരീതിയില്‍ പൊലീസ് ഭരിക്കും. ജേക്കബ് പുന്നൂസിന് താന്‍ നല്‍കിയ മരുന്നിന്റെ രുചി സെന്‍കുമാര്‍ നുകരാന്‍ പോകുന്നു എന്നു സാരം.

സെന്‍കുമാറിനോട് എനിക്ക് എന്തെങ്കിലും വിരോധമുണ്ടോ എന്ന സംശയം ചിലരെങ്കിലും പ്രകടിപ്പിച്ചേക്കാം. ഒരു വിരോധവുമില്ല. വാര്‍ത്താപരമായ ആവശ്യങ്ങള്‍ക്കല്ലാതെ ഒരിക്കലും ഞാനദ്ദേഹത്തെ ബന്ധപ്പെട്ടിട്ടില്ല. 5 വര്‍ഷം മുമ്പു വരെ വലിയ ബഹുമാനവുമായിരുന്നു. പക്ഷേ, കഴിഞ്ഞ 5 വര്‍ഷം കൊണ്ട് സെന്‍കുമാര്‍ ഒരുപാട് മാറി. അത് നല്ല മാറ്റം ആയിരുന്നില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു കള്ളനെക്കാള്‍ അപകടകാരി സത്യസന്ധനായി ‘അഭിനയിക്കുന്ന’ വ്യക്തിയാണെന്നാണ് എന്റെ വിശ്വാസം. അതിനാലാണ് ഈ എതിര്‍പ്പ്. എന്റെ അഭിപ്രായം എന്റേതു മാത്രമാണ്. അതിനോട് യോജിക്കാനും വിയോജിക്കാനും മറ്റുള്ളവര്‍ക്കുള്ള അവകാശം ഞാന്‍ ബഹുമാനത്തോടെ അംഗീകരിക്കുന്നു.

ഭരണം കൈയാളുന്ന രാഷ്ട്രീയ നേതൃത്വം മോശം പ്രവര്‍ത്തിക്കുകയാണെങ്കില്‍ 5 വര്‍ഷം കഴിയുമ്പോള്‍ വോട്ട് ചെയ്ത് പുറത്താക്കാന്‍ നമ്മള്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഭരണം കൈയാളുന്ന ഉദ്യോഗസ്ഥരുടെ സ്ഥിതി അങ്ങനെയല്ല. അവര്‍ക്ക് അതിനാല്‍ത്തന്നെ ആരെയും പേടിയുമില്ല. അങ്ങനെ വരുമ്പോള്‍ തെറ്റുകാരായ ഉദ്യോഗസ്ഥരെ മാറ്റാന്‍ ജനഹിതം നേടിയ സര്‍ക്കാരിന് അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന പറയുന്നത് അതാണ്. ഭരണഘടന പ്രകാരം ഭരണകൂടത്തിനുള്ള അധികാരത്തില്‍ നീതിന്യായ സംവിധാനം കൈകടത്തുന്നു എന്നതാണ് സെന്‍കുമാര്‍ കേസില്‍ സംഭവിച്ചിരിക്കുന്നത്. നീതിന്യായ സംവിധാനം വിശുദ്ധ പശുവായി നില്‍ക്കുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ മറ്റു മാര്‍ഗ്ഗങ്ങളുമില്ല.

Kerala_Government_Secretariat.jpg

മുമ്പ് പൊലീസ് മേധാവിയായിരിക്കുമ്പോള്‍ 2016 ജനുവരി 24ന് സെന്‍കുമാര്‍ തന്നെ പറഞ്ഞ വാക്കുകള്‍ എടുത്തുപറയാം. കൊല്ലത്ത് 1974ലെ പത്താം എസ്.ഐ. ബാച്ചിന്റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത വേളയില്‍ പറഞ്ഞത് -‘ചില കോടതിവിധികള്‍ ശരിയല്ലെന്നറിഞ്ഞിട്ടും നിയമപരമായി അവ അനുസരിക്കേണ്ടി വരുന്നുണ്ട്.’

Previous articleപ്രതികാരത്തിനായി മാതൃഭൂമിയുടെ തട്ടിപ്പ്
Next articleഇതാ ജനമിത്രം!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

  1. കോടതിയെ ന്യായീകരിക്കുന്നവർ പറയുന്നത് യുക്തിയല്ല .
    ഫയലിൽ പറയുന്ന കാരണങ്ങൾ ഡി.ജി.പി യെ മാറ്റാൻ പ്രേരിപ്പിക്കുന്നതാണോ എന്ന് തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് ജനങ്ങൾ നൽകിയത് . കോടതിക്കല്ല .
    അതായത് , ജിഷ വധക്കേസ് , പുറ്റിങ്ങൽ വെടിക്കെട്ട് … ( after all these are technical, the real reasons are different … let it be like that.. ) തുടങ്ങിയ സംഭവങ്ങളിൽ സെൻകുമാർ ഉചിതമായി പ്രവർത്തിച്ചില്ല എന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ ന്യായയുക്തമാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ( പൊട്ടത്തെറ്റായിക്കോട്ടെ അത് ,നമ്മുടെയോ കോടതിയുടേയോ കണ്ണിൽ .. ) മുഖ്യമന്ത്രിക്കാണ് .
    ആ അധികാരമാണ് കോടതി ഇവിടെ കവർന്നത് .
    വെറുതെ എപ്പോഴുമിങ്ങനെ കോടതികളെ ന്യായീകരിക്കാൻ തോന്നുന്നത് എന്താണ് ജനാധിപത്യമെന്നത് അറിയാത്തത് കൊണ്ടല്ല . അതിനോട് ഇവർക്കുള്ള പുച്ഛം കൊണ്ടാണ് .
    ആ വ്യക്തിയുടെ ഈഗോയും ധാർഷ്ട്യവുമാണ് , പിഴയിൽ കാണുന്നത് .
    ഫ്രാൻസിലോ ഇംഗ്ലണ്ടിലോ ഇങ്ങിനൊരു വിധിയുണ്ടാകില്ല , ഇതേ ചട്ടങ്ങൾ അവിടെയുണ്ടായാലും .

LEAVE A REPLY

Please enter your comment!
Please enter your name here