കൊറോണയെ നേരിടാന്‍ കേരളം 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. അതിലെ പ്രധാന ഘടകം എന്താണെന്ന് ഓര്‍മ്മയുണ്ടോ? എല്ലാ കുടിശ്ശിക തുകകളും കൊടുത്തു തീര്‍ക്കാന്‍ 14,000 കോടി. മരവിച്ച സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണമെത്തിക്കുക എന്നതു തന്നെ ലക്ഷ്യം.

പ്രഖ്യാപിച്ചതു നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ചുമ്മാ വിളിച്ച് കൈയില്‍ വെച്ചുകൊടുക്കുകയല്ല. ഇതിനെല്ലാം നടപടിക്രമങ്ങള്‍ പാലിച്ച് കൃത്യമായ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നു. കൊറോണ കാലത്തിനു മുമ്പു നടന്ന ഈ ഇടപാടുകളുടെ പണം നല്‍കാനുള്ള ഉത്തരവ് ഇപ്പോള്‍ ഇറങ്ങുന്നുണ്ട്.

കരാറുകാര്‍ക്ക് ബില്ല് മാറി പണം കൊടുക്കുന്നത് എപ്പോഴും താമസമുള്ള കാര്യമാണ്. അതുകൊണ്ടു തന്നെയാണ് പഴയ സര്‍ക്കാരിന്റെ കുടിശ്ശിക തീര്‍ത്തു എന്ന് എല്ലാ സര്‍ക്കാരുകള്‍ക്കു പറയേണ്ടി വരുന്നത്. എന്നുവെച്ചാല്‍, കുടിശ്ശിക തീര്‍ക്കല്‍ സാധാരണനിലയില്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ വരുന്നതല്ല എന്നര്‍ത്ഥം. വരവും ചെലവും ഒപ്പിച്ചുപോകാനുള്ള ഞാണിന്മേല്‍ക്കളിയില്‍ കുടിശ്ശിക തീര്‍ക്കല്‍ സ്വാഭാവികമായും നീണ്ടുപോകുന്നതാണ്. അങ്ങനെ നീണ്ടുപോകുന്നതാണ് വേഗത്തില്‍ തീര്‍ക്കാന്‍ ഇപ്പോള്‍ പാക്കേജിന്റെ ഭാഗമാക്കിയിരിക്കുന്നത്.

നിത്യച്ചെലവിന് ബുദ്ധിമുട്ടുന്ന ദിവസക്കൂലിക്കാരാണ് നമ്മുടെ സാധാരണക്കാരില്‍ അധികവും. കരാറുകാരുടെ കൈയിലെത്തുന്ന പണം കറങ്ങിത്തിരിഞ്ഞെത്തുന്നത് വിപണിയിലേക്കാണ്. ആ വഴിയിലൂടെ അതെത്തുന്നത് സമൂഹത്തിലെ സാധരണക്കാരിലേക്കാണ്. മഹാമാരി തീര്‍ത്ത ഗതികേടില്‍ നിന്ന് അവരെ കരകയറ്റാന്‍ ഈ കുടിശ്ശിക തീര്‍ക്കല്‍ അങ്ങനെ സഹായിക്കും.

സര്‍ക്കാരുമായി നേരത്തേയുണ്ടാക്കിയ കരാര്‍ പ്രകാരം പണി ചെയ്തവര്‍ക്കാണ് പണം വിതരണം ചെയ്യുന്നത്. അല്ലാതെ വഴിയേ പോകുന്നവര്‍ക്ക് വിളിച്ച് പണം കൊടുക്കാന്‍ ഉത്തരവിറക്കുന്നതല്ല. കൊറോണക്കാലത്തിനു മുമ്പു ചെയ്ത പണികളുടെ പണം ഇപ്പോള്‍ കൊടുക്കുന്നു. അത് സര്‍ക്കാര്‍ തീരുമാനിച്ച പ്രകാരമാണ്, പ്രഖ്യാപിച്ച പാക്കേജ് പ്രകാരമാണ്.

ദുരിതാശ്വാസത്തിന് പണം പിരിക്കുന്ന സര്‍ക്കാരിന്റെ ധൂര്‍ത്ത് എന്നാണ് ഇതിനെക്കുറിച്ച് ആക്ഷേപം. സാമ്പത്തിക പാക്കേജിന്റെ ഭാഗമാണ് ഈ പണവിതരണമെന്നത് ആക്ഷേപമുന്നയിക്കുന്നവര്‍ സൗകര്യപൂര്‍വ്വം മറന്നു. ദുരിതാശ്വാസവും കുടിശ്ശിക തീര്‍ക്കല്‍ പാക്കേജും വെവ്വേറെ ആണെന്ന അറിവ് ഇല്ലാഞ്ഞിട്ടല്ല. ആ അറിവ് അംഗീകരിച്ചാല്‍ കുത്തിത്തിരിപ്പ് പറ്റില്ലല്ലോ.

കലവും കുടവും അടുപ്പും ഫ്രിഡ്ജും എസിയുമൊക്കെ വാങ്ങിയെന്നു പറഞ്ഞ് ഈ ഉത്തരവുകളും പൊക്കിപ്പിടിച്ച് അവര്‍ നടക്കുന്നു. പഴയ തീയതിലുള്ളതാണ് ഫയലെങ്കിലും ഉത്തരവിറങ്ങുന്ന തീയതിലാണ് സാധനങ്ങള്‍ വാങ്ങിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കുന്നുമുണ്ട്. പച്ചക്കള്ളം പ്രചരിപ്പിക്കുന്നവരുടെ മുന്നില്‍ തന്നെയുണ്ട് നമ്മുടെ ജനപ്രതിനിധികളില്‍ ചിലര്‍. പക്ഷേ, പോസ്റ്റുമ്പോഴിടുന്ന ഉത്തരവ് ജനം തീയതി സഹിതം വിശദമായി വായിച്ചുനോക്കും എന്നത് യുവതുര്‍ക്കി മറന്നു.

കൊറോണക്കാലത്ത് സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത. മാധ്യമങ്ങള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന പരസ്യക്കുടിശ്ശിക തീര്‍ക്കാന്‍ 53 കോടി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി. ധൂര്‍ത്ത് വാര്‍ത്തകളുടെ ഉള്ളടക്കവും അതിനവര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡവുമനുസരിച്ച് ഈ 53 കോടിയും ധൂര്‍ത്തല്ലേ? ഈ കുടിശ്ശിക തീര്‍ക്കല്‍ മാത്രം എങ്ങനെയാണ് ധൂര്‍ത്തില്‍ നിന്നൊഴിവാകുക?

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.

FOLLOW
 •  
  508
  Shares
 • 468
 • 21
 •  
 • 19
 •  
 •