സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ തോറ്റമ്പിയവര്‍ ആഹ്ളാദം അഭിനയിച്ചു തകര്‍ക്കുന്നു. സ്പ്രിങ്ക്ളര്‍ അതേപടി പ്രവര്‍ത്തനം തുടരുന്നത് തങ്ങളുടെ വിജയമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. അതെങ്ങനെയാണാവോ?

ആവശ്യപ്പെട്ടത്

  • സ്പ്രിങ്ക്ളറുമായുള്ള വിവര വിശകലന കരാര്‍ റദ്ദാക്കണം.
  • വിവരങ്ങള്‍ നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
  • നഷ്ടപരിഹാരം മുഖ്യമന്ത്രിയില്‍ നിന്ന് ഈടാക്കണം.
  • ഡാറ്റ ശേഖരണം നിര്‍ത്തിവെയ്ക്കണം.
  • സി.ബി.ഐ. അന്വേഷണം വേണം.

കിട്ടിയത്

  • ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
  • സ്പ്രിങ്ക്ളര്‍ ഈ ഡാറ്റ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
  • ആവശ്യങ്ങൾക്ക് ശേഷം ഡാറ്റ സർക്കാരിന് തിരിച്ചുനൽകണം.
  • ഇനി വിവരങ്ങൾ ശേഖരിക്കുമ്പോൾ വാങ്ങുന്നയാളുടെ അനുവാദം ഉണ്ടാകണം -informed consent.
  • കരാറുമായി സർക്കാരിന് മുന്നോട്ടുപോകാം, കോവിഡ് പ്രതിരോധത്തിനായുള്ള നടപടികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല.

സ്പ്രിങ്ക്ളറുമായുള്ള വിവര വിശകലന കരാര്‍ റദ്ദാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇത്തരം ഒരാവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. എന്നുവെച്ചാല്‍ ഇന്നുവരെ കേരളത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിച്ചിരുന്നത് അതുപോലെ സ്പ്രിങ്ക്ളര്‍ നാളെയും പ്രവര്‍ത്തനം തുടരും. മാന്യതയുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ചെന്നിത്തല ഇപ്പോള്‍, ജാള്യം മറയ്ക്കാന്‍. എന്തു മാന്യതയാണാവോ?

കോടതിയുടെ മുന്നില്‍ വന്ന ഭൂരിഭാഗം വിഷയങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ തന്നെ വിശദമായ സത്യവാങ്മൂലത്തിലൂടെ അറിയിച്ച വസ്തുതകളാണ് എന്നതാണ് രസം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചതാണ്. ഇത്തരത്തില്‍ ഹൈക്കോടതി നല്കിയ നിര്‍ദ്ദേശങ്ങളെല്ലാം സര്‍ക്കാരിനു തിരിച്ചടിയാണെന്നാണ് വാദം. സര്‍ക്കാര്‍ അങ്ങോട്ടു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ (suggestions) കോടതി തിരികെ നിര്‍ദ്ദേശങ്ങളായി (directions) അവര്‍ക്കു തന്നെ നല്‍കുന്നത് എങ്ങനെയാണെന്നു മനസ്സിലാവുന്നില്ല. പ്രതിപക്ഷത്തു നിന്ന് ഇത്തരം തള്ളിമറിക്കലുകള്‍ ഉണ്ടാവുമെന്ന് അറിയാവുന്നതിനാലായിരിക്കണം സര്‍ക്കാര്‍ മുന്‍കൂറായി തന്നെ തങ്ങളുടെ സത്യവാങ്മൂലം പുറത്തുവിട്ടത്.

കോടതിയില്‍ നടന്നത് ഇത്തരത്തില്‍ ചുരുക്കിപ്പറയാം.

ഹൈക്കോടതി നിര്‍ദ്ദേശിച്ചത് -ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, ടി.ആര്‍.രവി

  • സര്‍ക്കാരിന് കരാറുമായി മുന്നോട്ടു പോകാം.
  • ഈ ഘട്ടത്തില്‍ ഹൈക്കോടതി ഇടപെടുന്നില്ല.
  • ഇത് ഒരുമിച്ചു നില്‍ക്കേണ്ട സമയം.
  • കോടതിക്ക് അന്തിമമായി എന്തെങ്കിലും പറയാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്.
  • കോവിഡ് പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് അഭിനന്ദനം.
  • സര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ല, അതല്ല കോടതിയുടെ ജോലി.
  • അസാധാരണ സാഹചര്യങ്ങളില്‍ ഡാറ്റ ശേഖരിക്കുന്നത് അനിവാര്യം.
  • ജനങ്ങളില്‍ നിന്നു ശേഖരിച്ച ഡാറ്റയുടെ ഉത്തരവാദിത്വം സര്‍ക്കാരിന്.
  • വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അതു നല്‍കുന്നയാളുടെ അനുവാദമുണ്ടാകണം.
  • സ്പ്രിങ്ക്ളര്‍ വശം ഡാറ്റ ഒന്നും സൂക്ഷിച്ചിട്ടില്ല എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.
  • വിവരങ്ങള്‍ വിശകലനത്തിന് നല്‍കുമ്പോള്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ മാസ്‌ക് ചെയ്യണം.
  • വിവരങ്ങളുടെ അജ്ഞാതത്വം സര്‍ക്കാര്‍ കാത്തുസൂക്ഷിക്കണം.
  • ഇവ സ്പ്രിങ്ക്ളറിന് അക്‌സസ് ചെയ്യാനാവില്ല.
  • വിവരങ്ങള്‍ ഒരു കാരണവശാലും സ്പ്രിങ്ക്ളര്‍ ശേഖരിക്കാന്‍ പാടില്ല.
  • സ്വകാര്യതയുടെ ലംഘനം ഉണ്ടായാല്‍ പൗരനോ സര്‍ക്കാരിനോ ഇന്ത്യന്‍ കോടതിയെ സമീപിക്കാം.
  • കരാറില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ ഉന്നത അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷിക്കാം.
  • ഹര്‍ജികള്‍ മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കും.

ഹൈക്കോടതി ചോദിച്ചത്

  • ഡേറ്റ അനലറ്റിക്കല്‍ ടൂള്‍ നല്‍കുന്ന മറ്റൊരു കമ്പനിയും ഉണ്ടായിരുന്നില്ലേ?
  • ഈ കരാര്‍ ഭരണഘടനയ്ക്ക് അനുസൃതമാണോ?
  • അനലറ്റിക്കല്‍ ടൂള്‍ ആണോ അതോ അനലറ്റിക്കല്‍ ടൂള്‍ കമ്പനിയെ ആണോ വേണ്ടത്?
  • സ്പ്രിങ്ക്ളറിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ലല്ലോ?
  • സ്പ്രിങ്ക്ളറിനെ എങ്ങനെ തിരഞ്ഞെടുത്തു എന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലല്ലോ?
  • സേവനം നല്‍കുമെങ്കില്‍ സര്‍ക്കാര്‍ എന്‍.ഐ.സിയുടെ സഹായം തേടാത്തതെന്ത്?

സര്‍ക്കാര്‍ പറഞ്ഞത് -അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.കെ.രവീന്ദ്രനാഥ്

  • എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.
  • സ്പ്രിങ്ക്ളര്‍ ഡൊമെയ്നില്‍ നല്‍കിയ ഡാറ്റ സുരക്ഷിതം.
  • കരാര്‍ ഭരണഘടനയ്ക്ക് അനുസൃതം.
  • മതിയായ പുതിയ പ്ലാറ്റ്‌ഫോം ഉണ്ടെങ്കില്‍ അതിലേക്ക് മാറാന്‍ സന്നദ്ധം.
  • നിലവില്‍ ലഭ്യമായതില്‍ ഏറ്റവും നല്ല വിവര വിശകലനമാണ് സ്പ്രിങ്ക്ളര്‍ നല്‍കുന്നത്.
  • സാഹചര്യമുണ്ടെങ്കില്‍ കേന്ദ്രത്തെ സമീപിക്കാന്‍ സന്നദ്ധമാണ്.
  • മാസ്ക് ചെയ്ത ഫോണ്‍ നമ്പര്‍ ആണ് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആയി ഉപയോഗിക്കുന്നത്.
  • ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് പൗരന്മാരോട് ചോദിക്കുന്നത്.
  • സ്പ്രിങ്ക്ളറിനെ കുറിച്ച് പ്രത്യേകം അധിക സത്യവാങ്മൂലം നല്‍കാം.

ഐ.ടി. വകുപ്പ് പറഞ്ഞത് -എന്‍.എസ്.നാപിന

  • ഡാറ്റ സൂക്ഷിക്കാന്‍ മൂന്നാം കക്ഷി അനിവാര്യം.
  • ഡാറ്റ ദുരുപയോഗിക്കില്ല എന്നുറപ്പ് വരുത്തിയിട്ടുണ്ട്.
  • കരാര്‍ നീട്ടുന്നില്ലെങ്കില്‍ ഡാറ്റ സെര്‍വറില്‍ നിന്ന് ഡിലീറ്റ് ചെയ്യും.
  • എന്‍ക്രിപ്റ്റഡ് രൂപത്തിലാണ് ഡാറ്റ സൂക്ഷിക്കുന്നത്.

രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് -ടി.ആസഫലി

  • സ്പ്രിങ്ക്ളറുമായുള്ള വിവര വിശകലന കരാര്‍ റദ്ദാക്കണം.
  • വിവരങ്ങള്‍ നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
  • നഷ്ടപരിഹാരം മുഖ്യമന്ത്രിയില്‍ നിന്ന് ഈടാക്കണം.
  • ഡാറ്റ ശേഖരണം നിര്‍ത്തിവെയ്ക്കണം.
  • സി.ബി.ഐ. അന്വേഷണം വേണം.

മറ്റു ഹര്‍ജിക്കാര്‍ പറഞ്ഞത്

  • സ്പ്രിങ്ക്ളറുമായുള്ള വിവര വിശകലന കരാര്‍ റദ്ദാക്കണം.
  • സ്പ്രിങ്ക്ളര്‍ കരാര്‍ പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നത്.
  • ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം.

ചില കാര്യങ്ങള്‍ കൂടി..

കോടതി നല്‍കിയ ആദ്യ 3 നിര്‍ദ്ദേശങ്ങളും സർക്കാരും സ്പ്രിങ്ക്ളറും തമ്മിലുള്ള കരാറിൽ ഇപ്പോള്‍ത്തന്നെ ഉണ്ട്. ഇത് കൃത്യമായി നടപ്പാക്കുന്നു എന്ന ഉത്തരവാദിത്വമാണ് സര്‍ക്കാരിനു മുന്നിലുള്ളത്.

ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും അതിനായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കരാറിലുണ്ട്.

ഉദ്ദേശിച്ച കാര്യത്തിനല്ലാതെ കൈമാറിയ വിവരം ഉപയോഗിക്കില്ല എന്ന് നോണ്‍ ഡിസ്ക്ലോഷര്‍ എഗ്രിമെന്റിൽ പറയുന്നുണ്ട്.

ആവശ്യങ്ങൾക്ക് ശേഷം ഡാറ്റ സർക്കാരിന് തിരിച്ചു നൽകണം എന്ന് മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റിൽ ഉണ്ട്.

കരാറിനെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ സ്പ്രിങ്ക്ളറില്‍ നിന്ന് സര്‍ക്കാര്‍ letter of affirmation ചോദിച്ചു വാങ്ങിയിരുന്നു. ഇതിലെ നാലാമത്തെ പോയിന്റ് പറയുന്നത് പൗരന്റെ അനുവാദത്തെ പറ്റിയാണ്.

ഇപ്പോൾ വിവരം ശേഖരിച്ചിരിക്കുന്നത് സർക്കാരാണ്. ആരോഗ്യപ്രവർത്തകരും ആശാ വർക്കർമാരും സന്നദ്ധസേവകരും കൂടിയാണ് അത് ശേഖരിച്ചിരിക്കുന്നത്. പൗരന്മാർ സ്വമേധയാ കൊടുത്ത വിവരമാണെങ്കിൽ കൂടി അത് മറ്റൊരാൾ വഴിയാണ് ഈ പറയുന്ന ഡാറ്റാബേസിലേക്ക് എത്തുന്നത്. ശേഖരിച്ചവർ ഇതെന്തിനാണ് ശേഖരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും “informed consent” ഇല്ല എന്ന് വേണമെങ്കില്‍ വാദിക്കാം. അവരുടെ വിവരങ്ങള്‍ ശേഖരിച്ച കടലാസില്‍ ഒപ്പുകള്‍ കൂടി വാങ്ങിയിരുന്നുവെങ്കില്‍ പ്രശ്നമില്ലായിരുന്നു.

ആപ്പ് വഴിയാണ് വിവരം ശേഖരിക്കുന്നതെങ്കില്‍ ഈ പ്രശ്നം വരില്ല. കാരണം അപ്പോൾ വിവരം സ്വകാര്യവ്യക്തി നേരിട്ട് ആപ്പ് വഴി നൽകുന്നതാണ്. കൂടാതെ വിവരം അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് “I Agree” എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം. അവിടെ ഡാറ്റ എങ്ങനെ പ്രോസസ് ചെയ്യുന്നു, ആര് പ്രോസസ് ചെയുന്നു എന്നൊക്കെയുള്ള terms and conditions, privacy policy ഒക്കെയുണ്ടാകും. അതിനർത്ഥം അവർ ഡാറ്റ സർക്കാരിന് സ്വമേധയാ കൊടുക്കുന്നു എന്നാണ്. കോടതി പറഞ്ഞതില്‍ പുതിയതായി വരുന്നത് ഇതു മാത്രമാണ്. പക്ഷേ, ഇതും bulk data collection വരുമ്പോൾ പാലിക്കപ്പെടും. പൗരൻ വിവരം നൽകുമ്പോൾ “I Agree” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുന്നതു തന്നെ കാരണം.

രമേശ് ചെന്നിത്തല ഉന്നയിച്ച ആവശ്യങ്ങളില്‍ ഏതാണ് അംഗീകരിക്കപ്പെട്ടത്? സ്പ്രിങ്ക്ളറിനെതിരെ കേസ് കൊടുക്കണമെങ്കില്‍ അമേരിക്കയില്‍ പോകണമെന്നു പറഞ്ഞ പ്രതിപക്ഷം ഹൈക്കോടതിയില്‍ സ്പ്രിങ്ക്ളറിനെ എതിര്‍കക്ഷിയാക്കി എങ്ങനാണാവോ കേസ് കൊടുത്തത്? സ്പ്രിങ്ക്ളറുമായുള്ള കരാറില്‍ പറഞ്ഞിട്ടുള്ള സുരക്ഷാ വ്യവസ്ഥകളില്‍ കൂടുതലായി എന്താണ് ഇന്ന് ഹൈക്കോടതി പറഞ്ഞത്? വിവരശേഖരണത്തിന് പൗരന്റെ അംഗീകാരം ഉറപ്പാക്കണം എന്നു പറഞ്ഞതു മാത്രമാണ് പുതിയ കാര്യം. അതാകട്ടെ കോടതി പറയുന്നതിനു മുമ്പു തന്നെ നടപ്പാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും!

കുറച്ചാളുകള്‍ ചത്താലും വേണ്ടില്ല സര്‍ക്കാരിന്റെ പേരു ചീത്തയാകണമെന്നും അതിന്റെ പേരില്‍ 10 വോട്ട് കൂടുതല്‍ പിടിക്കാന്‍ പറ്റണമെന്നും കരുതുന്ന, അതിനായി പരിശ്രമിക്കുന്ന പ്രതിപക്ഷം. കോവിഡ് പ്രതിരോധത്തിന് അത്യാവശ്യമായ വിവരശേഖരണത്തിനും വിശകലനത്തിനും തുരങ്കം വെയ്ക്കാന്‍ അവര്‍ ശ്രമിച്ചത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടു മാത്രമാണ്. അതിനായി കോടതിയില്‍ ആവശ്യപ്പെട്ട 5 കാര്യങ്ങളിൽ ഒന്നുപോലും അംഗീകരിച്ചില്ല എന്നുമാത്രമല്ല സർക്കാരിനോട് നടപടികളുമായി മുന്നോട്ടുപോകാം എന്നും പറഞ്ഞു. എന്നിട്ടും ചെന്നിത്തല പറയുന്നു “ഞങ്ങൾ പറഞ്ഞതൊക്കെ കോടതി അംഗീകരിച്ചു” എന്ന്. ജനം വെറും മണ്ടന്മാരാണെന്നാണ് ഈ മണ്ടന്മാരുടെ ധാരണ.

FOLLOW
 •  
  1.1K
  Shares
 • 1K
 • 28
 •  
 • 27
 •  
 •