Reading Time: 4 minutes

ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫിലെ മുന്‍ മന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണമുന്നയിച്ച സി.പി.ഐ. നേതാവ് ടി.ജെ.ആഞ്ജലോസ് മുന്‍ മന്ത്രിയുടെ പേര് പറഞ്ഞിരുന്നില്ല. ആരാണ് ആ മുന്‍ മന്ത്രി എന്നറിയാന്‍ എല്ലാവരും പരക്കംപായുകയാണ്. അപ്പോഴാണ് കത്തുമായി ചെന്നിത്തല പ്രത്യക്ഷപ്പെട്ടത്.

രമേശ് ചെന്നിത്തല

ചെന്നിത്തലയുടെ കത്ത് ഒരുമാതിരി കോഴി കട്ടവന്റെ തലയില്‍ പൂടയുണ്ടെന്നു പറയുമ്പോള്‍ തപ്പി നോക്കുന്ന പരിപാടി ആയിപ്പോയോ എന്നു സംശയം!!!

പത്രക്കുറിപ്പ് 13-6-17

ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ സി.ബി.ഐ. അന്വേഷണം വേണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: ആദായ നികുതി വകപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി യു.ഡി.എഫിനും യു.ഡി.എഫിലെ ഒരു മുന്‍മന്ത്രിക്കും ബന്ധമുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം സമൂഹത്തില്‍ സൃഷ്ടിച്ച സംശയം ദൂരീകരിക്കുന്നതിന് സി.ബി.ഐയെക്കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

സി.പി.ഐ. ആലപ്പുഴ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം യു.ഡി.എഫിനെതിരെ പുകമറ സൃഷ്ടിക്കുന്ന തരത്തില്‍ അവ്യക്തമായ ആരോപണമാണ് ഉന്നയിച്ചത്. സി.പി.ഐയുടെ നേതാക്കള്‍ക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് സി.പി.ഐ. യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിച്ചതെങ്കിലും അത് മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിക്ക് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യു.ഡി.എഫിലെ ഒരു മുന്‍മന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണ്. യു.ഡി.എഫിലെ മുന്‍മന്ത്രിമാരെയെല്ലാം സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാനാണ് സി.പി.ഐയുടെ ശ്രമം. ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണവും വസ്തുതാപരമല്ല. യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാതെ യു.ഡി.എഫിനെ കരിതേച്ച് കാണിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ആരോപണങ്ങള്‍.

ഈ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തിന് ഉണ്ടായിരിക്കുന്ന സംശയങ്ങള്‍ നീക്കാന്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. അതിന് സി.ബി.ഐയോ അല്ലെങ്കില്‍ അത് പോലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഉന്നത ഏജന്‍സിയോ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ശ്രീവത്സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി റെയ്ഡ് തുടരുകയാണ്. ഇതുവരെ 425 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തിയെന്നാണ് വിവരം. തനിക്ക് 50 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നു കാണിച്ച് ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ.ആര്‍.പിള്ളയെന്ന എം.കെ.രാജശേഖരന്‍ പിള്ള തന്നെയാണ് ആദായനികുതി വകുപ്പിന് കണക്ക് സമര്‍പ്പിച്ചത്. നാഗാലാന്‍ഡ് പൊലീസില്‍ കോണ്‍സ്റ്റബിളായി സര്‍വ്വീസില്‍ കയറി അഡീഷണല്‍ എസ്.പിയായി വിരമിച്ച പിള്ളയ്ക്ക് ഒറ്റയ്‌ക്കെന്തായാലും ഇത്രയധികം കോടികള്‍ സമ്പാദിക്കാന്‍ കഴിയില്ലെന്നുറപ്പായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു പരിശോധന. നാഗാലാന്‍ഡിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കള്ളപ്പണമാണ് പിള്ളയുടെ ആസ്തിയെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

ശ്രീവത്സം ഗ്രൂപ്പ് കഴിഞ്ഞ 6 വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആദായനികുതി വകുപ്പ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കേന്ദ്രീകരിച്ച് രാജശേഖരന്‍ പിള്ള വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. പന്തളം, കുളനട, കോന്നി എന്നിവിടങ്ങളിലും വന്‍തോതില്‍ ഭൂമി വാങ്ങി. മൂന്നാറിലെ ചിന്നക്കനാലില്‍ ടോം സഖറിയയില്‍ നിന്ന് 2 റിസോര്‍ട്ടുകള്‍ വാങ്ങിയത് പിന്നീട് ഉയര്‍ന്ന തുകയ്ക്ക് മറിച്ചുവിറ്റു. 2003ലാണ് ശ്രീവത്സം എന്ന പേരില്‍ പന്തളം, കുളനട മേഖലകളില്‍ പിള്ള സ്ഥാപനങ്ങള്‍ തുടങ്ങിയത്. പിള്ളയുടെ കുടുംബസുഹൃത്തിന്റെ ഹരിപ്പാട്ടെ വീട്ടില്‍ നിന്ന് 10 കോടി രൂപയുടെ ഇടപാടുകളുടെ രേഖകളും 11 ലക്ഷം രൂപയും ആദായനികുതി വകുപ്പ് കണ്ടെടുത്തു. എന്നാല്‍ ജൂണ്‍ 8ന് റെയ്ഡ് നടത്തിയവരുടെ ശ്രദ്ധയില്‍പ്പെടാതെ പോയ രേഖകള്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആ രേഖകള്‍ മുഴുവന്‍ പിന്നീട് ലോറികളില്‍ കടത്തി. അലമാരകള്‍ ഉള്‍പ്പെടെ ലോറിയില്‍ കൊണ്ടുപോയി എന്നാണ് സമീപവാസികള്‍ പറയുന്നത്.

വല്യ സാര്‍, പിള്ള സാര്‍, എസ്.പി. തുടങ്ങിയ പേരുകളിലാണ് എം.കെ.രാജശേഖരന്‍ പിള്ള അറിയപ്പെടുന്നത്. ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന മേഖലയില്‍ ഭരണ-ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനമുറപ്പിക്കുക എന്നത് വ്യവസായികളുടെ പതിവ് രീതിയാണ്. ആ നിലയില്‍ ഹരിപ്പാട് എന്നു പറയുമ്പോള്‍ രമേശ് ചെന്നിത്തലയുടെ പേര് മനസ്സിലേക്കോടിയെത്തുന്നത് സ്വാഭാവികം. പക്ഷേ, ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങള്‍ കേരളാ പൊലീസ് അവഗണിച്ചു എന്നത് രമേശിനെ സംശയത്തിന്റെ നിഴലിലാക്കുന്ന ഘടകമാണ്. സംസ്ഥാനത്തിനു പുറത്തു നിന്ന് നാഗാലാന്‍ഡ് പൊലീസ് ട്രക്കില്‍ കറന്‍സിയും സ്വര്‍ണ്ണവുമുള്‍പ്പെടെ പൊലീസ് അകമ്പടിയോടെ എത്തിക്കുന്നുവെന്നായിരുന്നു ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. പിള്ളയുടെ സ്ഥാപനവളപ്പില്‍ നാഗാലാന്‍ഡ് പൊലീസ് ട്രക്ക് കണ്ടെത്തുകയും ചെയ്തു. വിരമിച്ച പൊലീസുദ്യോഗസ്ഥന്റെ വീട്ടുമുറ്റത്ത് പൊലീസ് ട്രക്ക് എത്തിയതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇതു കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് ഇന്റലിജന്‍സ് നിര്‍ദ്ദേശിച്ചുവെങ്കിലും ഫയല്‍ അനങ്ങിയില്ല. രമേശ് ചെന്നിത്തലയായിരുന്നു ഈ കാലയളവില്‍ ആഭ്യന്തര മന്ത്രി. നാഗാലാന്‍ഡില്‍ നിന്ന് പൊലീസ് ട്രക്കുകളില്‍ സ്വര്‍ണ്ണവും പണവും കടത്തിയതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്റലിജന്‍സിന്റെ പഴയ റിപ്പോര്‍ട്ട് പ്രകാരം പൊലീസ് ഇപ്പോള്‍ പരിശോധന തുടങ്ങിയിട്ടുമുണ്ട്. ഇതൊക്കെ ആരോപണത്തിന് അഗ്നി പകരുന്നു. ചെന്നിത്തലയുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടിന്റെ ആരോപണമുള്ള ഹരിപ്പാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും ശ്രീവത്സം ഗ്രൂപ്പിന് പങ്കുള്ളതായാണ് പറയപ്പെടുന്നത്.

നാഗാലാന്‍ഡ് പൊലീസിന്റെ ട്രക്ക് എം.കെ.ആര്‍.പിള്ളയുടെ സ്ഥാപനവളപ്പില്‍

കോണ്‍ഗ്രസ്സുമായി മാത്രമല്ല, ചില സി.പി.എം., ബി.ജെ.പി. നേതാക്കളുമായും പിള്ളയ്ക്ക് അടുത്ത ബന്ധമുണ്ട്. ഈ സ്വാധീനം തന്റെ കാര്യസാദ്ധ്യത്തിനായി പിള്ള ഉപയോഗിച്ചിട്ടുമുണ്ട്. ഹരിപ്പാട് നഗരമദ്ധ്യത്തിലെ സിറ്റി ടവര്‍ എന്ന കെട്ടിടം പിള്ള സ്വന്തമാക്കിയ രീതിയില്‍ നിന്ന് ഇത്തരം സ്വാധീനങ്ങളുടെ കൃത്യമായ വിനിയോഗം മനസ്സിലാക്കാം. ലോഡ്ജായി പ്രവര്‍ത്തിച്ചിരുന്ന സിറ്റി ടവറിന് പിള്ള 2 കോടി രൂപ വില പറഞ്ഞുവെങ്കിലും ഉടമ വഴങ്ങിയില്ല. താമസിയാതെ ലോഡ്ജിലെ ശുചിമുറികളില്‍ നിന്നുള്ള കുഴലുകള്‍ ഓടയിലേക്കു തുറക്കുന്നുവെന്നും ആവശ്യമായ പാര്‍ക്കിങ് സൗകര്യമില്ലെന്നുമൊക്കെ പരാതി വന്നു. ഇതിനെത്തുടര്‍ന്ന് രാഷ്ട്രീയ ഭരണ നേതൃത്വവും ഉദ്യോഗസ്ഥ നേതൃത്വവും ശക്തമായി ഇടപെട്ടതോടെ ലോഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമായി. അതോടെ കാര്യമായ വിലപേശലില്ലാതെ തന്നെ കെട്ടിടം പിള്ളയുടെ സ്വന്തമായി. സിറ്റി ടവറിനെതിരായ പരാതികളെല്ലാം പിള്ളയുടെ സൃഷ്ടിയായിരുന്നു എന്നത് പരസ്യമായ രഹസ്യം. കെട്ടിടം പിള്ളയുടെ സ്വന്തമായതോടെ പരാതികള്‍ വായുവില്‍ വിലയം പ്രാപിച്ചു. സി.പി.എം. നേതാക്കളുടെ പിള്ള ബന്ധം സംബന്ധിച്ച അന്വേഷണം നടത്താന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്. ചില പ്രാദേശിക നേതാക്കള്‍ക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെപ്പറ്റി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഹരിപ്പാട് ഏരിയാ കമ്മിറ്റി പരിശോധന ആരംഭിച്ചിരിക്കുന്നത്.

ശ്രീവത്സം ഗ്രൂപ്പ് ജീവനക്കാരോട് എം.കെ.ആര്‍.പിള്ള സംസാരിക്കുന്നു

അന്വേഷണവും റെയ്ഡും നടക്കുമ്പോഴും തനിക്ക് ഒരു കുലുക്കവുമില്ല എന്നു വരുത്താന്‍ എം.കെ.ആര്‍.പിള്ള ശ്രമിക്കുന്നുണ്ട്. ശനിയാഴ്ച തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്തത് ഇതിന്റെ ഭാഗമായിരുന്നു. രാവിലെ 10 മണിയോടെ എത്തിയ പിള്ള വൈകുന്നേരം 5 മണി വരെ അവിടെത്തന്നെയുണ്ടായിരുന്നു. റെയ്ഡില്‍ ജീവനക്കാര്‍ അങ്കലാപ്പിലായിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പ്രചോദനമേകാനാണ് ‘വല്യ സാര്‍’ ശ്രമിച്ചത്. ഓണത്തിന് കച്ചവം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം ഇപ്പോള്‍ത്തന്നെ തുടങ്ങണം എന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. അതായത്, ഇപ്പോഴത്തെ റെയ്ഡിനു തുടര്‍ച്ചയായി നടപടികളൊന്നും ഉണ്ടാവില്ല എന്ന ഉറപ്പ്!! ‘റെയ്ഡുകളൊന്നും കണ്ട് ഭയപ്പെടേണ്ട. ഒന്നും ചെയ്യാനാകില്ല. ഒന്നും സംഭവിക്കില്ല. നിങ്ങള്‍ നന്നായി ജോലി ചെയ്യൂ. ആര്‍ക്കും ജോലി നഷ്ടപ്പെടില്ല. സ്ഥാപനം നിലനില്‍ക്കുക തന്നെ ചെയ്യും’ -പിള്ള പറഞ്ഞു.

ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു സാദാ പൊലീസ് കോണ്‍സ്റ്റബിളായി സര്‍വ്വീസില്‍ കയറുന്നയാള്‍ക്ക് ഇത്രമാത്രം സ്വത്ത് സമാഹരിക്കാന്‍ കഴിയുന്ന എന്ത് അത്ഭുതമാണ് നാഗാലാന്‍ഡിലുള്ളത് എന്ന അന്വേഷണത്തിലാണ് അവരിപ്പോള്‍.

Previous articleപൊതുവിദ്യാലയങ്ങളില്‍ ആരവം
Next articleമാലിന്യം ‘നിക്ഷേപിക്കുന്നവര്‍’
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

11 COMMENTS

  1. ആളിന്റെ പേര് രമേശ് ചെന്നിത്തലയെന്ന് പറയാൻ ആരോപണം ഉന്നയിച്ച വ്യക്തിക്ക് ചങ്കുറ്റo ഇല്ലാത്തതും മറിച്ച് ഹരിപ്പാട്ടുകാരനും ഇപ്പോ‌ൾ MLA യും UDF govt. ലെ പ്രമുഖ മന്ത്രിയും ആയിരുന്നുവെന്നും ആരോപണം ഉന്നയിച്ച വ്യക്തി പറഞ്ഞിരുന്നു. ഇതാരാണന്ന് എല്ലാവർക്കും വ്യക്തം.

  2. അതെങ്ങനെയാ സാറേ…. രമേശ് ഇപ്പൊ മുൻ മന്ത്രിമാരടങ്ങുന്ന യു ഡി എഫ് എന്ന സംവിധാനത്തിന്റെ നേതാവാണ്…അതുകൊണ്ട് തന്റെ നേതൃത്വത്തിലുള്ള ഒരാളെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ അന്വേഷിക്കണം എന്ന് ആവശ്യപ്പെടാനുള്ള അവകാശമില്ലെ..അന്വേഷിക്കണം എന്നല്ലേ പറഞ്ഞത്..അല്ലാതെ രാഷ്ട്രീയമായി നേരിടാം എന്നല്ലല്ലോ.

  3. ഇനി കട്ടത് അയാളാണെങ്കിലും അന്വേഷിക്കാനല്ലേ അയാൾ പറയുന്നത്.നിയമത്തിൽ നിന്ന് പൊതുവേ ഒളിച്ചോടുന്നത് ആരാ?

  4. ശ്യാമേട്ടാ സാധാരണ ഇതുപോലെ നിങ്ങളെഴുതുന്നവയില്‍ കാര്യമാത്ര പ്രസക്തമായ പലതും കാണുമായിരന്നു…. പക്ഷേ ഇതൊരുമാതിരി ചെന്നിത്തല വിരോധം തീര്‍ക്കാനായി മാത്രം എഴുതിപ്പോയതാണോ എന്ന് സംശയിക്കാവുന്ന തരത്തിലുള്ളതായിപ്പോയി…. ശ്രീവത്സത്തിനെതിരെ ആവശ്യത്തിലധികം രേഖകള്‍ നിരത്തി ഒരു ലേഖനം ഇറക്കാമെന്നിരിക്കെ…. ഇതൊരുമാതിരി……

  5. യൂ ഡി എഫ് ചെയർമാൻ എന്ന നിലയിൽ രമേശ് ചെന്നിത്തലക്ക് കത്തു കൊടുക്കാം

Leave a Reply to Rajesh Kumar Cancel reply

Please enter your comment!
Please enter your name here