Reading Time: 7 minutes

ശ്രീദേവിയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവരോട് അടങ്ങാത്ത ആരാധനയായിരുന്നു. എട്ടാം ക്ലാസ്സിലേക്കുള്ള വേനലവധിക്കാലത്ത് കണ്ട മിസ്റ്റര്‍ ഇന്ത്യ എന്ന സിനിമയിലെ മാധ്യമപ്രവര്‍ത്തകയായ സീമയോടു തോന്നിയ ഇഷ്ടം, ബഹുമാനം പിന്നെ മറ്റേതെങ്കിലും നടിയോടു തോന്നിയിട്ടുണ്ടോ എന്നറിയില്ല. ഇല്ല തന്നെ. സുഹൃത്തുക്കളായ വീണയുടെയും വിഷ്ണുവിന്റെയും വീട്ടില്‍ വാടകയ്‌ക്കെടുത്ത വീഡിയോ കാസറ്റ് റെക്കോര്‍ഡറില്‍ കണ്ട ആ സിനിമയിലെ ഓരോ രംഗവും ഇപ്പോഴും മനസ്സിലുണ്ട്.

മിസ്റ്റര്‍ ഇന്ത്യയില്‍ ശ്രീദേവി

നായകനായ അനില്‍ കപൂറാണ് മിസ്റ്റര്‍ ഇന്ത്യയെങ്കിലും ആ സിനിമയിലെ ആകര്‍ഷണ ഘടകം ശ്രീദേവി തന്നെയായിരുന്നു. ഇതില്‍ കിഷോര്‍ കുമാറും അലീഷാ ചിനായിയും ചേര്‍ന്നു പാടിയ ‘ഐ ലവ് യൂ’ എന്ന പാട്ട് എല്ലാക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റുകളുടെ ഗണത്തില്‍പ്പെടുന്നു. സാരി എത്രമാത്രം സെക്‌സിയാണെന്ന് പില്‍ക്കാലത്ത് തിരിച്ചറിഞ്ഞത് ആ പാട്ടിലെ ശ്രീദേവിയുടെ വേഷവിതാനത്തില്‍ നിന്നാണ്. ഇതിലെ തന്നെ ‘ഹവാ ഹവായി’ എന്ന ഗാനം അവരുടെ അഭിനയമികവിന് തെളിവാണ്. പാട്ടിനിടെ ശ്രീദേവിയുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ അവര്‍ക്കു മാത്രം സ്വന്തം.

ശ്രീദേവിയോടുള്ള എന്റെ ഇഷ്ടത്തെ മിസ്റ്റര്‍ ഇന്ത്യയ്ക്കു മുമ്പും അതിനു ശേഷവും എന്നുള്ള 2 ഘട്ടങ്ങളായി തിരിക്കാം. മിസ്റ്റര്‍ ഇന്ത്യയ്ക്കു ശേഷം ശ്രീദേവിയുടെ ഒരു സിനിമയും ഞാന്‍ കാണാതെ പോയിട്ടില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഓരോ സിനിമയ്ക്കുമൊപ്പം ആരാധന കൂടിയിട്ടേയുള്ളൂ. ചാല്‍ബാസ്, ചാന്ദിനി, ഗുരു, ബന്‍ജാരന്‍, ലംഹെ, ഹീര്‍ രാഞ്ജ, ഖുദാ ഗവാ, ഗുംറാഹ്, രൂപ് കി റാണി ചോരോം കാ രാജ, ദേവരാഗം -അങ്ങനെ എത്രയെത്ര സിനിമകള്‍. ഇതില്‍ പലതും ആദ്യ ദിവസം തന്നെ കണ്ടു.

എന്റെ യൗവ്വനകാലത്ത് സുഹൃത്തുക്കളെല്ലാം മാധുരി ദീക്ഷിതിനും ജൂഹി ചാവ്‌ലയ്ക്കും പിന്നാലെ പോയപ്പോള്‍ ഞാന്‍ മാത്രം ശ്രീദേവിക്കു പിന്നില്‍ ഉറച്ചുനിന്നു. ശ്രീദേവിയുടെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാവണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. എല്ലാ അര്‍ത്ഥത്തിലും അവര്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. ഇന്ത്യയില്‍ ആ പട്ടത്തിന് ഒരു പക്ഷേ, അര്‍ഹയായിട്ടുള്ള ഏക നടി.

ഹായ് സുന്ദരി

ഞാന്‍ എം.എയ്ക്കു പഠിക്കുമ്പോഴാണ് മലയാളത്തില്‍ തെലുങ്ക് സിനിമകളുടെ മൊഴിമാറ്റ വേലിയേറ്റമുണ്ടായത്. അക്കൂട്ടത്തില്‍ വന്ന ഒരു സിനിമ ഇപ്പോഴും ഓര്‍മ്മയിലുണ്ട് -ഹായ് സുന്ദരി. മൂന്നോ നാലോ വര്‍ഷം മുമ്പ് റിലീസ് ചെയ്ത തെലുങ്ക് സിനിമയുടെ മൊഴിമാറ്റം. ശ്രീദേവിയും ചിരഞ്ജീവിയും നായികാനായകന്മാരായി അഭിനയിച്ച ആ സിനിമ കാണാന്‍ ആദ്യ ദിവസം കൈരളി തിയേറ്ററില്‍ എത്തിയവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ശ്രീദേവി മാത്രമായിരുന്നു അതിനുള്ള പ്രേരണ. ശ്രീദേവി ഒരു ദേവതയുടെ വേഷത്തില്‍ വന്ന ആ സിനിമയില്‍ ബാലതാരങ്ങളെന്ന നിലയില്‍ പ്രശസ്തരായ ശാലിനിയും ശ്യാമിലിയും ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.

ലംഹെ

പിന്നീട് അരവിന്ദ് സ്വാമിയും ശ്രീദേവിയും നായികാനായകന്മാരായി വന്ന ഭരതന്റെ ദേവരാഗം ശരിക്കും ആഘോഷിച്ചു. അപ്പോഴേക്കും പ്രായത്തിന്റെ ചുളിവുകള്‍ ചെറുതായി അവരെ പിടികൂടിത്തുടങ്ങിയിരുന്നു. പിന്നെ കണ്ടത് അനില്‍ കപൂറിന്റെ 2 നായികമാരില്‍ ഒരാളായി ഊര്‍മിള മാതോണ്ട്കര്‍ക്കൊപ്പം അഭിനയിച്ച ജുദായി ആണ്. ഒട്ടേറെ അവാര്‍ഡുകള്‍ ഈ സിനിമയുടെ പേരില്‍ ശ്രീദേവിക്ക് ലഭിച്ചു. അതിനുശേഷം ബോണി കപൂറിനെ വിവാഹം കഴിച്ച അവര്‍ അഭിനയരംഗത്തു നിന്ന് വിടവാങ്ങി.

അമിതാഭ് ബച്ചന്‍, ശ്രീദേവി

2012ല്‍ അവരുടെ തിരിച്ചുവരവിന് ശേഷമുള്ള ഇംഗ്ലീഷ് വിംഗ്ലീഷും പുലിയും അടക്കമുള്ള പില്‍ക്കാല ചിത്രങ്ങളില്‍ ഭൂരിഭാഗവും ഞാന്‍ കണ്ടത് ടെലിവിഷനിലാണ്. മിസ്റ്റര്‍ ഇന്ത്യയ്ക്കു മുമ്പുള്ള സിനിമകളും കാണാനായത് പില്‍ക്കാലത്ത് സിനിമാ ചാനലുകളുടെ വരവോടെ തന്നെ. ഇപ്പോഴും റിമോട്ടുപയോഗിച്ച് ചാനല്‍ മാറ്റിക്കളിക്കുമ്പോള്‍ ശ്രീദേവിയുടെ സിനിമയോ പാട്ടോ ആണെങ്കില്‍ അവിടെ നില്‍ക്കും. വല്ലാത്തൊരു ആകര്‍ഷണ ശക്തിയാണ് അവര്‍ക്ക്.

ഞാന്‍ ആദ്യമായി കണ്ട ശ്രീദേവി സിനിമ കമലഹാസനൊപ്പം അഭിനയിച്ച പ്രേമാഭിഷേകം ആണ്. വാഴ്‌വേ മായം എന്ന തമിഴ് സിനിമയുടെ മൊഴിമാറ്റം. ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ ആണ് അപ്പോള്‍ പഠിച്ചിരുന്നത്. അന്നു ഞങ്ങള്‍ താമസിച്ചിരുന്ന തിരുമലയിലെ വീട്ടിനടുത്ത് സൗമ്യ എന്നൊരു പുതിയ തിയേറ്റര്‍ വന്നു. പ്രേം നസീര്‍ ആയിരുന്നു ഉദ്ഘാടകന്‍. നസീറിന്റെ മകന്‍ ഷാനവാസ് നായകനായി അഭിനയിച്ച പ്രേമഗീതങ്ങള്‍ ആയിരുന്നു ആദ്യ സിനിമ. അവിടെ വന്ന രണ്ടാമത്തെ സിനിമയാണ് പ്രേമാഭിഷേകം.

പ്രേമാഭിഷേകം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്. ശ്രീദേവി എന്നു തന്നെയായിരുന്നു സിനിമയില്‍ ശ്രീദേവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. നായകനായ കമല്‍ അവതരിപ്പിക്കുന്ന രാജശേഖരന്‍ ക്ഷേത്രത്തില്‍ വെച്ച് ഒരു പാട്ട് പാടുന്നുണ്ട് -ദേവി, ശ്രീദേവി.. കുട്ടിയായ എനിക്ക് അത് കൗതുകമായി. സിനിമയിലെ മറ്റു പാട്ടുകളും വമ്പന്‍ ഹിറ്റുകള്‍. നീലവാന ചോലയില്‍, മഴക്കാല മേഘം, വാഴ്‌വേ മായം, വന്ദനം എന്‍ വന്ദനം തുടങ്ങിയ പാട്ടുകളെല്ലാം ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. സൗമ്യ തിയേറ്റര്‍ മാത്രം ഇന്നില്ല!

1967ല്‍ 4 വയസ്സുള്ളപ്പോള്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലമുരുകന്റെ വേഷമഭിനയിച്ചുകൊണ്ടാണ് ശ്രീദേവി വന്നത്. ആ നീണ്ട കരിയര്‍ 50 വര്‍ഷം തികയുന്ന വേളയില്‍ ജീവിതത്തില്‍ നിന്നു തന്നെ അവര്‍ വിടവാങ്ങി.

കുമാരസംഭവം

ബാലതാരമെന്ന നിലയില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു. 1969ല്‍ കുമാരസംഭവത്തിലൂടെ ശ്രീദേവി മലയാളത്തിലെത്തി. അതിലും വേഷം മുരുകന്‍ തന്നെ! മലയാള സിനിമയുടെ ചരിത്രത്തില്‍ വഴിത്തിരിവായ സിനിമയാണ് കുമാരസംഭവം. 1971ല്‍ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.

അനില്‍ കപൂര്‍, ശ്രീദേവി

ശ്രീദേവിയുടെ ബോളിവുഡ് അരങ്ങേറ്റത്തില്‍ നേരിട്ടല്ലെങ്കിലും ചെറിയൊരു മലയാള ബന്ധമുണ്ട്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചട്ടക്കാരിയുടെ ഹിന്ദി റീമേക്കായ ജൂലിയിലൂടെയാണ് ശ്രീദേവി ബോളിവുഡില്‍ എത്തിയത്, 1975ല്‍. ലക്ഷ്മി അവതരിപ്പിച്ച ജൂലിയുടെ അനിയത്തി ഐറീനായി.

ഹേമമാലിനി, കരീന കപൂര്‍, ഷാരൂഖ് ഖാന്‍, ജൂഹി ചാവ്‌ല എന്നിവര്‍ക്കൊപ്പം ശ്രീദേവി -ലക്‌സ് പരസ്യ ചിത്രീകരണം

വെറും 13 വയസ്സുള്ളപ്പോള്‍ അവര്‍ തമിഴില്‍ നായികയായി അരങ്ങേറി. കെ.ബാലചന്ദറിന്റെ സംവിധാനത്തില്‍ രജനീകാന്തിന്റെ നായികയായി മൂണ്‍റു മുടിച്ച്. രജനിയുടേത് ഇതില്‍ നെഗറ്റീവ് റോളായിരുന്നു എന്നു പറയാം. മലയാളത്തില്‍ പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത് കമലഹാസന്‍ നായകനായി അഭിനയിച്ച മറ്റൊരു സീത എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. മലയാളത്തിലെ നായകനായിരുന്ന കമല്‍ ഇതില്‍ ഉപനായകനായി.

ശ്രീദേവിയുടെ ശ്രദ്ധേയമായ അടുത്ത വേഷം വന്നപ്പോഴും കമലഹാസനും രജനീകാന്തും ഒപ്പമുണ്ടായിരുന്നു. ഭാരതീരാജയുടെ 16 വയതിനിലെ. ഈ സിനിമയുടെ ഹിന്ദി റീമേക്കായ സോല്‍വാ സാവനിലൂടെ 1979ല്‍ അമോല്‍ പാലേക്കറിന്റെ നായികയായി. 16 വയതിനിലെ വന്‍ ഹിറ്റായിരുന്നുവെങ്കിലും സോല്‍വാം സാവന്‍ അങ്ങനെ ആയിരുന്നില്ല.

സദ്മയില്‍ ശ്രീദേവി, കമലഹാസന്‍

ഒടുവില്‍ മറ്റൊരു റീമേക്കിലൂടെ തന്നെ ശ്രീദേവി ബോളിവുഡില്‍ സ്ഥാനമുറപ്പിച്ചു -തമിഴില്‍ കമലഹാസനും ശ്രീദേവിക്കുമൊപ്പം സില്‍ക്ക് സ്മിതയും തകര്‍ത്തഭിനയിച്ച മൂണ്‍റാം പിറയുടെ റീമേക്കായി 1983ല്‍ എത്തിയ സദ്മ. തമിഴിലെ താരങ്ങള്‍ തന്നെയായിരുന്നു ഹിന്ദിയിലും. ശ്രീദേവി അവതരിപ്പിച്ച 7 വയസ്സുകാരിയെപ്പോലെ പെരുമാറുന്ന യുവതിയായ രശ്മിയുടെ വേഷം പുരസ്‌കാരങ്ങളൊന്നും നേടിയില്ലെങ്കിലും പുതിയൊരു നായികയുടെ വരവറിയിച്ചു.

ബോളിവുഡിലെ നിര്‍മ്മാതാക്കള്‍ ശ്രീദേവിയുടെ വീട്ടിനു മുന്നില്‍ കാത്തിരിപ്പ് തുടങ്ങി. വെറും 20 വയസ്സായപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച മുതിര്‍ന്ന നടിയായി അവര്‍ മാറിയിരുന്നു. വൈജയന്തിമാലയ്ക്കും ഹേമമാലിനിക്കും ശേഷം തെക്കു നിന്നെത്തി വെന്നിക്കൊടി പാറിച്ച സൂപ്പര്‍താരമായി വൈകാതെ ശ്രീദേവി മാറി.

ശ്രീദേവി, ജിതേന്ദ്ര

സദ്മയ്ക്കു ശേഷം വന്ന ഹിമ്മത്‌വാല സൂപ്പര്‍ ഹിറ്റായിരുന്നു. ജിതേന്ദ്രയ്‌ക്കൊപ്പം ശ്രീദേവി ആദ്യമായി നായികയായ ചിത്രം. 1983നും 1988നുമിടയ്ക്ക് അവര്‍ 17 സിനിമകളില്‍ ജോഡികളായി അഭിനയിച്ചു!! 11 എണ്ണവും സൂപ്പര്‍ ഹിറ്റുകള്‍. ഇവയില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യന്‍ സിനിമകളുടെ റീമേക്കുകളായിരുന്നു. അക്കാലത്തെ വേഷവിതാനങ്ങള്‍ ശ്രീദേവിക്കൊരു വിളിപ്പേര് നേടിക്കൊടുത്തു -MissThunder Thighs!!

ഹിമ്മത്‌വാലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നീന്തല്‍ വേഷം

ആദ്യകാല റീമേക്കുകളില്‍ ജിതേന്ദ്രയുടെ പിന്നില്‍ നില്‍ക്കുന്നതില്‍ തൃപ്തയായിരുന്ന ശ്രീദേവി ക്രമേണ വളര്‍ന്നു. ഈ കാലത്താണ് നാഗിന്‍, മിസ്റ്റര്‍ ഇന്ത്യ പോലുള്ള സിനിമകള്‍ വരുന്നത്. എല്ലാം നിയന്ത്രിക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി അവര്‍ മാറി. ചാന്ദ്‌നി, ചാല്‍ബാസ്, ലംഹെ തുടങ്ങിയ സിനിമകളെ അവര്‍ ഒറ്റയ്ക്ക് ചുമലിലേറ്റി. പിന്നീട് ശ്രീദേവിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബാക്കിയെല്ലാം ചരിത്രം.

ഖുദാ ഗവാ

മെഗാ താരം അമിതാഭ് ബച്ചനൊപ്പം തനിക്കും തുല്യപ്രാധാന്യം വേണമെന്നു പറഞ്ഞ് ഖുദാ ഗവാ പോലുള്ള സിനിമകള്‍ നിരസിക്കുന്നിടത്തോളം അവര്‍ വളര്‍ന്നു. ഒടുവില്‍ ഖുദാ ഗവായില്‍ ബച്ചന്റെ നായികയായി അമ്മയുടെയും നാഗാര്‍ജുനയുടെ നായികയായി മകളുടെയും ഡബ്ള്‍ റോള്‍ ശ്രീദേവി അഭിനയിച്ചു!! റോളിന് പ്രാധാന്യമില്ല എന്ന പേരില്‍ വിഖ്യാതനായ ഒരു സംവിധായകനെ ശ്രീദേവി മടക്കി അയച്ചിട്ടുണ്ട് -സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ!! ചിത്രം ജുറാസിക് പാര്‍ക്ക്!!!

ഇംഗ്ലീഷ് വിംഗ്ലിഷ്‌

2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ തിരിച്ചെത്തിയപ്പോഴും ശ്രീദേവി പഴയ മാസ്മരികത ആവര്‍ത്തിച്ചു. ബോളിവുഡില്‍ ഒരു നായികയുടെ ഏറ്റവും വിജയകരമായ തിരിച്ചുവരവ് അവര്‍ക്കു മാത്രം സ്വന്തം. 2017ല്‍ മോം എന്ന ചിത്രത്തിലൂടെ വീണ്ടും അവര്‍ അത്ഭുതപ്പെടുത്തി. ബോളിവുഡ് നായികമാരില്‍ ഇത്രമാത്രം മികച്ച രീതിയില്‍ തമാശ കൈകാര്യം ചെയ്തിരുന്ന മറ്റൊരു നായിക നടി ഉണ്ടോ എന്ന കാര്യം സംശയമാണ്. മിസ്റ്റര്‍ ഇന്ത്യയിലെ ചാര്‍ളി ചാപ്ലിന്‍ രംഗം തന്നെ ഉദാഹരണം.

ചാല്‍ബാസ്‌

തികഞ്ഞ പ്രൊഫഷണലായ ശ്രീദേവി ആര്‍ക്കും പരാതിക്കിടകൊടുത്തില്ല. ചാല്‍ബാസിലെ നാ ജാനെ കഹാം സെ ആയീ ഹൈ എന്ന ഗാനരംഗത്തിന്റെ ചിത്രീകരണം തെളിവായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. 103 ഡിഗ്രി പനിയുമായിട്ടാണ് ശ്രീദേവി ആ മഴരംഗത്തില്‍ അഭിനയിച്ചത്. ചാല്‍ബാസിലെ ഡബ്ള്‍ റോളിന് ശ്രീദേവി മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടുകയും ചെയ്തു.

ശ്രീദേവി, അക്ഷയ് കുമാര്‍

ആദ്യമായി ബോളിവുഡിലെത്തിയപ്പോള്‍ ഒരു വാക്ക് ഹിന്ദിയില്‍ സംസാരിക്കാന്‍ അറിയില്ലായിരുന്ന ശ്രീദേവി 2 സിനിമകള്‍ കഴിഞ്ഞപ്പോഴേക്കും ഹിന്ദിയില്‍ സ്വയം ശബ്ദം നല്‍കുന്ന നിലയിലേക്ക് വളര്‍ന്നു. വളരെ മനോഹരമായി നൃത്തം ചെയ്ത് പല സിനിമകളിലും നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയ ശ്രീദേവി ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ലെന്ന് എത്ര പേര്‍ക്കറിയാം?

മാധുരിയെ താരറാണിയാക്കിയ ബേട്ടയിലെയും കജോളിനെ താരമാക്കിയ ബാസിഗറിലെയും റോളുകളിലേക്ക് ആദ്യം പരിഗണിച്ചത് ശ്രീദേവിയെയാണ്!! അജ്ഞാതമായ കാരണങ്ങളാല്‍ അതു നടക്കാതെ പോയി. താനഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട മികച്ച വേഷങ്ങള്‍ നാഗിന്‍, മിസ്റ്റര്‍ ഇന്ത്യ, ചാന്ദ്‌നി എന്നീ സിനിമകളിലേതാണ് ശ്രീദേവി പറഞ്ഞിട്ടുണ്ട്.

ഖുശി, ബോണി കപൂര്‍, ശ്രീദേവി, ജാഹ്നവി

ധഡക് എന്ന ചിത്രത്തിലൂടെ മൂത്തമകള്‍ ജാഹ്നവിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് വഴിയൊരുക്കുന്നതിനിടെയാണ് ശ്രീദേവിയെ മരണം കൂട്ടിക്കൊണ്ടുപോയത്. പക്ഷേ, മകള്‍ക്കൊപ്പം നില്‍ക്കാനായില്ലെന്ന് ശ്രീദേവിക്ക് ദുഃഖമുണ്ടാവില്ല. വീര്‍ സാംഗ്വിക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അവര്‍ തന്നെ ഇതു പറഞ്ഞിരുന്നു -‘എന്റെ അമ്മ എനിക്ക് വലിയ ബലമായിരുന്നു. അവരെ കണ്ടാല്‍ തന്നെ എനിക്ക് ആത്മവിശ്വാസം കൈവരുമായിരുന്നു. പക്ഷേ, ജാഹ്നവി എന്നെക്കണ്ടാല്‍ അപ്പോള്‍ പറയും അമ്മ നിന്നാല്‍ ശരിയാവില്ല, ആത്മവിശ്വാസം പോകുമെന്ന്. അപ്പോള്‍ എനിക്ക് ടെന്‍ഷനില്ല’.

വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി മിസ്റ്റര്‍ ഇന്ത്യ കാണണമെന്ന ആഗ്രഹം അടുത്തിടെ കലശലായി. ആമസോണില്‍ നിന്ന് ആ സിനിമയുടെ വീഡിയോ സിഡി തപ്പി കണ്ടുപിടിച്ച് സ്വന്തമാക്കിയിട്ട് അധികം ദിവസമായിട്ടില്ല. പക്ഷേ, ആ സിഡിയുടെ കവര്‍ പൊട്ടിക്കും മുമ്പ് പ്രിയ നായിക വിടവാങ്ങി. ദുബായില്‍ നിന്ന് സുഹൃത്തായ അനിലാണ് അതിരാവിലെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞത്. അവന്‍ പറഞ്ഞതു മുഴുവന്‍ കേട്ടിരുന്നതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. വളരെ അടുപ്പമുണ്ടായിരുന്ന ആരോ വിട്ടുപോയ പോലെ…

Previous articleകാടുജീവിതം
Next articleരാജ്യദ്രോഹം നാടകമല്ല
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here