അച്ചടക്കത്തിന്റെ ആള്‍രൂപമാണ് അദ്ധ്യാപകര്‍ എന്നാണ് സങ്കല്പം. കുറഞ്ഞപക്ഷം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളമെങ്കിലും അദ്ധ്യാപകര്‍ അങ്ങനെ തന്നെയാണ്. എന്നാല്‍, തങ്ങളുടേതായ ലോകത്ത് അദ്ധ്യാപകര്‍ എത്രമാത്രം അച്ചടക്കമുള്ളവരാണ്? ആ ചോദ്യത്തിന് പ്രസക്തിയില്ല. സാമൂഹികമായ കെട്ടുപാടുകളില്ലെങ്കില്‍ അച്ചടക്കത്തെക്കുറിച്ച് ആലോചിക്കാന്‍ ആര്‍ക്കാണ് സമയം? അങ്ങനെ വരുമ്പോള്‍ അച്ചടക്കരാഹിത്യത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമെല്ലാം സമന്മാര്‍ തന്നെ. പക്ഷേ, അദ്ധ്യാപകരുടെ അച്ചടക്കരാഹിത്യത്തിന് തീര്‍ച്ചയായും അതിര്‍ത്തികളുണ്ട്, പരിധികളുണ്ട്. അവര്‍ അത് കൃത്യമായി പാലിക്കുന്നുമുണ്ട്.

അദ്ധ്യാപകരുടെ അച്ചടക്കത്തെക്കുറിച്ചും അച്ചടക്കരാഹിത്യത്തെക്കുറിച്ചും പറയാന്‍ ഞാന്‍ ഒരു അദ്ധ്യാപകനല്ല. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില ക്ലാസ്സുകളില്‍ അദ്ധ്യാപക വേഷമണിഞ്ഞ പരിചയമുണ്ടെങ്കിലും ‘അദ്ധ്യാപകന്‍’ എന്ന പട്ടം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ എടുത്തണിയാനുള്ള യോഗ്യത കൈവരിച്ചിട്ടില്ല. എന്നാല്‍, അദ്ധ്യാപകര്‍ക്കൊപ്പം ഒരു ദിവസം പൂര്‍ണ്ണമായി ചെലവഴിക്കാന്‍ അവസരം കിട്ടി. ഇപ്പോള്‍ ഈ ചിന്തകള്‍ ഉണരാന്‍ കാരണം അതാണ്.

ഞാന്‍ അദ്ധ്യാപകനല്ലെങ്കിലും എന്റെ ഭാര്യ അദ്ധ്യാപികയാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലാണ് ജോലി. കോളേജിലെ സ്റ്റാഫ് ക്ലബ്ബ് വര്‍ഷത്തിലൊരിക്കല്‍ ഒരു വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്. കോളേജിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് പങ്കെടുക്കുക. ‘കുടുംബാംഗം’ എന്ന ബ്രാക്കറ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ ആ സംഘത്തിലേക്ക് എനിക്കും പ്രവേശനം ലഭിച്ചു. അതൊരു പുതിയ അനുഭവമാവും എന്നു തീരെ പ്രതീക്ഷിച്ചില്ല.

ഭാര്യയുടെ സഹപ്രവര്‍ത്തകരില്‍ ചിലരെല്ലാം പരിചയക്കാരാണ്. എങ്കിലും ചെറിയൊരു ആശങ്കയോടെയാണ് ആ സംഘത്തിലേക്കു കടന്നുചെന്നത്. അവര്‍ സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയുമൊക്കെ ബൗദ്ധികരംഗങ്ങളില്‍ വിഹരിക്കുന്ന യഥാര്‍ത്ഥ ബുദ്ധിജീവികള്‍. ഈയുള്ളവനോ ബുദ്ധിജീവി ‘ജാഡ’ മറയാക്കി, പല കാര്യങ്ങളെക്കുറിച്ചുമുള്ള അടിസ്ഥാന വിവരം വെച്ച് ഗിമ്മിക്കു കാട്ടി ജീവിക്കുന്ന ഒരു സാദാ മാധ്യമപ്രവര്‍ത്തകന്‍. ഈ ‘അടിസ്ഥാന വിവരം’ എന്നു പറയുന്നത് പല കാര്യങ്ങളിലും വിവരമില്ലായ്മ അഥവാ ശുദ്ധ വിവരക്കേടാണു താനും. വാ തുറന്നാല്‍ അബദ്ധമാകുമോ, പുറംമോടി പൊളിയുമോ, ഭാര്യയ്ക്കു നാണക്കേടാവുമോ എന്നൊക്കെയുള്ള ഭീതി എന്നെ അലട്ടി.

രാവിലെ 7 മണിക്ക് യാത്ര പുറപ്പെടും എന്നാണ് പറഞ്ഞിരുന്നത്. അദ്ധ്യാപകരായതിനാല്‍ സമയനിഷ്ഠ കൃത്യമായി പാലിക്കും. 6.56ന് ഓടിപ്പിടഞ്ഞ് കോളേജിലെത്തിയപ്പോള്‍ ബസ് പുറപ്പെട്ടിട്ടുണ്ടാവും എന്ന ഭയമായിരുന്നു. എന്നാല്‍, സംഘാടകര്‍ പലരുമെത്തിയത് ഞങ്ങള്‍ എത്തി പിന്നെയും വളരെക്കഴിഞ്ഞ്. അദ്ധ്യാപകരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ആദ്യത്തേത് അവിടെപ്പൊളിഞ്ഞു. ‘8 മണിയാവുമ്പോള്‍ മാത്രമേ പുറപ്പെടാന്‍ പറ്റുകയുള്ളൂ എന്നറിയാം സാറേ. വെറുതെ എന്തിനാ തിരക്കുകൂട്ടുന്നേ’ -ഒരു അദ്ധ്യാപക സുഹൃത്തിന്റെ വിശദീകരണം കേട്ട് ഞാന്‍ കണ്ണുമിഴിച്ചു. ‘അപ്പ ഇവരും നുമ്മ സൈസ് തന്നെ കേട്ടാ..’ പക്ഷേ, 8 മണി ആയില്ല, 7.30ന് തന്നെ എല്ലാം തയ്യാറായി.

ബസ് പുറപ്പെട്ടു. എല്ലാവരും വളരെ ഗൗരവത്തിലാണ്. വല്ലപ്പോഴും കുട്ടികളുടെ കലപില ശബ്ദം മാത്രം. ഇടയ്ക്ക് വഴിയില്‍ നിന്ന് ചില അദ്ധ്യാപകര്‍ കുടുംബസമേതം കയറുമ്പോള്‍ ആളനക്കം. ദൈവമേ, ഈ ദിവസത്തിന്റെ കാര്യം തീരുമാനമായി! നേരെ പാലോട് ബൊട്ടോണിക്കല്‍ ഗാര്‍ഡനിലേക്കാണ്. ഇടയ്ക്ക് ആരോ ചോദിച്ചു -‘ഒരുഷാറില്ലല്ലോ’. ‘രാവിലെ കാപ്പി കുടിക്കാത്തതിന്റെ പ്രശ്‌നമാ, ഊര്‍ജ്ജം വരുമ്പോള്‍ ശരിയാകും’ -മറുപടിയില്‍ ചെറിയ പ്രതീക്ഷ.

പാലോട് ഗാര്‍ഡനിലെ ക്യാന്റീനില്‍ പ്രഭാതഭക്ഷണത്തോടെ തന്നെ ‘അരസികന്മാരായ’ അദ്ധ്യാപകര്‍ എത്രമാത്രം കാര്യപ്രാപ്തിയുള്ളവരാണെന്നു വ്യക്തമായി. ആവശ്യമായ ഭക്ഷണം കോളേജ് ക്യാന്റീനില്‍ നിന്ന് തയ്യാറാക്കിച്ചു കൊണ്ടുവന്നിരുന്നു. കൃത്യമായി ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് മേശപ്പുറത്തെത്തി. ആര്‍ക്കും പരാതികളില്ല. ഭക്ഷണം പാഴാക്കുന്നില്ല. ഭക്ഷണം കഴിഞ്ഞ് ഒഴിഞ്ഞ പാത്രങ്ങള്‍ കഴുകി തിരികെ ബസ്സിലെത്തിക്കുവരെ എല്ലാം കിറുകൃത്യം. പിന്നീട് ഉച്ചഭക്ഷണ സമയത്തും വൈകുന്നേരം ചായ കുടിക്കുന്ന വേളയിലുമെല്ലാം ഇത് ആവര്‍ത്തിച്ചു. ഭക്ഷണക്കാര്യത്തില്‍ മാത്രമല്ല കൃത്യത, ഓരോ സ്ഥലത്തും ഇറങ്ങുന്നതും ടിക്കറ്റെടുക്കുന്നതും അകത്തുകയറുന്നതും ഇറങ്ങുന്നതുമെല്ലാം ഇതുപോലെ തന്നെ. അദ്ധ്യാപകര്‍ മികച്ച ടൂര്‍ ഓപ്പറേറ്റര്‍മാരാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ‘വ്യത്യസ്തനായൊരു ബാര്‍ബറാം ബാലനെ സത്യത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു’ എന്ന പോലെ.

പ്രാതല്‍ കഴിഞ്ഞ് ബൊട്ടോണിക്കല്‍ ഗാര്‍ഡനിലെ കറക്കവും കൂടിയായതോടെ സംഘാംഗങ്ങള്‍ക്കിടയിലെ മഞ്ഞുരുകി. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ചെറുതാണെങ്കിലും സൗഹൃദം ഉടലെടുത്തു. അതിലേക്കുള്ള നടപടിക്രമങ്ങള്‍ കുട്ടികള്‍ ആയാസരഹിതമാക്കി എന്നു പറയുന്നതാകും സത്യം. തിരികെ ബസ്സിലെത്തിയപ്പോള്‍ യാത്രാസംഘത്തിന്റെ രൂപഭാവങ്ങള്‍ പാടെ മാറിയിരുന്നു. അച്ചടക്കത്തെക്കുറിച്ച് തുടക്കത്തില്‍ കുറിച്ച ചിന്തകള്‍ എന്നിലുണര്‍ത്തിയത് ആ ഭാവമാറ്റമാണ്.

പാട്ടുകള്‍, കവിതകള്‍… മൈക്ക് കൈയില്‍ കിട്ടിയതോടെ പലരുടെയും പുതിയ രൂപം ദൃശ്യമായി. പക്ഷേ, കുട്ടികള്‍ക്കായിരുന്നു മുതിര്‍ന്നവരെക്കാള്‍ നിലവാരം. സ്വന്തം നിമിഷകവിത മുതല്‍ കാവാലം നാരായണപ്പണിക്കരുടെ ‘കുമ്മാട്ടി’ വരെ കുട്ടികളിലൂടെ ബസ്സിനുള്ളിലെത്തി. മുതിര്‍ന്നവരില്‍ പലര്‍ക്കും താടിനരയ്ക്കാത്ത യേശുദാസിന്റെ ഹാങ്ങോവര്‍. ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ആണല്ലോ പുതിയ സ്റ്റൈല്‍.

ഇടയ്ക്ക് ഭാഷ മലയാളത്തില്‍ നിന്ന് ഹിന്ദി ആയി. മൗനികളായിരുന്ന പലരും ഗായകരൂപം പൂണ്ടപ്പോള്‍ അതുവരെ ബഹളക്കാരായിരുന്ന പലരും മാളത്തില്‍ ഒളിക്കുന്നതും കണ്ടു. ബസ്സിന്റെ പിന്‍ഭാഗത്ത് ‘മുറിഞ്ഞപാലം മുട്ടക്കറി ബാന്‍ഡ് ട്രൂപ്പ്’ ഉദയമെടുത്തു. അതിനവര്‍ കരുവാക്കിയത് ഭരതന്റെ ‘ചമയ’ത്തിലെ പ്രശസ്തമായ ‘അന്തിക്കടപ്പുറത്ത്..’ ഉത്തരവാദിത്തപ്പെട്ട അദ്ധ്യാപകര്‍ എന്ന ഇരുമ്പുപുറംചട്ട പൊളിച്ചെറിഞ്ഞ് അവരൊക്കെ പച്ച മനുഷ്യരായി മാറുന്നതു കണ്ടപ്പോള്‍ പെരുത്ത് സന്തോഷം. അച്ചടക്കരാഹിത്യത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍.

ശെന്തുരുണി വന്യമൃഗ സങ്കേതവും തെന്മല ഇക്കോപാര്‍ക്കുമെല്ലാം നേരത്തേ സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളാണ്. എന്നാല്‍, പുതിയ കൂട്ടുകാരുമൊത്ത് പോകുമ്പോള്‍ പഴയ സ്ഥലങ്ങള്‍ പുത്തന്‍ അനുഭവം സമ്മാനിക്കുന്നു. പ്രത്യേകിച്ചും ഒപ്പമുള്ള കുരുന്നുകള്‍. ഒരു കൂട്ടത്തിന്റെ ഭാഗമായുള്ള കണ്ണന്റെ ആദ്യ യാത്രയായിരുന്നു ഇത്. ജനിച്ചപ്പോള്‍ മുതല്‍ ലഭിച്ച പ്രത്യേക ശ്രദ്ധയുടെ ഭാഗമായി കാറില്‍ മാത്രം സഞ്ചരിച്ചു ശീലിച്ചിട്ടുള്ള അവന്റെ ആദ്യ ബസ് യാത്ര. ചെറിയൊരു ആശങ്കയോടെയാണ് കണ്ണനുമൊപ്പം വിനോദയാത്രയ്ക്കു തീരുമാനമെടുത്തത്. എന്നാല്‍, ആ ആശങ്കകളെല്ലാം അവന്‍ അസ്ഥാനത്താക്കി. ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കുമൊപ്പം യാത്ര ഏറ്റവുമധികം ആസ്വദിച്ചത് കണ്ണന്‍ തന്നെ, വിശേഷിച്ചും ഒരു മണിക്കൂര്‍ ബോട്ട് യാത്ര.

രാത്രി 9 മണിയോടെ പുറപ്പെട്ട സ്ഥാനത്ത് തിരിച്ചെത്തുമ്പോള്‍ യാത്ര ഇത്രവേഗം അവസാനിച്ചോ എന്ന ചിന്തയായിരുന്നു മറ്റെല്ലാവര്‍ക്കുമെന്ന പോലെ എനിക്കും. ‘അപരിചിതര്‍’ തുടങ്ങിയ യാത്ര ‘സുഹൃത്തുക്കള്‍’ അവസാനിപ്പിച്ചു. ഈ യാത്ര സമ്മാനിച്ച ഊഷ്മളത കോളേജിലെ സഹപ്രവര്‍ത്തകരുടെ സഹകരണത്തില്‍ പുതിയ തലങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്. ബുദ്ധിജീവികളെ പേടിക്കേണ്ട കാര്യമില്ലെന്നും അവരെ നിഷ്പ്രയാസം ‘കൈകാര്യം’ ചെയ്യാമെന്നും പഠിക്കാനായത് എന്റെ നേട്ടം. ഒപ്പം ഭാര്യയുടെ പിറന്നാളാഘോഷം യാത്രയ്ക്കിടയില്‍ അരങ്ങേറിയതിനാല്‍ ആ വകയിലുള്ള സാമ്പത്തികലാഭവും! സൗഹൃദങ്ങള്‍ക്കു ബലമേകാന്‍ നമുക്ക് അച്ചടക്കരാഹിത്യം പ്രോത്സാഹിപ്പിക്കാം.

FOLLOW
 •  
  47
  Shares
 • 35
 • 6
 •  
 • 6
 •  
 •