ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ 22 സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ല. അങ്ങേയറ്റം ദാരുണമായ സംഭവം. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യം ഒറ്റക്കെട്ടായി ഇതിനെ അപലപിച്ചു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും മമത ബാനര്‍ജിയുടെയും ഉപദേശകനുമാണ് പ്രശാന്ത് കിഷോര്‍. അദ്ദേഹവുമായി അടുത്തിടെ ഇന്ത്യാ ടുഡേയിലെ രാഹുല്‍ കന്‍വല്‍ ഒരു അഭിമുഖം നടത്തിയിരുന്നു. ബംഗാളില്‍ ബി.ജെ.പി. 100 സീറ്റ് കടക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ രാജിവെയ്ക്കുമെന്നും പ്രശാന്ത് പ്രഖ്യാപിക്കുകയാണ്. അപ്പോള്‍ രാഹുല്‍ ചോദിക്കുന്നു ഏതെങ്കിലും സാഹചര്യത്തില്‍ ബി.ജെ.പി. 100 സീറ്റ് കടക്കാനിടയുണ്ടോ എന്ന്.

പ്രശാന്തിന്റെ മറുപടി ശ്രദ്ധിക്കണം -“ഒരേ ഒരു കാര്യം. ഇവിടെ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കു നേരെയുള്ള അക്രമം പോലെ എന്തെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍. അതിനു മാത്രമാണ് ഇവിടെ കാര്യങ്ങള്‍ മാറ്റിമറിക്കാനാവുക. ഞാന്‍ അങ്ങേയറ്റം സത്യസന്ധതയോടെ തുറന്നുപറയുകയാണ്.”

പ്രശാന്തിന്റെ വാക്കുകളും ഇപ്പോഴുണ്ടായ ദാരുണ സംഭവവുമായി ചേര്‍ത്തുനിര്‍ത്തുമ്പോള്‍ സിരകളിലൂടെ വല്ലാത്തൊരു ഭീതിയും അമര്‍ഷവും ഇരമ്പിക്കയറുന്നില്ലേ? 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പുണ്ടായ പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നു പാകിസ്താനില്‍ നടത്തിയ ‘മിന്നലാക്രമണ’വും അതിനു ശേഷം ബി.ജെ.പി. നടത്തിയ ദേശസ്നേഹോദ്ദീപക പ്രചാരണവും ഓര്‍മ്മ വരുന്നുണ്ടോ? പുല്‍വാമയെക്കുറിച്ച് പിന്നീടുയര്‍ന്ന ആരോപണങ്ങള്‍ സുക്മയെക്കുറിച്ചും ആവര്‍ത്തിക്കുമോ?

ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചുകഴിഞ്ഞു. അസമിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഏതു നിമിഷവും എന്തും സംഭവിക്കാം…

ഇതൊരു സംശയം മാത്രമാകാം. പക്ഷേ, തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയമാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്നവരാവുമ്പോള്‍ സംശയം സ്വാഭാവികം!!

 •  
  1.3K
  Shares
 • 1.3K
 • 28
 •  
 • 29
 •  
 •  
 •  
Previous articleആരോപണവും താരതമ്യവും
Next articleതിരുവനന്തപുരത്തെ കാണാച്ചുഴികള്‍
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS