ശ്രീബാല കെ.മേനോന് മികച്ച നവാഗത സംവിധായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ലൗ 24×7 എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാവുന്ന രംഗം. നിഖില അവതരിപ്പിക്കുന്ന നായിക കഥാപാത്രമായ കബനി കാര്‍ത്തിക വാര്‍ത്ത വായിക്കുകയാണ്. ഇടയ്ക്ക് പ്രൊഡ്യൂസര്‍ അറിയിക്കുന്നു ഒരു അപകടവാര്‍ത്ത വന്നിട്ടുണ്ട്, അതിനാല്‍ തല്‍ക്കാലം ചര്‍ച്ച ഇടയ്ക്കു നിര്‍ത്തി അതിന്റെ വിഷ്വലിലേക്കു പോകുകയാണെന്ന്. സാധാരണ ഏതൊരു അപകടവേളയിലും സംഭവിക്കുന്നതു പോലെ യാന്ത്രികമായാണ് കബനി മുന്നിലെ മോണിറ്ററിലേക്കു നോക്കുന്നത്. അവിടെ അവള്‍ കണ്ടത് ചോരയില്‍ കുളിച്ചു മരിച്ചുകിടക്കുന്ന സ്വന്തം അമ്മാവനെ. സകല നിയന്ത്രണവും വിട്ട അവള്‍ റീഡര്‍ സീറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് ചാടിയിറങ്ങുന്നു. കബനിയുടെ മുഖഭാവം ശ്രദ്ധിക്കുന്ന ലെന അവതരിപ്പിക്കുന്ന സീനിയര്‍ ന്യൂസ് എഡിറ്റര്‍ കഥാപാത്രം ഓടിവന്ന് അവളെ താങ്ങുകയാണ്. തല്‍ക്കാലം പ്രമോ പ്ലേ ചെയ്യാനും വാര്‍ത്ത വായിക്കാന്‍ മറ്റൊരാളെ നിയോഗിക്കാനും ന്യൂസ് എഡിറ്റര്‍ നിര്‍ദ്ദേശം നല്‍കുന്നിടത്താണ് സീന്‍ അവസാനിക്കുന്നത്.

love 24-7.png

ഇത് സിനിമാക്കഥ. മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സുപ്രീത് കൗര്‍ എന്ന പേര് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നതും അതിനാല്‍ത്തന്നെയാണ്. ഭര്‍ത്താവിന്റെ അപകടമരണ വാര്‍ത്ത തത്സമയം ലോകത്തെ അറിയിക്കേണ്ടി വന്ന ഹതഭാഗ്യ. പക്ഷേ, വ്യക്തിപരമായ നഷ്ടത്തെക്കുറിച്ചുള്ള വ്യഥ മറികടന്ന് മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള ഉത്തരവാദിത്വബോധം പരിപൂര്‍ണ്ണതയോടെ സുപ്രീത് നിറവേറ്റി.

Supreet-Kaur
സുപ്രീത് കൗര്‍

കഴിഞ്ഞ 9 വര്‍ഷമായി ഛത്തീസ്ഗഢിലെ ഐ.ബി.സി.-24 ചാനലിലെ ന്യൂസ് ആങ്കറാണ് 28കാരിയായ സുപ്രീത് കൗര്‍. ശനിയാഴ്ച രാവിലെ 10 മണി ബുള്ളറ്റിന്‍ വായിക്കുന്നതിനിടെയാണ് മഹാസമുന്ദ് ജില്ലയിലെ പിതാരയില്‍ റെനോ ഡസ്റ്റര്‍ അപകടത്തില്‍പ്പെട്ട് വാഹനത്തിലുണ്ടായിരുന്ന 5 യുവാക്കളില്‍ 3 പേര്‍ തല്‍ക്ഷണം മരിച്ച വാര്‍ത്ത വന്നത്. ആ വാര്‍ത്ത വായിച്ച സുപ്രീത്, റിപ്പോര്‍ട്ടര്‍ ധനഞ്ജയ് ത്രിപാഠിയില്‍ നിന്ന് ടെലി-ഇന്‍ വിവരങ്ങള്‍ക്ക് ചോദ്യങ്ങളും ഉന്നയിച്ചു. അപകടത്തില്‍പ്പെട്ടവരുടെ പേരുകളൊന്നും പറഞ്ഞില്ലെങ്കിലും ധനഞ്ജയ് നല്‍കിയ വിവരങ്ങളില്‍ നിന്ന് അത് തന്റെ ഭര്‍ത്താവ് സഞ്ചരിച്ച വാഹനമാകാനിടയുണ്ടെന്ന് സുപ്രീതിനു മനസ്സിലായി. ഭിലായ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍ എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിവരം. അപകടമുണ്ടായ അതേ പാതയില്‍ തന്റെ ഭര്‍ത്താവ് ഹര്‍സദ് കവാദെ 4 സുഹൃത്തുക്കള്‍ക്കൊപ്പം ഡസ്റ്ററില്‍ സഞ്ചരിക്കുന്ന കാര്യം അവര്‍ക്ക് നന്നായറിയാമായിരുന്നു.

Supreet-Kaur2
സുപ്രീത് കൗര്‍

സുപ്രീതും ഹര്‍സദുമായുള്ള വിവാഹം നടന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. റായ്പുരിലായിരുന്നു ദമ്പതികളുടെ താമസം. ഏതൊരാളും തകര്‍ന്നു പോകുന്ന അവസ്ഥ. പക്ഷേ, അവര്‍ വാര്‍ത്താവായന തുടര്‍ന്നു. സുപ്രീത് വാര്‍ത്താ അവതരണം തുടരുമ്പോള്‍ത്തന്നെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചിരുന്നു, മരിച്ചവരില്‍ ഒരാള്‍ അവരുടെ ഭര്‍ത്താവാണെന്ന്. എന്നാല്‍, സുപ്രീതിനു വിവരം കൈമാറാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ന്യൂസ് അവര്‍ അവതരണം പൂര്‍ത്തിയാക്കി സ്റ്റുഡിയോയില്‍ നിന്നു പുറത്തുകടന്നതോടെ സുപ്രീത് അതുവരെ പിടിച്ചുനിര്‍ത്തിയിരുന്ന ദുഃഖം അണപൊട്ടി. അപകടവാര്‍ത്ത ബന്ധുക്കളെ വിളിച്ച് അറിയിച്ചത് സുപ്രീത് തന്നെ. എന്നിട്ടവര്‍ അപകടസ്ഥലത്തേക്കു പുറപ്പെട്ടു. ഇതെല്ലാം കണ്ട് മരവിച്ചു നില്‍ക്കുകയായിരുന്നു ഐ.ബി.സി.-24ലെ മറ്റു സഹപ്രവര്‍ത്തകര്‍. ജീവിതവഴിയില്‍ സുപ്രീതും കൈക്കുഞ്ഞായ മകളും മാത്രം ബാക്കി.

padmavathi
‘സ്വപ്‌ന വാസവദത്ത’യിലെ പദ്മാവതിയായി ഗീതാ ബനുഷി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലെ വേദിയില്‍

ഏതൊരു തൊഴിലിലും ഇത്തരം പ്രതിസന്ധികള്‍ ഉടലെടുക്കാം. അടുത്തിടെ തിരുവനന്തപുരത്തു നടന്ന ദേശീയ നാടകോത്സവത്തില്‍ സുഹൃത്തായ പ്രശാന്ത് നാരായണന്റെ ‘സ്വപ്‌ന വാസവദത്ത’ എന്ന കന്നഡ നാടകം അരങ്ങേറിയിരുന്നു. കര്‍ണ്ണാടക സര്‍ക്കാരിനു കീഴില്‍ ധാര്‍വാഡില്‍ പ്രവര്‍ത്തിക്കുന്ന രംഗായണയാണ് അവതരിപ്പിച്ചത്. ഇതില്‍ ഉദയനനും വാസവദത്തയ്ക്കുമൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് പദ്മാവതി. വളരെ സന്തോഷവതിയായ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയുടെ മുഖത്ത് ഞാന്‍ കാണുമ്പോള്‍ ദുഃഖം തളംകെട്ടി നില്‍ക്കുന്നു. കിട്ടൂര്‍ സ്വദേശിനി ഗീത ബനുഷിയായിരുന്നു ആ നടി. ‘ആ കുട്ടിയെന്താ ഇങ്ങനെ’ എന്ന് പ്രശാന്തിനോടു തന്നെ ചോദിച്ചു. അതിനു പ്രശാന്ത് നല്‍കിയ ഉത്തരം കേട്ട് ഞാന്‍ തരിച്ചുനിന്നു -‘ഗീത നല്ല നടിയാണ്, തര്‍ക്കമില്ല. അവളുടെ അച്ഛന്‍ മരിച്ചിട്ട് 3 ദിവസമേ ആയിട്ടുള്ളൂ!!’

rishabh-pant759
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ഋഷഭ് പന്ത് സിക്‌സര്‍ നേടുന്നു

അച്ഛന്റെ ചിതയണയും മുമ്പ് ലോകകപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കാനിറങ്ങി സെഞ്ച്വറി നേടി ആദരാഞ്ജലി അര്‍പ്പിച്ച സച്ചിന്‍ തെണ്ടുല്‍ക്കറെ നമ്മള്‍ വാഴ്ത്താറുണ്ട്. ഇതുപോലെ തന്നെ പിതാവിന്റെ വിയോഗദുഃഖം അവഗണിച്ച് ഡല്‍ഹിക്കുവേണ്ടി രഞ്ജി മത്സരം കളിക്കാനിറങ്ങിയ ഇപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വീരകഥയും നാമറിയും. കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി ഒറ്റയ്ക്കു പൊരുതിയ ഋഷഭ് പന്ത് എന്ന ചെറുപ്പക്കാരനും പറയാനുള്ളത് സമാനകഥ തന്നെ. രാവിലെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് രാത്രി 8ന് ഋഷഭ് കളത്തിലിറങ്ങിയത്. 36 പന്തില്‍ നിന്ന് 3 ഫോറും 4 സിക്‌സറുമടക്കം 57 റണ്‍സെടുത്ത് അവന്‍ പൊരുതിയെങ്കിലും ഡല്‍ഹി 15 റണ്‍സിന് തോറ്റു.

ഇതെല്ലാമാണെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ വ്യത്യസ്തമാണ്. ഏതു ദുരന്തഭൂവിലും മരണത്തിന്റെ കണക്കെടുക്കാനും കാരണങ്ങള്‍ പരതാനും വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍. ഇത് ഞങ്ങളുടെ തൊഴിലാണ്, അന്നമാണ്. മനസ്സുമരവിക്കുന്ന രംഗങ്ങള്‍ തുടര്‍ച്ചയായി കണ്ട് നിര്‍വ്വികാരത ബാധിച്ചിരിക്കുന്നു. കടലുണ്ടി തീവണ്ടി ദുരന്തവും കരിക്കകത്തെ സ്‌കൂള്‍ ബസ് അപകടവുമെല്ലാം ഇപ്പോഴുമെന്റെ സ്വപ്‌നങ്ങളില്‍ വന്ന് ഇടയ്‌ക്കൊക്കെ ഭയപ്പെടുത്താറുണ്ട്. ഇതൊക്കെ ഒരു പരിചയവുമില്ലാത്തവരുടെ കാര്യം. എന്നാല്‍, അടുത്ത ബന്ധുവും സുഹൃത്തുമായ ഒരാളുടെ മരണത്തിന് ആളെ തിരിച്ചറിയാതെ സാക്ഷിയാകേണ്ടി വന്നതിന്റെ നടുക്കം ജീവിതകാലം മുഴുവനും വിട്ടുമാറില്ല.

തീയതി കൃത്യമായി പറഞ്ഞാല്‍ 2008 ഏപ്രില്‍ 7. മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ജോലി ചെയ്യുന്ന കാലം. ഒരു എക്‌സ്‌ക്ലൂസീവ് വാര്‍ത്ത തേടി രാജ്ഭവനു മുന്നിലെ കെസ്റ്റണ്‍ റോഡിലുള്ള വ്യവസായ വികസന കോര്‍പ്പറേഷനിലെ സുഹൃത്തിനെ കാണാനാണ് സ്ഥലത്തെത്തിയത്. രാവിലെ 10 മണിയാകാറായിക്കാണും. സുഹൃത്ത് എത്താന്‍ വൈകിയതിനാല്‍ സമീപത്തെ തട്ടുകടയില്‍ ഒരു ചായയും കുടിച്ച് നില്‍ക്കുമ്പോഴാണ് വലിയൊരു ശബ്ദവും നിലവിളിയും കേട്ടത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്വാഭാവികമായി ചെയ്യുന്നതു പോലെ ശബ്ദം കേട്ടിടത്തേക്കോടി. ദൂരെ നിന്നു തന്നെ അപകടമാണെന്നു മനസ്സിലായി. ഓട്ടത്തിനിടെ തന്നെ ഫൊട്ടോഗ്രാഫര്‍ ജി.ശിവപ്രസാദിനെ വിളിച്ച് സ്ഥലത്തെത്താന്‍ പറഞ്ഞു. അന്നേതു പരിപാടിക്കും എനിക്ക് കൂട്ട് ശിവനാണ്. അതിനാലാണ് അവനെ വിളിച്ചത്.

നോക്കിയപ്പോള്‍ ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സ് നടപ്പാതയിലേക്കു കയറി മരത്തിലിടിച്ചു നില്‍ക്കുന്നു. ആഘാതത്തില്‍ മുന്നോട്ടാഞ്ഞ് കമ്പിയിലിടിച്ച് യാത്രക്കാരില്‍ ചിലരുടെ തല പൊട്ടിയിട്ടുണ്ട്. മറ്റു ചിലര്‍ വീണു പരിക്കേറ്റിരിക്കുന്നു. അവരെ ആസ്പത്രിയിലെത്തിക്കാന്‍ കിട്ടാവുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുകയാണ് നാട്ടുകാര്‍. പക്ഷേ, അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ബസ്സിനുള്ളില്‍ പരിക്കേറ്റവരെ ശ്രദ്ധിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ബസ്സിന്റെ മുന്‍ഭാഗത്ത് എന്തോ നോക്കി നില്‍ക്കുന്നു. ഇടയിലൂടെ ഞാനും നുഴഞ്ഞുകയറി. അവിടത്തെ കാഴ്ച വല്ലാത്ത ഭീതിയുണര്‍ത്തി. മരത്തിനും ബസ്സിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഒരു മനുഷ്യന്‍, മുഴുവന്‍ ചോരയില്‍ കുളിച്ച്. ആളെ തിരിച്ചറിയാനാവുന്നില്ല. ബസ് മാറ്റാതെ ഒന്നും ചെയ്യാനാവില്ല. എല്ലാവരും നിസ്സഹായര്‍. നിമിഷങ്ങള്‍ക്കകം അഗ്നിസേന സ്ഥലത്തെത്തി. ബസ് പിന്നിലേക്ക് വലിച്ചുനീക്കി. അപകടത്തില്‍പ്പെട്ടയാളെ ഉയര്‍ത്താന്‍ എല്ലാവരും ശ്രമിക്കുമ്പോള്‍ അറിയാതെ എന്റെ കൈയും ഉയര്‍ന്നു, താങ്ങുന്നതിനായി. ആംബുലന്‍സില്‍ ആ മനുഷ്യനെ എടുത്തു കയറ്റുമ്പോള്‍ ആ കണ്ണുകള്‍ എന്നെ നോക്കി. ‘ദൈവമേ, ഈ ജീവന്‍ രക്ഷിക്കണേ’ എന്നു പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്കു സാധിക്കുമായിരുന്നുള്ളൂ.

ഒരു അപകടമുണ്ടായാല്‍ അതിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ സാധാരണ നിലയില്‍ പങ്കാളിയാവാറില്ല. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകാതിരിക്കാന്‍ പരമാവധി ശ്രമിക്കും എന്നതാണ് പതിവ്. പക്ഷേ, ഇതില്‍ എന്തുകൊണ്ടാണെന്നറിയില്ല ആ പതിവ് തെറ്റിച്ചു നേരിട്ട് പങ്കാളിയായി. അതിനൊരു കാരണമുണ്ടായിരുന്നു എന്നു മനസ്സിലാക്കിയത് വളരെ കഴിഞ്ഞാണ്. അപകടസ്ഥലത്തു നിന്ന് തിരികെ ചായത്തട്ടിലെത്തി അവിടെ നിന്ന് വെള്ളം വാങ്ങി കൈയിലെ രക്തം കഴുകി. വ്യവസായ വകുപ്പിലെ സുഹൃത്തിനെ കണ്ട് വാര്‍ത്തയുമെടുത്ത് തിരിച്ചപ്പോള്‍ മണി 11 കഴിഞ്ഞു. വഞ്ചിയൂരിലുള്ള ഓഫീസിനു മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ഇറങ്ങാനൊരുങ്ങുമ്പോള്‍ ഭാര്യയുടെ അമ്മ സേതുലക്ഷ്മിയുടെ ഫോണ്‍ -‘ശ്യാമേ.. നമ്മുടെ ജയയുടെ ഭര്‍ത്താവ് മുരളി മരിച്ചു.’ ഇന്നത്തെ ദിവസം മുഴുവന്‍ മോശമാണല്ലോ എന്ന ചിന്തയുമായി ഞാന്‍ ചോദിച്ചു -‘അയ്യോ, എപ്പോള്‍.’ ‘അല്പം മുമ്പ് വെള്ളയമ്പലത്ത് ഒരു ആക്‌സിഡന്റുണ്ടായി. ബസ്സിടിച്ചുവെന്നാ കേട്ടത്. മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കു മരിച്ചിരുന്നുവെന്നാ അറിഞ്ഞത്’ -അമ്മയുടെ വാക്കുകള്‍ മുഴുവന്‍ കേട്ടില്ല. തലച്ചോറില്‍ കൊള്ളിയാന്‍ മിന്നി. ഭാര്യ ദേവികയുടെ അടുത്ത ബന്ധുവാണ് ജയച്ചേച്ചി. ആ വകയില്‍ മുരളിച്ചേട്ടനുമായി അടുത്ത സൗഹൃദമുണ്ട്. ആംബുലന്‍സില്‍ എന്നെ നോക്കിയ ആ കണ്ണുകളുടെ അര്‍ത്ഥം പെട്ടെന്ന് തിരിച്ചറിഞ്ഞു. ആകെ മരവിപ്പ്. മുകളിലേക്കുള്ള പടി കയറി സീറ്റിലിരുന്നതു മാത്രം ഓര്‍മ്മയുണ്ട്. സ്ഥലകാലബോധം തിരിച്ചുപിടിക്കാന്‍ അര മണിക്കൂര്‍ വേണ്ടി വന്നു.

പെട്ടെന്നു തന്നെ മെഡിക്കല്‍ കോളേജില്‍ വിളിച്ച് അപകടത്തില്‍ പരിക്കേറ്റവരുടെ വിശദാംശങ്ങളെടുത്തു. മുരളിച്ചേട്ടന്റെ അച്ഛന്‍, അമ്മ സഹോദരങ്ങള്‍ എന്നിവരുടെയും വിശദാംശങ്ങളെടുത്തു. കണ്ട സംഭവങ്ങളും കിട്ടിയ വിവരങ്ങളും അടുക്കിവെച്ച് ക്ഷണവേഗത്തില്‍ വാര്‍ത്തയെഴുതി, പ്രിന്റെടുത്തു. ബ്യൂറോ ചീഫ് ടി.അരുണ്‍കുമാര്‍ എന്ന അരുണ്‍ ചേട്ടന് വാര്‍ത്ത കൈമാറിയ ശേഷം ഇത്രമാത്രം പറഞ്ഞു -‘ഭാര്യയുടെ അടുത്ത ബന്ധുവാണ് മരിച്ചത്, പോകണം.’ അരുണ്‍ ചേട്ടന്‍ കൂടുതലൊന്നും ചോദിച്ചില്ല, പോകാന്‍ അനുമതി നല്‍കി. ഇതാണ് ആ വാര്‍ത്ത.

നിയന്ത്രണം വിട്ട ബസ്സിടിച്ച്
അഭിഭാഷകന്‍ മരിച്ചു

തിരുവനന്തപുരം: കാറുമായി കൂട്ടിയിടിക്കുന്നതൊഴിവാക്കാന്‍ വെട്ടിത്തിരിച്ചപ്പോള്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് ബൈക്ക് യാത്രക്കാരനായ അഭിഭാഷകന്‍ മരിച്ചു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍, തൈക്കാട് ഇലങ്കം നഗര്‍ ‘പഞ്ചമി’യില്‍ പരേതനായ ഭാനുവിക്രമന്‍ നായരുടെയും വിജയലക്ഷ്മി അമ്മയുടെയും മകന്‍ ബി.മുരളീധരന്‍(49) ആണ് മരിച്ചത്. അപകടത്തില്‍ ബസ് ഡ്രൈവറടക്കം 16 പേര്‍ക്കു പരിക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

വെള്ളയമ്പലം രാജ്ഭവനു മുന്നില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. തമ്പാനൂരില്‍ നിന്ന് വിതുരയിലേക്കു പോവുകയായിരുന്നു ബസ്. കവടിയാര്‍ ഭാഗത്തു നിന്നു വന്ന ഒരു കാര്‍ രാജ്ഭവനു മുന്നില്‍വെച്ച് പെട്ടെ ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ റോഡിലേക്കു തിരിയാന്‍ ശ്രമിച്ചു. കാറില്‍ ഇടിക്കാതിരിക്കാനായി ഡ്രൈവര്‍ ബസ് ഇടത്തേക്കു വെട്ടിത്തിരിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി. നടപ്പാതയിലെ മരത്തിലിടിച്ച ശേഷം മുന്നോട്ടു നീങ്ങിയ ബസ് മുരളീധരന്റെ ബൈക്കിലിടിച്ച് അതിനേയും വലിച്ചു മുന്നോട്ടുപോയി മറ്റൊരു മരത്തിലിടിച്ചു നിന്നു. മരത്തിനും ബസ്സിനുമിടയില്‍ മുരളീധരന്‍ ഞെരിഞ്ഞമര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മരക്കൊമ്പൊടിഞ്ഞു ബസ്സിനു മുകളില്‍ വീഴുകയും ചെയ്തു. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മുരളീധരനെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.

പാറോട്ടുകോണം തിലക് നഗറിലെ ‘ശ്രീ’യില്‍ താമസിക്കുന്ന മുരളീധരന്‍ രാവിലെ കുടുംബസമേതമാണ് ബൈക്കില്‍ യാത്ര പുറപ്പെട്ടത്. കേരള സര്‍വ്വകലാശാല മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രേറിയനായ ജയശ്രീയെ ജോലിസ്ഥലത്താക്കിയ ശേഷം ആര്യാ സെന്‍ട്രല്‍ സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ അര്‍ജുനെ തൈക്കാട്ടെ കുടുംബവീട്ടിലുമാക്കി. പിന്നീട് ഒരു കേസ് സംബന്ധമായ ആവശ്യത്തിനായി നെടുമങ്ങാട് കോടതിയിലേക്കു പോകുമ്പോഴായിരുന്നു അപകടം.

ബസ് യാത്രക്കാരായ ആനാട് സ്വദേശി ജയദേവന്‍(60), മാവേലിക്കര സ്വദേശികളായ അജിത(30), സരസ(40), ലളിത(33), കണ്ണമ്മൂല സ്വദേശികളായ അനിത(40), ലൂസിന(42), പള്ളിമുക്ക് സ്വദേശി സോഫിയ(49), ആര്യനാട് സ്വദേശി ബിജു(32), നെടുമങ്ങാട് സ്വദേശി സുദര്‍ശനന്‍(40), കാരേറ്റ് സ്വദേശിനി വീണ(31), കായംകുളം സ്വദേശിനി സംഗീതാ ഭാസി(51), ഗൗരീശപട്ടം സ്വദേശി സുശീലന്‍(47), വിതുര സ്വദേശി രഘുനാഥന്‍(56), പാലോട് സ്വദേശി സുനില്‍കുമാര്‍(37), കടയ്ക്കല്‍ സ്വദേശിനി വിജയലക്ഷ്മി(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മുരളീധരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശ്മശാനത്തില്‍ ശവസംസ്‌കാരം നടക്കും. സഹോദരങ്ങള്‍: ശൈലജ (ദേവസ്വം ബോര്‍ഡ്, തിരുവനന്തപുരം), ചന്ദ്രിക (ചെന്നൈ), ഗീത (പെരുമ്പാവൂര്‍), ജനാര്‍ദ്ദനന്‍ നായര്‍ (എറണാകുളം).

ഈ വാര്‍ത്തയില്‍ വ്യക്തിപരമായ ദുഃഖത്തിന്റെ ഒരംശമെങ്കിലും ആര്‍ക്കെങ്കിലും കണ്ടെത്താനാവുമോ? എല്ലാ മാധ്യമപ്രവര്‍ത്തകരും ഇങ്ങനെ തന്നെയാണ്. ഈ രംഗത്തുള്ള ഏതൊരാള്‍ക്കും ഇത്തരമൊരു കഥ പറയാനുണ്ടാവും. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ കണ്ടിട്ടുള്ളവര്‍, കാണാന്‍ വിധിക്കപ്പെട്ടവര്‍, അറിഞ്ഞവര്‍ ഞങ്ങളാവും. സുപ്രീത് ഞങ്ങളില്‍ ഒരുവളാണ്. പ്രതിബദ്ധതയില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നവള്‍. സുപ്രീതിനെ നമിക്കുന്നു. അവളുടെ നഷ്ടം വളരെ അടുപ്പമുള്ള ആര്‍ക്കോ സംഭവിച്ചതാണെന്നു തോന്നല്‍ മൂടുന്നു.

മാധ്യമപ്രവര്‍ത്തകന്റെ നിര്‍വ്വികാരത അഹങ്കാരമല്ല, അനിവാര്യതയാണ്.

 •  
  1.2K
  Shares
 • 1.2K
 • 28
 •  
 • 31
 •  
 •  
 •  
Previous articleതോക്ക് സ്വാമിക്ക് പറ്റിയ അമളി
Next articleഭരണമെന്നാല്‍ ബഹളം മാത്രമല്ല
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS