Reading Time: 13 minutes

ഇത് ആവശ്യമായിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ഞാനും അങ്ങനെ വിശ്വസിക്കുന്നു. മനുഷ്യന്റെ സൈ്വരജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുക തന്നെ വേണം. അത് ഭീകരത ആയാലും ശരി, മറ്റെന്തെങ്കിലും ആയാലും ശരി. അതിനാല്‍ത്തന്നെയാണ് പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ എന്ന ക്യാന്‍സര്‍ ‘ശസ്ത്രക്രിയ’യിലൂടെ ഇന്ത്യന്‍ സൈന്യം നീക്കിയതിനെ എല്ലാവരും സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നത്. ഇതുകൊണ്ട് ഞാന്‍ ഒരു യുദ്ധവെറിയനാണ് എന്നര്‍ത്ഥമില്ല. ഈ നടപടി ഒരു പക്ഷേ, യുദ്ധം ഒഴിവാക്കാന്‍ ഉപകാരപ്പെട്ടേക്കാം. അതു പിന്നാലെ വിശദമാക്കാം.

indian-army.jpg

സെപ്റ്റംബര്‍ 18ന് കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 2 ദശകങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും കനത്ത ആക്രമണമായിരുന്നു ഇത്. തുടര്‍ന്ന്, പാകിസ്താനെതിരെ ശക്തമായ നടപടി വേണമെന്ന് രാജ്യത്താകമാനം മുറവിളിയുണ്ടായി. യുദ്ധം വേണമെന്നും വേണ്ടെന്നും വാദമുഖങ്ങളുയര്‍ന്നു. ആണവായുധം കൈവശമുള്ള 2 രാഷ്ട്രങ്ങള്‍ മുഖാമുഖം വരുന്നത് സര്‍വ്വനാശം വിതയ്ക്കുമെന്ന വാദത്തിന് മേല്‍ക്കൈ ലഭിച്ചു. അത് സത്യമാണ് താനും. എന്നാല്‍, പാകിസ്താന്റെ പ്രകോപനങ്ങള്‍ക്കു മുന്നില്‍ കൈയുംകെട്ടി ഇരിക്കാനാവുമായിരുന്നില്ല. അവര്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യ കരുക്കള്‍ നീക്കി, വ്യക്തമായ ആസൂത്രണത്തോടെ.

കശ്മീര്‍ താഴ്‌വര ഒരു മാസത്തിലേറെയായി കലാപകലുഷിതമാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആസൂത്രിതമാണോ കലാപം എന്ന സംശയം ഇന്ത്യയ്ക്ക് ആദ്യമേ ഉണ്ടായിരുന്നുവെങ്കിലും അതു ശരിവെയ്ക്കുന്ന തെളിവുകള്‍ ക്രമേണ പുറത്തുവന്നു. ബുര്‍ഹാന്‍ വാനിയെ സ്വാതന്ത്ര്യസമര സേനാനിയെന്ന് അന്താരാഷ്ട്ര വേദികളില്‍ വിശേഷിപ്പിച്ച് പാകിസ്താന്‍ രംഗത്തുവന്നതോടെ അണിയറയിലെ കളിക്കാരന്‍ ആരാണെന്ന് വ്യക്തമായി. കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ളവര്‍ പ്രസംഗിച്ചു നടന്നു. ഈ വര്‍ഷത്തെ പാക് സ്വാതന്ത്ര്യ ദിനം കശ്മീരിന് സമര്‍പ്പിക്കുന്നതായി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പറയുക കൂടി ചെയ്തതോടെ ചിത്രം തെളിഞ്ഞു.

പാക് ഹൈക്കമ്മീഷണറുടെ പ്രസ്താവന വളരെ പെട്ടെന്ന് നയതന്ത്ര യുദ്ധമായി മാറി. കശ്മീരുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ആകെയുള്ളത് കശ്മീരിന്റെ ചില ഭാഗങ്ങള്‍ നിയമവിരുദ്ധമായി പാകിസ്താന്‍ കൈയടക്കി വെച്ചിരിക്കുന്നതാണെന്നും ഇന്ത്യ മറുപടി നല്‍കി. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരു പറഞ്ഞ് ആക്രമിക്കുന്ന പാകിസ്താനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. അടിയുടെ ഇരട്ടി പ്രഹരശേഷിയിലായിരുന്നു തിരിച്ചടി. കാരണം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് അതിനു നേതൃത്വം നല്‍കിയത്.

കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നരേന്ദ്ര മോദി ആദ്യ വെടി പൊട്ടിച്ചു. കശ്മീരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാക് അധീന കശ്മീരിനെക്കുറിച്ചും സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. ഇത്രയും കാലം കശ്മീര്‍ എന്നാല്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീര്‍ മാത്രമായിരുന്നു. അതിനൊപ്പം പാകിസ്താന്‍ കൈയടക്കി വെച്ചിരിക്കുന്ന പ്രദേശം കൂടി മോദി ചേര്‍ത്തുവെച്ചു. പാക് അധീന കശ്മീരിലും ബലോചിസ്ഥാനിലും പാകിസ്താന്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായി ആ യോഗത്തില്‍ ഉന്നയിച്ചു. ചുവപ്പുകോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി ഒരു പടികൂടി മുന്നോട്ടു പോയി. ബലോചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം അവിടെയും അദ്ദേഹം ഉന്നയിച്ചതോടെ ലോക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. മോദിയുടെ നിലപാടിന് പിന്തുണയുമായി ബലോച് നേതാക്കളും വന്നതോടെ പാകിസ്താന്റെ മുറിവില്‍ മുളകുപൊടി വിതറിയ പ്രതീതി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാകിസ്താനില്‍ ജയ് വിളി മുഴങ്ങി!!!

pm-narendra-modi-nawaz-sharif
നരേന്ദ്ര മോദിയും നവാസ് ഷെരീഫും

മോദിയുടെ ഇടപെടല്‍ ബലോചിസ്ഥാന് പെട്ടെന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. അവിടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം നേരിടേണ്ടി വരുമെന്ന് പാകിസ്താന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് കൊടുക്കുന്ന അവസ്ഥയുണ്ടായി. ബലോചിസ്ഥാന്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉറി സൈനിക ക്യാമ്പില്‍ ഭീകരാക്രമണം സംഘടിപ്പിക്കാന്‍ പാക് സൈന്യം തയ്യാറായതെന്ന് അനുമാനിക്കപ്പെടുന്നു. ഉറിയിലെ ആക്രമണത്തോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട ഇന്ത്യ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. തിരിച്ചടി നടക്കും വരെ ആരും അത് അറിഞ്ഞില്ല എന്നു മാത്രം. തിരിച്ചടിക്കുള്ള ബഹുമുഖ പദ്ധതി തയ്യാറാക്കാനും അത് വിജയകരമായി പ്രാവര്‍ത്തികമാക്കാനും സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും അഭിമാനിക്കാം.

uri
ഉറിയില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന് സൈനികര്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു

പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കണമെന്ന മുറവിളി ഉണ്ടായപ്പോള്‍ അതു സംബന്ധിച്ച് വ്യക്തമായി എന്തെങ്കിലും ചെയ്യാന്‍ പോകുന്നതിന്റെ സൂചനകള്‍ പ്രധാനമന്ത്രി ആദ്യം നല്‍കിയില്ല. നയതന്ത്രതല നടപടികളില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തിരിച്ചടിക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ നിന്നു തന്നെ ഉയര്‍ന്നപ്പോഴും അദ്ദേഹം മൗനിയായി. കോഴിക്കോട് നടന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പൊതുസമ്മേളനത്തില്‍ മോദി പറഞ്ഞത് പട്ടിണിക്കെതിരായ പോരാട്ടത്തെക്കുറിച്ചായിരുന്നു. എന്നാല്‍, പാകിസ്താനെ ഭീകരരാഷ്ട്രമായി മുദ്രകുത്തി അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ നടത്തുകയായിരുന്നു ഈ സമയത്ത് മോദിയും ഡോവലും. യു.എന്‍. പൊതുസഭ അടക്കമുള്ള വേദികള്‍ ഇതിനായി വിനിയോഗിക്കപ്പെട്ടു. പാകിസ്താനുമായുള്ള നദീജലം പങ്കിടലും വാണിജ്യ വിഷയത്തിലെ സൗഹൃദരാജ്യ പദവിയുമെല്ലാം പുനര്‍വിചിന്തനം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി. ചോരയും വെള്ളവും ഒരുമിച്ചൊഴുകില്ല എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യയുടെ നീക്കങ്ങള്‍ വിജയം കാണുന്നു എന്നതിന്റെ പ്രത്യക്ഷ സൂചനകള്‍ പ്രകടമായത് സാര്‍ക്ക് ഉച്ചകോടിയിലാണ്. സാര്‍ക്ക് ഇന്ത്യ ബഹിഷ്‌കരിക്കുമെന്നും താന്‍ ഇസ്ലാമാബാദിലേക്കു പോകില്ലെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അതോടെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്നു പിന്മാറി. സാര്‍ക്ക് ഉച്ചകോടി നടത്താന്‍ അനുയോജ്യമായ സാഹചര്യമല്ലെന്ന് നേപ്പാളും ശ്രീലങ്കയും കൂടി പറഞ്ഞതോടെ പാകിസ്താന്‍ പൂര്‍ണ്ണമായി ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായി. ഇത്തരത്തില്‍ വ്യക്തമായ പദ്ധതിയിലൂടെ പാകിസ്താനെ ഒറ്റപ്പെടുത്തിയ ശേഷമാണ് സൈനികനടപടി എന്ന നിര്‍ണ്ണായക ഘട്ടത്തിലേക്ക് മോദിയും ഡോവലും കടന്നത്.

എന്തായിരുന്നു സൈനിക നടപടി എന്നത് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ആയ ലെഫ്. ജനറല്‍ രണ്‍ബീര്‍ സിങ് പത്രസമ്മേളനം വിളിച്ച് വിശദീകരിച്ചപ്പോള്‍ ലോകമറിഞ്ഞു. സൈനിക പത്രസമ്മേളനത്തില്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയം. 1999ല്‍ കാര്‍ഗില്‍ യുദ്ധ വേളയിലാണ് ഇതിനു മുമ്പ് കരസേനയും വിദേശകാര്യ വകുപ്പും ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

dgmo
ലെഫ്. ജനറല്‍ രണ്‍ബീര്‍ സിങ്ങും വികാസ് സ്വരൂപും പത്രസമ്മേളനത്തിനിടെ

Jai Hind. It has been a matter of serious concern that there has been continuing and increasing infiltration by terrorists across the Line of Control in Jammu & Kashmir.

This is reflected in the terrorist attacks at Poonch and Uri on 11th and 18th of September respectively. Almost 20 infiltration attempts have been foiled by the Indian army successfully during this year. During these terrorist attacks and infiltration attempts we have recovered items including Global Positioning Systems and stores which have had Pakistani markings.

Further, captured terrorists hailing from Pakistan or Pakistan Occupied Kashmir have confessed to their training and arming in Pakistan or territory under the control of Pakistan.

The matter has been taken up at the highest diplomatic levels and the military levels at regular times. India has also offered consular access to the apprehended terrorists to Pakistan to verify their confessions.

Furthermore, we have proposed that finger prints and DNA samples of terrorists who have been killed in Uri and Poonch encounters can also be made available to Pakistan for their investigations.

Despite our persistent urging that Pakistan respect its commitment made in January 2004 not to allow its soil or territory under its control to be used for terrorism against India, there have been no letup in infiltrations or terrorist actions inside our territory.

If the damage has been limited it has been primarily due the efforts of soldiers of Indian army who are deployed in a multi-tier counter infiltration grid and most of the infiltration bids have been foiled at those locations. The Indian armed forces have been extremely vigilant in the face of continuing threat.

Based on very credible and specific information which we received yesterday that some terrorist teams had positioned themselves at launch pads along the Line of Control with an aim to carry out infiltration and terrorist strikes in Jammu & Kashmir and in various other metros in our country, the Indian army conducted surgical strikes last night at these launch pads.

The operations were basically focused to ensure that these terrorists do not succeed in their design of infiltration and carrying out destruction and endangering the lives of citizens of our country.

During these counter terrorist operations, significant casualties have been caused to the terrorists and those who are trying to support them. The operations aimed at neutralizing the terrorists have since ceased. We do not have any plans for continuation of further operations. However the Indian armed forces are fully prepared for any contingency that may arise.

I have just spoken to the Pakistani Director General of Military Operations and explained our concerns and also shared with him the operations we had conducted last night.

It is India’s intention to maintain peace and tranquility in the region, but we can certainly not allow the terrorists to operate across the Line of Control with impunity and attack the citizens of our country.

In line with Pakistan’s commitment made in January 2004 not to allow its soil or territory under its control for any terrorist activities against India, we expect the Pakistani army to cooperate with us with a view to erase this menace of terrorism from our region.

ഇതില്‍ പ്രസ്താവനയുടെ അവസാന ഭാഗത്ത് ലെഫ്. ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഭീകരക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നീക്കത്തെക്കുറിച്ച് പാകിസ്താന്‍ ഡി.ജി.എം.ഒയെ വിളിച്ച് വിശദമായി സംസാരിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തുവെന്ന്. പാകിസ്താനെ കുടുക്കിലാക്കുന്ന നിര്‍ണ്ണായക നീക്കമാണത്. ഭീകരത തങ്ങള്‍ക്കും വലിയ പ്രശ്‌നമാണെന്നാണ് പാകിസ്താന്‍ പുറത്തുപറയുന്നത്. അങ്ങനെയാണെങ്കില്‍ ഭീകര ക്യാമ്പുകള്‍ തകര്‍ക്കുക വഴി പാകിസ്താനെ ഇന്ത്യ സഹായിക്കുകയാണ് ചെയ്തിരിക്കുന്നത്. പാകിസ്താനെയല്ല, ഭീകരക്യാമ്പുകളെയാണ് ലക്ഷ്യമിട്ടതെന്ന പ്രഖ്യാപനമാണ് ഇവിടെ ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ സൈനികനടപടിയുടെ പേരില്‍ പ്രത്യാക്രമണത്തിന് പാകിസ്താന്‍ മുതിര്‍ന്നാല്‍ ഭീകരതയെ തുണയ്ക്കുന്ന രാഷ്ട്രം എന്ന പേര് അന്താരാഷ്ട്ര തലത്തില്‍ അവര്‍ക്ക് ഉറയ്ക്കും. ഇന്ത്യയെ പിന്തുണയ്ക്കാന്‍ കൂടുതലാളുണ്ടാവും. അബ്ബൊട്ടാബാദില്‍ ഉസാമ ബിന്‍ ലാദനെ പിടികൂടാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ അമേരിക്കയുടെ മുന്നില്‍ അതേ കാരണത്താല്‍ ഇന്ത്യന്‍ നടപടിക്ക് ന്യായീകരണമുണ്ട്. പെട്ടെന്നൊന്നും ഇന്ത്യയ്‌ക്കെതിരെ പ്രത്യക്ഷ സൈനിക നീക്കം നടത്താന്‍ പാകിസ്താന് കഴിയില്ല. യുദ്ധം ഒഴിവാകുന്ന അവസ്ഥയുണ്ടായി എന്നു ഞാന്‍ നേരത്തേ പറഞ്ഞത് അതിനാലാണ്. പാകിസ്താന് ആകെ ചെയ്യാനാവുക കൂടുതല്‍ ആവേശത്തോടെ ഇന്ത്യാവിരുദ്ധ ഭീകരത പ്രോത്സാഹിപ്പിക്കുക എന്നതു മാത്രം.

SURGICAL.png

കൃത്യമായ പഠനങ്ങള്‍ക്കും ആസൂത്രണത്തിനും ശേഷമാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യയുടെ സൈനിക നടപടിയുണ്ടായത്. നിയന്ത്രണരേഖയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്ന മേഖലകള്‍ വ്യക്തമായി പഠിച്ചു. പത്തോളം സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചു. ഒടുവില്‍ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് 4 സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു. പുഞ്ച് -രജൗറി മേഖലയിലെ ഭിംബറും ഹോട്ട് സ്പ്രിങ്‌സും, ബാരാമുള്ളയ്ക്ക് എതിര്‍വശത്തുള്ള ലീപ, കുപ്‌വാരയ്ക്ക് എതിരായുള്ള കേല്‍ എന്നിവ. ഇവിടങ്ങളിലൂടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാവുകയാണെങ്കില്‍ മാത്രം ആക്രമണം മതിയെന്ന നിര്‍ദ്ദേശമുണ്ടായി. റോയുടെ മേധാവിയും പാകിസ്താന്റെ ചുമതലയുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും മുന്‍കൈയെടുത്ത് മേഖല സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി നുഴഞ്ഞുകയറ്റം വല്ലതുമുണ്ടോ എന്നു പരിശോധിക്കാന്‍ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനെയും ചുമതലപ്പെടുത്തി. നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം നിയന്ത്രണരേഖയുടെ മറുഭാഗത്ത് നടക്കുന്നതായി രണ്ട് ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കി. ആദ്യമായിട്ടായിരുന്നു നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഇത്രയധികം കൃത്യമായ വിവരങ്ങള്‍ സൈന്യത്തിനു ലഭിക്കുന്നത്.

എതിര്‍പാളയത്തിലെ സൂക്ഷ്മലക്ഷ്യം ഭേദിക്കാനുള്ള മിന്നലാക്രമണം അഥവാ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കരസേനയുടെ രജൗറിയിലുള്ള നമ്പര്‍ 25 ഡിവിഷന്‍, ബാരാമുള്ളയിലെ നമ്പര്‍ 19 ഡിവിഷന്‍, കുപ്‌വാരയിലെ നമ്പര്‍ 28 ഡിവിഷന്‍ എന്നിവയുടെ ചുമതലയിലായിരുന്നു. ഇവര്‍ക്കൊപ്പം മുന്നില്‍ നില്‍ക്കാന്‍ 2 സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോ യൂണിറ്റുകളില്‍ നിന്നായി 4 സംഘങ്ങളും ചേര്‍ന്നു. പീരങ്കിപ്പട, മിസൈല്‍ യൂണിറ്റുകള്‍ എന്നിവയും പിന്തുണയേകാനെത്തി. രാത്രിയുടെ മറവില്‍ കടന്നുചെന്ന് ശത്രുപാളം തകര്‍ത്ത ശേഷം വെളുക്കുന്നതിനു മുമ്പ് സ്വന്തം പാളയത്തില്‍ തിരിച്ചെത്തണമെന്നും സ്വന്തം പക്ഷത്ത് ചുരുങ്ങിയ നാശം മാത്രം, അഥവാ നാശം പാടില്ല എന്നുമായിരുന്നു തീരുമാനം. പരമാവധി നാശം വരുത്തുന്ന തരത്തില്‍ അളന്നു കുറിച്ച നിര്‍വഹണം. ഇതിനിടെ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യുന്ന ഒരാളെപ്പോലും ഉപേക്ഷിച്ചുവരരുത് എന്ന കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയാണ് സംഘത്തെ അയച്ചത്. ഇത് കൃത്യമായി നടന്നു. ലക്ഷ്യം ഭേദിച്ച ശേഷം ഒരു പോറല്‍ പോലുമേല്‍ക്കാതെ മുഴുവന്‍ സൈനികരും തിരിച്ചെത്തി. 7 ഭീകര ക്യാമ്പുകളില്‍ ആക്രമണം നടന്നു. 250 കിലോമീറ്റര്‍ വരുന്ന കുന്നും മലകളും നിറഞ്ഞ വനമേഖലയില്‍ നിയന്ത്രണ രേഖയില്‍ നിന്ന് 500 മീറ്റര്‍ മുതല്‍ 3 കിലോമീറ്റര്‍ വരെ ഉളളിലേയ്ക്ക് 4 സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോ സംഘങ്ങള്‍ കടന്നുകയറി കാര്യങ്ങള്‍ വെടിപ്പാക്കി. ഹെലികോപ്റ്ററില്‍ അവരെ ലക്ഷ്യസ്ഥാനത്തിനു സമീപത്ത് ഇറക്കി. രാത്രി 12 മണിയോടെ പുറപ്പെട്ട സംഘം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി വെളുപ്പിന് 4.30നു തിരിച്ചെത്തി. 40ഓളം ഭീകരരും 2 പാക് സൈനികരും റെയ്ഡില്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക കണക്ക്. ഭീകരരുടെ എണ്ണം ഇനിയുമേറെ വളരാനാണ് സാദ്ധ്യതയെന്ന് സൈനിക വിദഗ്ദ്ധര്‍ പറയുന്നു.

ccs
സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുന്നു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗും ആദ്യാവസാനം ഈ സൈനിക നടപടിക്ക് മേല്‍നോട്ടം വഹിച്ചു. ഓപ്പറേഷന്‍ വിജയിച്ചുവെന്ന് സൈന്യം അറിയിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ വ്യാഴാഴ്ച രാവിലെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നു. ഈ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തന്നെയാണ് സൈനികനീക്കത്തിന്റെ വിവരം പരസ്യമാക്കിയത്. നിയന്ത്രണരേഖ കടന്നുള്ള സൈനികനടപടിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ ചിത്രീകരിച്ചിട്ടുണ്ട് എന്നു തന്നെയാണ് കരസേന നല്‍കുന്ന സൂചന. എന്നാല്‍, ഇത് പുറത്തുവിട്ടിട്ടില്ല.

സൈനിക നടപടിക്കു ശേഷവും ഇന്ത്യ പാകിസ്താനെതിരായ നയതന്ത്ര നീക്കം ബലപ്പെടുത്തിയിട്ടുണ്ട്. യു.എന്‍. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട 22 രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി ഡോ.എസ്.ജയശങ്കര്‍ ഇന്ത്യയുടെ സൈനികനടപടി സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറി. സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രിയും കാര്യങ്ങള്‍ അവതരിപ്പിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരെയും നേരത്തേ നരേന്ദ്ര മോദി തന്നെയാണ് വിവരമറിയിച്ചത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിവരമറിയിച്ചു. രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും വിവരമറിയിക്കുക എന്നതായിരുന്നു ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ചുമതല.

kulkarni-b-759
സുരേന്ദ്ര കുല്‍ക്കര്‍ണിയും ഖുര്‍ഷിദ് മഹമൂദ് കസൂരിയും

പാകിസ്താനിലെ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ ഓര്‍മ്മക്കുറിപ്പ് Neither A Hawk Nor A Dove എത്ര പേര്‍ വായിച്ചിട്ടുണ്ട് എന്നെനിക്കറിയില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ഈ പുസ്തകം എല്ലാവരും എളുപ്പത്തില്‍ തിരിച്ചറിയും. ഇത് മുംബൈയില്‍ പ്രകാശിപ്പിക്കാനെത്തിയപ്പോഴാണ് ചടങ്ങിന്റെ സംഘാടകനായ സുധീന്ദ്ര കുല്‍ക്കര്‍ണിക്കുമേല്‍ ശിവസേനാ പ്രവര്‍ത്തകര്‍ കരിമഷി അഭിഷേകം നടത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കസൂരിയും ഓര്‍മ്മക്കുറിപ്പുകളുമൊക്കെ ഓര്‍മ്മയിലേക്ക് ഓടിയെത്തുകയാണ്.

NAHNAD.jpg2008ലെ മുംബൈ ഭീകരാക്രമണം 26/11 ഉണ്ടായപ്പോള്‍ തന്നെ പാകിസ്താനെ ഇന്ത്യ ആക്രമിക്കണം എന്ന അഭിപ്രായത്തിന് പിന്തുണ വര്‍ദ്ധിക്കുകയും അതിന്റെ പ്രാരംഭനടപടികളുണ്ടാവുകയും ചെയ്തതാണ്. പക്ഷേ, കരയിലെ യുദ്ധത്തിനു പകരം നയതന്ത്ര യുദ്ധത്തിന് ഇന്ത്യ നടപടികള്‍ സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. അന്ന് ഒഴിവാക്കപ്പെട്ട ആക്രമണമാണ് 29/9 ആയി ഇപ്പോള്‍ നടന്നിരിക്കുന്നത്. പൂര്‍ണ്ണതോതിലുള്ള ആക്രമണമല്ല, ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അവ മാത്രം കൃത്യമായി ഉന്മൂലനം ചെയ്യുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ്. പക്ഷേ, അതിലൂടെ വ്യക്തമാവുന്നത് ഒരു കാര്യം മാത്രം -ക്ഷമയ്ക്കും സഹനത്തിനും പരിധിയുണ്ട്.

ഇപ്പോഴത്തെ ഇന്ത്യന്‍ ‘തിരിച്ചടി’യുടെ പ്രാധാന്യം വിലയിരുത്തണമെങ്കില്‍ മുംബൈ ആക്രമണത്തിനു ശേഷം സംഭവിച്ച കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കണം. ഇതു സംബന്ധിച്ച് അമേരിക്കയില്‍ നിന്ന് താനറിഞ്ഞ കാര്യങ്ങള്‍ പുസ്തകത്തില്‍ കസൂരി എഴുതിവെച്ചിട്ടുണ്ട്. 2008 നവംബര്‍ 26നാണ് മുംബൈയില്‍ ഭീകരാക്രമണമുണ്ടായത്. 10 പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 165 പേര്‍ മരിച്ചു. പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് മുറവിളിയുണ്ടായി. ഇതു സംബന്ധിച്ച ആലോചനകള്‍ ഒരാഴ്ച നീണ്ടു. തിരിച്ചടി നല്‍കണമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. ഒടുവില്‍ രാജ്യത്തെ രാഷ്ട്രീയ -രഹസ്യാന്വേഷണ -സൈനിക നേതൃത്വങ്ങള്‍ 2008 ഡിസംബര്‍ 2ന് ഡല്‍ഹി സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അഞ്ചാമത്തെ യുദ്ധം അഥവാ സംഘര്‍ഷമായിരുന്നു ചര്‍ച്ചാവിഷയം. ആക്രമണം ആസൂത്രണം ചെയ്ത ലഷ്‌കര്‍-ഇ-തൊയ്ബയെ എങ്ങനെ ശിക്ഷിക്കാമെന്നതിനെക്കുറിച്ചാണ് പ്രധാന ആലോചന. ഇപ്പോള്‍ നടന്നതു പോലെ സ്‌പെഷല്‍ ഫോഴ്‌സ് ഉപയോഗിച്ചുള്ള ആക്രമണം, ഒളിയാക്രമണം, ഭീകരപരിശീലന ക്യാമ്പുകള്‍ക്കു നേരെയുള്ള വ്യോമാക്രമണം, എന്തിന് ചെറിയ തോതിലുള്ള ഒരു യുദ്ധം പോലും നിര്‍ദ്ദേശിക്കപ്പെട്ടു. തീരുമാനം മാത്രം അകന്നുനിന്നു.

എന്നാല്‍, ഇന്ത്യയില്‍ നടക്കുന്ന എല്ലാ കൂടിയാലോചനകളെക്കുറിച്ചും അമേരിക്കയ്ക്കു വിവരമുണ്ടായിരുന്നു. ഇന്ത്യ സ്വീകരിക്കാന്‍ സാദ്ധ്യതയുള്ള നടപടികളും യു.എസ്. ബുദ്ധികേന്ദ്രങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തി. ഇന്ത്യ ഏതെങ്കിലും തരത്തില്‍ തിരിച്ചടിച്ചാല്‍ പാകിസ്താനിലെ വികാരം എന്താണെന്നറിയുകയായിരുന്നു ബുഷ് ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനായി സെനറ്റര്‍മാരായ ജോണ്‍ മക്കെയ്ന്‍, ലിന്‍ഡ്‌സെ ഗ്രഹാം, അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് എന്നിവര്‍ ഇസ്ലാമാബാദിലെത്തി. ലാഹോറിലെ മുറിഡ്‌കെയില്‍ ലഷ്‌കര്‍ നേതാവ് ഹാഫിസ് സഈദിന്റെ സാമൂഹികസേവന മുഖമായ ജമാത്-ഉദ്-ദവയുടെ ആസ്ഥാനത്ത് ഇന്ത്യ നിയന്ത്രിത വ്യോമാക്രമണം നടത്തിയാല്‍ പാകിസ്താന്‍ സൈന്യത്തിന്റെയും ജനങ്ങളുടെയും പ്രതികരണം എന്തായിരിക്കുമെന്ന് തന്നോട് മക്കെയ്ന്‍ ചോദിച്ചുവെന്ന് കസൂരി തന്റെ പുസ്തകത്തില്‍ പറയുന്നു. കൃത്യമായ തീയതി അദ്ദേഹം പറയുന്നില്ല. പക്ഷേ, 2008 ഡിസംബര്‍ 5, 6 തീയതികളില്‍ മക്കെയ്ന്‍ നടത്തിയ സന്ദര്‍ശനവേളയിലായിരിക്കും എന്നുറപ്പ്.

1993 മാര്‍ച്ചില്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയ്ക്കും 2006 ജൂലൈയില്‍ 187 പേര്‍ കൊല്ലപ്പെട്ട മുംബൈ തീവണ്ടി സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ പാകിസ്താന്റെ പങ്ക് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പക്ഷേ, 26/11 തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ സാധാരണ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമെതിരെ പാക് പൗരന്മാര്‍ കൃത്യമായ കണക്കുകൂട്ടലോടെ നേരിട്ടു നടത്തിയ ആദ്യ ആക്രമണം. 5 ഭീകരരെയും കൊലപ്പെടുത്തിയ 2001 ഡിസംബറിലെ പാര്‍ലമെന്റ് ആക്രമണത്തില്‍ നിന്നു വ്യത്യസ്തമായി, മുംബൈയിലെ ആക്രമണകാരികളില്‍ ഒരാളെ സംഭവമുണ്ടായി 6 മണിക്കൂറിനകം ജീവനോടെ പിടികൂടാനാവുകയും അയാളില്‍ നിന്ന് ഗൂഢാലോചനയുടെ മുഴുവന്‍ വിശദാംശങ്ങളും മനസ്സിലാക്കാനാവുകയും ചെയ്തു.

മുംബൈ ആക്രമണമണമുണ്ടായി 48 മണിക്കൂറിനുള്ളില്‍ തന്നെ 2008 നവംബര്‍ 28ന് ഇന്ത്യയുടെ സുരക്ഷാ നേതൃത്വത്തിന്റെ ആദ്യ യോഗം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്നിരുന്നു. അപ്പോള്‍ മുംബൈയില്‍ താജ് ഹോട്ടലിന്റെ പൈതൃക വിഭാഗത്തില്‍ ഒളിഞ്ഞിരുന്ന 4 തീവ്രവാദികളെ കീഴടക്കാന്‍ കമാന്‍ഡോ ഓപ്പറേഷന്‍ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആ യോഗത്തില്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍, ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്, വ്യോമസേന, നാവികസേന എന്നിവയുടെ മേധാവികള്‍ എന്നിവരും കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ മിലന്‍ നായിഡുവുമാണ് പങ്കെടുത്തത്. കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ അപ്പോള്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു. ഡോ.മന്‍മോഹന്‍ സിങ് എന്ന സൗമ്യനായ പ്രധാനമന്ത്രി ഒരു കാര്യം മാത്രമാണ് ആ യോഗത്തില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടത് -എങ്ങനെ പാകിസ്താന് മൂക്കുകയറിടാമെന്ന് നിര്‍ദ്ദേശിക്കുക. അതില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത് സൈനികനടപടി എത്രമാത്രം സാദ്ധ്യമാണെന്നതു തന്നെ.

ഒരു തണുപ്പന്‍ പ്രതികരണത്തിന്റെ മുഖംമൂടി അണിഞ്ഞ ശേഷം അതിര്‍ത്തി കടന്ന് വേഗത്തിലുള്ള ചെറുകിട ആക്രമണങ്ങള്‍ നടത്തുക എന്നതായിരുന്നു സേനകളുടെ നിര്‍ദ്ദേശം. പൂര്‍ണ്ണതോതിലുള്ള സേനാവിന്യാസത്തിന് കാക്കരുതെന്ന് സേനാമേധാവികള്‍ നിര്‍ദ്ദേശിച്ചതിനു കാരണമുണ്ടായിരുന്നു. 2001 ഡിസംബറിലെ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം പാക് അതിര്‍ത്തിയിലുടനീളം സൈന്യത്തെ വിന്യസിക്കാന്‍ ഒരു മാസത്തിലേറെ വേണ്ടി വന്നിരുന്നു. എന്നാല്‍, രാഷ്ട്രീയനേതൃത്വത്തിന് ഇത് സ്വീകാര്യമായിരുന്നില്ല. അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ലാഹോറിലെ ജമാത്-ഉദ്-ദവ ആസ്ഥാനം ആക്രമിച്ചാല്‍ അത് കൂടുതല്‍ പ്രകോപനം സൃഷ്ടിക്കും. അന്താരാഷ്ട്ര തലത്തിലും അത് അംഗീകരിക്കപ്പെടില്ല എന്ന വിലയിരുത്തലുണ്ടായി.

കരസേനാ മേധാവി ജനറല്‍ കപൂര്‍ തിരിച്ചെത്തും വരെ കാത്തിരിക്കാം എന്ന നിര്‍ദ്ദേശം ഉപമേധാവി ലെഫ്. ജനറല്‍ നായിഡു മുന്നോട്ടുവെച്ചു. ഒരു പ്രത്യേക ആക്രമണപദ്ധതി മുന്നോട്ടുവെയ്ക്കാന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുരേഷ് മെഹ്തയ്ക്കും ഉണ്ടായിരുന്നില്ല. ലഷ്‌കര്‍ ബോട്ട് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ അവസരം കാത്ത് പാക് തീരത്ത് നങ്കൂരമിട്ടിരിക്കുന്നതായി വിവരം നല്‍കിയിട്ടും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നാവികസേനയ്ക്കു കഴിയാതെ പോയത് ഇന്റലിജന്‍സ് വൃത്തങ്ങളില്‍ കടുത്ത അതൃപ്തിക്കു കാരണമായിരുന്നു. പാക് അധീന കശ്മീരിലെ ലഷ്‌കര്‍ ആസ്ഥാനത്തു നിന്ന് ബോട്ടില്‍ കാത്തിരിക്കുന്ന ഭീകരര്‍ക്കു കൈമാറിയ സന്ദേശം പിടിച്ചെടുത്ത സി.ഐ.എ. അത് നവംബര്‍ 18ന് റോയ്ക്കു കൈമാറിയിരുന്നു -മുംബൈ ഭീകരാക്രമണം നടക്കുന്നതിന് 8 ദിവസങ്ങള്‍ക്കു മുമ്പ്!! എഡ്വേര്‍ഡ് സ്‌നോഡന്റെ വിക്കിലീക്ക്‌സ് രേഖകള്‍ ഇതു ശരിവെയ്ക്കുന്നുണ്ട്. പെട്ടെന്നുള്ള തിരിച്ചടി എന്ന നിര്‍ദ്ദേശമാണ് എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമി മേജര്‍ക്കുണ്ടായിരുന്നത്. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ 16 മണിക്കൂറിനകം ആക്രമിച്ചു തകര്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, സാധാരണക്കാര്‍ക്ക് ജീവഹാനി ഒഴിവാക്കുന്നതിനും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും ഭീകര കേന്ദ്രങ്ങളെപ്പറ്റിയുള്ള കൃത്യവിവരം വേണമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് അത്തരം വിവരങ്ങളുണ്ടായിരുന്നില്ല. അങ്ങനെ സൈനികനടപടി എന്ന ആശയം ത്രിശങ്കുവിലായി.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സുരക്ഷാ സമിതി ഡിസംബര്‍ 2ന് അടുത്ത യോഗം ചേര്‍ന്നപ്പോഴും സൈനിക നടപടിക്കു തന്നെയായിരുന്നു മുന്‍തൂക്കം. പക്ഷേ, അപ്പോഴേക്കും 2001ലെ ‘ഓപ്പറേഷന്‍ പരാക്രം’ മാതൃകയിലുള്ള ഒരു സേനാനീക്കം വേണ്ട എന്ന നിലപാടിലേക്ക് മന്‍മോഹന്‍ സര്‍ക്കാര്‍ എത്തിയിരുന്നു. ബാക്കിയുണ്ടായിരുന്ന മാര്‍ഗ്ഗം ലഷ്‌കറിനെ ലക്ഷ്യമിടുന്ന അതിവേഗ ആക്രമണമാര്‍ഗ്ഗമായിരുന്നു. അജ്മല്‍ കസബിനെ ചോദ്യം ചെയ്തതിലൂടെയും കറാച്ചിയിലിരുന്ന് മുംബൈയിലെ ആക്രമണം നിയന്ത്രിച്ച ഭീകരന്റെ സംഭാഷണം പിടിച്ചെടുത്തതിലൂടെയും കിട്ടിയ തെളിവുകള്‍ ആക്രമണോദ്ദേശ്യത്തിന് ന്യായീകരണമായി. അപ്പോഴും ലഷ്‌കറിനെ ആക്രമിക്കാന്‍ വ്യക്തമായൊരു പദ്ധതി കര-നാവിക സേനകള്‍ക്കുണ്ടായിരുന്നില്ല. രാജ്യം ഒരു യുദ്ധത്തിന് തയ്യാറാണോ എന്ന സംശയം കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ പ്രകടിപ്പിക്കുകയും ചെയ്തു. പാകിസ്താന്‍ തിരിച്ചടിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യ തയ്യാറാണോ എന്ന കാര്യത്തിലായിരുന്നു അദ്ദേഹത്തിനു സംശയം.

പക്ഷേ, ലഷ്‌കറിനെതിരായ സേനാനടപടി സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശം ആ യോഗത്തിലുണ്ടായി -അപ്രതീക്ഷിത കേന്ദ്രത്തില്‍ നിന്ന്. ഒന്നല്ല, 5 നിര്‍ദ്ദേശങ്ങളാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ മുന്നോട്ടുവെച്ചത്. ഇതില്‍ ആദ്യത്തേത് ലഷ്‌കര്‍ നേതൃത്വത്തിനെതിരായ ഒളിയാക്രമണമായിരുന്നു. പാക് അധീന കശ്മീരിലെ ലഷ്‌കര്‍ പരിശീലന കേന്ദ്രങ്ങളും ആസ്ഥാനവും വ്യോമശക്തി ഉപയോഗിച്ചു തകര്‍ക്കാനുള്ളതായിരുന്നു 3 പദ്ധതികള്‍. പോര്‍വിമാനങ്ങള്‍ കൃത്യമായ ലക്ഷ്യം നിര്‍ണ്ണയിച്ച് ആക്രമണം നടത്തുമ്പോള്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയിറങ്ങുന്ന സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോകള്‍ക്ക് ഭീകരരെ അനായാസം വകവരുത്താം. വ്യോമാക്രമണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിയന്ത്രിത യുദ്ധം ആയിരുന്നു അഞ്ചാമത്തെ മാര്‍ഗ്ഗം. അതിര്‍ത്തിയില്‍ മാത്രം കേന്ദ്രീകരിക്കുന്ന യുദ്ധം. ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നു. നാരായണന്‍ മുന്നോട്ടു വെച്ച 5 ആക്രമണനിര്‍ദ്ദേശങ്ങളും പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ചായിരുന്നു, ഇന്ത്യ സ്വന്തമെന്നു കരുതുന്ന, അങ്ങനെ പറയുന്ന പ്രദേശം.

പാകിസ്താനുള്ളില്‍ രഹസ്യമായി കടന്നുചെല്ലുക പ്രായോഗികമല്ലാത്തതിനാല്‍ ഒളിയാക്രമണം ഉപേക്ഷിച്ചു. കമാന്‍ഡോകളെ കടത്തിവിടാമെന്നു വെച്ചാല്‍ കസബിനെപ്പോലെ പിടിയിലാവാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗണത്തിലായെന്ന് വ്യാഖ്യാനിക്കപ്പെടും. 1999ല്‍ കാര്‍ഗിലില്‍ നടത്തിയ പോലുള്ള വ്യോമാക്രമണത്തിന് ലക്ഷ്യത്തിന്റെ കൃത്യമായ വിവരങ്ങള്‍ വേണമായിരുന്നു. പല ക്യാമ്പുകളും വെറും ടെന്റുകള്‍ മാത്രമാണ്. ലക്ഷ്യം പാളിയാല്‍ സാധാരണ ജനങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെടുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. ലഷ്‌കര്‍ നേതാക്കളുടെ സഞ്ചാരപഥത്തെയോ പരിശീലന കേന്ദ്രങ്ങളെയോ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി സൈന്യത്തിനു കൈമാറാന്‍ ഇന്റലിജന്‍സ് വിഭാഗത്തിനു കഴിയുമായിരുന്നില്ല. അങ്ങനെ വ്യോമാക്രമണ നിര്‍ദ്ദേശവും തള്ളി. പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രിത യുദ്ധമാണ് ഒടുവില്‍ പരിഗണിക്കപ്പെട്ടത്. പാക് അധീന കശ്മീരിനു പുറത്തേക്ക് യുദ്ധം എത്താതിരിക്കാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സേനയെ അണിനിരത്തണമെന്ന നിര്‍ദ്ദേശം വന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് തിരിച്ചടിക്കായുള്ള മുറവിളി കാരണം പാകിസ്താന്‍ ആ മേഖലയില്‍ വ്യോമപ്രതിരോധം ശക്തമാക്കിയിരുന്നു. പാകിസ്താന്റെ 3 വ്യോമതാവളങ്ങളിലും അതുവഴി പാക് വ്യോമാതിര്‍ത്തിയിലും അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിദ്ധ്യവും ഇന്ത്യന്‍ സൈനിക തിരിച്ചടിയില്‍ ആശയക്കുഴപ്പം വിതച്ചു.

ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ സൈനികശേഷി കുറഞ്ഞ തങ്ങള്‍ക്കുമേല്‍ ഇന്ത്യ മേല്‍ക്കൈ നേടുമെന്ന് പാകിസ്താനറിയാം. ആ ഭീതിയില്‍ അവര്‍ ആണവായുധത്തിലേക്കു തിരിയും. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഇന്ത്യന്‍ താല്പര്യപ്രകാരം അതു ‘നിയന്ത്രിച്ചു’ നിര്‍ത്തുക എന്നത് പാകിസ്താന്റെ പ്രശ്‌നമല്ലല്ലോ. അതിനു വിപരീതമായി യുദ്ധം വഷളാക്കി, ആണവായുധം കാട്ടി അന്താരാഷ്ട്ര സമൂഹത്തെ പെട്ടെന്ന് ഇടപെടുത്താനായിരിക്കും അവര്‍ ശ്രമിക്കുക. അന്താരാഷ്ട്ര സമ്മര്‍ദ്ദമനുസരിച്ച് ഒരു യുദ്ധം അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കില്‍ അതിനു മുതിരാതിരിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം അങ്ങനെ ശക്തി നേടി. അങ്ങനെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്ന ഇന്ത്യന്‍ സൈനിക സംവിധാനത്തിന്റെ പോര്‍മുന നഷ്ടപ്പെട്ടോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലായി കാര്യങ്ങള്‍. 1986 ഡിസംബറിലെ ഓപ്പറേഷന്‍ ബ്രാസ്റ്റാക്‌സ് പോലെയോ 2001 ഡിസംബറിലെ ഓപ്പറേഷന്‍ പരാക്രം പോലെയോ ഒരു സൈനിക നീക്കം പോലും ഇത്രയും വലിയ ഭീകരാക്രമണത്തിനു ശേഷം 2008 ഡിസംബറില്‍ ഉണ്ടായില്ല.

mumbai2_101515041254.jpg

8 വര്‍ഷം കൊണ്ട് എല്ലാം മാറി മറിഞ്ഞോ? ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയ നേതൃത്വമുണ്ടെങ്കില്‍ കാര്യങ്ങള്‍ മാറാന്‍ വര്‍ഷങ്ങളൊന്നും വേണ്ട. മാസങ്ങളോ, ദിവസങ്ങളോ എന്തിന് മണിക്കൂറുകളോ മതി. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള രാഷ്ട്രീയതീരുമാനം ഇന്ത്യന്‍ സൈനിക വിഭാഗങ്ങള്‍ക്ക് പകര്‍ന്നിരിക്കുന്ന ഊര്‍ജ്ജം ചെറുതല്ല. കശ്മീരിലെ വിജയം ഒരു സൈനിക വിഭാഗം ആഘോഷിക്കുന്നത് ടെലിവിഷനില്‍ കണ്ടു -കശ്മീരിലോ മറ്റേതെങ്കിലും അതിര്‍ത്തിയിലോ ആവുമെന്നാണ് കരുതിയത്. ഛത്തീസ്ഗഢില്‍ മാവോവാദികള്‍ക്കെതിരായ ഓപ്പറേഷനില്‍ പങ്കെടുക്കുന്ന സി.ആര്‍.പി.എഫ്. ജവാന്മാരുടേതായിരുന്നു ആഹ്ലാദം. 2008ലെ മുംബൈ ഭീകരാക്രമണ വേളയില്‍ ഉണ്ടായിരുന്ന അതേ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. വ്യക്തമായ ആസൂത്രണത്തിലൂടെ സാഹചര്യം തിരുത്തിയെഴുതി എന്നതാണ് നരേന്ദ്ര മോദിയുടെ നേട്ടം.

raheelsharif
ജനറല്‍ റഹീല്‍ ഷെരീഫ്‌

പാകിസ്താന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് രണ്ട് ഷെരീഫുമാരാണ്. പ്രധാനമന്ത്രി നവാസ് ഷെരീഫും കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫും. ഇതില്‍ റഹീല്‍ ഷെരീഫിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി ഇന്ത്യ നിരീക്ഷിക്കേണ്ടതുണ്ട്. ഈ നവംബറില്‍ ജനറല്‍ റഹീല്‍ കരസേനയില്‍ നിന്നു വിരമിക്കുകയാണ്. നാണക്കേടിന്റെ ഭാരവും പേറി വിരമിക്കാന്‍ അദ്ദേഹം തയ്യാറാവില്ല എന്നുറപ്പ്. കുടുംബപരമായി തന്നെ അങ്ങേയറ്റം ഇന്ത്യാ വിരുദ്ധതയുള്ളയാളാണ് ജനറല്‍ റഹീല്‍. ഇദ്ദേഹത്തിന്റെ അമ്മാവന്‍ മേജര്‍ രാജ അസീസ് ഭട്ടി 1965ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ജനറല്‍ റഹീലിന്റെ സഹോദരന്‍ മേജര്‍ റാണ ഷബ്ബീര്‍ ഷെരീഫ് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലും കൊല്ലപ്പെട്ടു. പാകിസ്താനിലെ പരമോന്നത സൈനിക ബഹുമതിയായ നിഷാന്‍-എ-ഹൈദര്‍ മരണാനന്തര ബഹുമതിയായി ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ട്. നേരിട്ട് ആക്രമിച്ചില്ലെങ്കിലും പ്രഹരശേഷി കൂടിയ ഒരു ഭീകരാക്രമണമെങ്കിലും ഇന്ത്യയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ജനറല്‍ റഹീല്‍ ഷെരീഫ് ശ്രമിക്കും എന്നതുറപ്പാണ്. അതിനാല്‍, നവംബര്‍ വരെയുള്ള രണ്ടര മാസക്കാലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമായിരിക്കും.

Previous articleഅയ്യേ… നാറ്റിച്ച്!!!!
Next articleപിണറായിയും കടുംപിടിത്തവും!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here