Reading Time: 9 minutes

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും കൂടി വോട്ടു ചെയ്യാന്‍ അവകാശമുള്ളത് 2,54,08,711 പേര്‍ക്കാണ്. ഇതില്‍ നിന്ന് ഓരോ മണ്ഡലത്തിലും 250 പേരെ വീതം കണ്ട് അവരെ വെറും സാമ്പിളുകളാക്കി ഫലപ്രഖ്യാപനം നടത്തുന്നതാണ് ഈ സര്‍വേ എന്നു പറയുന്ന പരിപാടി. അതായത്, 2.54 കോടിയുടെ അഭിപ്രായമായി എഴുന്നള്ളിക്കുന്നത് ഈ 5,000 പേര്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ്. സര്‍വേയില്‍ പങ്കെടുത്തവരുടെ മത-ജാതി അനുപാതവും കേരളത്തിന്റെ മൊത്തം വോട്ടര്‍മാരുടെ അനുപാതത്തിനു തുല്യമാകില്ല. സര്‍വേ എന്നത് അഭിപ്രായമോ ഊഹമോ മാത്രമാണെന്നും അത് നടത്തുന്നവര്‍ പറയില്ല. പകരം, മെയ് 23ന് നടക്കുന്ന വോട്ടെണ്ണല്ലിന്റെ ഫലപ്രഖ്യാപനം ഇന്നു തന്നെ നടത്തിക്കളയും. ജനത്തിന് മറവി കുറവാണല്ലോ. ഫലം വരുമ്പോള്‍ ഇതെല്ലാം ഒരുളുപ്പുമില്ലാത്ത ഇവര്‍ മാറ്റിപ്പറയും.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഞാന്‍ കണ്ടെത്തിയ വിവരങ്ങള്‍ -അത് ജനങ്ങളുമായി നേരിട്ട് സംസാരിച്ച് മനസ്സിലാക്കിയതാണ് -ആ സമയത്തു പുറത്തുവന്ന സര്‍വേകള്‍ക്ക് തീര്‍ത്തും എതിര്‍പക്ഷത്തായിരുന്നു. അന്ന് എല്ലാ സര്‍വേകളും യു.ഡി.എഫിന്റെ തുടര്‍ഭരണം പ്രവചിച്ചപ്പോള്‍ എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എന്റെയും ഒപ്പം പ്രവര്‍ത്തിച്ചവരുടെയും നിഗമനം. ഞാന്‍ അന്നത് കലാകൗമുദി വാരികയില്‍ എഴുതിയിടുകയും ചെയ്തു. എന്റെ ഭാഗ്യം കൊണ്ടാണോ അതോ പൊട്ടക്കണ്ണന്റെ മാവേലേറ് പോലായതാണോ എന്നറിയില്ല, എല്‍.ഡി.എഫ്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 97.14 ആയിരുന്നു പ്രവചനത്തിലെ വിജയശതമാനം. ഇത് എന്റെ കഴിവല്ല, സാമാന്യയുക്തി പ്രയോഗിക്കുന്ന ഏതൊരാള്‍ക്കും അനായാസം മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ബീച്ചിലെ പ്രചാരണ യോഗത്തിൽ

2018 നവംബറില്‍ 5 സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം പ്രവചിച്ച ഒരു സര്‍വേയെങ്കിലും കാണിച്ചുതരാനാവുമോ? സര്‍വേകള്‍ക്ക് മുന്‍കാലത്തുണ്ടായിരുന്ന വിശ്വാസ്യത ഇപ്പോള്‍ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ ഒരു സര്‍വേയിലും പ്രതിഫലിക്കുന്നില്ല എന്നതു തന്നെയാണ് പ്രധാന കാരണം. പ്രാദേശിക കക്ഷികളുടെ സ്വാധീനവും ചേരിപ്പോരും മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ പ്രാധാന്യം അടിയൊഴുക്കുകള്‍ക്ക് നേടിക്കൊടുത്തിരിക്കുന്നു. ഇത്തവണ കേരളത്തിലെ ഫലവും നിര്‍ണ്ണയിക്കുക സര്‍വേകളില്‍ കാണാതെ പോയ ഈ അടിയൊഴുക്കുകളാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ മണ്ഡലങ്ങള്‍ ഇത്തരം അടിയൊഴുക്കുകളുടെ പ്രകടമായ ഉദാഹരണങ്ങളാണ്. സര്‍വേയില്‍ വിശ്വസിക്കുന്നവരെ അമ്പരപ്പിക്കുന്ന ഫലങ്ങളാണ് ഇവിടങ്ങളില്‍ നമ്മളെ കാത്തിരിക്കുന്നതെന്നുറപ്പ്. സര്‍വേക്കാരോട് അപ്പോള്‍ നമുക്ക് ചോദിക്കാം.

ഇത്തവണയും കേരളത്തിലെ പല മണ്ഡലങ്ങളിലും പോയി. ഇതുവരെ പുറത്തുവന്ന സര്‍വേകള്‍ പൊളിഞ്ഞുപാളീസാകുമെന്ന് ഞാന്‍ നിസ്സംശയം പറയും. കേരളത്തിലെ മൊത്തം കാര്യം പറഞ്ഞാല്‍ ഒരുപാട് പറയേണ്ടി വരും. അതിനാല്‍ കൊല്ലം മണ്ഡലം മാത്രം മുന്‍നിര്‍ത്തി സര്‍വേയുടെ പൊള്ളത്തരം പൊളിച്ചുകാട്ടാം. കൊല്ലം തിരഞ്ഞെടുത്തത് ഏറ്റവും എളുപ്പത്തില്‍ അതു ചെയ്യാനാവും എന്നതിനാല്‍ തന്നെയാണ്.

പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് കൊല്ലം. ആ ശക്തിയും കരുത്തും അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതാണ് സവിശേഷത. ഇപ്പോള്‍ പുറത്തുവന്ന സര്‍വേഫലങ്ങള്‍ ഈ വസ്തുത കണക്കിലെടുക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു എന്നതാണ് സത്യം. അവരുടെ മുന്നില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എന്ന യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സൂപ്പര്‍മാനാണ്. പക്ഷേ, അത് ഊതിവീര്‍പ്പിച്ച കുമിളയാണെന്ന് എത്ര പേര്‍ക്കറിയാം? 2014ല്‍ ഇടതുപക്ഷത്തു നിന്നിറങ്ങി നേരെ ചെന്ന് വലതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ പ്രേമചന്ദ്രന്‍ കൊല്ലത്തിന്റെ ഇടതുപക്ഷ മനസ്സിനെ വലിച്ചുകീറി വിജയിയായി. അത് എല്ലാവരെയും ഞെട്ടിച്ചുവെന്നത് ശരി തന്നെ.

കഴിഞ്ഞ തവണ പ്രേമന്‍ ജയിച്ചത് ഇടതുപക്ഷത്തെ വോട്ടു കൊണ്ടു തന്നെയാണ്. പ്രേമനെ ഇടതുമുന്നണിയില്‍ നിന്ന് ‘തള്ളിപ്പുറത്താക്കി’യതിന്റെ സഹതാപ തരംഗമായിരുന്നു ഒരു ഭാഗത്ത്. കാരണം മറുകണ്ടം ചാടുന്ന അന്നുവരെ പ്രേമന്‍ ഇടതുപക്ഷത്തിന്റെ മുഖമായിരുന്നു. പിണറായി വിജയന്‍ എന്ന ‘നിഷ്ഠുരനായ’ നേതാവിന്റെ ധാര്‍ഷ്ട്യമാണ് തന്നെ ചേരിമാറാന്‍ നിര്‍ബന്ധിതനാക്കിയത് എന്ന അഭിനയം പ്രേമന്‍ നന്നായി ഫലിപ്പിക്കുകയും ചെയ്തു. എന്നാല്‍, ആരും എല്‍.ഡി.എഫില്‍ നിന്ന് തള്ളിപ്പുറത്താക്കിയതല്ല മറിച്ച് മാസങ്ങള്‍ നീണ്ട ആസൂത്രിത ഗൂഢാലോചനയിലൂടെ മറുകണ്ടം ചാടിയതാണെന്ന് പിന്നീട് മനസ്സിലായപ്പോഴേക്കും പ്രേമന്‍ ജയിച്ച് ലോക്‌സഭയിലെത്തിയിരുന്നു. അതിനു ശേഷം നടന്ന തദ്ദേശസ്ഥാപന -നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രേമന്റെ സഹതാപ നമ്പര്‍ പൊളിഞ്ഞു പാളീസായത് അതിനാല്‍ത്തന്നെയാണ്.

വളരെ നേരിയ മാര്‍ജിനില്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടതുപക്ഷത്തു നിന്ന് എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് ഭരണമുറപ്പിക്കാന്‍ തുടക്കം മുതല്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പി.സി.ജോര്‍ജ്ജാണ് അതിന് ചുക്കാന്‍ പിടിച്ചത്. സി.പി.എമ്മുമായി ചില വിഷയങ്ങളില്‍ ഉടക്കി നിന്നിരുന്ന നെയ്യാറ്റിന്‍കര എം.എല്‍.എ. ആര്‍.സെല്‍വരാജിനെ വലതുപക്ഷത്ത് എത്തിച്ചത് അങ്ങനെയാണ്. ഇടതുപക്ഷത്തു നിന്ന് മൊത്തം 3 എം.എല്‍.എമാര്‍ വരുമെന്ന് ഉമ്മന്‍ ചാണ്ടിയും ജോര്‍ജ്ജുമെല്ലാം പ്രഖ്യാപിച്ചപ്പോള്‍ ബാക്കി 2 ആര് എന്ന സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. ചില മാധ്യമങ്ങള്‍ ചില പേരുകളൊക്കെ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍, ആരാണ് ചാടുന്നത് എന്നറിയാന്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് വേണമെന്നു പറഞ്ഞു, സി.പി.എം. കൊടുത്തില്ല. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ വിവരം പിറ്റേന്ന് പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍. കൂടെ ആര്‍.എസ്.പി. എം.എല്‍.എമാരായ എ.എ.അസീസും കോവൂര്‍ കുഞ്ഞുമോനും പോയി. മാസങ്ങള്‍ നീണ്ട ഗൂഢാലോചനയ്‌ക്കൊടുവിലാണ് മാറ്റമെന്ന കാര്യവും എല്‍.ഡി.എഫ്. നേതാക്കള്‍ പിന്നീടാണ് അറിഞ്ഞത്. കൊല്ലം ലോക്‌സഭാ സീറ്റ് ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പിന് 6 മാസം മുമ്പു തന്നെ ഉമ്മന്‍ ചാണ്ടി പറഞ്ഞതായി അന്നത്തെ സിറ്റിങ് എം.പി. എന്‍.പീതാംബരക്കുറുപ്പ് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. കുറുപ്പിനെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി ഉമ്മന്‍ ചാണ്ടി പറഞ്ഞുവിട്ടത് ചരിത്രം. അടുത്തിടെ വീണ്ടും കുറുപ്പ് ഇതു പറഞ്ഞു.

കൊല്ലത്തെ യു..ഡി.എഫ്. സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ കശുവണ്ടി ഫാക്ടറികളിൽ പ്രചാരണത്തിൽ

എന്തിനാണ് പ്രേമന്‍ തന്റെ പാര്‍ട്ടിയെയും കൊണ്ട് യു.ഡി.എഫിലേക്കു ചാടിയത്. സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രം. അത് വിശദമായി തന്നെ പറയണം. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വന്നപ്പോഴാണ് പ്രേമചന്ദ്രനെ കേരളം അറിഞ്ഞത്. അന്നുവരെ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായ ഒരു പ്രാദേശിക നേതാവ് മാത്രമായിരുന്നു അദ്ദേഹം. യുവത്വത്തിന്റെ ചുറുചുറുക്കുമായി വന്ന് കോണ്‍ഗ്രസ്സില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത് പ്രേമന്‍ താരമായി. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കൊല്ലം സീറ്റ് നിലനിര്‍ത്തി. അപ്പോഴേക്കും ആര്‍.എസ്.പി. നെടുകെ പിളര്‍ന്നു. പാര്‍ട്ടിയിലെ പ്രമുഖരെല്ലാം ബേബിജോണിന്റെ കുടുംബം നേതൃത്വം നല്‍കുന്ന ഗ്രൂപ്പിലായിരുന്നു. ബേബിജോണ്‍ കിടപ്പിലായപ്പോള്‍ ബിസിനസ് നിര്‍ത്തി രാഷ്ട്രീയത്തിലെത്തിയ മകന്‍ ഷിബു ബേബിജോണ്‍ അടക്കമുള്ള കുടുംബാംഗങ്ങളും പ്രൊഫ.എ.വി.താമരാക്ഷന്‍, ബാബു ദിവാകരന്‍, ടി.എം.പ്രഭ, ആര്‍.കെ.നാരായണപിള്ള തുടങ്ങിയ നേതാക്കളുമെല്ലാം ആ പക്ഷത്തായിരുന്നു.

എന്നാല്‍, ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ള ഗ്രൂപ്പിനെ ഇടതുമുന്നണിയില്‍ നിര്‍ത്തുമെന്ന നിലപാട് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ സ്വീകരിച്ചു. ദേശീയ നേതാവായിരുന്ന കെ.പങ്കജാക്ഷന്‍ തന്നെ ഒരു പക്ഷത്തിന്റെ ആളായതോടെ വി.പി.രാമകൃഷ്ണ പിള്ളയും എന്‍.കെ.പ്രേമചന്ദ്രനുമെല്ലാമുള്‍പ്പെടുന്ന ആര്‍.എസ്.പിയിലെ ദുര്‍ബലപക്ഷത്തെ ഒപ്പം കൂട്ടാന്‍ നായനാരുടെ വാക്കിന്റെ പേരില്‍ ഇടതുപക്ഷം നിര്‍ബന്ധിതരായി. 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൊല്ലം സീറ്റ് സി.പി.എം. ഏറ്റെടുത്തു. പിളര്‍പ്പിനെത്തുടര്‍ന്ന് ആര്‍.എസ്.പി. അങ്ങേയറ്റം ദുര്‍ബലമായെന്നും സീറ്റിന് അവര്‍ക്ക് അര്‍ഹതയില്ലെന്നുമുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. അങ്ങനെ സി.പി.എമ്മിന്റെ പി.രാജേന്ദ്രന്‍ കൊല്ലത്തിന്റെ എം.പിയായി.

നില്പ് ആര്‍.എസ്.പിയിലാണെങ്കിലും വി.എസ്.അച്യുതാനന്ദനും ഇ.കെ.നായനാരും പിണറായി വിജയനും അടക്കമുള്ള സി.പി.എം. നേതാക്കളുമായി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രേമചന്ദ്രന്‍ അപ്പോഴേക്കും വിജയിച്ചിരുന്നു. അതിനാല്‍ത്തന്നെ ലോക്‌സഭാ സീറ്റിന് അര്‍ഹതയില്ലാത്ത ആര്‍.എസ്.പിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ സി.പി.എം. തയ്യാറായി. 1999ല്‍ പ്രേമചന്ദ്രന് രാജ്യസഭാ സീറ്റ് നല്‍കുമ്പോള്‍ സി.പി.എം. ഒരു വ്യവസ്ഥ മുന്നില്‍ വെച്ചിരുന്നു, 3 വര്‍ഷത്തിനു ശേഷം ഒഴിയണം. 2002ല്‍ സി.പി.എമ്മിലെ കെ.ചന്ദ്രന്‍ പിള്ള പ്രേമന്റെ പകരക്കാരനാവും. എന്നാല്‍, 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി നേരിട്ടു. 2002ല്‍ പ്രേമന്‍ രാജ്യസഭാ സീറ്റ് ഒഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് ഇടതുമുന്നണിയില്‍ നിന്ന് ഒരാളെ ജയിപ്പിക്കാനാവാത്ത സ്ഥിതി വന്നു. സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ പ്രേമന്‍ രാജിവെയ്‌ക്കേണ്ട എന്നു തീരുമാനിച്ചത് ലോട്ടറിയായി. 2005 വരെ രാജ്യസഭാ എം.പി. എന്ന നിലയിലുള്ള 6 വര്‍ഷ കാലാവധി പ്രേമചന്ദ്രന്‍ വിജയകരമായി പൂര്‍ത്തിയാക്കി.

പാര്‍ലമെന്ററി രംഗത്ത് കഷ്ടിച്ച് ഒരു വര്‍ഷത്തെ ഇടവേള. 2006ല്‍ ചവറയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങി. അവിടെ ജയിച്ച പ്രേമന്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയായി. എല്‍.ഡി.എഫിന്റെ മുഖമായി. എന്നാല്‍, 2011ല്‍ വീണ്ടും ചവറയില്‍ മത്സരിച്ച പ്രേമന്‍ പ്രവര്‍ത്തനമികവു കാരണം ഷിബു ബേബി ജോണിനോട് വൃത്തിയായി തോറ്റു. അന്ന് ഷിബുവിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചത് പ്രേമനുള്ള സംഘിബന്ധം ആരോപിച്ചുള്ള പ്രചാരണമായിരുന്നു. അതോടെ എന്‍.കെ.പ്രേമചന്ദ്രന്‍ എന്ന നേതാവ് തികഞ്ഞ ഇരുട്ടിലായി. ഒരു സ്ഥാനവുമില്ല. 3 വര്‍ഷം വെറുതെ വീട്ടിലിരുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തു നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രേമന്‍ കരുനീക്കം തുടങ്ങി.

1999ല്‍ സി.പി.എം. ഏറ്റെടുത്ത കൊല്ലം സീറ്റ് 2004ല്‍ തന്നെ ആര്‍.എസ്.പി. തിരികെ ചോദിച്ചിരുന്നു. വിഘടിച്ച 2 ഗ്രൂപ്പുകളും ശക്തിയോടെ ഒരുമിച്ചു വന്നാല്‍ തരാമെന്നാണ് സി.പി.എം. പറഞ്ഞത്. സിറ്റിങ് എം.പി. പി.രാജേന്ദ്രന്‍ തന്നെ അത്തവണ മത്സരിച്ചു, ജയിച്ചു. 2009ല്‍ ആര്‍.എസ്.പി. സീറ്റു ചോദിച്ചപ്പോഴും ഇതു തന്നെയായിരുന്നു സി.പി.എം. മറുപടി -ഒരുമിച്ചു വന്നാല്‍ തരാം. സി.പി.എമ്മിനു വേണ്ടി സിറ്റിങ് സീറ്റില്‍ പി.രാജേന്ദ്രന്‍ തന്നെ മത്സരിച്ചു. എന്നാല്‍, കോണ്‍ഗ്രസ്സിലെ എന്‍.പീതാംബരക്കുറുപ്പിനോടു തോല്‍ക്കാനായിരുന്നു അത്തവണ രാജേന്ദ്രന്റെ വിധി. അതോടെ കൊല്ലം സി.പി.എമ്മിന്റെ സിറ്റിങ് സീറ്റല്ലാതായി. അതാണ് 2014ല്‍ കൊല്ലത്തിനു വേണ്ടി പിടിച്ചുനോക്കാന്‍ പ്രേമനെ പ്രേരിപ്പിച്ചത്.

സര്‍ക്കാരിനു ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഓടി നടക്കുന്ന സമയമായിരുന്നു ഇത്. തന്റെ ആവശ്യം സി.പി.എം. അംഗീകരിക്കാനിടയില്ല എന്ന് ആദ്യമേ പ്രേമന് സംശയമുണ്ടായിരുന്നു. രാഷ്ട്രീയചാണക്യനായ ഉമ്മന്‍ ചാണ്ടി ഇതു മനസ്സിലാക്കി. കൊത്തിയ പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിപ്പിച്ചു. ഷിബു ബേബി ജോണിനെയാണ് മധ്യസ്ഥനായി ഉമ്മന്‍ ചാണ്ടി നിശ്ചയിച്ചത്. പ്രേമനെ തന്നെ ബന്ധപ്പെടണം എന്നു നിര്‍ദ്ദേശവും നല്‍കി. വളയാന്‍ സാദ്ധ്യതയുള്ളിടത്ത് അടിക്കണമല്ലോ! പ്രേമന് കൊല്ലം സീറ്റ് എന്ന ഓഫര്‍ ഷിബു മുഖേന ഉമ്മന്‍ ചാണ്ടി മുന്നോട്ടുവെച്ചു. എങ്കിലും ഇടതുപക്ഷം മുഖംമൂടി അഴിച്ചുവെയ്ക്കാന്‍ പ്രേമന് എളുപ്പം കഴിയുമായിരുന്നില്ല. കാരണം, കൊല്ലത്തെ പിന്തുണ പൂര്‍ണ്ണമായും ഇടതില്‍ നിന്നു കിട്ടിയതായിരുന്നു. എല്‍.ഡി.എഫില്‍ നിന്ന് സീറ്റുനേടാന്‍ പ്രേമന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ ലോക്‌സഭയിലെ ഓരോ സീറ്റും നിര്‍ണ്ണായകമായതിനാല്‍ വിട്ടുവീഴ്ചയ്ക്ക് സി.പി.എം. തയ്യാറാവില്ല എന്നുറപ്പായി. ഒരു സ്ഥാനവുമില്ലാതെ ഇനിയും തുടരാന്‍ പ്രേമനാവുമായിരുന്നില്ല. ഉമ്മന്‍ ചാണ്ടി നീട്ടിയ കൈ പ്രേമന്‍ ഇരുകൈകൊണ്ടും പിടിച്ച് കുലുക്കി രായ്ക്കുരാമാനം യു.ഡി.എഫിലെത്തി. എല്‍.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും പ്രചാരണം നടത്തി വിജയപ്പിച്ച് എം.എല്‍.എമാരാക്കിയ എ.എ.അസീസും കോവൂര്‍ കുഞ്ഞുമോനും അതിനൊപ്പം യു.ഡി.എഫിലായി.

നിവൃത്തികേടു കൊണ്ടാണ് മാറ്റമെന്ന് പ്രചരിപ്പിച്ച് രക്തസാക്ഷി പരിവേഷമുണ്ടാക്കാനാണ് പ്രേമന്‍ ആദ്യം ശ്രമിച്ചത്. സി.പി.എമ്മില്‍ അക്കാലത്ത് നിലനിന്നിരുന്ന ചേരിപ്പോര് ആ പ്രചാരണം വിജയിപ്പിച്ചു. വി.എസ്സുമായും അദ്ദേഹത്തിന്റെ നിലപാടുകളുമായി അടുപ്പമുണ്ടായിരുന്ന തന്നെ പിണറായി വിജയന്‍ പുറത്താക്കി എന്നാണ് പ്രേമന്‍ രഹസ്യമായും പരസ്യമായും പറയാന്‍ ശ്രമിച്ചത്. എന്നാല്‍, പ്രേമന് ഇടതുപക്ഷത്ത് ഏറ്റവും അടുപ്പമുള്ള നേതാവ് പിണറായി വിജയനായിരുന്നു എന്നതാണ് സത്യം. ഓരോ വിഷയത്തിലും നിലപാട് രൂപപ്പെടുത്താന്‍ പിണറായി അഭിപ്രായം തേടുന്നവരില്‍ പ്രേമനും ഉള്‍പ്പെട്ടിരുന്നു. തനിക്കു ഗുണമുണ്ടാവുക പിണറായിയോടൊപ്പം നിന്നാലാണെന്ന് പ്രേമന് നന്നായി അറിയാമായിരുന്നു. പിണറായിയോട് ഈ അടുപ്പം അഭിനയിച്ചുകൊണ്ടു തന്നെയാണ് ഉമ്മന്‍ ചാണ്ടിയുമായി ചേര്‍ന്ന് ചാട്ടത്തിനുള്ള കരുക്കള്‍ നീക്കിയത്. പ്രേമചന്ദ്രന്‍ നെറികേട് കാട്ടിയെന്ന് ഏറ്റവും ശക്തമായി പിണറായി പറഞ്ഞതും അതിനാല്‍ത്തന്നെയാണ്. ഇപ്പോഴും പറയുന്നതും അതിനാല്‍ത്തന്നെ.

ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാവും മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു, പ്രേമന്‍ വിജയിയായി. ജയിക്കാന്‍ സാധാരണ തിരഞ്ഞെടുപ്പില്‍ പയറ്റുന്ന തന്ത്രങ്ങളെല്ലാം പ്രേമന്‍ പയറ്റി. അതില്‍ ഏറ്റവും പ്രധാനം ‘നായരെ മറികടന്ന് കൊല്ലം പിടിക്കാന്‍ വന്ന മരയ്ക്കാനെ തോല്പിക്കുക’ എന്ന പ്രചാരണമായിരുന്നു. സി.പി.എമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബി എന്ന നേതാവിനെ വെറുമൊരു ജാതിയുടെ ലേബലില്‍ ഒതുക്കി. ഇത് എന്‍.എസ്.എസ്. വോട്ടുകള്‍ കൂട്ടത്തോടെ പ്രേമന്റെ പെട്ടിയിലാക്കി. മാത്രമല്ല, പ്രേമന്‍ ഇടതുപക്ഷം വിട്ട കാര്യം സാധാരണക്കാരായ പല വോട്ടര്‍മാരും തിരിച്ചറിയാതിരുന്നതും അദ്ദേഹത്തെ സഹായിച്ചു. കൊല്ലത്തുകാര്‍ക്ക് മണ്‍വെട്ടിയും മണ്‍കോരിയും എന്നത് ഇടതുപക്ഷത്തിന്റെ ചിഹ്നമായിരുന്നു. അവര്‍ കൂട്ടത്തോടെ ഇടതുപക്ഷത്തിന് വോട്ടുകുത്തി -മണ്‍വെട്ടിയും മണ്‍കോരിയും ചിഹ്നത്തില്‍!!

പ്രേമചന്ദ്രന്റെ വിജയം ഇടതുപക്ഷത്തിനെ, വിശിഷ്യാ സി.പി.എമ്മിനെ ഞെട്ടിച്ചു. അവര്‍ തോല്‍വിയുടെ കാര്യകാരണങ്ങള്‍ വിലയിരുത്തി. പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പ്രാവര്‍ത്തികമാക്കി. ആര്‍.എസ്.പിയുടെ ചതിയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനും അവര്‍ ഇടതുപക്ഷത്തല്ല എന്നു മനസ്സിലാക്കിക്കൊടുക്കാനുമാണ് സി.പി.എം. ആദ്യം നടപടിയെടുത്തത്. അപ്പോഴേക്കും സി.പി.എം. ജില്ലാ സെക്രട്ടറിയായി എത്തിയ കെ.എന്‍.ബാലഗോപാല്‍ തന്നെ ഇതിനു ചുക്കാന്‍ പിടിച്ചു. ഒപ്പം പാര്‍ട്ടിയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കാനും ജനപക്ഷത്തു നില്‍ക്കാനും ജില്ലാ സെക്രട്ടറി മുന്നിട്ടിറങ്ങി. മഴക്കുഴി പോലുള്ള പദ്ധതികള്‍ ബാലഗോപാല്‍ ആവിഷ്‌കരിച്ചത് വന്‍ വിജയമായി. ഒപ്പം അരിവാള്‍ ചുറ്റിക നക്ഷത്രമാണ് ഇടതിന്റെ ചിഹ്നം എന്നു ബോധവത്കരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഇതിന്റെ ഫലം 2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. മണ്‍വെട്ടിയെയും മണ്‍കോരിയെയും ജനം ഓരത്ത് ഒതുക്കിവെച്ചു.

കൊല്ലത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് കശുവണ്ടി തൊഴിലാളികൾ സ്വീകരണം നൽകുന്നു

കൊല്ലം കോര്‍പ്പറേഷനിലെ കാര്യം മാത്രമെടുക്കാം. കാലങ്ങളായി സി.പി.ഐയെക്കാള്‍ അംഗങ്ങളുള്ള പാര്‍ട്ടിയായിരുന്നു അവിടെ ആര്‍.എസ്.പി. കഴിഞ്ഞ കൗണ്‍സിലില്‍ 9 ആര്‍.എസ്.പി. കൗണ്‍സിലര്‍മാരുണ്ടായിരുന്നു. കെ.ഗോപിനാഥന്‍ എന്ന ഡെപ്യൂട്ടി മേയറുമുണ്ടായിരുന്നു. എന്നാല്‍, 2015ല്‍ ആര്‍.എസ്.പിക്ക് കൗണ്‍സിലര്‍മാര്‍ 2 മാത്രം. നേരത്തേ 25 ഗ്രാമപഞ്ചായത്തുകളില്‍ ആര്‍.എസ്.പിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ചിലയിടങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളുമുണ്ടായിരുന്നു. 2015ല്‍ ആര്‍.എസ്.പിയുടെ സാന്നിദ്ധ്യം 6 പഞ്ചായത്തുകളിലേക്ക് ഒതുങ്ങി. ഒരിടത്തു പോലും ഭരണപങ്കാളിത്തമില്ല. കൊല്ലത്തെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളില്‍ ആര്‍.എസ്.പിക്കാര്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന് ഭാരവാഹികളായിരുന്നു. ഇപ്പോള്‍ അതുമെല്ലാം പോയി.

2014ലെ നഷ്ടം നികത്താന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ സി.പി.എം. ശ്രമം പല തട്ടുകളില്‍ തുടരുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി ആര്‍.എസ്.പിക്കാരനായ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ഇടതുപക്ഷത്ത് തിരിച്ചെത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തൂരില്‍ ഇടതു സ്ഥാനാര്‍ത്ഥിയുമായി. ആ തിരഞ്ഞെടുപ്പാണ് ആര്‍.എസ്.പിക്ക് ഏറ്റവും വലിയ തിരിച്ചടി സമ്മാനിച്ചത്. കൊല്ലം ജില്ലയില്‍ നിന്ന് സി.പി.എമ്മിനെ തുടച്ചുമാറ്റുമെന്ന് പ്രേമന്‍ എല്ലായിടത്തും നടന്നു പ്രസംഗിച്ചു. എന്നാല്‍ തുടച്ചുമാറ്റപ്പെട്ടത് ആര്‍.എസ്.പിയാണ്. കരുത്തനായ ഷിബു ബേബി ജോണ്‍ ചവറയില്‍ തോറ്റു. ഇരവിപുരത്ത് വോട്ടു ചോദിക്കാനെത്തിയ അസീസിനോട് വോട്ടര്‍മാര്‍ പരസ്യമായി പറഞ്ഞത് ‘നിങ്ങള്‍ കോണ്‍ഗ്രസ്സായില്ലേ, നിങ്ങള്‍ക്ക് വോട്ടില്ല’ എന്നാണ്. നിന്ന ഷിബുവും വന്നു കയറിയ അസീസും ഇപ്പോള്‍ വീട്ടിലിരുപ്പാണ്. എല്‍.ഡി.എഫില്‍ നിന്ന് കോവൂര്‍ കുഞ്ഞുമോന്‍ ഇപ്പോഴും എം.എല്‍.എ. ആയി തുടരുന്നു -ആര്‍.എസ്.പി. (ലെനിനിസ്റ്റ്) എന്ന പാര്‍ട്ടിയുമായി.

ചുരുക്കത്തില്‍ പ്രേമന്റെ സ്ഥാനമോഹം ഒരു പാര്‍ട്ടിയെ തന്നെ തുടച്ചുനീക്കി എന്നതാണ് കൊല്ലത്തിന്റെ സമീപകാല രാഷ്ട്രീയചിത്രം. ഇടതുപക്ഷത്തിന് ഇപ്പോള്‍ സ്വന്തമായി അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നമുണ്ട്. കഴിഞ്ഞതവണ പ്രേമന് വോട്ടു ചെയ്ത വലിയൊരു വിഭാഗം ‘നിങ്ങള്‍ കോണ്‍ഗ്രസ്സായില്ലേ, നിങ്ങള്‍ക്ക് വോട്ടില്ല’ എന്നു പറഞ്ഞ് നില്‍ക്കുന്നു. ശബരിമല വിഷയം കത്തിക്കാന്‍ എന്‍.എസ്.എസ്. മേഖലകളില്‍ പ്രേമന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ അത് കാറ്റുപിടിക്കുന്നില്ല. കേന്ദ്ര നേതാവെന്ന പരിവേഷവുമായി വന്ന ബേബിയെപ്പോലെ അല്ല പാര്‍ട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ കൊല്ലത്തിന്റെ മുക്കും മൂലയും പരിചയമുള്ള ബാലഗോപാല്‍ എന്നതും പ്രേമന് വിനയാണ്. യു.ഡി.എഫിലേക്കു ചാടിയ പരികര്‍മ്മികളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശരിയാക്കി, ഇക്കുറി മുഖ്യ പൂജാരിയുടെ ഊഴമാണ് എന്ന് സി.പി.എം. പറയുമ്പോള്‍ അതിന് ബലമേറെയാണ്.

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലൂടെ ഒരു തവണയെങ്കിലും ചുറ്റി സഞ്ചരിക്കുന്നവര്‍ പ്രേമചന്ദ്രന്റെ വിജയം പ്രവചിക്കാന്‍ അശേഷം ധൈര്യപ്പെടില്ല. ചാത്തന്നൂര്‍, ചടയമംഗലം, പുനലൂര്‍, ചവറ, കുണ്ടറ, ഇരവിപുരം, കൊല്ലം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം. എല്ലായിടത്തും ഇടത് എം.എല്‍.എമാര്‍. പ്രേമചന്ദ്രന് മേല്‍ക്കൈയുണ്ടെന്ന് സര്‍വേക്കാര്‍ പ്രവചിക്കുന്നത് ഒട്ടും വിശ്വസിക്കാനാവുന്നില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ 1,72,980 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇത് മറികടക്കണമെങ്കില്‍ പ്രേമചന്ദ്രന്‍ വെറും പ്രേമചന്ദ്രനായാല്‍പ്പോരാ, സൂപ്പര്‍മാനാകണം. അതുണ്ടെന്നാണ് സര്‍വേക്കാര്‍ പറയുന്നത്!! വ്യക്തിപരമായി കിട്ടാവുന്ന വോട്ടുകള്‍ക്ക് ഒരു പരിധിയുണ്ട് സര്‍.

പ്രേമചന്ദ്രന് അനുകൂലമായി ബി.ജെ.പി. വോട്ടു മറിക്കും എന്ന ചര്‍ച്ച മണ്ഡലത്തില്‍ വ്യാപകമാണ്. ഭാര്യാവീട്ടുകാര്‍ മുഖേന പ്രേമചന്ദ്രന് ബി.ജെ.പിയുമായുള്ള അടുത്ത ബന്ധം പരിഗണിക്കുമ്പോള്‍ അതു സത്യമാകാന്‍ സാദ്ധ്യത കൂടുതലാണ്. ആ ബന്ധമുപയോഗിച്ചാണല്ലോ വെറുമൊരു ബൈപാസ് ഉദ്ഘാടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ പ്രേമന്‍ കൊല്ലത്ത് എത്തിച്ചത്. മുഖ്യമന്ത്രിയെ വെട്ടാന്‍ പ്രധാനമന്ത്രിയെ ഇറക്കിയ പ്രേമചന്ദ്രന് കെ.വി.സാബുവെന്ന സാബു വര്‍ഗ്ഗീസിനെ വെട്ടി ബി.ജെ.പി. വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാനാണോ പാട്. സാബു സ്ഥാനാര്‍ത്ഥിയായതു പോലും പ്രേമചന്ദ്രന്റെ സ്വാധീനഫലമാണെന്ന് പറയപ്പെടുന്നുണ്ട്. പി.എസ്.ശ്രീധരന്‍ പിള്ള, സുരേഷ് ഗോപി, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.വി.ആനന്ദബോസ്, മുന്‍ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍, കൊല്ലത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.വിമല്‍കുമാര്‍ എന്നിവര്‍ മുതല്‍ അവസാനം അല്‍ഫോണ്‍സ് കണ്ണന്താനവും ടോം വടക്കനും വരെ കഥകളില്‍ നിറഞ്ഞുവെങ്കിലും അവസാനം വന്നത് കൊല്ലത്തെ ബി.ജെ.പിക്കാരുടെ തന്നെ ഭാഷയില്‍ ‘ഏതോ ഒരു സാബു’ ആണ്.

കൊല്ലത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി കെ.വി.സാബു വോട്ടർമാരെ കാണുന്നു

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അടുത്തിടെ ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രേമചന്ദ്രന് അനുകൂലമായി നടത്തിയ പരാമര്‍ശം ആ പാര്‍ട്ടിക്കുള്ളില്‍ വിവാദം സൃഷ്ടിച്ചിരുന്നു. ബി.ജെ.പിയെ പ്രേമചന്ദ്രന്റെ ബി ടീമാക്കി ഗോപിനാഥ് മാറ്റുന്നു എന്ന ആരോപണം പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ബി.ജെ.പിയുടെ യഥാര്‍ത്ഥ സ്വത്വം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന വിഭാഗം ഇതിനകം 5 മണ്ഡലങ്ങളില്‍ കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ചു കഴിഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന് ഒരു സാംസ്‌കാരിക കൂട്ടിന് രൂപം നല്‍കി പ്രവര്‍ത്തിക്കാനാണ് അവരുടെ തീരുമാനം. തിരഞ്ഞെടുപ്പ് കഴിയാനായി ഈ സംഘം കാത്തുനില്‍ക്കുകയാണ്.

ഇനി ബി.ജെ.പിക്ക് ക്ക് 2016ല്‍ കിട്ടിയ 1,27,612 വോട്ടും പ്രേമന് കുത്തിയാലും അപ്പോഴും ബാലഗോപാലിന് 45,368 വോട്ടിന്റെ ലീഡുണ്ട്. 37,000 പുതിയ വോട്ടര്‍മാരില്‍ കുറഞ്ഞത് 20,000 എങ്കിലും ബാലഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്. പുതിയതില്‍ കൂടുതലും എസ്.എഫ്.ഐ. പിള്ളേരാണ്. ഈ 37,000 വോട്ടും പ്രേമന്‍ പിടിച്ചാലും കണക്കിന് പറയാം ബാലഗോപാലിന് 8,368 വോട്ടിന്റെ ലീഡുണ്ട്. നിയമസഭയിലെ കണക്ക് ലോക്‌സഭയില്‍ നടക്കില്ലെന്നൊക്കെ പറഞ്ഞു വരണ്ട. രാഹുല്‍ ഗാന്ധി പോലും ഇതു സമ്മതിക്കില്ല. യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിലെ 7 സീറ്റുകളില്‍ 5 എണ്ണത്തിലും പിന്നിലായതുകൊണ്ടാണല്ലോ അദ്ദേഹം വയനാട്ടിലേക്ക് പറന്നു വന്നത്.

2016 നിയമസഭയിലെ കൊല്ലം വോട്ട് കണക്ക്

എല്‍.ഡി.എഫ്. 4,93,212
യു.ഡി.എഫ്. 3,20,232
ബി.ജെ.പി. 1,27,612

എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം 1,72,980

ഇതിനെല്ലാമപ്പുറം പ്രേമന് എതിരാവുന്ന മറ്റൊരു കാര്യമുണ്ട് -കോണ്‍ഗ്രസ്സിലെ മുറുമുറുപ്പ്. കോണ്‍ഗ്രസ്സിന് മത്സരിക്കാവുന്ന സീറ്റ് ആര്‍.എസ്.പി. എന്ന ആളില്ലാ ഈര്‍ക്കിലി പാര്‍ട്ടിക്ക് കൊടുക്കുന്നത് എന്തിനെന്ന ചര്‍ച്ച ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസ്സില്‍ സജീവമാണ്. പ്രേമചന്ദ്രന്‍ യു.ഡി.എഫിലേക്കു വന്നതിലെ അന്തര്‍നാടകങ്ങള്‍ അടുത്തിടെ പീതാംബരക്കുറുപ്പ് പരസ്യമായി വിളിച്ചുപറഞ്ഞതും ഇതിന്റെ ഭാഗമായി തന്നെ. സിറ്റിങ് എം.പിയായ തന്നെ മാറ്റി പ്രേമചന്ദ്രന്‍ കൊല്ലം പിടിച്ചതില്‍ അദ്ദേഹത്തിനുള്ള കെറുവ് ഇപ്പോഴും കുറുപ്പിനെ വിട്ടുമാറിയിട്ടില്ല. പ്രേമനെ മാറ്റിയാല്‍ തനിക്കു മത്സരിക്കാനാവുമെന്ന് പീതാംബരക്കുറുപ്പ് മാത്രമല്ല, പല കോണ്‍ഗ്രസ്സുകാരും സ്വപ്‌നം കാണുന്നുണ്ട്. പ്രേമചന്ദ്രനെ ജയിപ്പിച്ച് സിറ്റിങ് സീറ്റ് എന്ന അവകാശവാദം വകവെച്ചുകൊടുക്കണോ എന്നാണ് അവരുടെ ചോദ്യം. ബി.ജെ.പിയുമായി പ്രേമന്‍ പുലര്‍ത്തുന്നതായി പറയപ്പെടുന്ന അടുത്ത ബന്ധവും അവരില്‍ സംശയത്തിന്റെ വിത്തു പാകി മരമായി വളര്‍ത്തിയിട്ടുണ്ട്. താഴെത്തട്ടിലുള്ള പ്രവര്‍ത്തനത്തില്‍ ഇടതുപക്ഷം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന യു.ഡി.എഫിന്റെ പ്രധാന സ്രോതസ്സായ കോണ്‍ഗ്രസ്സുകാര്‍ ഉള്‍വലിഞ്ഞു നില്‍ക്കുന്നത് ഇതിന്റെ ലക്ഷണമെന്നാണ് വിലയിരുത്തല്‍. ഇതൊന്നും ഒരു സര്‍വേക്കാരും കാണുന്നില്ല, കാണില്ല.

പിണറായി വിജയന്‍ പറഞ്ഞ രാഷ്ട്രീയ നെറികേടിനെക്കുറിച്ച് കൊല്ലത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ബോദ്ധ്യമുണ്ട്. തദ്ദേശസ്ഥാപന -നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ പ്രചാരണം തിരിച്ചടിച്ചതു കണ്ട പ്രേമനും അതു നന്നായറിയാം. താന്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പിണറായി പറഞ്ഞിട്ടും പ്രേമന് വലിയ കരച്ചിലില്ലാത്തത് അതിനാലാണ്. നെറികേട് ഓര്‍മ്മിപ്പിച്ച് സ്വപാര പണിയാന്‍ പ്രേമന് താല്പര്യമില്ല തന്നെ. 2014ലെ പിണറായി വിജയനല്ല 2019ലെ പിണറായി വിജയന്‍. ‘കടുംപിടിത്തക്കാരനായ’ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ജനകീയനായ മുഖ്യമന്ത്രിയായി അദ്ദേഹം വളര്‍ന്നിരിക്കുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഏറ്റവുമധികം ആളെക്കൂട്ടുന്നത് പിണറായി ആണ്. ഇന്ന് മുഖ്യമന്ത്രിയായ പിണറായി പറയുന്നതിന് വിശ്വാസ്യത കൂടുതലാണ്. അത് ജനം മുഖവിലയ്‌ക്കെടുക്കുക തന്നെ ചെയ്യും. പ്രേമചന്ദ്രന്‍ നെറികേട് കാട്ടി എന്ന് ഇന്നത്തെ പിണറായി പറഞ്ഞാല്‍ അതു പറഞ്ഞതാണ്. പ്രേമചന്ദ്രന്‍ നെറികേട് കാട്ടിയെന്ന് ജനം കൂടെ പറയും.

എങ്കിലും തന്റെ പ്രചാരണത്തിന് പഴയ നമ്പരിറക്കാന്‍ സീതാറാം യെച്ചൂരിയെ വരെ പ്രേമചന്ദ്രന്‍ കരുവാക്കുന്നുണ്ട്. യെച്ചൂരി കൊല്ലത്തു വന്നിട്ട് തനിക്കെതിരെ ഒന്നും പറഞ്ഞില്ല എന്നാണ് ‘യെച്ചൂരിയെന്നും പ്രേമേട്ടനൊപ്പമാണ്’ എന്ന വീഡിയോയില്‍ പ്രേമചന്ദ്രന്‍ അവകാശപ്പെടുന്നത്. യെച്ചൂരി ഇവിടത്തെ ‘വി.എസ്. പക്ഷ’ നേതാവാണല്ലോ!! യെച്ചൂരി ഒപ്പമെന്നാല്‍ പിണറായിക്കെതിര് എന്ന് വ്യംഗ്യം. ദേശീയ നേതാക്കള്‍ പ്രചാരണത്തിനിടെ ഒരിടത്തും എതിര്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഒന്നും പറയാറില്ല എന്ന സാമാന്യയുക്തിയൊന്നും ഇതില്‍ പ്രേമചന്ദ്രന് ബാധകമല്ല. അദ്ദേഹത്തിന്റെ ഈ പാളിയ നമ്പര്‍ കൊല്ലത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ഇലക്ഷന്‍ ചിരി സമ്മാനിക്കുന്നുണ്ട്.

ഒരാളുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ ഏറ്റവും സാദ്ധ്യതയുള്ള വികാരം ഭയമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഒരു ഭീതിയുടെ അന്തരീക്ഷം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്നത് യാത്രകള്‍ക്കിടയില്‍ മനസ്സിലാക്കിയ കാര്യമാണ്. അങ്ങ് ഉത്തരേന്ത്യയില്‍ മാത്രം കണ്ടിരുന്ന കലാപങ്ങള്‍ ഇപ്പോള്‍ നമ്മുടെ വീട്ടുമുറ്റത്തും എത്തിയിരിക്കുന്നു. വോട്ടിനായുള്ള ധ്രുവീകരണം ലക്ഷ്യമിട്ട് പരിവാരങ്ങള്‍ സംസ്ഥാന വ്യാപകമായി നടത്തിയ അക്രമം ഭീതിയിലാഴ്ത്തിയിരിക്കുന്നത് ക്രൈസ്തവരെയും മുസ്ലിങ്ങളെയും മാത്രമല്ല, ഹിന്ദുക്കളെയും കൂടിയാണ്. ഒരു കലാപമുണ്ടായാല്‍ നഷ്ടം സംഭവിക്കുക അതു സൃഷ്ടിക്കുന്നവര്‍ക്കല്ല, മറിച്ച് തങ്ങള്‍ക്കാണെന്ന് സാധാരണക്കാരായ ഹിന്ദുക്കള്‍ക്കു നന്നായറിയാം. ഹിന്ദുവും മുസ്ലിമും ക്രൈസ്തവനും സമഭാവനയോടെ സമാധാനത്തോടെ ജീവിക്കുന്ന കേരളമാണ് സാധാരണ മലയാളിക്കിഷ്ടം. അതിനാല്‍ കലാപം നടത്തുന്നവര്‍ക്കൊപ്പം വിശ്വാസസംരക്ഷണം എന്ന പേരില്‍ അതിനെ പിന്തുണച്ചവരെയും ജനങ്ങള്‍ എതിര്‍പക്ഷത്തു നിര്‍ത്തുന്നു. ഭീതിയുടെ ഈ രാഷ്ട്രീയം ശരിയായ ദിശയില്‍ കാറ്റുപിടിച്ചാല്‍ ആ കൊടുങ്കാറ്റില്‍ എല്ലാ സര്‍വേകളും തൂത്തെറിയപ്പെടും. ഈ തിരഞ്ഞെടുപ്പില്‍ ആരും കാണാതെ പോകുന്നത് അതാണ് -ഭീതിയുടെ രാഷ്ട്രീയം. ഈ വികാരം കൊല്ലത്ത് നിര്‍ണ്ണായകമാണ്. വളരെ നിര്‍ണ്ണായകം.

Previous articleThe Leader Compassionate
Next articleബി.ജെ.പിക്കാരുടെ കുബുദ്ധി സമ്മതിച്ചു!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here