ഒരു വാര്‍ത്ത പൂര്‍ണ്ണമാവുന്നത് ഫോളോ അപ്പുകളിലൂടെയാണ്. ആദ്യം കിട്ടുന്ന വിവരം പലപ്പോഴും വാര്‍ത്താവിസ്‌ഫോടനം സൃഷ്ടിക്കും. എന്നാല്‍, തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ ചിലപ്പോഴൊക്കെ ആദ്യത്തെ വിസ്‌ഫോടനം പാഴാണെന്നു വ്യക്തമാവും. യഥാര്‍ത്ഥത്തില്‍ അതു നനഞ്ഞ പടക്കം മാത്രമാണെന്നു മനസ്സിലാവും. ആദ്യം പുറത്തുവന്ന വിവരമല്ല യഥാര്‍ത്ഥ വാര്‍ത്ത, അതിനു നേര്‍ വിപരീതമാവും എന്ന അവസ്ഥ പോലുമുണ്ടാവും. ഒരു വാര്‍ത്ത അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്, മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. എത്ര പേര്‍ ആ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്നുണ്ട് എന്നത് തീര്‍ച്ചയായും ഉന്നയിക്കപ്പെടേണ്ട ചോദ്യമാണ്.

tej bahadur

ഇതു പറയാന്‍ കാരണമുണ്ട്. ഏതൊരു വിവരവും ലഭിച്ചയുടന്‍ പെട്ടെന്നുണ്ടാവുന്ന ‘വികാരത്തള്ളിച്ച’യുടെ ഭാഗമായി വാര്‍ത്താഘോഷം നടത്തുകയും ചര്‍ച്ച ചെയ്ത് കുറ്റവാളിയെ കണ്ടെത്തി ശിക്ഷാവിധി പ്രസ്താവിക്കുകയും ചെയ്യും. യൂണിവേഴ്‌സിറ്റി കോളേജിലെ ‘സദാചാര ഗുണ്ടായിസം’ വിഷയത്തില്‍ നാമിതു കണ്ടു. റേറ്റിങ് അടക്കമുള്ള സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ദുര്യോഗമാണിത്. വാര്‍ത്തയുടെ ഗതിമാറ്റം പ്രകടമാവുകയാണെങ്കില്‍ അതും ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുക വഴി ഒരു തരം ബാലന്‍സിങ് ആക്ട് നടപ്പാക്കാം. ആ ബാലന്‍സിങ് ആക്ടിന് പലര്‍ക്കും താല്പര്യമില്ല എന്നതാണ് മാധ്യമരംഗം നേരിടുന്ന പ്രശ്‌നം.

ആര്‍മി ഇന്റലിജന്‍സിലെ ഒരു സുഹൃത്തുമായി കഴിഞ്ഞ ദിവസം യാദൃച്ഛികമായി ഫോണില്‍ സംസാരിക്കാനിടയായതാണ് ഈ ചിന്തകള്‍ക്കു വഴിവെച്ചത്. ഞങ്ങള്‍ സമപ്രായക്കാര്‍. അവന്റെ വീട് എന്റെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ. ഇപ്പോള്‍ പോസ്റ്റിങ് ഡല്‍ഹിയിലെ പ്രതിരോധ ആസ്ഥാനത്ത്. അവന്‍ പറഞ്ഞത് പ്രതിരോധ രഹസ്യമല്ല. പലര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍. അറിഞ്ഞിട്ടും തമസ്‌കരിക്കപ്പെട്ട കാര്യങ്ങള്‍. ‘നിനക്കു പറ്റുമെങ്കില്‍ എഴുത്. എനിക്കിതില്‍ പ്രത്യേകിച്ച് താല്പര്യമൊന്നുമില്ല. ഒരു വിഷയമുണ്ടാവുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യപ്പെടണമല്ലോ. ഒരു സൈനികന്‍ എന്ന നിലയില്‍ എന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട വിഷയമാണിത്. അതിനൊരു മറുവശമുള്ളത് എല്ലാവരും അറിയണമെന്ന് ആഗ്രഹമുണ്ട്’ -അവന്‍ പറഞ്ഞു. ശരിയാണ്, അവന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും അറിയേണ്ടതാണ്.

തേജ് ബഹാദൂര്‍ യാദവ് എന്ന പേര് നമ്മള്‍ മറക്കാന്‍ സമയമായിട്ടില്ല. ഏതാണ്ട് ഒരു മാസം മുമ്പ് ഇദ്ദേഹം വലിയ ചര്‍ച്ചാവിഷയമായിരുന്നു. ബി.എസ്.എഫിന്റെ 29-ാം ബറ്റാലിയനിലെ സൈനികന്‍. ഒരു ദിവസം രാജ്യത്തെ ഏതാണ്ട് എല്ലാ മാധ്യമങ്ങളിലും യാദവ് ഒരുപോലെ നിറഞ്ഞുനിന്നു, പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളില്‍. ഫേസ്ബുക്കില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ വാര്‍ത്താവിസ്‌ഫോടനം സൃഷ്ടിച്ചു. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സൈനികര്‍ക്കു കൊടുക്കുന്ന ഭക്ഷണം വളരെ നിലവാരം കുറഞ്ഞതാണെന്നും തങ്ങളുടെ റേഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനധികൃതമായി വിപണിയില്‍ മറിച്ചുവില്‍ക്കുകയാണെന്നും യാദവ് ആരോപിച്ചു. പാകമാകാത്ത റൊട്ടിയും ഒരു ഗ്ലാസ് ചായയുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യാദവ് സൈനികര്‍ക്ക് പ്രാതലിന് ആകെ ലഭിക്കുന്നത് അതാണെന്നു പറഞ്ഞു. അഴിമതി സംബന്ധിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് പരാതിപ്പെടാന്‍ വീണ്ടും വീഡിയോകള്‍ വന്നു. ഈ വീഡിയോകളുടെ രാഷ്ട്രീയവിവാദ സാദ്ധ്യത അതിനെ ചൂടുള്ള വാര്‍ത്തയാക്കി മാറ്റി. അതെ, വിവാദം തന്നെയാണ് ചൂടേറ്റിയ ഘടകം.

വീഡിയോകളുടെ അടിസ്ഥാനത്തില്‍ സൈന്യത്തിലെ അഴിമതി വലിയ ചര്‍ച്ചയായി. കേന്ദ്ര സര്‍ക്കാരിനെ അടിക്കാന്‍ നല്ലൊരു വടി. പ്രതിപക്ഷത്താണ് മാധ്യമങ്ങളുടെ സ്ഥാനം. അത് അങ്ങനെ തന്നെയാണ് വേണ്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇവിടത്തെ യഥാര്‍ത്ഥ പ്രതിപക്ഷം ഇടതുപക്ഷമായിരുന്നില്ല, മറിച്ച് മാധ്യമങ്ങളായിരുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. പക്ഷേ, പ്രതിപക്ഷത്തിന് ഉത്തരവാദിത്വം വേണം. ആ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് തുടരന്വേഷണവും നിജസ്ഥിതി കണ്ടെത്തലും. അത് സംഭവിച്ചില്ല എന്നതാണ് ആര്‍മി ഇന്റലിജന്‍സിലെ സുഹൃത്തിന്റെ വിഷയം. എന്റെയും വിഷയം അതു തന്നെ.

tej bahadur wife
തേജ് ബഹാദൂറിനെ ഭാര്യ ശര്‍മ്മിളാ ദേവി സന്ദര്‍ശിച്ചപ്പോള്‍

തേജ് ബഹാദൂറിനെ കാണാനില്ല എന്നു പറഞ്ഞ് ഭാര്യ ശര്‍മിളാ ദേവി ഡല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരം യാദവിനൊപ്പം രണ്ടു ദിവസം കഴിയാന്‍ ശര്‍മ്മിളാ ദേവിക്ക് അവസരം ലഭിച്ചതും വാര്‍ത്തയായി. പക്ഷേ, തേജ് ബഹാദൂറിനെ സംബന്ധിച്ച അന്വേഷണത്തെക്കുറിച്ച് ബോധപൂര്‍വ്വമായ മൗനം. ജനുവരി 31ന് സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ യാദവ് അപേക്ഷ നല്‍കിയിരുന്നു. അത് തത്ത്വത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇതിനു ശേഷമാണ് ജനുവരി 8നും 9നും വിവാദ വീഡിയോകൾ ഫേസ്ബുക്കില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചത്. അതോടെ സ്വയം വിരമിക്കല്‍ അനുമതി റദ്ദാക്കാന്‍ ബി.എസ്.എഫ്. തീരുമാനിച്ചു. യാദവ് ഉന്നയിച്ച വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മതി ഇക്കാര്യത്തിലെ മേല്‍നടപടി എന്നാണ് തീരുമാനം.

roti bsf

കഴിഞ്ഞ 4 വര്‍ഷമായി യാദവിനെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി. ഒട്ടേറെ സൈനികര്‍ അവധിയില്‍ പോയ സാഹചര്യത്തിലാണ് ഡിസംബര്‍ 28ന് ഇദ്ദേഹത്തെ നിയന്ത്രണരേഖയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത്. കഴിഞ്ഞ 10 ദിവസമായി തനിക്ക് ഇതേ ഭക്ഷണമാണ് കിട്ടുന്നത് എന്ന് ജനുവരി 8ന് അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ പറയുന്ന യാദവ് ഇത് ശരിവെയ്ക്കുന്നുണ്ട്. ക്യാമ്പിലെ വാസസമയത്ത് ലഭിച്ചിരുന്ന സുഭിക്ഷമായ ഭക്ഷണം പരിമിതമായ സാഹചര്യങ്ങളുള്ള ഫീല്‍ഡില്‍ കിട്ടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം എന്നു മനസ്സിലാവും. ഇത് പ്രായോഗികമല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്!! ബി.എസ്.എഫ്. ഡി.ഐ.ജി. ജനുവരി 6ന് യാദവിന്റെ യൂണിറ്റ് നേരിട്ട് സന്ദര്‍ശിച്ചിരുന്നു. പരാതി വല്ലതുമുണ്ടെങ്കില്‍ അന്നു പറയാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ, അതു ചെയ്തില്ല. പ്രതികൂല സാഹചര്യങ്ങളില്‍ എല്ലാ ദിവസവും 11 മണിക്കൂര്‍ തുടര്‍ച്ചയായി നില്‍ക്കേണ്ടി വരുന്നു എന്ന് വീഡിയോയില്‍ പരാതിപ്പെട്ട യാദവ് തങ്ങള്‍ക്ക് വളരെ മോശം പരിഗണനയാണ് ലഭിക്കുന്നതെന്നും ആരോപിക്കുകയുണ്ടായി. ഒരു സൈനികനാണ് ഇതു പറയുന്നതെന്നോര്‍ക്കണം!! കേരളത്തിലെ തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ ഇതിനെക്കാളേറെ സമയം ഒരു ദിവസം നില്‍ക്കുന്നുണ്ട്. അവര്‍ അപ്പോള്‍ എന്തുമാത്രം പരാതി പറയണം!!!

എന്റെ അച്ഛന്‍ ഒരു മുന്‍ പട്ടാളക്കാരനാണ്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഒരു സാധാരണ ഭടന്‍. അച്ഛനെ ഞാന്‍ ഈ വീഡിയോ കാണിച്ചു. ഭക്ഷണത്തില്‍ കുറ്റം കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അത്രയെങ്കിലും കിട്ടിയല്ലോ എന്നായിരുന്നു പ്രതികരണം. പരിപ്പു കറിയില്‍ വെറും മഞ്ഞളും ഉപ്പും മാത്രമേയുള്ളൂ എന്നാണ് യാദവിന്റെ പരാതി. ഹിന്ദി മേഖലയിലെ മധ്യവര്‍ഗ്ഗ കുടുംബത്തിലെ സാധാരണ ഭക്ഷണമാണിതെന്ന് ആര്‍ക്കാണറിയാത്തത്? ചൂട് ചപ്പാത്തി ഒരു ഭാഗ്യം തന്നെയാണ്. വീഡിയോയിലെ പച്ചക്കറി കുറുമയുടെ കാര്യം യാദവ് സൗകര്യപൂര്‍വ്വം മറന്നു. അതിര്‍ത്തിയില്‍ സൈനികദൗത്യത്തിനായി നിയോഗിക്കപ്പെടുമ്പോള്‍ ഭക്ഷണം എന്നത് ജീവന്‍ നിലനിര്‍ത്താനുള്ള വെറും ഉപാധി മാത്രമാണ് പട്ടാളക്കാരന്. അവിടെ ഓഫീസറെന്നോ സാദാ ഭടനെന്നോ വ്യത്യാസമില്ലെന്ന് യുദ്ധത്തിന്റെ ഭീകരത കണ്ടിട്ടുള്ള, അനുഭവിച്ചിട്ടുള്ള എന്റെ അച്ഛന്‍ പറയുമ്പോള്‍ അതാണ് എനിക്ക് വിശ്വാസം.

bsf.jpg

അങ്ങനെ വരുമ്പോള്‍ എനിക്ക് ന്യായമായൊരു സംശയം വരുന്നു -ഓഫീസര്‍മാരും ഭടന്മാരും തമ്മിലൊരു തര്‍ക്കം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണോ യാദവിന്റെ വീഡിയോകള്‍? തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഭക്ഷണക്കാര്യത്തിലാണ് യഥാര്‍ത്ഥത്തില്‍ തേജ് ബഹാദൂറിന്റെ പരാതിയെങ്കില്‍ അത് ആദ്യം ഉന്നയിക്കേണ്ടത് മെസ് കമ്മിറ്റിയില്‍ അല്ലേ? അവിടെ പരിഹാരം ഉണ്ടായില്ലെങ്കില്‍ കമ്പനി കമാന്‍ഡറോട് പരാതിപ്പെടാമായിരുന്നു. അതിനു ശേഷം ഡി.ഐ.ജി., ഐ.ജി. എന്നിങ്ങനെ പല തലങ്ങളുണ്ട്. പക്ഷേ, സമൂഹമാധ്യമത്തിലെ വീഡിയോയിലൂടെ അച്ചടക്കത്തിന്റെ സര്‍വ്വസീമകളും ലംഘിച്ച യാദവ് ഒരു സൈനികന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വം മറന്നുപോയി.

യാദവിന്റെ മദ്യപാനശീലം നേരത്തേ തന്നെ കുപ്രസിദ്ധമാണെന്ന് ബി.എസ്.എഫ്. പറയുന്നു. വീഡിയോയിലൂടെ യാദവ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും മറുകൃതിയായി മാത്രമേ ഇത് കണക്കാക്കപ്പെടുന്നുള്ളൂ. എന്നാല്‍, 2010ല്‍ യാദവ് കോര്‍ട്ട് മാര്‍ഷലിനു വിധേയനായി ശിക്ഷ ഏറ്റുവാങ്ങിയിരുന്നു എന്ന വസ്തുത ഒരു തരത്തിലും നിരാകരിക്കാനാവില്ല. കാരണം, രേഖയിലുള്ള കാര്യമാണ്. ഒരു സീനിയര്‍ ഉദ്യോഗസ്ഥനു നേരെ തോക്കു ചൂണ്ടിയതിന്റെ പേരിലാണ് പട്ടാളക്കോടതി യാദവിനെ വിചാരണ ചെയ്ത് 89 ദിവസത്തെ കഠിനതടവിനു ശിക്ഷിച്ചത്. ബി.എസ്.എഫിലെ മികച്ച സേവനത്തിന് 16 തവണ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്നതും ഒരു തവണ മികച്ച ബി.എസ്.എഫ്. ഓള്‍റൗണ്ടര്‍ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നേടിയെന്നതും അന്ന് പിരിച്ചുവിടലില്‍ നിന്നു രക്ഷിച്ചു.

TBY FB.jpg

പക്ഷേ, ഇക്കുറി കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നു തന്നെയാണ് സൂചനകള്‍. വീഡിയോകള്‍ വന്ന സാഹചര്യത്തില്‍ സ്വാഭാവികമായും തേജ് ബഹാദൂറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബി.എസ്.എഫ്. വിശദമായി പരിശോധിച്ചു. ഇപ്പോഴും ഇതേ അക്കൗണ്ട് സജീവമായി നിലനില്‍ക്കുന്നുണ്ട്. ഭക്ഷണം സംബന്ധിച്ച വീഡിയോയും അവിടെത്തന്നെയുണ്ട്.

FAKE ID TBY.jpg

ഈ അക്കൗണ്ട് വ്യാജമാണെന്ന ആക്ഷേപം ഇടയ്ക്ക് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായിരുന്നു. ഇത് ശരിക്കുള്ള അക്കൗണ്ടാണെന്നും താനാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും കാട്ടി തേജ് ബഹാദൂറിന്റെ ഭാര്യ പോസ്റ്റുമായി രംഗത്തുവന്നു. തെളിവായി തേജ് ബഹാദൂര്‍ തന്നെ 9622316574 എന്ന തന്റെ മൊബൈല്‍ നമ്പറും ടൈംലൈനില്‍ പ്രദര്‍ശിപ്പിച്ചു. അപ്പോള്‍ അദ്ദേഹത്തിനൊപ്പം ഭാര്യയും ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.

PHONE.jpg

ഇതിലൊന്നുമല്ല കാര്യം. ഫേസ്ബുക്കില്‍ തേജ് ബഹാദൂറിന് 3,000ലേറെ സുഹൃത്തുക്കളുണ്ട്. അതൊരു തെറ്റാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നാല്‍, സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഏതാണ്ട് 500ഓളം പേര്‍ പാകിസ്താനികളാണ്!!! ബംഗ്ലാദേശികളുമുണ്ട്!!!! അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ കടന്നുകയറ്റം തടയാന്‍ ചുമതലപ്പെട്ട സൈനികന്റെ സുഹൃത്തുക്കളില്‍ വലിയൊരു ഭാഗം പാകിസ്താനില്‍ നിന്ന്!!! ഇവരെ ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാം.

Asad Hayat

Azad Hayat

Md Khalil

Md Khalil.jpg

Mohd Khalid

Mohd KhaliD.jpg

Adnan Aslam

ADNAN ASLAM.jpg

Adnan Sattar, Aslam Khan എന്നിങ്ങനെ പിന്നെയും അനേകം പേര്‍. ഇവര്‍ക്കൊപ്പം ഒരു പ്രധാനപ്പെട്ട വ്യക്തിയുണ്ടായിരുന്നു -Jahangir Wzr Wzr Jahangir. ഇദ്ദേഹം പാക് സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്!! എന്നാല്‍, വിശദമായ പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ ഈ പ്രൊഫൈല്‍ അപ്രത്യക്ഷമായിരിക്കുന്നു. ഏതായാലും ബി.എസ്.എഫ്. ഉദ്യോഗസ്ഥര്‍ നേരത്തേ തന്നെ സ്‌ക്രീന്‍ ഷോട്ട് എടുത്തുവെച്ചിരുന്നത് തേജ് ബഹാദൂറിന്റെ പാക് സൈനിക ‘സൗഹൃദ’ത്തിന് തെളിവായിട്ടുണ്ട്. എന്തൊക്കെയോ കുഴപ്പങ്ങള്‍ കാണുന്നില്ലേ? സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നു എന്ന വാദമൊന്നും ഇവിടെ വിലപ്പോവില്ല. കാരണം തെളിവുകള്‍ ഡിജിറ്റലാണ്!!

ഇതിനു പുറമെ ഒരു കാര്യം കൂടി ബി.എസ്.എഫ്. കണ്ടെത്തി. തേജ് ബഹാദൂര്‍ യാദവിന്റെ പേരില്‍ 39 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നു. അസ്സല്‍ തേജ് ബഹാദൂര്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഈ വ്യാജ അക്കൗണ്ടുകള്‍ പരമാവധി പ്രചാരം നല്‍കുന്നു. ഇതൊന്നും വാര്‍ത്തയല്ല!!! വാര്‍ത്തയില്‍ പിശക് സ്വാഭാവികമായും സംഭവിക്കാം. ആദ്യ നോട്ടത്തില്‍ കാണുന്നതായിരിക്കില്ല പിന്നീട് വിശദമായി നോക്കുമ്പോള്‍ വ്യക്തമാവുക. പക്ഷേ, ആദ്യം നല്‍കിയ വാര്‍ത്ത തെറ്റാണെങ്കില്‍ അതു തിരുത്താനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കില്ലേ? എന്റെ ഇന്ത്യാവിഷന്‍ കാലത്ത് തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ അമൃത എന്ന പെണ്‍കുട്ടി തന്നെ അപമാനിച്ചവരെ ഇടിച്ചുനിരത്തി എന്ന വാര്‍ത്ത വന്നത് ഉദാഹരണമായി ഓര്‍ക്കുന്നു. ആദ്യത്തെ വാര്‍ത്ത തെറ്റാണെന്ന് അടികൊണ്ട ചെറുപ്പക്കാര്‍ ഞങ്ങളെ ബോദ്ധ്യപ്പെടുത്തി. അടികൊണ്ട അവര്‍ തന്നെ വേട്ടക്കാരുമാകുന്ന നീതികേടിനെതിരെ സത്യം തെളിയിക്കാന്‍ അവസാനം വരെ ഒപ്പം നിന്നത് ഇന്ത്യാവിഷന്‍ മാത്രമായിരുന്നു. ഒടുവില്‍ ഫ്‌ളൈ ഓവറിനു കീഴിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാര്‍ത്ത തെറ്റാണെന്നു തെളിഞ്ഞു. അമൃതയെ ഇങ്ങോട്ടല്ല, അമൃത അങ്ങോട്ടു കൈയേറ്റം ചെയ്തതാണെന്നു വ്യക്തമായി. ആദ്യം നല്‍കിയ വാര്‍ത്ത തെറ്റായിരുന്നു എന്നു സമ്മതിക്കാന്‍ അന്ന് ഇന്ത്യാവിഷന് മടിയുണ്ടായില്ല. തെറ്റ് സമ്മതിച്ച് തിരുത്തി വിശ്വാസ്യതാനഷ്ടം ഒഴിവാക്കി. മറ്റു പലരും അങ്ങനെ ആയിരുന്നില്ല. ഇന്നും അങ്ങനെയല്ല.

തേജ് ബഹാദൂറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നു. അങ്ങനെ സംഭവിച്ചാലും ഒരു പക്ഷേ, വാര്‍ത്ത വരിക ഇങ്ങനെയായിരിക്കും -‘സത്യം പറഞ്ഞ സൈനികന് പീഡനം’. ഫേസ്ബുക്കിന്റെയോ പാക് ബന്ധത്തിന്റെയോ ഒക്കെ കഥകള്‍ ആരുമറിയില്ല, അറിയിക്കില്ല!! സത്യം പറഞ്ഞാല്‍ റേറ്റിങ് കൂടില്ല!!!

FOLLOW
 •  
  2.3K
  Shares
 • 2.3K
 • 29
 •  
 • 23
 •  
 •