താണെയിൽ നിന്നു കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷല്‍ ട്രെയിന്‍ കേരള സര്‍ക്കാര്‍ തടഞ്ഞു.

അടുത്ത വിവാദം ഇതാണെന്ന് ഉറപ്പല്ലേ? സര്‍ക്കാരിനെതിരെ ഒരു പത്രസമ്മേളനം നടത്താന്‍ പ്രതിപക്ഷ നേതാവിന് വകുപ്പുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസി‍ഡന്റിന് പ്രസ്താവനയുമിറക്കാം.

മഹാരാഷ്ട്രയിലെ താണെയില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷല്‍ ട്രെയിന്‍ ഇന്ന്, മെയ് 24ന് പുറപ്പെടുന്ന വിവരം സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഇതു കണക്കിലെടുത്താണ് ട്രെയിന്‍ യാത്ര മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചത്. യാത്രക്കാരുടെ വിവരം നേരത്തേ ലഭ്യമാക്കാത്തതിനാല്‍ യാത്ര മാറ്റിവെയ്ക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു, റെയില്‍വേ നടപ്പാക്കി.

ഈ ട്രെയിനില്‍ ടിക്കറ്റെടുത്തിരുന്നവരില്‍ വളരെ കുറച്ചു പേര്‍ മാത്രമേ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ തങ്ങളുടെ വിശദാംശങ്ങള്‍ നല്‍കി പ്രവേശന പാസ് നേടിയിരുന്നുള്ളൂ. അവരിലൂടെയാണ് ട്രെയിന്‍ വരുന്നുണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതു തന്നെ. ടിക്കറ്റെടുത്ത എല്ലാവരും പ്രവേശന പാസ് നേടുന്ന മുറയ്ക്ക് യാത്ര അനുവദിക്കുമെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലേക്കു വരുന്ന യാത്രക്കാരുടെ വിശദവിവരങ്ങൾ സർക്കാരിന് മുൻകൂട്ടി ലഭിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഹോം ക്വാറന്റൈന്‍ സൗകര്യം ഉണ്ടോ എന്നു വിലയിരുത്താനും ഇല്ലാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണനൽ ക്വാറന്റൈന്‍ ഒരുക്കാനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് മുൻകൂർ വിവരം ലഭിക്കണം. വരുന്നവരുടെയും ഇവിടുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി അത്യാവശ്യമാണ്.

പ്രവേശന പാസ് നേടണമെന്ന നിര്‍ബന്ധം സര്‍ക്കാര്‍ വെച്ചിരിക്കുന്നത് തങ്ങള്‍ അനുസരിക്കില്ലെന്ന പ്രഖ്യാപനവുമായി ചിലര്‍ സുരക്ഷാക്രമീകരണങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ചില്ലെങ്കിലും വലിയ പ്രശ്നമൊന്നുമില്ല എന്ന ധാരണയില്‍ അവഗണിക്കുന്നു. അങ്ങനുള്ളവര്‍ ഇങ്ങോട്ടു വരേണ്ടതില്ലെന്ന് തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

ചിലരുടെ പിടിവാശിയാണ് താണെ ട്രെയിനില്‍ ടിക്കറ്റെടുത്ത മുഴുവനാളുകള്‍ക്കും അസൗകര്യമായി മാറിയത്. ട്രെയിന്‍ യാത്ര തടസ്സപ്പെട്ടതിന് ഉത്തരവാദികള്‍ അവര്‍ മാത്രമാണ്, യാത്ര നിഷേധിച്ച സര്‍ക്കാരല്ല. കോവിഡ്19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആളുകളുടെ ആവശ്യപ്രകാരം ട്രെയിനുകൾ സർവ്വീസ് നടത്താനുള്ള അനുമതി കാലതാമസമില്ലാതെ തന്നെ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോള്‍ ഒരു കാര്യം മനസ്സിലാക്കുക.

എവിടെ നിന്നെങ്കിലും ട്രെയിന്‍ വരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ യാത്രക്കാര്‍ നിയമപ്രകാരമുള്ള പ്രവേശന പാസ് നേടി സുരക്ഷ ഉറപ്പാക്കിയിട്ടാണോ പറയുന്നതെന്ന് തിരിച്ചു ചോദിക്കുക.

JUST SIMPLE AS THAT!!

 •  
  329
  Shares
 • 310
 •  
 •  
 • 19
 •  
 •  
 •  
Previous articleഗൂഗിളിന്റെ BevQ നിരാസം!
Next articleഇടപെടൽ
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS