മന്ത്രിമാര്‍ക്ക് കൈ തുടയ്ക്കാന്‍ 75,000 രൂപയുടെ ടവല്‍!!!
ഒരു കോണ്‍ഗ്രസ്സുകാരന്‍ സുഹൃത്തിന്റെ പോസ്റ്റാണ്.
ങേ! അതെന്താ സ്വര്‍ണ്ണനൂലു കൊണ്ടുള്ള ടവലാണോ?
അതൊന്നറിയണമല്ലോ?
ഉറപ്പായും വലിച്ചുകീറി ഒട്ടിക്കേണ്ട കാര്യമാണ്.
ഉത്തരവ് തപ്പിയെടുത്തു.

പൊതുഭരണ (ഹൗസ് കീപ്പിങ് സെല്‍-ബി) വകുപ്പിന്റേതാണ് ഉത്തരവ്.
തീയതി 2020 ഏപ്രില്‍ 21.
ഒരു ടവലിനോ 20 ടവലിനോ അല്ല 75,000 രൂപ.
200 ടവലുകള്‍ക്കാണ് ഈ വില.
100 ടര്‍ക്കി ടവലുകള്‍ -കസേരകളില്‍ വിരിക്കാനായിരിക്കും.
മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോള്‍ ഇരിക്കുന്ന കസേരയില്‍ വിരിച്ചിരിക്കുന്നത് ടെലിവിഷനില്‍ കണ്ടിട്ടില്ലേ, അതു പോലുള്ളവ.
100 ഹാന്‍ഡ് ടവലുകള്‍ -കൈ തുടയ്ക്കാന്‍.
വാങ്ങുന്നത് കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍ നിന്ന്.

സെക്രട്ടേറിയറ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെട്ടവരാണ് ഹൗസ് കീപ്പിങ് വിഭാഗം.
അവരാണ് ടവലുകള്‍ വാങ്ങുന്നത്.
കസേരയില്‍ വിരിക്കാനും കൈ തുടയ്ക്കാനുമുള്ള ടവലുകള്‍ സാധാരണ ആവശ്യമാണ്.
ഉപയോഗിക്കുന്നത് മുഷിയുമ്പോള്‍ അവ മാറ്റുക സാധാരണയുമാണ്.
നമ്മളെല്ലാവരും വീടുകളില്‍ ചെയ്യുന്നതു പോലെ.
സാധാരണ നടപടിയായതിനാലാണ് സ.ഉ.(സാധാ) നം.1345/2020/പൊ.ഭ.വ. എന്ന നമ്പര്‍ ഈ ഉത്തരവിന് വന്നത്.
സാധാ എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്.

ഇതൊരു സ്വകാര്യ ഇടപാടല്ല.
കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങുന്നതാവുമ്പോള്‍ ഇത് സര്‍ക്കാരും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണ്.
ഒരു വകുപ്പില്‍ നിന്ന് മറ്റൊരു വകുപ്പിലേക്കു നല്‍കുന്ന പണം എത്തുന്നത് സര്‍ക്കാര്‍ ട്രഷറിയില്‍ തന്നെ.
വിരിക്കുന്ന വലിയ ടര്‍ക്കി ടവലിന് എന്തായാലും 350ല്‍ കൂടുതലാവുമെന്ന് ഉറപ്പ്.
ചെറിയ ഹാന്‍ഡ് ടവലിന് 350ല്‍ കുറവായിരിക്കും വില.
എങ്ങനെ നോക്കിയാലും കൈത്തറി ടവല്‍ ഒരെണ്ണത്തിന് ശരാശരി വില 375 ആകുന്നത് അത്ര കൂടുതലാണെന്ന് ആരും പറയില്ല.
ഇതിനെയാണ് സ്വര്‍ണ്ണ നൂലിന്റെ ടവല്‍ എന്ന പോലെ അവതരിപ്പിക്കുന്നത്.

മാത്രവുമല്ല ഈ ഫയല്‍ രൂപമെടുത്തിരിക്കുന്നത് 2020 മാര്‍ച്ച് 19നാണ്.
ലോക്ക് ഡൗണൊക്കെ വരുന്നതിനു മുമ്പ്.
അതിനു ശേഷം സെക്രട്ടേറിയറ്റ് അവധിയായിരുന്നു.
വീണ്ടും പ്രവര്‍ത്തനം ഭാഗികമായി തുടങ്ങിയപ്പോള്‍ കെട്ടിക്കിടന്ന ഉത്തരവിറങ്ങിയതാവാനേ തരമുള്ളൂ.
മുഷിഞ്ഞതിനാല്‍ മാറ്റിയതാവാം.
ഒരു പക്ഷേ, കോവിഡ് കാലത്ത് അണുക്കള്‍ പടരുന്നതു തടയാന്‍ പഴയവ മാറ്റിയതുമാവാം.
സാദ്ധ്യതകള്‍ പലതുണ്ട്.

കോവിഡ് കാലത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളും കൃത്യമായി പരിശോധിക്കപ്പെടണം.
നൂലിട വ്യത്യാസമില്ലാതെ ഇഴകീറി നോക്കണം.
അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കണം.
അഴിമതിയുണ്ടെങ്കില്‍ അതു തുറന്നു കാട്ടണം.
പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണത്.
പക്ഷേ, ഇല്ലാത്ത അഴിമതി ഉണ്ടാക്കി കാണിക്കുക പ്രതിപക്ഷത്തിന്റെ ജോലിയല്ല.
അതു പ്രതിപക്ഷം നടത്തുന്ന കുത്സിതപ്രവര്‍ത്തനമാണ്.

സെക്രട്ടേറിയറ്റില്‍ പ്രതിപക്ഷ നേതാവിന് ഓഫീസില്ലാത്തതിനാല്‍ അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശം ഉത്തരവില്‍ ഇല്ലാതെ പോയി.
നിയമസഭാ മന്ദിരത്തില്‍ ടവല്‍ വാങ്ങിയ ഉത്തരവ് നോക്കിയാല്‍ ഉറപ്പായും അദ്ദേഹവും കാണും.
കാരണം അവിടെ പ്രതിപക്ഷ നേതാവിന് ഓഫീസുണ്ട്.
അവിടെ കസേരകളുണ്ട്.
കസേരകളില്‍ വിരിക്കാന്‍ ടവലുമുണ്ട്.
കൈ തുടയ്ക്കാനുമുണ്ട് വേറെ ടവല്‍.
അതൊക്കെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ വല്ല അസുഖവും പിടിക്കും.

“പുലി വരുന്നേ.. പുലി വരുന്നേ” എന്നു വിളിച്ചുകൂവി ഗ്രാമവാസികളെ പറ്റിച്ച ഇടയബാലന്റെ കഥ ഓര്‍മ്മയില്ലേ.
അവന്‍ വിളിച്ചപ്പോഴെല്ലാം ഓടിച്ചെന്ന ഗ്രാമവാസികള്‍ ഇളഭ്യരായി മടങ്ങി.
ഒടുവില്‍ യഥാര്‍ത്ഥത്തില്‍ പുലി വന്നു, അവന്‍ വിളിച്ചു, ആരും തിരിഞ്ഞു നോക്കിയില്ല.
അഴിമതി സംബന്ധിച്ച വ്യാജ ആരോപണങ്ങള്‍ക്കും ഇതേ പ്രശ്നമുണ്ട്.
ഇല്ലാത്ത അഴിമതിയെക്കുറിച്ച് കള്ളം പറയുന്നത് പതിവാകുമ്പോള്‍ ജനം പ്രതിപക്ഷത്തെ തള്ളിപ്പറയും.
അവസാനം ശരിക്കുമുള്ള അഴിമതി ചൂണ്ടിക്കാട്ടിയാലും ആരും വിശ്വസിക്കാതാവും.

കോടികളുടെ സ്പ്രിങ്ക്ളറില്‍ നിന്നുള്ള ചാട്ടം താഴെ 75,000 രൂപയുടെ ടവലിലേക്ക്.
അടുത്തതിനായി കാത്തിരിക്കുന്നു.

FOLLOW
 •  
  2.5K
  Shares
 • 2.4K
 • 26
 •  
 • 22
 •  
 •