ടൗണ്‍ എസ്.ഐ. എം.കെ.ദാമോദരന്‍!!!

Pages ( 1 of 4 ): 1 234Next »
Content Protection by DMCA.com

കോഴിക്കോട് കോടതിയില്‍ ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജിനെ കൈകാര്യം ചെയ്തത് കോഴിക്കോട് ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ആണെന്നാണ് പുറംലോകമറിഞ്ഞത്. എന്നാല്‍, വിമോദില്‍ മറ്റൊരു അവതാരരൂപം ആവാഹിച്ചിരിക്കുകയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം? ഇന്നലെ ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ഡ്യൂട്ടിയിലില്ലായിരുന്നു. അവിടെ ഉണ്ടായിരുന്നത് ടൗണ്‍ എസ്.ഐ. എം.കെ.ദാമോദരന്‍!!!

Binuraj
എസ്.ഐ. വിമോദ് ഏഷ്യാനെറ്റിലെ ബിനുരാജുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നു

ഒന്നും പിടികിട്ടിയില്ലെന്ന് എനിക്കറിയാം. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് കോഴിക്കോട് വിചാരണ കോടതി പരിഗണിക്കുന്ന ദിവസമാണ് ഈ പുകിലെല്ലാമുണ്ടായത്. ഐസ്‌ക്രീം കേസ് എന്നു കേട്ടാലുടന്‍ മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേരാണ് മനസ്സിലേക്കോടി വരിക. എന്നാല്‍, ഇപ്പോഴത്തെ കേസില്‍ എതിര്‍കക്ഷി സ്ഥാനത്തുള്ളൊരു പ്രധാനി ‘നിഷ്‌കാസിതനായ നിയമോപദേശി’ എം.കെ.ദാമോദരനാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. സുപ്രീം കോടതിയില്‍ നടന്ന അട്ടിമറിക്കും കാരണമതു തന്നെ. ദാമോദരന്‍ ഈ കേസിലേക്കെത്തിയത് കുഞ്ഞാലിക്കുട്ടി വഴിയാണെന്നു മാത്രം.

എന്തായാലും കേസിന്റെ കാര്യങ്ങള്‍ പുറംലോകമറിയരുത് എന്ന ബന്ധപ്പെട്ടവരുടെ ലക്ഷ്യം ക്ലീനായി നിറവേറി. പക്ഷേ, ആരൊക്കെ എന്തൊക്കെ മുക്കിയാലും എന്നെപ്പോലുള്ളവര്‍ക്ക് അന്വേഷിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ജോലി മാധ്യമപ്രവര്‍ത്തനം ആയിപ്പോയില്ലേ. കോടതിയില്‍ നടന്നത് ഇതാണ്. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് കോടതി പരിഗണിച്ചപാടെ സന്തോഷ് മാത്യു എന്ന അഭിഭാഷകന്‍ പ്രത്യക്ഷപ്പെട്ടു. കൊച്ചിയില്‍ നിന്നെത്തിയതാണ്. വന്നപാടെ അദ്ദേഹം വാദം തുടങ്ങി. വി.എസ്.അച്യുതാനന്ദന് ഈ കേസ് നടത്താന്‍ ‘ലോക്കസ് സ്റ്റാന്‍ഡി’ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാദം. എന്നുവച്ചാല്‍, ഈ കേസ് നടത്താന്‍ വി.എസ്സിന് യോഗ്യതയില്ലാന്നര്‍ത്ഥം. ഇതുമായി ബന്ധപ്പെട്ട കേസ് 11 തവണ വി.എസ്. നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ ഹര്‍ജി തള്ളണം എന്നാവശ്യം.

Calicut issue
ഏഷ്യാനെറ്റ് സംഘത്തെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍

സംഗതി കൊള്ളാം. നല്ല വാദം. പക്ഷേ, ആര്‍ക്കുവേണ്ടി? സന്തോഷ് മാത്യുവിന് ആരുടെയും വക്കാലത്തില്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഇദ്ദേഹം വാദിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ.ഭാസ്‌കരന്‍ നായരാണ് വി.എസ്സിനു വേണ്ടി ഹാജരായത്. വലിഞ്ഞുകയറി വന്ന വക്കീലിന് ക്രൈം നമ്പര്‍ 59ല്‍ എന്തുകാര്യം എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. സന്തോഷ് മാത്യുവിന് വാ തുറക്കാന്‍ അവകാശമില്ലെന്ന വാദം അംഗീകരിക്കപ്പെട്ടതോടെ ആ നീക്കം പൊളിഞ്ഞു. ഇതിനിടെ അവിടെയുണ്ടായിരുന്ന ചിലര്‍ ഈ സന്തോഷാവതാരത്തിന്റെ വേരുകള്‍ പരതിയിരുന്നു. അന്വേഷണം ഇടിച്ചുനിന്നത് ഉപദേശി വക്കിലീനു മുന്നിലെന്ന് കേള്‍വി.

സാധാരണനിലയില്‍ ആ കേസിന്റെ വാദം തുടങ്ങേണ്ട ദിവസമായിരുന്നില്ല ഇന്നലെ. സുപ്രീം കോടതിയുടെ രേഖകള്‍ ഹാജരാക്കുന്നതടക്കം ഒരുപാട് കാര്യങ്ങളുണ്ട്. മാത്രമല്ല, സര്‍ക്കാരെന്താണ് ഈ വിഷയത്തില്‍ പറയുക എന്നറിയുകയും വേണം. വി.എസ്. രാഷ്ട്രീയപ്രേരിതമായാണ് ഈ കേസ് നടത്തുന്നത് എന്നാണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. ഇവിടെയും ആ നിലപാട് പിന്തുടരുന്നുണ്ടോ എന്നറിഞ്ഞ ശേഷമാണല്ലോ വി.എസ്സിന്റെ അഭിഭാഷകന്‍ എതിര്‍വാദം ഉന്നയിക്കേണ്ടത്. ഈ കേസില്‍ ചെയ്യാനുള്ള കാര്യങ്ങള്‍, ഇതു സംബന്ധിച്ച ധാരണകള്‍ എന്നിവയെല്ലാം വിശദീകരിക്കാനുള്ളതിനാല്‍ ആവശ്യമായ സമയം നല്‍കണമെന്നാവശ്യപ്പെടാന്‍ മാത്രമേ വി.എസ്സിനു സാധിക്കുകയുള്ളൂ. എതിര്‍കക്ഷിക്കും അതു മാത്രമാവും ചെയ്യാനാവുക. ഇന്നലെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല, സര്‍ക്കാരിന് നോട്ടീസയയ്ക്കാന്‍ കോടതി നിശ്ചയിച്ചിട്ടില്ല, ഒന്നും ചെയ്തിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് കൊച്ചിയില്‍ നിന്നെത്തിയ അവതാരം വാദം തുടങ്ങിയത്!!!

Print Friendly

Pages ( 1 of 4 ): 1 234Next »

9847062789@upi

 

One Comment Add yours

  1. കോടതിയിൽ റിപ്പോർട്ടിംഗിന് വന്ന മാധ്യമ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു എന്ന വാർത്തക്ക് പിന്നിൽ ഇങ്ങനെയൊരു ട്വിസ്റ്റ്‌ അത്ഭുതമായിരുന്നു. ഒരു പക്ഷേ ഇത്തരം ഉള്ളുകളികൾ എനിക്കറിയാത്തതു കൊണ്ടാവും

നിങ്ങളുടെ അഭിപ്രായം...