Reading Time: 8 minutes

സി.പി.എം. എന്ന പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള നേതാവാണ് പ്രകാശ് കാരാട്ട്. സോവിയറ്റ് യൂണിയനില്‍ മിഖായേല്‍ ഗൊര്‍ബച്ചേവിനുള്ള സ്ഥാനവുമായാണ് താരതമ്യം. എന്നാല്‍, ഗൊര്‍ബച്ചേവിന് നേര്‍ വിപരീതമാണ് കാരാട്ടിന്റെ ശൈലി. പെരിസ്‌ത്രോയിക്കയും ഗ്ലാസ്‌നോസ്തുമൊക്കെയായി കമ്മ്യൂണിസത്തിന് അനുയോജ്യമല്ലാത്ത അയഞ്ഞ ശൈലിയാണ് ഗൊര്‍ബച്ചേവിനുണ്ടായിരുന്നതെങ്കില്‍ കാരാട്ടിന്റേത് കിടുകിട വ്യതിചലിക്കാത്ത കടുംപിടിത്തമാണ്. രണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ശൈലികളാണ്.

ലോക്‌സഭയില്‍ ഇടതു കക്ഷികള്‍ക്കെല്ലാം കൂടി 60 അംഗങ്ങളുണ്ടായിരുന്ന സമയത്താണ് പ്രകാശ് കാരാട്ട് സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനമേല്‍ക്കുന്നത് -2005 ഏപ്രില്‍ 11ന്. അന്ന് ഒന്നാം യു.പി.എ. സര്‍ക്കാരായിരുന്നു അധികാരത്തില്‍. അടുത്തത് ഹിന്ദി ഹൃദയഭൂമിയാണ് ലക്ഷ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 10 വര്‍ഷത്തിനു ശേഷം 2015 ഏപ്രില്‍ 19ന് അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുമ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ കടന്നു കയറിയില്ലെന്നു മാത്രമല്ല ലോക്‌സഭയില്‍ ഇടതു കക്ഷികള്‍ക്കെല്ലാം കൂടി ഉള്ള സീറ്റ് 10 ആയി കുറഞ്ഞു. എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലായില്ലേ?

പ്രകാശ് കാരാട്ട്‌

പ്രകാശ് കാരാട്ട് സ്ഥാനമേല്‍ക്കുമ്പോള്‍ ബംഗാളില്‍ സി.പി.എം. അധികാരത്തിലായിരുന്നുവെങ്കില്‍ ഇന്ന് പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന സ്ഥിതിയാണ്. കൈയിലുണ്ടായിരുന്ന ത്രിപുര ഭരണവും ഇപ്പോള്‍ പോയിക്കിട്ടി. കൊണ്ടുപോയി കളഞ്ഞുവെന്ന് ഞാന്‍ പറയും. കേരളത്തിലെ സി.പി.എമ്മിന് തങ്ങളുടേതായ ഒരു നിലനില്‍പ്പുണ്ട് എന്നത് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഭാഗ്യം. ഇവിടത്തെ സാമൂഹിക സാഹചര്യങ്ങളും വ്യത്യസ്തം. അതുകൊണ്ട് കേരളത്തില്‍ മാത്രം ഇപ്പോള്‍ ഭരണമുണ്ട്.

സീതാറാം യെച്ചൂരി

ത്രിപുരയിലെ തോല്‍വി മണിക് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണോ? തിരഞ്ഞെടുപ്പിനു ശേഷമുള്ള കണക്കുകൂട്ടലുകള്‍ക്കു ശേഷം അതെ എന്ന ഉത്തരം നല്‍കാനാണ് എനിക്കിഷ്ടം. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്താതെ കടുംപിടിത്തവുമായി മുന്നോട്ടു പോകുന്ന പ്രകാശ് കാരാട്ടിനൊപ്പം മണിക് സര്‍ക്കാര്‍ നിലയുറപ്പിച്ചു. കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള ബന്ധവും വേണ്ടെന്നു വാശിപിടിച്ചു. പക്ഷേ, കോണ്‍ഗ്രസ്സിനെ കൂടെ നിര്‍ത്തിയിരുന്നുവെങ്കില്‍ ത്രിപുരയില്‍ ഇത്തവണയും മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേനേ. വെറുതെ പറയുന്നതല്ല, കണക്കുകള്‍ പറയുന്നതാണ്.

ത്രിപുരയിലെ അവസാന വോട്ട് നില

ത്രിപുരയിലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത് 43 ശതമാനം അഥവാ 9,99,093 വോട്ടാണ്. 42.7 ശതമാനം അഥവാ 9,92,575 വോട്ട് നേടിയ സി.പി.എമ്മും അവരും തമ്മില്‍ വോട്ട് വിഹിതത്തില്‍ വലിയ വ്യത്യാസമില്ല. ബി.ജെ.പിയോട് ചേര്‍ന്നു നിന്ന് 7.5 ശതമാനം അഥവാ 1,73,603 വോട്ട് നേടിയ ഐ.പി.എഫ്.ടിയാണ് നിര്‍ണ്ണായകമായത്. സി.പി.എമ്മിന്റെ സഖ്യകക്ഷികളായ സി.പി.ഐ., ആര്‍.എസ്.പി., ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നിവര്‍ക്കെല്ലാം കൂടി 2.2 ശതമാനം അഥവാ 50,035 വോട്ട് കിട്ടിയിട്ടുണ്ട്.

കോണ്‍ഗ്രസ്സിനെ ഒപ്പം നിര്‍ത്തി ആ ഗണത്തില്‍ അവര്‍ക്കു കിട്ടുമായിരുന്ന 3-4 ശതമാനം വോട്ടു കൂടി ചേര്‍ന്നിരുന്നുവെങ്കില്‍ കാവി കുത്തിപ്പിന് തടയിടാന്‍ ഒരു പക്ഷേ, സി.പി.എമ്മിനു കഴിയുമായിരുന്നു എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒറ്റയ്ക്കു നിന്ന് അമ്പേ തകര്‍ന്നുപോയ കോണ്‍ഗ്രസ്സിന് 1.8 ശതമാനം അഥവാ 41,325 വോട്ട് മാത്രമാണ് കിട്ടിയത്. ഇത്രയും കുറഞ്ഞത് ഒറ്റയ്ക്കു നിന്നതിനാലാണ്. കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തിട്ട് വലിയ കാര്യമില്ലെന്നു കരുതിയ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു.

മണിക് സര്‍ക്കാരും പ്രകാശ് കാരാട്ടും

മറുവശത്ത്, സി.പി.എമ്മിനോട് ചേര്‍ന്നു നില്‍ക്കാന്‍ അവസരം കിട്ടിയിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ഇങ്ങനെയാകുമായിരുന്നില്ല. ആ കോണ്‍ഗ്രസ്സിന് ജയസാദ്ധ്യതയുണ്ട്. അതിനാല്‍ കോണ്‍ഗ്രസ്സിനുള്ള വോട്ടുകളില്‍ ഒരു ഭാഗം കൂടിയെങ്കിലും അവരുടെ പെട്ടിയില്‍ വീഴുമായിരുന്നു. ത്രിപുരയില്‍ ബി.ജെ.പി. മത്സരിച്ച 51 സീറ്റുകളില്‍ 47 എണ്ണത്തിലും സ്ഥാനാര്‍ത്ഥികളായത് കോണ്‍ഗ്രസ്സിന്റെ മുന്‍ നേതാക്കളാണെന്നത് മാത്രം മതി ആ പാര്‍ട്ടിയുടെ അപചയത്തിന്റെ വലിപ്പം മനസ്സിലാക്കാന്‍.

എന്തുകൊണ്ട് കോണ്‍ഗ്രസ്സുകാരന്‍ ബി.ജെ.പിക്കൊപ്പം പോയി? ത്രിപുരയിലെ കോണ്‍ഗ്രസ്സുകാരന്‍ അധികാരത്തില്‍ നിന്ന് പുറത്തായിട്ട് കാല്‍ നൂറ്റാണ്ടായി. ത്രിപുരയിലെ 25 വയസ്സോ അതില്‍ താഴെയോ ഉള്ള ഏതു ചെറുപ്പക്കാരനും അറിയാവുന്നത് സി.പി.എം. സര്‍ക്കാരിനെ മാത്രമാണ്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലവും പണവുമായി വന്ന ബി.ജെ.പിക്കാരനൊപ്പം കോണ്‍ഗ്രസ്സുകാരന്‍ പോയത് അധികാരത്തിന്റെ അപ്പക്കഷ്ണം മോഹിച്ചു തന്നെയാണ്. സി.പി.എമ്മിനൊപ്പം നിന്ന് അതു നേടാന്‍ സാദ്ധ്യത ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ പോകുമായിരുന്നില്ല.

ബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍ എതിരാളിയുടെ തന്ത്രത്തിന് മറുതന്ത്രം കാണണം. കോണ്‍ഗ്രസ്സിനെ ബി.ജെ.പി. വിഴുങ്ങുന്നതു കണ്ട് മണിക് സര്‍ക്കാര്‍ മിണ്ടാതിരുന്നു, ഒരു ശല്യം തീര്‍ന്നാല്‍ അത്രയുമായി എന്ന ഭാവത്തില്‍. എന്നാല്‍, കോണ്‍ഗ്രസ്സിനെ വിഴുങ്ങുന്ന ബി.ജെ.പി. തടിച്ചുകൊഴുക്കുന്നത് അദ്ദേഹം കണ്ടില്ല. ബി.ജെ.പിയെ തടിച്ചുകൊഴുക്കാന്‍ വിട്ടിട്ട് സി.പി.എമ്മിന് എങ്ങനെ രക്ഷപ്പെടാനാവും.

പ്രകാശ് കാരാട്ടും മണിക് സര്‍ക്കാരും

കോണ്‍ഗ്രസ്സിനെ സംരക്ഷിക്കേണ്ടത് സി.പി.എമ്മിന്റെ ഉത്തരവാദിത്വമാണോ എന്ന ചോദ്യമുയരാം. അല്ല, സമ്മതിച്ചു. പക്ഷേ, ബി.ജെ.പി. വളരാതെ നോക്കാനുള്ള ഉത്തരവാദിത്വം സി.പി.എമ്മിനില്ലേ എന്ന മറുചോദ്യമുണ്ട്. ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ കോണ്‍ഗ്രസ്സിനെ ചേര്‍ത്തുനിര്‍ത്തുക മാത്രമാണ് വഴിയെങ്കില്‍ അതു ചെയ്യുക തന്നെ വേണം. കോണ്‍ഗ്രസ് ചീഞ്ഞ് ബി.ജെ.പിക്ക് വളമാവുന്നത് ഏതായാലും മതേതര ഇന്ത്യയ്ക്ക് ഭൂഷണമല്ലെന്ന് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.

സീതാറാം യെച്ചൂരി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നില്ലെന്ന് മണിക് സര്‍ക്കാര്‍ ഇപ്പോള്‍ ഒരു പക്ഷേ, ചിന്തിക്കുന്നുണ്ടാവും. ഇനി ചിന്തിച്ചിട്ട് എന്തു കാര്യം! കോണ്‍ഗ്രസ്സിനെ വെറുമൊരു ബൂര്‍ഷ്വാ ഭൂവുടമ പാര്‍ട്ടിയായി കണ്ട് മാറ്റിനിര്‍ത്തുന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയാരുന്നല്ലോ അദ്ദേഹം. വര്‍ഗ്ഗശത്രുവിനോട് കൂട്ടുകൂടുകയോ, അചിന്ത്യം!! അതിനെക്കാള്‍ ഭേദം ചെങ്കൊടി നെഞ്ചോടു ചേര്‍ത്ത് പൊരുതി വീഴുന്നതാണ് എന്നായിരിക്കാം ചിന്ത. ഇങ്ങനെ ചിന്തിക്കുന്നവര്‍ സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാരാണ്.

എന്നാല്‍, യെച്ചൂരിയുടെ തത്ത്വശാസ്ത്രം അങ്ങനെയല്ല. എതിരാളികളെ ഓരോരുത്തരെയായി തോല്‍പ്പിച്ച് മുന്നേറണം എന്നാണ് അദ്ദേഹം പറയുന്നത്. ശരിയാണ്, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനായി പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിന്റെ എതിര്‍ സ്ഥാനത്തു തന്നെയാണ് ബൂര്‍ഷ്വാ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ സ്ഥാനം. പക്ഷേ, ആശയപരമായി കോണ്‍ഗ്രസ് വലിയ അപകടകാരിയല്ല. കാരണം കോണ്‍ഗ്രസ് ഫാസിസ്റ്റല്ല. അതിനാല്‍, കൂടുതല്‍ അപകടകാരിയായ ബി.ജെ.പി. എന്ന ശത്രുവിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടുന്നതില്‍ തെറ്റില്ലെന്ന് യെച്ചൂരി പറയുന്നു.

പ്രകാശ് കാരാട്ടും സീതാറാ യെച്ചൂരിയും

ഫാസിസത്തെ എതിര്‍ക്കുന്ന എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തി 2019ലെ പൊതു തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് യെച്ചൂരിയുടെ സ്വപ്നം. അതിനാലാണ് തൃശ്ശൂരില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ യെച്ചൂരി പ്രസംഗിച്ചത് സി.പി.എം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള അല്ലെന്ന്. ഇവിടത്തെ പാര്‍ട്ടിക്കാര്‍ക്ക് കോണ്‍ഗ്രസ്സാണ് മുഖ്യശത്രു, ബി.ജെ.പി. അല്ല. ബി.ജെ.പി. മുഖ്യശത്രുവായി വരാന്‍ അവര്‍ കാത്തിരിക്കുകയാണെന്നു തോന്നുന്നു. അങ്ങനെ മുഖ്യശത്രുവായി ബി.ജെ.പി. വന്നാല്‍ സി.പി.എമ്മിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ത്രിപുരയിലെ അനുഭവം തെളിയിക്കുന്നു.

ബൃന്ദാ കാരാട്ട്, സീതാറാ യെച്ചൂരി, മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്‌

കോണ്‍ഗ്രസ്സുമായി ചേരാനുള്ള യെച്ചൂരിയുടെ ശ്രമങ്ങള്‍ക്ക് ബംഗാള്‍ സഖാക്കളുടെ പിന്തുണയുണ്ട്. അതിനെ എതിര്‍ക്കുന്ന കാരാട്ടിന് കേരള സഖാക്കളുടെ പിന്തുണയുണ്ട്. ഇത് ആദ്യമായല്ല സി.പി.എമ്മില്‍ ബംഗാളികളും മലയാളികളും മുഖാമുഖം. വരുന്നത്. 1979ല്‍ മൊറാര്‍ജി ദേശായിയുടെ സര്‍ക്കാരിനെ മറിച്ചിട്ട് ചരണ്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കാന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളെ ജ്യോതി ബസുവിന്റെയും പ്രമോദ് ദാസ്ഗുപ്തയുടെയും നേതൃത്വത്തില്‍ ബംഗാളികള്‍ എതിര്‍ത്തു. എന്നാല്‍, സോവിയറ്റ് അനുകൂലിയായ ഇന്ദിര നയിക്കുന്ന കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടി ചരണ്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കാനായിരുന്നു ഇ.എം.എസ്സിന്റെ തീരുമാനം. ഡല്‍ഹിയിലെ സോവിയറ്റ് ലോബിയുടെ കൈക്രിയ എന്നാണ് ദാസ്ഗുപ്ത ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

ജ്യോതി ബസു

1996ല്‍ ജ്യോതി ബസുവിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടപ്പോഴാണ് അടുത്ത പോര്‍മുഖം തുറന്നത്. അന്ന് ബസു പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ. എങ്കില്‍ ഉറപ്പായിട്ടും ഇന്ത്യ ഇന്നുള്ളതുപോലെ ആകുമായിരുന്നില്ല. അന്നും കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജ്യോതി ബസുവിനെ വിലക്കിയത്. ആ തീരുമാനത്തെ ‘ചരിത്രപരമായ മണ്ടത്തരം’ എന്നാണ് ജ്യോതി ബസു വിശേഷിപ്പിച്ചത്. ബസു പറഞ്ഞത് സത്യമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു. നാളെ ഒരു കാലത്ത് സി.പി.എമ്മും തെറ്റ് ഏറ്റു പറയുമായിരിക്കും. പക്ഷേ, കിം ഫലം?

ഇപ്പോഴിതാ ത്രിപുരയിലും മണ്ടത്തരം ആവര്‍ത്തിച്ചിരിക്കുന്നു. പ്രകാശ് കാരാട്ടിനൊപ്പം ചേര്‍ന്ന മണിക് സര്‍ക്കാര്‍ കാണിച്ചത് മണ്ടത്തരമായോ എന്ന വിലയിരുത്തലിന് സി.പി.എം. ത്രിപുര ഘടകം ഒരുങ്ങുന്നതേയുള്ളൂ. പക്ഷേ, അപ്പോഴേക്കും തങ്ങളുടെ കൈവശമുണ്ടായിരുന്ന ചെറിയ സംസ്ഥാനം അവര്‍ ബി.ജെ.പിക്ക് അടിയറ വെച്ചുകഴിഞ്ഞു. കാരാട്ടിന്റെ മലയാളി മാര്‍ക്‌സിസമാണോ ഇതിനുത്തരവാദി? ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണ്.

രാജ്യം പോയ രാജാക്കന്മാര്‍ -ബുദ്ധദേവ് ഭട്ടാചാര്യയും മണിക് സര്‍ക്കാരും

കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് സി.പി.എം. അറിഞ്ഞില്ല, അറിയുന്നില്ല. നല്ല പാഠങ്ങള്‍ പഠിക്കാന്‍ യെച്ചൂരിയും കാരാട്ടും സംഘവും ഇപ്പോള്‍ ഉത്തര്‍പ്രദേശിലേക്കു നോക്കണം. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും പരസ്പരം കടിച്ചുകീറാന്‍ നിന്ന ബദ്ധവൈരികളായിരുന്നു ഇതുവരെ. കഴിഞ്ഞ 23 വര്‍ഷമായി തുടരുന്ന ശത്രുത. എന്നാല്‍, ഇപ്പോള്‍ അവര്‍ ഒന്നിച്ചിരിക്കുന്നു -വലിയ ശത്രുവായ ബി.ജെ.പിക്കെതിരെ. പരസ്പരം കടിച്ചുകീറിയാല്‍ നഷ്ടം തങ്ങള്‍ക്കു തന്നെയാണെന്നും നേട്ടം ബി.ജെ.പിക്കായിരിക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞു.

മായാവതി

ഗൊരഖ്പുര്‍, ഫൂല്‍പുര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുയാണ് ബി.എസ്.പി. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥികള്‍ ആരാണോ, അവരെ പിന്തുണയ്ക്കും എന്നാണ് മായാവതിയുടെ പ്രഖ്യാപനം. വെറും 6 ദിവസം മാത്രം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ ബദ്ധവൈരികള്‍ ധാരണയായതെന്നറിയുക. മേല്‍ത്തട്ടു മുതല്‍ താഴേത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകര്‍ വരെ ധാരണാചര്‍ച്ചയില്‍ പങ്കാളികളാവുകയും ചെയ്തു.

അഖിലേഷ് യാദവ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുന്നതിനു പകരം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പിയെ സമാജ്‌വാദി പാര്‍ട്ടി തിരിച്ചു പിന്തുണയ്ക്കും. ഉത്തര്‍പ്രദേശില്‍ ഒഴിവുള്ള 10 രാജ്യസഭാ സീറ്റുകളില്‍ 8 എണ്ണം ബി.ജെ.പിക്ക് ജയിക്കാം. 47 എം.എല്‍.എമാരുള്ള സമാജ്‌വാദി പാര്‍ട്ടിക്ക് 1 സീറ്റ് ലഭിക്കും. പത്താമത്തെ സീറ്റാണ് മായാവതി ലക്ഷ്യമിടുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാവാശ്യമായതിനു ശേഷമുള്ള ബാക്കി വോട്ട് അഖിലേഷിന്റെ പാര്‍ട്ടി മായാവതിക്കു നല്‍കും.

മായാവതിക്കു ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ കൂടി വേണമെന്നത് വേറെ കാര്യം. പക്ഷേ, ഇവര്‍ക്കൊപ്പം ചേരുകയല്ലാതെ കോണ്‍ഗ്രസ്സിന് തല്‍ക്കാലം വേറെ വഴിയില്ല. ഇപ്പോഴത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് 2019ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ടെസ്റ്റ് ഡോസ് ആയാണ് അഖിലേഷും മായാവതിയും കാണുന്നത്. അതു വിജയിക്കും എന്നു തന്നെയാണ് ഇതുവരെയുള്ള സൂചനകള്‍. ബി.ജെ.പി. ഒഴികെ മറ്റെല്ലാവര്‍ക്കും താല്പര്യമുള്ള ഈ പരീക്ഷണം വിജയിച്ചാല്‍ നരേന്ദ്ര മോദിക്ക് കാര്യങ്ങള്‍ ഉദ്ദേശിച്ചത്ര എളുപ്പമാവില്ല എന്നു സാരം. മറ്റു പല സംസ്ഥാനങ്ങളിലും സമാന സാഹചര്യമുയര്‍ന്നു വരും. ഇതുമായി ചേര്‍ത്തു വായിക്കുമ്പോഴാണ് യെച്ചൂരി പറയുന്നതില്‍ കാര്യമുണ്ടെന്നു ബോദ്ധ്യമാവുന്നത്.

സീതാറാ യെച്ചൂരിയും പ്രകാശ് കാരാട്ടും

കേരളത്തില്‍ ബി.ജെ.പി. തലകുത്തി നിന്നാലും ഒന്നും സംഭവിക്കില്ല എന്ന ധാര്‍ഷ്ട്യം ഇവിടത്തെ ചില സി.പി.എമ്മുകാര്‍ക്കുണ്ട്. ആനമണ്ടത്തരം എന്നേ പറയാനുള്ളൂ. ഇപ്പോഴത്തെ നിലയില്‍ ബി.ജെ.പി. തലകുത്തി നിന്നാലും കാര്യമില്ല എന്നത് ശരി തന്നെ. പക്ഷേ, ത്രിപുരയില്‍ ഉണ്ടായിരുന്നതു പോലെ കേരളത്തിലും കോണ്‍ഗ്രസ്സുണ്ട്. കണ്ണൂരിലെ ഒരു പ്രമുഖ നേതാവുള്‍പ്പെടെ ഒരു പിടി കോണ്‍ഗ്രസ്സുകാര്‍ ബി.ജെ.പിയുമായി 2 റൗണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഈ സംഘത്തിലുണ്ട്. പറ്റിയൊരു അവസരത്തിനായി അവര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴത്തെ നിലയില്‍ അമിത് ഷാ പറയുമ്പോലെ 2021ല്‍ ബി.ജെ.പി. കേരളം പിടിച്ചാല്‍ അന്ന് കുമ്മനം രാജശേഖരന് ഒരു ചീഫ് വിപ്പ് സ്ഥാനമെങ്കിലും കിട്ടുമോ എന്നത് കണ്ടറിയണം.

മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി സമര്‍പ്പിച്ച ശേഷം

കേരളത്തില്‍ നിന്ന് ആരുമറിയാതെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ നരേന്ദ്ര മോദി കേന്ദ്ര മന്ത്രിയാക്കിയത് എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടത്തെ ബി.ജെ.പിക്കാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. കേരളം കൂടി ലക്ഷ്യം വെച്ചുള്ള വലിയൊരു നീക്കത്തിന്റെ ഭാഗമാണ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ധി. കേരളത്തിലെ ഹിന്ദു വോട്ട് കൊണ്ടു മാത്രം ബി.ജെ.പി. എങ്ങുമെത്തില്ലെന്ന് കുമ്മനം രാജശേഖരന് മനസ്സിലായില്ലെങ്കിലും ഇതിനകം അമിത് ഷാ മനസ്സിലാക്കിക്കഴിഞ്ഞു. കേരളം പിടിക്കണമെങ്കില്‍ ക്രൈസ്തവരെ കൂടി കിട്ടണം എന്ന് ഷാജിക്കറിയാം.

അല്‍ഫോണ്‍സ് കണ്ണന്താനം

മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പാര്‍ട്ടി ചുമതല കണ്ണന്താനത്തിന് അമിത് ഷാ നല്‍കിയത് ഇതിന്റെ കൂടി ഭാഗമായാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ ക്രൈസ്റ്റ് ദ കിങ് കോളേജ് സെമിനാരിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. ആ നിലയ്ക്ക് അദ്ദേഹത്തിന് ആ മേഖലയിലെ സഭക്കാരുമായി അടുത്ത ബന്ധമുണ്ട്.

ഫാ.ജോര്‍ജ്ജ് കണ്ണന്താനം

സെമിനാരി പഠനം പൂര്‍ത്തിയാക്കിയ ശേഷം മണിപുര്‍ തലസ്ഥാനമായ ഇംഫാല്‍ റീജന്‍സിയില്‍ നിയമനം ലഭിച്ചുവെങ്കിലും താമസിയാതെ കണ്ണന്താനം വൈദികവൃത്തി ഉപേക്ഷിച്ചു. മേഘാലയയിലെ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാല ഷില്ലോങ്ങിലെ പഠനകാലം മുതല്‍ കണ്ണന്താനത്തിന്റെ സുഹൃത്താണ്. വടക്കുകിഴക്കന്‍ ഇന്ത്യ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍ കൂടിയാണ് ബിഷപ്പ് ജാല. അസമിലെ ഗുവാഹതി ആര്‍ച്ച് ബിഷപ്പ് ജോണ്‍ മൂലച്ചിറ ക്രൈസ്റ്റ് കോളേജില്‍ കണ്ണന്താനത്തിന്റെ സീനിയര്‍ ആയിരുന്നു. ആ നിലയില്‍ ഇരുവര്‍ക്കുമിടയില്‍ അടുത്ത സൗഹൃദമുണ്ട്. ഇതിനെല്ലാമുപരി സഭയില്‍ നല്ല സ്വാധീനമുള്ള വൈദിക സഹോദരന്‍ ഫാ.ജോര്‍ജ്ജ് കണ്ണന്താനവും ഒപ്പം നില്‍ക്കുന്നു.

പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും

21 സീറ്റ് നേടിയ കോണ്‍ഗ്രസ്സിനെ മറികടന്ന് 2 സീറ്റ് നേടിയ ബി.ജെ.പിക്ക് മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാനായതില്‍ കണ്ണന്താനത്തിന്റെ ഈ സൗഹൃദങ്ങള്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട് എന്നു തന്നെയാണ് ലഭിക്കുന്ന വിവരം. ഇവിടെയുള്ള കേരളാ കോണ്‍ഗ്രസ്സുകാരെപ്പോലെ അവിടത്തെ രാഷ്ട്രീയക്കാര്‍ക്കും സഭ പറഞ്ഞാല്‍ അതിനപ്പുറമില്ല തന്നെ. അഹമ്മദ് പട്ടേലും കമല്‍നാഥുമൊക്കെ തലയും കുത്തി നിന്നാലും അത് മറികടക്കാനാവില്ല. കോണ്‍ഗ്രസ്സിന്റെ സഭാ മാനേജര്‍ ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ കളികളും അവിടെ നടക്കില്ല. ഫലമോ, കാര്യങ്ങള്‍ കണ്ണന്താനം പിടിച്ച പിടിയില്‍ നിന്നു. കണ്ണന്താനത്തെ നിയന്ത്രിക്കുന്ന റിമോട്ടാകട്ടെ അമിത് ഷായുടെ കൈയിലും. മേഘാലയ ബി.ജെ.പിയുടെ വഴിയേ പോയതെങ്ങനെയെന്ന് ഇവിടെ പലര്‍ക്കും മനസ്സിലായിട്ടില്ല!! അതാണ് സ്തുതി വാര്‍ത്തകള്‍ പടച്ചുവിടുന്നത്.

അധികാരം കൈയിലുള്ള ബി.ജെ.പിയോട് ചേരുന്നതാണ് സഭയ്ക്ക് നല്ലതെന്നു ബോദ്ധ്യപ്പെടുത്താനാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഇപ്പോള്‍ ശ്രമിക്കുന്നത്. എതിര്‍ക്കുന്നതു കൊണ്ടു നഷ്ടം മാത്രമേ സംഭവിക്കൂ എന്നും അദ്ദേഹം പറയുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അനുഭവം ഇതിനായി അദ്ദേഹം എടുത്തുപറയുന്നുണ്ട്. കേരളത്തിലെ സഭാ നേതൃത്വത്തെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ വടക്കു കിഴക്കന്‍ മേഖലയിലെ മെത്രാന്മാരുടെ സഹായം പ്രയോജനപ്പെടുത്താനാണ് കണ്ണന്താനത്തിന്റെ ശ്രമം.

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും തൃശ്ശൂരില്‍ നടന്ന സി.പി.എം. കേരള സംസ്ഥാന സമ്മേളനത്തില്‍ധാര്‍ഷ്ട്യം വെടിഞ്ഞ് യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലും സി.പി.എമ്മിനെ കാത്തിരിക്കുന്നത് തിരിച്ചടികള്‍ തന്നെയാണ്. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ എന്ന തിരിച്ചറിവ് പരസ്പരം ചോര കുടിക്കാന്‍ നിന്ന അഖിലേഷിനും മായാവതിക്കും പോലുമുണ്ടായി. ചോരനിറത്തില്‍ അഭിമാനിക്കുന്ന സി.പി.എമ്മുകാര്‍ക്ക് എന്നെങ്കിലും ആ തിരിച്ചറിവ് ഉണ്ടാവുമോ ആവോ?

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇവിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാവൂ. സാഹചര്യം മാറുന്നതിനുസരിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയും മാറണം. 1950ലെ ശൈലിയില്‍ 2018ല്‍ പ്രവര്‍ത്തിക്കാനാവില്ല എന്നു ചുരുക്കം. മുതലാളിത്തത്തിന്റെ മൂര്‍ത്തീഭാവമായി കോണ്‍ഗ്രസ് കരുത്താര്‍ജ്ജിച്ചു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കണം.

ഇപ്പോള്‍ വാര്‍ദ്ധക്യം ബാധിച്ച കോണ്‍ഗ്രസ് ഒന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാതെ ബുദ്ധിമുട്ടുകയാണ്. അപ്പോഴും പഴയ വീറോടും വാശിയോടും കൂടി കോണ്‍ഗ്രസ്സിനെ എതിര്‍ക്കണം എന്നു പറയുന്നത് മണ്ടത്തരമാണ്. സി.പി.എമ്മുകാരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഇപ്പോള്‍ മുതലാളിത്തത്തിന്റെയും മൂര്‍ത്തീഭാവം ബി.ജെ.പിയാണ്. അപ്പോള്‍ ബി.ജെ.പിയെയാണ് സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ക്കേണ്ടത്.

വിനാശത്തിലേക്കു നയിക്കുന്ന വിപരീതബുദ്ധി തിരുത്താന്‍ സി.പി.എമ്മിന് ഇപ്പോഴും അവസരമുണ്ട്. 2019 കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇനി അവസരം കിട്ടിയില്ലെന്നു വരും. ഓര്‍ക്കുക. ചരിത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ആദ്യം പ്രഹസനമായി, പിന്നീട് ദുരന്തമായി, ഒടുവില്‍ ദുഃസ്വപ്‌നമായി.

Previous articleപരാജിതനൊപ്പം…
Next articleഗസല്‍ മാന്ത്രികനൊപ്പം…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

Leave a Reply to Das Wadakkanchery Cancel reply

Please enter your comment!
Please enter your name here