മൊയ്തീന്റെയും കാഞ്ചനമാലയുടെയുടെയും കഥ വിറ്റു കാശാക്കിയവര്‍ തകര്‍ച്ച നേരിടുന്ന ബി.പി.മൊയ്തീന്‍ സേവാ മന്ദിറിനെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറാവുന്നില്ല -എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആര്‍.എസ്.വിമല്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കുനേരെ കുറച്ചുദിവസമായി ഉയരുന്ന ആക്ഷേപമാണിത്. ഈ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കണമെങ്കില്‍ ‘വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത്’ എന്ന തത്ത്വശാസ്ത്രമനുസരിച്ച് സ്വീകരിച്ചിരുന്ന നിലപാട് തിരുത്തണം. ആ നിലപാട് ഇവിടെ തിരുത്തുകയാണ്.

സിനിമയും അതിന്റെ തുടര്‍ച്ചയായി പത്രങ്ങളില്‍ വന്ന വാര്‍ത്തകളും മൊയ്തീനെയും കാഞ്ചനയയെും ലോകപ്രശസ്തരാക്കിയിരിക്കുന്നു. ഇതിനൊപ്പം ബി.പി.മൊയ്തീന്‍ സേവാ മന്ദിറിന്റെ ദുരവസ്ഥയും വാര്‍ത്തയാണ്. ഇതറിഞ്ഞ് സേവാ മന്ദിറിന് കെട്ടിടം നിര്‍മ്മിച്ചുനല്‍കാമെന്ന് നടന്‍ ദിലീപ് വാഗ്ദാനം ചെയ്തതോടെ ‘എന്നു നിന്റെ മൊയ്തീന്‍’ സംഘത്തിന്റെ നന്ദികേടിന്റെ കഥ വന്‍ ചര്‍ച്ചയായി. എന്നാല്‍, ശരിക്കും അവര്‍ സഹായിച്ചില്ലേ? ദിലീപ് വാഗ്ദാനം ചെയ്തിട്ടേയുള്ളൂ. എന്നാല്‍, വിമല്‍ ശരിക്കും സഹായം നല്‍കി.

മൊയ്തീന്‍ സേവാ മന്ദിറിന് കെട്ടിടം നിര്‍മ്മിച്ചു നല്‍കുമെന്ന ദിലീപിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്തുകൊണ്ട് വിമല്‍ എഴുതിയ കുറിപ്പ് നോക്കാം.

ബഹുമാന്യനായ ദിലീപ്
താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍…

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ ആഗ്രഹം ലോകത്ത് പ്രണയത്തിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഏറ്റവും മികച്ച സ്ഥാപനം മുക്കത്ത് മഹാനായ മൊയ്തീന്റെ പേരിലാവണമെന്ന്. അതിനുവേണ്ടി ഞങ്ങള്‍, നിര്‍മാതാക്കള്‍ ഉള്‍പ്പെടെ പ്രാരംഭശ്രമം തുടങ്ങുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടത്തില്‍, ചില സൂത്രശാലികള്‍ കാഞ്ചനാമ്മയെ തെറ്റിദ്ധരിപ്പിച്ച് സിനിമയ്‌ക്കെതിരെ കോടതിയില്‍ എത്തിച്ചു.
ഇപ്പോഴും കോഴിക്കോട് കോടതിയില്‍ ആ കേസ് തീര്‍ന്നിട്ടില്ല.
കോടതിയലക്ഷ്യം ആകുമെന്നതിനാല്‍ സേവാമന്ദിറിന് ഇപ്പോള്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനാവുന്നില്ല..
ഞങ്ങളെ മനസ്സിലാക്കി സേവാമന്ദിറിനുവേണ്ടി മുന്നോട്ടുവന്ന ദിലീപിന് അഭിനന്ദനങ്ങള്‍…
ഇനിയും ആയിരക്കണക്കിന് പേര്‍ മുന്നോട്ടുവരിക..

സ്‌നേഹപൂര്‍വം,
ആര്‍.എസ്.വിമല്‍

ഈ കുറിപ്പിന് ചില വിശദീകരണങ്ങള്‍ ആവശ്യമാണെന്നു തോന്നുന്നു.

ലോകത്ത് പ്രണയത്തിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഏറ്റവും മികച്ച സ്ഥാപനം മുക്കത്ത് മഹാനായ മൊയ്തീന്റെ പേരിലാവണമെന്ന് ആഗ്രഹം. അതിനുവേണ്ടി നിര്‍മാതാക്കള്‍ ഉള്‍പ്പെടെ പ്രാരംഭശ്രമം തുടങ്ങുകയും ചെയ്തിരുന്നു. ഈ പ്രാരംഭ പ്രവര്‍ത്തനം വിശദീകരിക്കാം. ദിലീപ് ഇപ്പോള്‍ സഹായം പ്രഖ്യാപിക്കുന്നതിന് ഏറെ മുമ്പ് തന്നെ 5,00,001 രൂപയുടെ ചെക്ക് മൊയ്തീന്‍ സേവാ മന്ദിറിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൈമാറിയിരുന്നു. 2013 മാര്‍ച്ച് 11ന് നടന്ന സ്വകാര്യമായൊരു ചടങ്ങില്‍ കാഞ്ചനമാല നേരിട്ടു തന്നെയാണ് ചെക്ക് ഏറ്റുവാങ്ങിയത്. മൊയ്തീന്റെ അടുത്ത സുഹൃത്ത് മുക്കം ഭാസി ഇതിനു സാക്ഷിയാണ്. കാഞ്ചനാമ്മ സന്തോഷപൂര്‍വ്വം സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന്, കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്നായിരുന്നു സിനിമാ പ്രവര്‍ത്തകരുടെ തീരുമാനം.

എന്നാല്‍, കൂടുതല്‍ ‘സഹായം’ അവകാശപ്പെട്ട് ചില സൂത്രശാലികള്‍ രംഗത്തുവന്നു. കാഞ്ചനാമ്മയെ മുന്നില്‍ നിര്‍ത്തിയായിരുന്നു അവരുടെ നീക്കങ്ങള്‍. എന്തോ വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളാല്‍ അവര്‍ക്ക് ഈ കുബുദ്ധികളുടെ ഒപ്പം നില്‍ക്കേണ്ടി വന്നുവെന്ന് സിനിമാ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. അവരുടെ പല നീക്കങ്ങളും കാഞ്ചനാമ്മയ്ക്ക് അറിയുക പോലും ചെയ്യുമായിരുന്നില്ല. സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടത്തില്‍ സിനിമയ്‌ക്കെതിരെ കോടതിയില്‍ കേസായി. ആ കേസ് ഇപ്പോഴും കോടതിയിലാണ്. സിനിമ പൂര്‍ത്തിയാക്കി പുറത്തിറക്കാനുള്ള ഇടക്കാല അനുമതി മാത്രമേയുള്ളൂ.

ഗുണത്തിനോ ദോഷത്തിനോ കാഞ്ചനമാലയുമായി ഒരു തരത്തിലുള്ള ഇടപെടലും പാടില്ലെന്നാണ് കോടതിയുടെ വ്യവസ്ഥ. ഇതു ലംഘിച്ചാല്‍ കോടതിയലക്ഷ്യമാകും. സേവാമന്ദിറിന് വിമലോ സഹപ്രവര്‍ത്തകരില്‍ ആരെങ്കിലുമോ സഹായം വാഗ്ദാനം ചെയ്താല്‍ കേസില്‍ അത് കൈക്കൂലിയായി വ്യാഖ്യാനിക്കപ്പെടാം. മറുവശത്ത്, കേസിലെ എതിര്‍കക്ഷി സഹായിക്കാന്‍ ചെന്നാല്‍ ഇപ്പോഴത്തെ നിലയില്‍ കാഞ്ചനമാല അതു സ്വീകരിക്കുമോ? നിരസിച്ചു മടക്കിയാലോ?

1
2013 മാര്‍ച്ച് 11: ബി.പി.മൊയ്തീന്‍ സേവാ മന്ദിര്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സിനിമാപ്രവര്‍ത്തകരുടെ ആദ്യ ഗഡു സഹായമായ 5,00,001 രൂപയുടെ ചെക്ക് കാഞ്ചനമാലയ്ക്ക് സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ കൈമാറുന്നു. മൊയ്തീന്റെ സുഹൃത്ത് മുക്കം ഭാസി, സംവിധായകന്‍ ആര്‍.എസ്.വിമല്‍ എന്നിവര്‍ സമീപം

വിമല്‍ ഇപ്പോഴാണ് ചലച്ചിത്ര സംവിധായകനായത്. നേരത്തേ അദ്ദേഹം തിരുവനന്തപുരത്ത് 15 വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തകനായിരുന്നു. കാഞ്ചനമാലയ്ക്കു വേണ്ടി മൊയ്തീന് സ്മാരകമൊരുക്കുന്നതും കാഞ്ചനമാലയെ തന്റെ സിനിമയുടെ പ്രചാരണപരിപാടികള്‍ക്ക് എത്തിക്കുന്നതും എത്രമാത്രം വാര്‍ത്താപ്രാധാന്യം നേടിക്കൊടുക്കുമെന്ന് വിമലിന് നന്നായറിയാം. എന്നിട്ടും അദ്ദേഹമതിനു തയ്യാറായില്ലെങ്കില്‍ തക്കതായ കാരണമുണ്ടെന്നതുറപ്പല്ലേ? അവിടെയാണ് വിമല്‍ പറയുന്ന സൂത്രശാലികള്‍ നില്‍ക്കുന്നത്.

2
ബി.പി.മൊയ്തീന്‍ സേവാ മന്ദിറിന്റെ പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയ 5,00,001 രൂപയുടെ ചെക്കുമായി കാഞ്ചനമാല. സംവിധായകന്‍ ആര്‍.എസ്.വിമല്‍, സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ എന്നിവര്‍ സമീപം

സഹായവാഗ്ദാനവുമായി ദിലീപ് വന്നത് നല്ല കാര്യം. അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു! ദിലീപിന് കാഞ്ചനമാലയെ ഒരു ദിവസത്തെ പരിചയമേയുള്ളൂ. പക്ഷേ, വിമലിന് അവരെ 10 വര്‍ഷമായി നന്നായറിയാം. അതു മാത്രമോര്‍ക്കുക.

3
ബി.പി.മൊയ്തീന്‍ സേവാ മന്ദിറിന്റെ പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയ 5,00,001 രൂപയുടെ ചെക്കുമായി കാഞ്ചനമാല

ഇനിയും ആളുകള്‍ സഹായവുമായി വരട്ടെ. പക്ഷേ, സഹായം കൃത്യമായി വിനിയോഗിക്കപ്പെടുന്നു എന്നുറപ്പാക്കണം. വിധി കാഞ്ചനമാലയെ ചതിച്ചു. ‘സഹായം’ മാത്രം ലക്ഷ്യമിടുന്ന ചില സൂത്രശാലികളുടെ ചതിക്കുകൂടി ആ പാവം സ്ത്രീയെ നാം എറിഞ്ഞുകൊടുക്കരുത്…

FOLLOW
 •  
  678
  Shares
 • 613
 • 39
 •  
 • 26
 •  
 •