യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ എം.എയ്ക്കു പഠിക്കുമ്പോള്‍ എം.ഫിലിനു പഠിച്ചിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിയായാണ് പരിചയപ്പെട്ടത്.
ഞങ്ങള്‍ ഇരുവരും ഇംഗ്ലീഷ് വിഭാഗം.
പിന്നീട് ജേര്‍ണലിസം ക്ലാസിലെത്തിയപ്പോള്‍ സഹപാഠിയായി.
ഇംഗ്ലീഷില്‍ സാമാന്യം നല്ല പാണ്ഡിത്യമുണ്ട്.
ജോലിയും ഇംഗ്ലീഷില്‍ തന്നെ.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയ്ട്ടേഴ്സിലാണ് ഇപ്പോള്‍ പണി.
ഇപ്പോള്‍ അവിടെ ടോപ്പ് ന്യൂസ് എഡിറ്റര്‍.

ഇതൊക്കെയാണെങ്കിലും പുള്ളി 101 ശതമാനം നാട്ടിന്‍പുറത്തുകാരന്‍.
ചിറയിന്‍കീഴ് എന്ന ഗ്രാമപ്രദേശത്തിന്റെ നന്മകള്‍ വര്‍ഷങ്ങളായുള്ള മഹാനഗര വാസത്തിലും കൈമോശം വന്നിട്ടില്ല.
അതുകൊണ്ട് നന്നായി മലയാളമറിയാം.
മലയാളം നല്ല ഇഷ്ടവുമാണ്.
ഫേസ്ബുക്കിലെ അദ്ദേഹത്തിന്റെ മുഖചിത്രം ഒ.എന്‍.വി.കുറുപ്പ് സാറിനൊപ്പമുള്ളതാണ്.
മലയാളം ഇഷ്ടമെന്നു പറഞ്ഞാല്‍ പെരുത്തിഷ്ടം.
പെരുത്തിഷ്ടമെന്നു പറഞ്ഞാല്‍ കവിതയെഴുതുന്ന ഇഷ്ടം.

മായുന്ന സന്ധ്യതൻ മിഴിനീർക്കണം പേറു-
മൊരുകുഞ്ഞുപൂവിൻ കുളിരിതളായ്,
ഋതുവീണയിൽ ഒരു സ്വരരാഗനദിയായി
അണയുന്നു നീയാം വസന്തഗീതം.

അരുമയാമോർമ്മകൾ തിരതല്ലിയമരുന്ന
കാലമാം ഈറൻ മണൽപ്പരപ്പിൽ,
ഒരു നേർത്ത തെന്നലിൻ സുരഭിലസ്പർശമായ്
നിറയുന്നു നീയാം സുഗേയകാവ്യം…

നിനവിൽ വിളങ്ങുമാ ദേവാങ്കണത്തിലെ
പുഷ്പജാലാർച്ചിത സായന്തനേ,
നറുനിലാദീപ്തിയായ് ജപമന്ത്രധാരയായ്
തഴുകുന്നു നീയാം സുഗന്ധതീർത്ഥം

സ്മൃതികൾക്കുമകലെ നിൻ വിഹഗസ്വരങ്ങളെൻ
ഹൃദയസാരംഗിയിൽ ശ്രുതി ചേർക്കവേ,
ഒരു ദീർഘനിദ്ര വിട്ടുണരുന്ന മാത്രയിൽ
മറയുന്നു നീയാം സുവർണ്ണസ്വപ്നം.

മഹാമാരി സമ്മാനിച്ച ഏകാന്തവാസത്തിന്റെ ഇടവേളയില്‍ കോറിയിട്ട വരികള്‍.
ഗൃഹാതുരമായ കുറെ ഇന്നലെകളുടെയും നഷ്ടസൗഭാഗ്യങ്ങളുടെയും നേരിയ ഓർമ്മകള്‍ ഇവയില്‍ കാണാം.
ഈ കവിത ഇപ്പോള്‍ പാട്ടായി വന്നിരിക്കുന്നു.
അതിമനോഹരമായ ഒരു പാട്ട്.

ഉണ്ണി പ്രൊഫ.ഒ.എന്‍.വി.കുറുപ്പിനൊപ്പം

കഥാനായകനെ ഞാന്‍ ഉണ്ണീസ് എന്നാണ് വിളിക്കുക.
ചിലരൊക്കെ ബിയെസ് എന്നു വിളിക്കും.
ബി.എസ്.ഉണ്ണികൃഷ്ണന്‍ എന്നാണ് മുയ്മന്‍ പേര്.
ഇമ്മിണി ബല്യ മാധ്യമപ്രവര്‍ത്തകനാണ് എന്ന് നേരത്തേ പറഞ്ഞുവല്ലോ.
കവിത തുളുമ്പുന്ന വാര്‍ത്തകളെഴുതി ഒടുവില്‍ കവിത തന്നെയെഴുതി!
ഈ കവി എനിക്ക് ഉറ്റസുഹൃത്താണ്, സഹപാഠിയാണ്, സഹോദരതുല്യനാണ്.

ഉണ്ണിയുടെ വരികള്‍ക്ക് ഈണവും ശബ്ദവും പകര്‍ന്നത് രാജേഷ് വിജയനാണ്.
ഉണ്ണിയുടെ സഹപാഠിയാണ് രാജേഷ്.
അതിലുപരി വിശ്രുത ഗായകന്‍ കെ.പി.ബ്രഹ്മാനന്ദന്റെ സഹോദരപുത്രനുമാണ്.
പാട്ട് യു ട്യൂബില്‍ വന്നിട്ടുണ്ട്.
മികച്ചതാണോ അല്ലയോ എന്ന് സ്വയം തീരുമാനിക്കുക.

മധുരം ഗായതി എന്ന സംഗീത ചാനലിനും ഇതിനൊപ്പം തുടക്കമായിട്ടുണ്ട്.
സംഗീതത്തെ സ്നേഹിക്കുന്നുവെങ്കില്‍ പിന്തുടരുക പിന്തുണയ്ക്കുക.
ഉണ്ണിക്കും രാജേഷിനും ആശംസകള്‍.

 

FOLLOW
 •  
  524
  Shares
 • 479
 • 19
 •  
 • 26
 •  
 •