Reading Time: 4 minutes

അമേരിക്ക അമേരിക്കക്കാര്‍ക്ക് എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ മുദ്രാവാക്യം. ആ മുദ്രാവാക്യത്തിന്റെ പേരിലാണ് അമേരിക്കക്കാര്‍ കൂട്ടത്തോടെ വോട്ടു ചെയ്ത് ടിയാനെ പ്രസിഡന്റാക്കിയത്. ട്രംപിന് വിവരമുണ്ട് എന്നു ഞാന്‍. എന്തിനാ വെറുതെ മറ്റു രാജ്യക്കാരെ അങ്ങോട്ടു വിളിച്ചുവരുത്തി കുഴിയില്‍ ചാടിക്കുന്നത് എന്ന ചിന്ത നല്ലതല്ലേ?

ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമാണ് അമേരിക്ക എന്നാണ് ‘സങ്കല്പം’. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികശേഷി പരിഗണിക്കുമ്പോള്‍ അമേരിക്ക ഒന്നാം സ്ഥാനത്താണ്. ഇതൊക്കെ പഴങ്കഥയാവാന്‍ അധികകാലം വേണ്ടിവരില്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക് എന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കക്കാരുടെ ജീവിതനിലപാടുകളില്‍ സമീപകാലത്തുണ്ടായിട്ടുള്ള മാറ്റം തന്നെയാണ് ഇതിനു തെളിവ്.

കൂടുതല്‍ ശമ്പളമുള്ള ജോലിയിലേക്ക് ചാടിക്കയറിക്കൊണ്ടിരിക്കുക എന്ന സ്വഭാവം അമേരിക്കക്കാര്‍ ഏതാണ്ടുപേക്ഷിച്ച മട്ടാണ്. മുകളിലേക്കുള്ള പ്രയാണത്തെക്കാള്‍ സാമ്പത്തിക സുരക്ഷിതത്വമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് 10ല്‍ 9 അമേരിക്കക്കാരും ഇപ്പോള്‍ പറയുന്നു. അതായത്, 92 ശതമാനം അമേരിക്കക്കാര്‍ക്കും ഇപ്പോല്‍ സാമ്പത്തിക സുരക്ഷയോടാണ് താല്പര്യം. 2005 മുതല്‍ വളരെ വേഗത്തിലാണ് ഈ ചിന്താഗതി അവിടെ വേരുറപ്പിച്ചു തുടങ്ങിയത്. 2011ല്‍ ഈ അഭിപ്രായം വെച്ചുപുലര്‍ത്തിയിരുന്നത് 85 ശതമാനം പേരായിരുന്നു. ഇപ്പോഴത് വീണ്ടും കൂടി.

DOLLAR (2).jpg

അമേരിക്കയിലെ 10ല്‍ 6 വീടുകളിലും -60 ശതമാനം -സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നു എന്നാണ് കൊളംബിയ സര്‍വ്വകലാശാല പുറത്തുവിട്ട പുതിയ പഠനഫലം. കാരണങ്ങള്‍ കേട്ടാല്‍ നമുക്ക് ചിരിവരും -വരുമാനത്തിലെ കുറവ്, പങ്കാളിയുടെ വേര്‍പിരില്‍, വാഹനത്തിലോ വീട്ടിലോ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന വന്‍ അറ്റകുറ്റപ്പണി!! സാമ്പത്തികപ്രതിസന്ധി നേരിടുന്നതായി സമ്മതിച്ച വിഭാഗത്തിലെ 55 ശതമാനവും തങ്ങള്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നതായി പറയുന്നു. ഇതിന്റെ ഫലമായി 5 അമേരിക്കക്കാരില്‍ ഒരാള്‍ എന്ന തോതില്‍ വിരമിക്കലിനെ എതിര്‍ക്കുന്നു -കൃത്യമായി പറഞ്ഞാല്‍ 21 ശതമാനം. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി അവസാനിപ്പിച്ച് വിശ്രമജീവിതം നയിക്കുന്ന യഥാര്‍ത്ഥ വിരമിക്കലിനായി ആഗ്രഹിക്കുന്നത് 26 ശതമാനം അമേരിക്കക്കാര്‍ മാത്രം. പകുതിയിലേറെ -53 ശതമാനം -അമേരിക്കക്കാര്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ ലക്ഷ്യമിടുന്നു. അത് പുതിയ തൊഴിലുമാകാം.

തങ്ങളുടെ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറയാനിടയുണ്ടെന്ന് 56 ശതമാനം അമേരിക്കക്കാരും ആശങ്കപ്പെടുന്നു. ഈ ആശങ്കയ്ക്ക് പല കാരണങ്ങളുണ്ട് -നീക്കിയിരിപ്പോ സമ്പാദ്യമോ ഇല്ലാത്ത 83 ശതമാനം, വര്‍ദ്ധിക്കുന്ന ചെലവുകള്‍ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്ന 71 ശതമാനം, വിരമിക്കുവാന്‍ ആവശ്യമായ സാമ്പത്തിക സുരക്ഷയില്ലാതെ വിഷമിക്കുന്ന 69 ശതമാനം എന്നിങ്ങനെ. അങ്ങനെ വരുമ്പോള്‍ അമേരിക്കയ്ക്ക് ഉള്ളതായി പറയപ്പെടുന്ന കരുത്ത് വെറും മിഥ്യയാണോ? ഇതുമായി ബന്ധപ്പെടുത്തി മറ്റു ചില വിഷയങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അമേരിക്ക മിഥ്യാലോകത്താണ് എന്നു തന്നെയാണ് വ്യക്തമാവുന്നത്. അമേരിക്കയുടെ കരുത്തിനു പിന്നിലെ യുക്തി മറ്റുള്ളവര്‍ക്ക് ശുദ്ധ അസംബന്ധമാണ്!!

SHOPAHOLIC (3).jpg

എന്താണ് ഇപ്പറയുന്ന അമേരിക്കന്‍ കരുത്തിന് ആധാരം? അവര്‍ ജപ്പാന്‍, ചൈന എന്തിന് ഇന്ത്യയില്‍ നിന്നു വരെ ‘കടം’ വാങ്ങുന്നു. എന്നു പറഞ്ഞാല്‍, ഞാനും നിങ്ങളുമടക്കമുള്ളവരുടെ സമ്പാദ്യമുപയോഗിച്ച് അമേരിക്കക്കാര്‍ അടിച്ചുപൊളിക്കുന്നു. കുറച്ചുകൂടി വ്യക്തമാക്കാം. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും നീക്കിയിരിപ്പും സമ്പാദ്യവുമെല്ലാം സൂക്ഷിച്ചിരിക്കുന്ന അമേരിക്കയിലാണ്, ഡോളറില്‍! ഇന്ത്യയുടെ മാത്രം 5,000 കോടിയിലേറെ ഡോളറിന്റെ വിദേശനാണ്യ സമ്പത്ത് അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. യു.എസ്. ഓഹരികളില്‍ ചൈനയുടെ നിക്ഷേപം 16,000 കോടി ഡോളറാണ്. ജപ്പാന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട -ലക്ഷക്കണക്കിന് കോടി ഡോളറാണ് അമേരിക്കയിലുള്ളത്.

ജപ്പാന്‍കാര്‍ മികച്ച സമ്പാദ്യശീലമുള്ളവരാണ്. അവര്‍ ധാരാളികളുമല്ല. തല്‍ഫലമായി ജപ്പാനില്‍ നിന്നുള്ള കയറ്റുമതി അവിടേക്കുള്ള ഇറക്കുമതിയെക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ്. ജപ്പാന്റെ വാര്‍ഷിക വാണിജ്യ ലാഭം 10,000 കോടി ഡോളറാണ്. എന്നിട്ടും ജപ്പാന്‍ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമാണെന്നാണ് പറയപ്പെടുന്നത്! അത് തകര്‍ച്ചയെ നേരിടുന്നതായും പറയപ്പെടുന്നു. മറുഭാഗത്ത് അമേരിക്കയോ? അമേരിക്കക്കാരുടെ സമ്പാദ്യശീലം വളരെ മോശമാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം അവര്‍ പണം ധൂര്‍ത്തടിക്കും. അമേരിക്കയില്‍ നിന്നുള്ള കയറ്റുമതിയെക്കാള്‍ എത്രയോ കൂടുതലാണ് അവിടേക്കുള്ള ഇറക്കുമതി. വാര്‍ഷിക വാണിജ്യ നഷ്ടം 40,000 കോടിയിലധികം ഡോളര്‍. ഇങ്ങനെയുള്ള അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കരുത്തുറ്റത്!! ഇനിയും കരുത്തു നേടാന്‍ സാദ്ധ്യതയുള്ളത്!!!

SHOPAHOLIC (2).jpg

ലോകത്തു നിന്ന് അമേരിക്കക്കാര്‍ സ്വീകരിച്ചിരിക്കുന്നത് 5 ലക്ഷം കോടിയിലേറെ ഡോളറാണ്. അമേരിക്കക്കാര്‍ക്കു വേണ്ടി നമ്മള്‍ സമ്പാദിക്കുന്നു, അവര്‍ ധൂര്‍ത്തടിക്കുന്നു. അമേരിക്കക്കാര്‍ക്ക് സാധനസാമഗ്രികള്‍ വാങ്ങിച്ചുകൂട്ടാന്‍ മറ്റു രാജ്യങ്ങള്‍ ഓരോ മൂന്നു മാസവും അവിടെയത്തിക്കേണ്ടത് 18,000 കോടി ഡോളറാണ്! പ്രതിദിനം 200 കോടി ഡോളര്‍!! ആഗോള തലത്തില്‍ അമേരിക്കയും ചൈനയും വ്യത്യസ്ത ചേരികളില്‍ നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഉത്തര കൊറിയന്‍ പ്രശ്‌നം തന്നെയാണ് ഏറ്റവും പുതിയ ഉദാഹരണം. അപ്പോഴൊക്കെ വാര്‍ത്ത വരും ചൈനയിലെ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തി എന്ന്. എന്നാല്‍, ചൈന അമേരിക്കയില്‍ നിക്ഷേപിച്ചതിന്റെ പകുതി പോലും അമേരിക്ക ചൈനയില്‍ നിക്ഷേപിച്ചിട്ടില്ല എന്നതാണ് സത്യം. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഒപ്പിട്ട വന്‍ വാണിജ്യകരാറുകളെപ്പറ്റി പറഞ്ഞ് മേനി നടിക്കുന്ന നമ്മുടെ സര്‍ക്കാരുകളുടെ കാര്യവും ഇതുതന്നെ. അതില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങെന്നോ നരേന്ദ്ര മോദിയെന്നോ വ്യത്യാസമില്ല. അമേരിക്കയിലെ ഇന്ത്യയുടെ നിക്ഷേപം 5,000 കോടിയിലേറെ ഡോളറുണ്ടെങ്കില്‍ ഇന്ത്യയിലെ അമേരിക്കന്‍ നിക്ഷേപം 2,000 കോടിയില്‍ താഴെ ഡോളര്‍ മാത്രമാണ്!!

ഈ ലോകത്തുള്ളവരൊക്കെ മണ്ടന്മാരാണോ എന്ന സംശയം സ്വാഭാവികമായി ഉയരാം. വ്യക്തമായൊരു മറുപടി ഈ സംശയത്തിന് ലഭിക്കുക ദുഷ്‌കരമാണ്. ‘സ്ഫടിക’ത്തിലെ ചാക്കോ മാഷ് പറയുന്ന പോലെ ലോകത്തിന്റെ സ്പന്ദനം കണക്കിലല്ല, അമേരിക്കക്കാരുടെ ധാരാളിത്തത്തിലാണ്. ക്രഡിറ്റ് കാര്‍ഡുപയോഗിച്ച് ഭാവിയില്‍ വരാനിടയുള്ള വരുമാനം കൂടി അമേരിക്കക്കാരന്‍ ഇന്നേ അടിച്ചുപൊളിച്ചു തീര്‍ക്കും. അമേരിക്കക്കാരന്‍ എന്തു വാങ്ങാന്‍ ആഗ്രഹിക്കുന്നോ അതാണ് അവിടേക്ക് കയറ്റി അയയ്ക്കപ്പെടുന്നത്. അതിനാലാണ് അമേരിക്കയില്‍ നിന്ന് കയറ്റി അയയ്ക്കപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ സാമഗ്രികള്‍ അവിടേക്ക് എത്തിക്കപ്പെടുന്നത്. ഓരോ വര്‍ഷവും അമേരിക്കന്‍ ഇറക്കുമതിയുടെ അളവ് കൂടി വരുന്നതല്ലാതെ കുറയുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ലോകം ഒരു പരിധി വരെ നിലനില്‍ക്കുന്നത് അമേരിക്കയുടെ ഉപഭോഗ സംസ്‌കാരത്തിന്റെ ബലത്തിലാണ്. തങ്ങളുടെ ഉപഭോഗ സംസ്‌കാരത്തെ വളരാന്‍ അനുവദിക്കുക വഴി അതു മുതലെടുത്തു ജീവിക്കാന്‍ ലോകത്തെ അമേരിക്ക ശീലിപ്പിച്ചിരിക്കുന്നു. അമേരിക്കയ്ക്ക് തങ്ങളുടെ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണം വേണം. ആ പണം ലോകം നല്‍കുന്നു. അതായത്, ഒരു കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താവിന് കടയുടമ തന്നെ പണം നല്‍കുന്ന അവസ്ഥ. ഭാഗ്യവാനായ ഉപഭോക്താവിന്റെ അവസ്ഥയിലാണ് അമേരിക്ക. ഭാഗ്യദോഷിയായ കടയുടമയുടെ റോളില്‍ ലോകവും!

PURSE.jpg

അമേരിക്കയ്ക്ക് ഏറ്റവുമധികം കടം കൊടുക്കുന്നതാര്? സംശയമെന്താ, ജപ്പാന്‍ തന്നെ. എന്നിട്ടും ജപ്പാന്‍ ദുര്‍ബല രാഷ്ട്രമെന്ന് ധനകാര്യപണ്ഡിറ്റുകള്‍! പുത്തന്‍ സാമ്പത്തികശാസ്ത്രമനുസരിച്ച് ചെലവിടാവത്തന്‍ ദുര്‍ബലനാണ്, അവന് വളര്‍ച്ചയില്ല. ജപ്പാന്റെ പ്രശ്‌നം ഇതാണ്. കൂടുതല്‍ പണം ചെലവിടാന്‍ ജപ്പാന്‍കാരെ പ്രേരിപ്പിക്കുന്നതിന്‍ അവിടത്തെ സര്‍ക്കാര്‍ തന്നെ നടപടികളുമായി മുന്നോട്ടുവന്നിരിക്കുകയാണ്. സമ്പാദ്യങ്ങള്‍ക്കുമേലുള്ള പലിശ കുറച്ചു. സമ്പാദ്യം സൂക്ഷിക്കുന്നതിന് നികുതി പോലുമേര്‍പ്പെടുത്തി. പക്ഷേ, ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പ്രമാണം. നികുതി നല്‍കിയിട്ടായാലും വേണ്ടില്ല തങ്ങള്‍ സമ്പാദിക്കുമെന്ന് ജപ്പാന്‍കാര്‍. അവിടത്തെ പരമ്പരാഗത പോസ്റ്റല്‍ അക്കൗണ്ട്‌സ് സേവിങ്‌സ് മാത്രം 1.2 ലക്ഷം കോടി ഡോളര്‍ വരും. പക്ഷേ ഈ സമ്പാദ്യശീലം ഇന്ന് ജപ്പാന്റെ കരുത്തല്ല, വേദനയാണ്!!

ഡോ.ജഗദീഷ് നട്‌വര്‍ലാല്‍ ഭഗവതി

കരുത്തുകാണിക്കാന്‍ ഉള്ള പണം ചെലവിട്ടാല്‍ പോരാ, കടം വാങ്ങി ചെലവിടണം. ഇന്ത്യക്കാരുടെ സമ്പാദ്യശീലം നല്ലതല്ലെന്നാണ് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ.ജഗദീഷ് നട്‌വര്‍ലാല്‍ ഭഗവതി അടുത്തിടെ പറഞ്ഞത്. ഇദ്ദേഹത്തെ കുറച്ചുകൂടി എളുപ്പത്തില്‍ പരിചയപ്പെടുത്താം -സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് പ്രഫുല്ലചന്ദ്ര നട്‌വര്‍ലാല്‍ ഭഗവതിയുടെ സഹോദരന്‍. ഇന്ത്യക്കാര്‍ കൂടുതല്‍ ചെലവിടുന്തോറും രാജ്യം വളര്‍ച്ച നേരിടുമെന്നാണ് ഡോ.ജഗദീഷിന്റെ പക്ഷം. ഇറക്കുമതി ചെയ്ത കാറുകള്‍ മുതല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വരെ വാങ്ങി ഉപയോഗിക്കണം. സ്വന്തം പണത്തിനു പകരം കടം വാങ്ങണം. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമ്പോള്‍ ബഹുരാഷ്ട്ര കമ്പനി ഭീമന്മാര്‍ ഇന്ത്യയില്‍ മുതല്‍മുടക്കാനും വ്യവസായശാലകള്‍ തുടങ്ങാനും വരും. ഇന്ത്യ വളര്‍ച്ച നേടും! അമേരിക്കന്‍ തന്ത്രം തന്നെ!!

അപ്പോള്‍ നമുക്ക് കേട്ടു പടിച്ച പാഠങ്ങള്‍ തിരുത്താം. സമ്പാദ്യശീലം നല്ലതല്ല, ധൂര്‍ത്തനാണ് മിടുക്കന്‍!! പക്ഷേ, പുത്തന്‍ സാമ്പത്തിക നയം പരീക്ഷിക്കുന്നതിനു മുമ്പ് ഒരു കാര്യം ഉറപ്പാക്കണം -നിങ്ങള്‍ക്ക് കടം വാങ്ങി ചെലവിടുന്നതിനായുള്ള തുക സമ്പാദിച്ചുവെയ്ക്കുന്ന ഏതെങ്കിലും മണ്ടന്‍ എവിടെയെങ്കിലുമുണ്ടെന്ന്!!

Previous articleഭരണമെന്നാല്‍ ബഹളം മാത്രമല്ല
Next articleചില ഡോളര്‍ ചിന്തകള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here