മാനിഷാദ…

IPC 228-A

The law of the land states that the identity of a rape victim cannot be disclosed and those guilty of doing so face punishment under Section 228-A of the Indian Penal Code.

Under the Indian Penal Code Section 228-A (Disclosure of identity of the victim of certain offences, etc) Sub Section (1): Whoever prints or publishers the name or any matter which may make known the identity of any person against whom an offence under section 376, section 376A, section 376B, section 376C, or section 376D is alleged or found to have been committed (hereafter in this section referred to as the victim) shall be punished with imprisonment of either description for a term which may extend to two years and shall also be liable to fine.

ബലാത്സംഗത്തിനിരയായ വനിതയുടെ പേര് പരസ്യമായി പറയുന്നത് നിയമപ്രകാരം തെറ്റാണ്. ഇതു സംബന്ധിച്ച് സുപ്രീം കോടതിയും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പെട്ടെന്ന് ഇതോര്‍ക്കാന്‍ കാരണമെന്തെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനു വേണ്ടിയാണ് ഈ ഓര്‍മ്മിക്കല്‍ അഥവാ ഓര്‍മ്മപ്പെടുത്തല്‍. ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന കേരളത്തിന്റെ മുഖത്ത് കരിവാരിത്തേച്ച വടക്കാഞ്ചേരി ബലാത്സംഗമാണ് വിഷയം. ഇതില്‍ ആരോപണവിധേയനായ പ്രധാനി സി.പി.എം. വടക്കാഞ്ചേരി കൗണ്‍സിലറായ പി.എന്‍.ജയന്തനാണ്. ജയന്തനെതിനെ സംഘടനാനടപടിയെടുക്കാന്‍ സി.പി.എം. തീരുമാനിക്കുകയും ചെയ്തു. പക്ഷേ, രാധാകൃഷ്ണന് നിയന്ത്രണം തെറ്റി, എന്തുകൊണ്ടെന്നറിയില്ല.

rape 1.jpg

1996ലെ ഇ.കെ.നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയെന്ന നിലയിലാണ് കെ.രാധാകൃഷ്ണനെ പരിചയപ്പെട്ടത്. അന്ന് ഞാന്‍ മാതൃഭൂമിയിലാണ്. സൗമ്യനും ശാന്തനുമായ, അധികാരം തലയ്ക്കുപിടിക്കാത്ത ചെറുപ്പക്കാരന്‍ മന്ത്രി. 2001ലും 2006ലും 2011ലും അദ്ദേഹത്തെ ജനങ്ങള്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത് വെറുതെയല്ല. 2006ലെ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്നു രാധാകൃഷ്ണന്‍. സൗമ്യമായ പെരുമാറ്റത്തിലൂടെ പ്രതിപക്ഷത്തിന്റെ പോലും ബഹുമാനം പിടിച്ചുപറ്റിയ അപൂര്‍വ്വം സ്പീക്കര്‍മാരിലൊരാള്‍. ഇത്തവണ മത്സരിക്കുകയാണെങ്കില്‍ രാധാകൃഷ്ണന്‍ ജയിക്കുമെന്നും മന്ത്രിയാവുമെന്നും ഉറപ്പായിരുന്നു. പക്ഷേ, പാര്‍ലമെന്ററി രംഗത്തു നിന്നു മാറി സംഘടനാ രംഗത്തു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനം കൂടി.

radhakrishnan
കെ.രാധാകൃഷ്ണന്‍

എന്നാല്‍, ഈ 20 വര്‍ഷക്കാലം കൊണ്ട് രാധാകൃഷ്ണന്‍ സമാഹരിച്ച എല്ലാ ബഹുമാനവും ഇന്നൊരു ദിവസം കൊണ്ട് ഇല്ലാതായി എന്നു പറയുന്നത് വളരെ വേദനയോടെയാണ്. ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയന്തനെയും പാര്‍ട്ടി അംഗം ബിനീഷിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇക്കാര്യം അറിയിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാധാകൃഷ്ണന് ആത്മനിയന്ത്രണം കൈമോശം വന്നത്. വിഷയം സംസാരിക്കുന്നതിനിടെ ബലാത്സംഗത്തിനിരയായ യുവതിയുടെയും ഭര്‍ത്താവിന്റെയും പേര് രാധാകൃഷ്ണന്‍ പരാമര്‍ശിച്ചു. അതിലെ അനൗചിത്യം അപ്പോള്‍ത്തന്നെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതിനോടുള്ള രാധാകൃഷ്ണന്റെ പ്രതികരണം എല്ലാവരെയും ഞെട്ടിച്ചു -‘ജയന്തന്റെ പേര് പരാമര്‍ശിക്കാമെങ്കില്‍ പരാതിക്കാരിയുടെ പേര് പരാമര്‍ശിക്കുന്നതിലും തെറ്റില്ല’. ഇദ്ദേഹത്തിന് എന്തുപറ്റി?

ആരോപണം സംബന്ധിച്ച് പാര്‍ട്ടി സമഗ്രമായ അന്വേഷണം നടത്തും. കുറ്റം ചെയ്തു എന്ന് തെളിഞ്ഞാല്‍ എത്ര വലിയ നേതാവായാലും സംരക്ഷിക്കുകയില്ല. നിരപരാധികളെ പാര്‍ട്ടി ശിക്ഷിക്കുകയും ഇല്ല. ശരി, സമ്മതിച്ചു. അത് പാര്‍ട്ടിക്കാര്യം. പക്ഷേ, രാധാകൃഷ്ണന്‍ വേറൊരു കാര്യം പറഞ്ഞു -‘ഒമ്പതു വര്‍ഷമായി സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാത്തവരാണ് ആരോപണമുന്നയിച്ചതെന്ന് അവരുടെ അച്ഛനും അമ്മയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്’. കഷ്ടം തന്നെ. മക്കളെ നോക്കാത്തവരെ പീഡിപ്പിക്കാമെന്നും അഥവാ പീഡിപ്പിക്കപ്പെട്ടാല്‍ത്തന്നെ അവര്‍ മിണ്ടാതിരുന്നുകൊള്ളണം എന്നുമാണ് രാധാകൃഷ്ണന്‍ സാറിന്റെ വചനപ്രഘോഷണം! ഏതൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്ന എല്ലാവരും സല്‍ഗുണസമ്പന്നരാവണമെന്ന് വാശി പിടിക്കാനാവില്ല. എന്നാല്‍, ദുഷിപ്പുകളെ കണ്ടെത്തിയാല്‍ അവരെ പിന്തള്ളാനുള്ള ആര്‍ജ്ജവം കാണിക്കണം. പാര്‍ട്ടിയുടെ യശസ്സ് വീണ്ടെടുക്കേണ്ടത് ഇത്തരം തിരുത്തല്‍ നടപടികളിലൂടെയാണ്. വടക്കാഞ്ചേരിയില്‍ സി.പി.എമ്മിന് അതിനുള്ള അവസരമുണ്ടായിരുന്നു. രാധാകൃഷ്ണന്‍ അതു കളഞ്ഞുകുളിച്ചു എന്നു പറയേണ്ടി വരും. അദ്ദേഹം ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല. എന്തു പറ്റിയോ ആവോ?

കാലം എത്ര പെട്ടെന്നാണു മാറുന്നത്. സ്ത്രീ -പുരുഷ ബന്ധത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടിരിക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ച ആ സുന്ദരകാലം ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. ക്ലാസ്സില്‍ കയറാതെ അര്‍മാദിച്ചു നടന്ന ബി.എ. കാലം. അതിനു നേര്‍വിരുദ്ധമായി ക്ലാസ്സില്‍ അടയിരുന്ന എം.എ. കാലം. അര്‍മാദത്തതിന്റെ ഫലമായി ബി.എയ്ക്കു ലഭിച്ച തേര്‍ഡ് ക്ലാസ് സര്‍ട്ടിഫിക്കറ്റ് പുറത്തുകാണിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ കൊള്ളാവുന്നൊരു വിദ്യാഭ്യാസ യോഗ്യത ലക്ഷ്യമിട്ടാണ് എം.എയ്ക്കു ചേര്‍ന്നതു തന്നെ. ബി.എയ്ക്ക് ഞാന്‍ എന്താണ് നഷ്ടപ്പെടുത്തിയതെന്ന് എം.എ. മനസ്സിലാക്കിത്തന്നു. ബി.എയ്ക്കു പഠിച്ചവരുടെ കൂട്ടത്തില്‍ വലിയ സൗഹൃദങ്ങളില്ല. പക്ഷേ, എം.എ. അങ്ങനെയല്ല.

jayanthan
പി.എന്‍.ജയന്തന്‍

എം.എ. ക്ലാസ്സില്‍ 35 പേര്‍. 29 പെണ്‍കുട്ടികള്‍. പുരുഷപ്രജകള്‍ 6 മാത്രം. അതില്‍ത്തന്നെ ക്ലാസ്സില്‍ കൃത്യമായി കയറിയിരുന്നത് മികച്ച റിസള്‍ട്ട് എന്ന ലക്ഷ്യമുണ്ടായിരുന്ന ഈയുള്ളവന്‍ മാത്രം. ക്ലാസ്സിനുള്ളില്‍ അപൂര്‍വ്വ സൗഹൃദം ഉടലെടുത്തത് പെട്ടെന്നായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് പുറത്തുപോകുന്ന നാരിമാര്‍ക്ക് കൂട്ടുപോകുക ഏക നരനായ എന്റെ ജോലിയായി. നാരിമാരുടെ കുടുംബാംഗങ്ങള്‍ക്കു പോലും ശ്യാംലാല്‍ എന്ന പേര് പരിചിതമായി. ഏതാണ്ടെല്ലാ നാരിമാരുടെയും വീട്ടില്‍ പോയിട്ടുണ്ട്. അവര്‍ എന്റെ വീട്ടിലും വന്നിട്ടുണ്ട്. ആ ബന്ധങ്ങള്‍ കോളേജ് വിട്ട് കാല്‍ നൂറ്റാണ്ട് തികയാറാകുമ്പോഴും പഴയതുപോലെ നിലനില്‍ക്കുന്നു. ഒരു വിശ്വാസത്തില്‍ നിന്ന് ഉടലെടുത്ത ബന്ധം. വിശ്വസിക്കാവുന്ന ആണ്‍തുണ ഉണ്ടെങ്കില്‍ തങ്ങളുടെ പെണ്‍മക്കള്‍ സുരക്ഷിതരാണെന്ന അച്ഛനമ്മമാരുടെ വിശ്വാസം, അല്ലെങ്കില്‍ തെറ്റിദ്ധാരണ!! വിവാഹം കഴിഞ്ഞപ്പോള്‍ സഹപാഠികളുടെ സ്ഥാനത്ത് ഭാര്യയുടെ സഹോദരിമാരായി. അവധിക്കാലത്ത് എല്ലാവരും ഒത്തുകൂടുമ്പോള്‍ പെണ്‍പടയെയും നയിച്ചുകൊണ്ട് സിനിമാ തിയേറ്ററിലും ബിച്ചിലുമൊക്കെ പോകാനുള്ള ചുമതല എനിക്കായി. ഒരുവിധം കൃത്യമായി ഉത്തരവാദിത്വം നിറവേറ്റി എന്നു തന്നെയാണ് വിശ്വാസം.

പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയുടെ പ്രതിഫലനമാണിത്. ഒരാണ് കൂട്ടുണ്ടെങ്കില്‍ പെണ്ണിന് എവിടെയും പോകാമെന്ന ചിന്താഗതി. പക്ഷേ, എത്ര പെട്ടെന്നാണ് കാലം മാറിയത്! ഇപ്പോള്‍ പുരുഷ സാന്നിദ്ധ്യം പോലും സ്ത്രീയെ സുരക്ഷിതയാക്കുന്നില്ല. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ് 2012ലെ ഡല്‍ഹി കൂട്ടബലാത്സംഗം. അവള്‍ കൂട്ടായി സുഹൃത്ത് ഉണ്ടായിരുന്നു. പക്ഷേ, എണ്ണത്തില്‍ കൂടുതലുള്ള പുരുഷ അക്രമിസംഘത്തിനു മുന്നില്‍ ആ സുഹൃത്തിന് ഒന്നും ചെയ്യാനായില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമോ? അന്ന് നടുക്കത്തോടെ മനസ്സിലുയര്‍ന്ന ചോദ്യം. ആ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തിലേക്ക് ജാക്കി ലിവര്‍ കുത്തിക്കയറ്റിയത് ഒരു കൗമാരക്കാരനായിരുന്നു എന്നറിഞ്ഞപ്പോള്‍ നടുക്കം ഇരട്ടിയായി. എന്റെ ചുറ്റുമുള്ള, അടുപ്പമുള്ള, ബന്ധത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യത്തില്‍ ആശങ്കാകുലനായി, ശ്രദ്ധാലുവായി. ഇപ്പോള്‍ വടക്കാഞ്ചേരി സംഭവത്തിലും യുവതിക്ക് കൂട്ടായി ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും പാറ പോലെ ഭാര്യയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. പക്ഷേ…

rape 2.jpg

നടുക്കം ഇപ്പോള്‍ പതിവായിരിക്കുന്നു. 2 വയസ്സുകാരിയും 80 വയസ്സുകാരിയുമൊക്കെ ബലാത്സംഗം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ സ്വയം ഒരു പുരുഷനായിട്ടുകൂടി പുരുഷ വര്‍ഗ്ഗത്തോടാകെ വെറുപ്പ് തോന്നുകയാണ്. എന്തുകൊണ്ടിതു സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഒരുത്തരമേ എനിക്കുള്ളൂ -വളര്‍ത്തുദോഷം. പുരാണത്തിലെ കഥ ഒരു സുഹൃത്ത് ഓര്‍മ്മിച്ചത് ഇവിടെ കുറിക്കുന്നത് ഉചിതമാകുമെന്നു തോന്നുന്നു. ദേവരാജാവാണ് ഇന്ദ്രന്‍. ഇന്ദ്രന്റെ മകനാണ് ജയന്തന്‍. വടക്കാഞ്ചേരിയിലെ കൗണ്‍സിലര്‍ ജയന്തനല്ല, ദേവകുമാരന്‍ ജയന്തന്‍. ശ്രീരാമന്റെ ധര്‍മ്മപത്‌നി സീതയെ പുള്ളി ഒന്നു തൊട്ടു. കുപിതനായ ശ്രീരാമന്‍ ഭാര്യയെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടിയില്‍ ജയന്തന്റെ ഒരു കണ്ണു പോയി.

രാമായണത്തിലെ സുന്ദരകാണ്ഡത്തിലാണ് ഈ കഥയുള്ളത്. സീത ഹനുമാനോട് പറയുന്നത്. ചിത്രകൂടത്തിലൂടെയുള്ള വനയാത്രയില്‍ ക്ഷീണിതനായ രാമന്‍ സീതയുടെ മടി തലചായ്ച്ച് മയങ്ങുകയായിരുന്നു. ഈ സമയത്താണ് ജയന്തന്‍ ഒരു കാക്കയുടെ രൂപത്തില്‍ അവിടെയെത്തിയത്. രണ്ടു തവണ ജയന്തന്‍ കാക്ക സീതയുടെ മാറിടത്തിലൊന്നു ഞോണ്ടി. പരിഭ്രാന്തയായ സീത വസ്ത്രങ്ങള്‍ നേരെയാക്കാന്‍ ശ്രമിച്ചപ്പോള്‍ അതു കൂടുതല്‍ അലങ്കോലമായി. സീതയുടെ അസ്വസ്ഥതയാല്‍ ഞെട്ടിയുണര്‍ന്ന രാമന്‍ കണ്ടത് കാലുകളില്‍ ചോരയൊലിപ്പിച്ചു നില്‍ക്കുന്ന കാക്കയെയാണ്. പെട്ടെന്നു തന്നെ രാമന് ആളെ മനസ്സിലായി, അസുഖവും മനസ്സിലായി. അദ്ദേഹം ഒരു പുല്‍ക്കൊടി പിഴുതെടുത്ത് മന്ത്രമോതി ബ്രഹ്മാസ്ത്രമാക്കി ജയന്തനു നേരെ വിട്ടു. അതോടെ ജയന്തന്‍ ഓട്ടമായി. ഈരേഴ് പതിനാല് ലോകത്തും ഓടി എല്ലാവരുടെയും സഹായം തേടി. ഇന്ദ്രനുള്‍പ്പെടെ എല്ലാവരും നിസ്സഹായത പ്രകടിപ്പിച്ചതോടെ കാക്ക ഓടി ശ്രീരാമന്റെ കാലില്‍ തന്നെ വീണു. അതിശക്തമായ ബ്രഹ്മാസ്ത്രം പിന്‍വലിക്കാനാവില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. ഒടുവില്‍ ജയന്തന്റെ ഒരു കണ്ണിലേക്കു തിരിച്ചുവിട്ട് രാമന്‍ തൃപ്തനായി. അങ്ങനെ ഇന്ദ്രപുത്രന്‍ ഒറ്റക്കണ്ണനായി.

ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠയാ
ചിത്രകൂടാചലത്തിങ്കല്‍ വാഴുംവിധൌ
പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍
പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ
തിരുമുടിയുമഴകിനൊടുമടിയില്‍ മമ വെച്ചുടന്‍
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍
അതുപൊഴുതിലതി പലലശകലങ്ങള്‍ കൊത്തീടിനാന്‍
ഭക്ഷിച്ചു കൊള്ളുവാനെന്നോര്‍ത്തു ഞാന്‍ തദാ
പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേന്‍
പാഷാണജാലങ്ങള്‍ കൊണ്ടതു കൊണ്ടവന്‍
വപുഷി മമ ശിതചരണനഖരതുണ്ഢങ്ങളാല്‍
വായ്‌പോടു കീറിനാനേറെക്കുപിതനായ്
പരമ പുരുഷനുമുടനുണര്‍ന്നു നോക്കുംവിധൌ
പാരമൊലിക്കുന്ന ചോരകണ്ടാകുലാല്‍
തൃണകുശകലമതികുപിതനായെടുത്തശ്രമം
ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാന്‍
സഭയമവനഖിലദിശി പാഞ്ഞുനടന്നിതു
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊണ്ടീടുവാന്‍
അമരപതി കമലജഗിരീശ മുഖ്യന്മാര്‍ക്കു-
മാവതല്ലെന്നയച്ചോരവസ്ഥാന്തരേ
രഘുതിലകനടി മലരിവശമൊടു വീണിതു
രക്ഷിച്ചു കൊള്ളേണമെന്നെക്കൃപാനിധേ!
അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ
ആനന്ദമൂര്‍ത്തേ! ശരണം നമോസ്തുതേ
ഇതിസഭയമടിമലരില്‍ വീണു കേണീടിനാ-
നിന്ദ്രാത്മജനാം ജയന്തനുമന്നേരം
സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാന്‍
സായകം നിഷ്ഫലമാകയില്ലെന്നുമേ
അതിനു തവ നയനമതിലൊന്നുപോ നിശ്ചയ-
മന്തരമില്ല നീ പൊയ്‌ക്കൊള്‍ക നിര്‍ഭയം
ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ-
നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്‌കൃതം

ജയന്തനെ ആരും കുറ്റം പറയില്ല. ജയന്തന്റെ അച്ഛനാരാ മോന്‍!! അച്ഛന്‍ ഇതുപോലെ ഒരുപാട് പണികള്‍ ഒപ്പിച്ചിട്ടുണ്ട്. വിത്തുഗുണം പത്തുഗുണം. ബ്രഹ്മാവ് സൃഷ്ടിച്ച ഏറ്റവും സുന്ദരിയായിരുന്നു അഹല്യ, ഗൗതമ മഹര്‍ഷിയുടെ ഭാര്യ. എന്നും 16 വയസ്സുകാരിയുടെ ശരീരപ്രകൃതമായിരിക്കും എന്നൊരനുഗ്രഹവും അഹല്യയ്ക്കുണ്ടായിരുന്നു. അഹല്യയോട് ഇന്ദ്രനൊരു മോഹം. എല്ലാ ദിവസവും രാവിലെ ഗൗതമ മഹര്‍ഷി സ്‌നാനത്തിനും പ്രഭാതപൂജകള്‍ക്കുമായി നദിക്കരയില്‍ രണ്ടു മണിക്കൂറോളം ചെലവിടും. ചന്ദ്രനെക്കൊണ്ട് പൂവന്‍കോഴിയുടെ വേഷം കെട്ടിച്ച ഇന്ദ്രന്‍ പുലരുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് കൂവിച്ചു. നേരം പുലര്‍ന്നു എന്ന ധാരണയില്‍ ഗൗതമന്‍ എഴുന്നേറ്റ് നദിക്കരയിലേക്കു പോയി. ഈ തക്കം നോക്കി ഗൗതമന്റെ വേഷമണിഞ്ഞ് ഇന്ദ്രന്‍ പര്‍ണ്ണശാലയിലെത്തി അഹല്യയെ പ്രാപിച്ചു. നേരം വെളുക്കാത്തതിനെക്കുറിച്ച് സംശയിച്ചുവെങ്കിലും പതിവു പൂജകള്‍ കഴിച്ച് തിരിച്ചെത്തിയ മഹര്‍ഷി കുപിതനാവുക സ്വാഭാവികം. അദ്ദേഹം അഹല്യയെ ശപിച്ച് കല്ലാക്കി. കാമം നിയന്ത്രിക്കാനാവാത്ത ഇന്ദ്രന്റെ ശരീരമാസകലം 1,000 ലിംഗങ്ങളാണ് ഗൗതമന്‍ സൃഷ്ടിച്ചുകൊടുത്തത്. കള്ളം പറഞ്ഞ ചന്ദ്രനും കിട്ടി സമ്മാനം. ആ ശാപമാണ് ചന്ദ്രമുഖത്തിലെ കറുത്ത പുള്ളികളായി ഇന്നും കാണുന്നതെന്ന് വിശ്വാസം.

പുരാണവും വര്‍ത്തമാനവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നു തോന്നിപ്പോകുന്നു, കാര്യങ്ങള്‍ കാണുമ്പോള്‍. കാമം എന്നത് മനോഹരമായ ഒരു വികാരമാണ്. വാത്സ്യായനന്റെ ‘കാമസൂത്രം’ പിറന്നത് ആ അര്‍ത്ഥത്തിലാണ്. എന്നാല്‍, നിയന്ത്രണമില്ലാത്ത കാമം ഇപ്പോള്‍ ഏറ്റവും അധമമായ വികാരമായി മാറിയിരിക്കുന്നു. ആരുടെയൊക്കെയോ ചെയ്തികളുടെ പേരില്‍ പുരുഷന്മാര്‍ മുഴുവന്‍ നികൃഷ്ടജീവികളാവുന്ന അവസ്ഥ. ഈ കഥകള്‍ പറയാന്‍ കാരണമുണ്ട്. ആണ്‍മക്കള്‍ അച്ഛന്മാരെ കണ്ടു പഠിക്കുന്നു എന്നാണ് പൊതുതത്ത്വം, വ്യത്യസ്താനുഭവങ്ങളുണ്ടാവാം. എന്റെ അച്ഛനെ പിന്തുടരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ നല്ല ഗുണങ്ങള്‍ എനിക്ക് അഭിമാനമാണ്. ഞാന്‍ ചെയ്യുന്നത് എന്തും അതുപോലെ പകര്‍ത്തുന്ന ഒരു രണ്ടര വയസ്സുകാരനെയും മകന്റെ രൂപത്തില്‍ കാണുന്നുണ്ട്. കുട്ടിക്കാലത്ത് ഞാനും അനിയനും ചേര്‍ന്ന് ഒപ്പിക്കുന്ന തരികിടകള്‍ സഹിക്കാവുന്നതിലും അപ്പുറമാകുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന സ്റ്റൈലിലിരിക്കുന്ന അച്ഛനു നേര്‍ക്ക് അമ്മ പ്രയോഗിക്കുന്ന വജ്രായുധമുണ്ട് -‘താ പെറ്റ് തന്ത വളര്‍ത്തണം’. അതു ശരിയാണെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.

എന്റെ മകന്‍ വളര്‍ന്നു വരുന്നു. ഞാന്‍ ഭാര്യയോട് എപ്പോഴും പറയുന്ന കാര്യമുണ്ട് -‘നമുക്ക് അവനെ മറ്റെന്തു പഠിപ്പിച്ചില്ലെങ്കിലും സാരമില്ല, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം. വേറെന്തിന്റെ പേരില്‍ പഴി കേട്ടാലും സ്ത്രീകളോടു മോശമായി പെരുമാറിയതിന്റെ പേരിലുള്ള പഴി എനിക്കു കേള്‍ക്കാന്‍ വയ്യ.’ ഡല്‍ഹിയിലെ ക്രൂരനായ കൗമാരക്കാരനെക്കുറിച്ചറിഞ്ഞപ്പോള്‍ തോന്നിയതാണ് ഇക്കാര്യം. ഏതായാലും സ്ത്രീകളെ ബഹുമാനിക്കാനുള്ള പാഠം കണ്ണന്‍ പഠിച്ചുതുടങ്ങിയിരിക്കുന്നു, അവന്റെ ചിറ്റയുടെ മക്കളായ രണ്ടു പെങ്ങന്മാരെ ബഹുമാനിച്ചുകൊണ്ട്. രണ്ടു കാന്താരികളും കൂടി കൈകാര്യം ചെയ്താലും പാവം അവന്‍ ഇരുന്ന് കൊള്ളും.

kannan-sisters
കണ്ണന്‍, അമ്മു, വാവ

വടക്കാഞ്ചേരി സംഭവത്തിലേക്ക് തിരികെ വരാം. ഭാഗ്യലക്ഷ്മി ചേച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേരത്തേ മുങ്ങിപ്പോയതായി പറയപ്പെടുന്ന ഈ വിഷയം നേരത്തേ അറിയാത്തവരിലേക്കു കൂടിയെത്തിയത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം ചേച്ചി നിര്‍വ്വഹിച്ചപ്പോള്‍ വടക്കാഞ്ചേരിയിലെ യുവതിക്ക് നീതി ലഭിക്കും എന്ന പ്രതീതിയെങ്കിലുമുണ്ടായി. നഖം നനയാതെ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന ലോകത്ത് അതിനാല്‍ത്തന്നെ ഭാഗ്യലക്ഷ്മി വേറിട്ടു നില്‍ക്കുന്നു. അവര്‍ക്ക് എല്ലാം പിന്തുണയും നല്‍കിയ എന്റെ സുഹൃത്ത് പാര്‍വ്വതിക്കും അഭിവാദനം.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചര്‍ച്ചാവിഷയമായ വിഷയത്തില്‍ തനിക്കുള്ള മറുപടി ആരോപണവിധേയനായ ജയന്തന്‍ നല്‍കിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ. താന്‍ നിരപരാധിയാണെന്ന് അയാള്‍ സമര്‍ത്ഥിക്കുന്നത് സ്വാഭാവികം. അതും നമ്മള്‍ കാണാതിരിക്കരുത്. ഒരു വിഷയത്തിന്റെ എല്ലാ വശവും പരിഗണിക്കണം.

ഇതില്‍ ജയന്തന്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഈ രാജ്യത്തെ നിയമം സ്ത്രീകള്‍ക്കനുകൂലമാണ്. അങ്ങനെയാണ് വേണ്ടതും. ആരോപണം ഉന്നയിച്ച സ്ത്രീയെ അതു തെളിയിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ വകുപ്പില്ല. പക്ഷേ, താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത ജയന്തനുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ ആരോപണമുന്നയിക്കുന്നവരുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നതൊക്കെ പഴയ തന്ത്രമാണ് എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

ഒരുകാര്യം കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. 2001ല്‍ ഞാന്‍ മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ജോലി ചെയ്യുന്ന കാലത്തുള്ള സംഭവമാണ്. നാദാപുരം തെരുവംപറമ്പില്‍ നബീസു എന്ന മുസ്ലീം സ്ത്രീയെ ഈന്തുള്ളതില്‍ ബിനു എന്ന ഡി.വൈ.എഫ്.ഐക്കാരന്‍ പ്രാര്‍ത്ഥനയ്ക്കിടെ നിസ്‌കാര പായയിലിട്ട് ബലാത്സംഗം ചെയ്തു എന്ന പ്രചാരണമുണ്ടായി. അതു വാര്‍ത്തയായി. മുസ്ലിം സ്ത്രീയെ ഹിന്ദു പീഡിപ്പിച്ചു എന്ന പ്രശ്‌നം ഉയര്‍ത്തി എന്‍.ഡി.എഫുകാര്‍ പിന്നീട് ബിനുവിനെ വെട്ടിക്കൊന്നു. മകന്‍ നഷ്ടപ്പെട്ട ബിനുവിന്റെ അമ്മ മാനസിക വിഭ്രാന്തിക്ക് അടിമയായി. എല്ലാം നഷ്ടപ്പെട്ട് അവര്‍ തെരുവില്‍ അലയുന്ന കാഴ്ച കണ്ട് മനസ്സാക്ഷിക്കുത്ത് സഹിക്കാനാവാതെ ഒടുവില്‍ നബീസുവും ഭര്‍ത്താവും പത്രസമ്മേളനം നടത്തി സത്യം പറഞ്ഞു -പീഡനം നടന്നില്ല. അപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. ഇതുപോലെ 2001ല്‍ തന്നെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കാര്‍ കെ.എസ്.യുക്കാരന്റെ പുറത്ത് ചാപ്പ കുത്തിയ സംഭവം തിരഞ്ഞെടുപ്പ് സമയത്ത് വലിയ വാര്‍ത്തയായിരുന്നു. അതും കളവാണെന്നു തെളിഞ്ഞത് പില്‍ക്കാല ചരിത്രം. സത്യം ഏറ്റു പറഞ്ഞത് ചാപ്പ കുത്തലിനു വിധേയനായ വ്യക്തി തന്നെ.

ഇതൊക്കെയാണെങ്കിലും തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനം സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീക്ക് ഇത്രയും നേരം ഇത്രയും ആളുകള്‍ക്കു മുന്നില്‍ വികാരവിക്ഷോഭങ്ങള്‍ അഭിനിയിക്കാനാവില്ല. അത് മനസ്സില്‍ നിന്നു സ്വമേധയാ വന്നതു തന്നെയാണ്. ഇനി ജയന്തന്‍ പറയുന്നതാണ് സത്യമെങ്കില്‍, അതു കാലം തെളിയിക്കട്ടെ.


വാല്‍ക്കഷ്ണം
നീതി നിഷേധിക്കപ്പെട്ട യുവതി നേരെ പോയത് വക്കീലന്മാരുടെ അടുത്തേക്കും ജഡ്ജിമാരുടെ മുന്നിലേക്കുമല്ല. വന്നത് മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്കാണ്. സാധാരണ ജനത്തിന് ഇപ്പോഴും വിശ്വാസം മാധ്യമങ്ങളെ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ?

STORY TRACKER


COMMENT