ഇത് രാമായണ മാസമാണ്. രാമായണത്തില്‍ എന്നിലേറ്റവും കൗതുകമുണര്‍ത്തിയ അദ്ധ്യായമാണ് ലങ്കാദഹനം. രാവണന്റെ ഉത്തരവ് പ്രകാരം ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊളുത്താന്‍ രാക്ഷസന്മാര്‍ ശ്രമിക്കുന്നു. ഹനുമാന്റെ വാലില്‍ തുണി ചുറ്റുക എന്നു പറഞ്ഞാല്‍ നടപ്പുള്ള കാര്യമാണോ? തുണി ചുറ്റുന്തോറും വാലിന് നീളം കൂടി വന്നു. ഒടുവില്‍ രാക്ഷസന്മാര്‍ ക്ഷീണിച്ചു. അവസാനം ചുറ്റിയതു മതി കൊളുത്തെടാ തീ എന്ന് രാവണന്‍ ആജ്ഞാപിക്കുന്നു. ആ വാലിലെ തീയുമായി ചാടി നടന്ന് ലങ്ക മുഴുവന്‍ ചുട്ടു ചാമ്പലാക്കിയിട്ടാണ് ഹനുമാന്‍ മടങ്ങുന്നത്.

ഇപ്പോള്‍ ലങ്കാദഹനം ഓര്‍മ്മയിലേക്കോടിയെത്തിയത് വെറുതെയല്ല. ഹനുമാന്റെ വാലു പോലെ നീളം കൂടി വരുന്ന -ഒരിക്കലും അവസാനിക്കാത്ത -ഒരു പ്രശ്‌നം ജീവിതത്തിനു മുന്നില്‍ ചോദ്യചിഹ്നമുയര്‍ത്തി നില്‍ക്കുകയാണ്. ഈ പ്രശ്‌നം കുടുംബജീവിതത്തെ ആകെ താറുമാറാക്കിയിരിക്കുന്നു. വിഷയം എന്തെന്നു പറയാം -കേരള സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയം.

എന്റെ ഭാര്യ തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. അവര്‍ക്കിപ്പോള്‍ വീട്ടിലെ ഒരു കാര്യത്തിലും ശ്രദ്ധയില്ല. ഒന്നിനും സമയമില്ല എന്നും പറയാം. എന്തോ മാനസികരോഗം ബാധിച്ചപോലെ ഓടിപ്പാഞ്ഞു നടക്കുന്നു. വീട്ടില്‍ വന്നാലുടനെ കസേരയില്‍ റൈറ്റിങ് ബോര്‍ഡുമായി ഇരിക്കും. ഒരു കെട്ട് കടലാസുകള്‍ അതിനു മുകളില്‍ വെയ്ക്കും. പിന്നെ വായന തുടങ്ങുകയായി, കുറിക്കുകയായി. ഇടയ്ക്ക് തല കൈയില്‍ താങ്ങിയിരിക്കുന്നതു കാണാം. ചിലപ്പോള്‍ കണക്കുകൂട്ടുന്നതു കാണാം. തനിയെ സംസാരിക്കുന്നതും കാണാം.

ഇടയ്ക്ക് ഓരോ ഫോണ്‍ വരും. അപ്പോള്‍ എസ് ഫോര്‍, എസ് ടു എന്നൊക്കെ പുലമ്പുന്നതു കാണാം. ആ ഫോണ്‍ വന്നാല്‍ പിന്നെ അങ്കലാപ്പാണ്. ‘നാളെ കൊടുക്കാനൊന്നും പറ്റില്ല. തീരുമ്പോള്‍ കൊടുക്കും, അത്ര തന്നെ’ എന്നൊക്കെ പറയും. പക്ഷേ, രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് നോക്കീത്തീര്‍ത്തിട്ടുണ്ടാവും. രാവിലെ അതെല്ലാം അടുക്കിപ്പെറുക്കി കെട്ടിക്കൊടുക്കുക എന്നത് എന്റെ ജോലിയാണ്. ‘പോര്‍ഷന്‍ ഒരുപാട് തീരാനുണ്ട്. അതു പിന്നെങ്ങനാ. പേപ്പര്‍ നോക്കാനല്ലേ സമയമുള്ളൂ. പഠിപ്പിക്കാന്‍ വല്ല സമയവുമുണ്ടോ?’ -ഇടയ്ക്ക് ഉച്ചത്തില്‍ ആത്മഗതം.

ചിലപ്പോഴൊക്കെ രാത്രി 2 മണിക്ക് കിടന്നിട്ട് രാവിലെ 4 മണിക്ക് എഴുന്നേറ്റിരുന്ന് എഴുതുന്നതു കാണാം. ഉറങ്ങാതിരുന്നാല്‍ ആരോഗ്യസ്ഥിതി വഷളാവും എന്നു പറഞ്ഞാല്‍ കേട്ട ഭാവമില്ല. ‘പഠിപ്പിക്കാനുള്ള വക നോക്കാതെയും നോട്ടു കുറിക്കാതെയും കോളേജില്‍ പോകാന്‍ പറ്റുമോ? കുട്ടികളുടെ മുന്നില്‍ ബ ബ ബ അടിച്ച് അപഹാസ്യ പാത്രമാവാന്‍ ഞാനില്ല’ -എന്റെ വായടപ്പിക്കുന്ന മറുപടി.

ഒന്നിനും സമയമില്ല എന്നു പറഞ്ഞാല്‍ ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ല. ഞങ്ങള്‍ മൂവരും -അച്ഛനും അമ്മയും മകനും -ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച കാലം മറന്നു. അമ്മയുടെ ഈ അവസ്ഥ കണ്ട് മകന്‍ ആകെ അങ്കലാപ്പിലാണ്. അവന് ഭക്ഷണം കൊടുക്കാന്‍ പോലും അമ്മയ്ക്കു സമയമില്ല. എല്ലാ കാര്യങ്ങളും ഇപ്പോള്‍ നോക്കുന്നത് അമ്മാമ്മയാണ്. മുമ്പ് അവന് എന്തിനുമേതിനും അമ്മ വേണമായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തിരിച്ചറിഞ്ഞിട്ടാണോ എന്നറിയില്ല, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവന്‍ അച്ഛനെ വിളിക്കും. ഞാന്‍ വീട്ടില്‍ ഇല്ലെങ്കില്‍ അമ്മാമ്മയെ ആശ്രയിക്കും.

കേരള സര്‍വ്വകലാശാലയിലെ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയം ഇതുപോലെ കുത്തഴിഞ്ഞ കാലം മുമ്പുണ്ടായിട്ടില്ല. അദ്ധ്യാപകര്‍ക്ക് 2 മാസം അവധിയുണ്ടെന്നാണ് വെയ്പ്. പക്ഷേ, എന്റെ ഭാര്യയ്ക്ക് അതുണ്ടായിട്ടില്ല. പേപ്പര്‍ നോട്ടം തന്നെ നോട്ടം. സാധാരണ നിലയില്‍ വേനലവധിക്കാലത്താണ് അന്യജില്ലകളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക. ഈ വര്‍ഷം അതൊന്നും വേണ്ടി വന്നില്ല!! വര്‍ഷം മുഴുവന്‍ മൂല്യനിര്‍ണ്ണയം നടത്തിയിട്ടും തീരുന്നില്ല എങ്കില്‍ എന്തോ ഗുരുതരമായ പ്രശ്‌നമുണ്ട് എന്നല്ലേ അര്‍ത്ഥം? ഇങ്ങനൊക്കെ നോക്കിയിട്ടും പരീക്ഷാഫലം എന്നു വരുമെന്ന് കവടി നിരത്തി പോലും പറയാനാവാത്ത സ്ഥിതി.

കേരള സര്‍വ്വകലാശാലയിലെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നിമിത്തം സര്‍ക്കാര്‍ കോളേജുകളിലെ പഠനം മുടങ്ങിയിരിക്കുന്നു. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ച് 2 മാസ പിന്നിടുന്നു. എന്നിട്ടും ക്ലാസ്സില്‍ അദ്ധ്യാപകര്‍ കൃത്യമായി എത്തിയിട്ടില്ല. കാരണം അവര്‍ ‘നിര്‍ബന്ധിത’ മൂല്യനിര്‍ണ്ണയത്തിലാണ്. അതേസമയം സ്വകാര്യ -സ്വാശ്രയ കോളേജുകളില്‍ ആ പ്രശ്‌നമില്ല.

ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? സ്ഥിരമായി ചില അദ്ധ്യാപകരെ മാത്രം സര്‍വ്വകലാശാല മൂല്യനിര്‍ണ്ണയച്ചുമതല അടിച്ചേല്‍പ്പിക്കുന്നു എന്നല്ലേ? ഓരോ അദ്ധ്യാപകരും അവര്‍ പഠിപ്പിക്കുന്ന കുട്ടികളുടെ അത്ര എണ്ണം ഉത്തരക്കടലാസ് കൃത്യമായി മൂല്യനിര്‍ണ്ണയം നടത്തുകയാണെങ്കില്‍ ഈ പ്രശ്‌നം വരില്ലല്ലോ? പക്ഷേ, ചില ഉന്നതകുലജാതര്‍ക്ക് മൂല്യനിര്‍ണ്ണയം പഥ്യമാണ്. കാരണം ഇപ്പോള്‍ മൂല്യനിര്‍ണ്ണയത്തിന് വേതനമില്ല. മൂല്യനിര്‍ണ്ണയം ഇപ്പോള്‍ ജോലിയുടെ ഭാഗമാണ്. അപ്പോള്‍ ചിലര്‍ ജോലി ചെയ്യുന്നില്ല എന്നല്ലേ?

ഈ കുത്തഴിഞ്ഞ സംവിധാനത്തിന്റെ ഇരകളാവുന്നവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകര്‍ തന്നെ. ഉത്തരക്കടലാസുകള്‍ നോക്കിക്കൊണ്ടിരിക്കുന്നവരെ കൂടുതല്‍ ഉത്തരക്കടലാസുകള്‍ അടിച്ചേല്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും പരീക്ഷാ കണ്‍ട്രോളറും നേരിട്ട് കോളേജുകള്‍ കയറിയിറങ്ങുന്നു. മൂല്യനിര്‍ണ്ണയ ചുമതല ആദ്യം മുതല്‍ തന്നെ ഏറ്റെടുക്കാത്തവര്‍ മിടുക്കന്മാരായി വാഴുന്നു. ഇതു പറയുമ്പോള്‍, എയ്ഡഡ് കോളേജുകളിലെ നല്ലവരായ ചില അദ്ധ്യാപകര്‍ മൂല്യനിര്‍ണ്ണയവുമായി സഹകരിക്കുന്നത് കാണാതെ പോകുന്നില്ല.

എന്റെ ഭാര്യ 2 മാസത്തെ അവധിക്കാലം മുഴുവന്‍ മൂല്യനിര്‍ണ്ണയത്തിനു വിനിയോഗിച്ചുവെങ്കില്‍ ഒരു പേപ്പര്‍ പോലും നോക്കാതെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയ മിടുക്കന്മാരും മിടുക്കികളുമുണ്ട് അദ്ധ്യാപകരുടെ കൂട്ടത്തില്‍. ഫോണില്‍ വിളിച്ചു സമ്മര്‍ദ്ദം ചെലുത്തിയ സര്‍വ്വകലാശാലയിലെ ഒരുദ്യോഗസ്ഥനോട് എന്റെ ഭാര്യ ഉച്ചത്തില്‍ പറയുന്നത് കേട്ടുള്ള അറിവാണ്. സഹികെട്ട് പറഞ്ഞുപോയതാകണം. ചുരുക്കിപ്പറഞ്ഞാല്‍ ചില അദ്ധ്യാപകര്‍ കറവപ്പശുക്കളാണ്. അവര്‍ എല്ലാ ജോലിയും ചെയ്യണം. സഹികെട്ട് പ്രതികരിച്ചാല്‍ അച്ചടക്കലംഘനമാവും.

സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുടങ്ങിയാല്‍ ചോദിക്കാനും പറയാനും ആരുമില്ല. എന്നാല്‍, സ്വകാര്യ -സ്വാശ്രയ കോളേജുകളില്‍ അങ്ങനെയല്ല. ഒരു പിരീയഡ് പോലും തടസ്സപ്പെടാതെ അവര്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കും. അദ്ധ്യാപകരെ മൂല്യനിര്‍ണ്ണയത്തിന് അവര്‍ വിടുന്നത് അപൂര്‍വ്വമാണ്. എയ്ഡഡ് കോളേജില്‍ നിന്ന് വല്ലപ്പോഴും വന്നാലായി. അതുതന്നെ വേണമെങ്കില്‍ സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകരുടെ ഒപ്പം കൂട്ടാവുന്ന, മികവു തെളിയിച്ച ചില സ്ഥിരം മുഖങ്ങള്‍ മാത്രം. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ നടപടിയെടുക്കുന്നു എന്നു മേനി നടിക്കുന്ന സര്‍ക്കാരുള്ളപ്പോഴാണ് ഈ സ്ഥിതി.

പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കണമെങ്കില്‍ ഈ മേഖലയില്‍ തുല്യനീതി നടപ്പാക്കണം. കോളേജ് തലത്തില്‍ ഓരോ അദ്ധ്യാപകനും പഠിപ്പിക്കുന്ന അത്രയും എണ്ണം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തിയാല്‍ മതി എന്ന വ്യവസ്ഥ വേണം. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ കോളേജുകളില്‍ അദ്ധ്യയനം സാദ്ധ്യമാകൂ. എന്നെപ്പോലുള്ള പാവം അദ്ധ്യാപക ഭര്‍ത്താക്കന്മാര്‍ക്ക് പീഡനത്തില്‍ നിന്ന് മോചനം ലഭിക്കൂ.

കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എ.ജയകൃഷ്ണന്‍

പരീക്ഷാ കലണ്ടര്‍ പാകപ്പിഴകളില്ലാതെ കൃത്യമായി നടപ്പാക്കാന്‍ കേരള സര്‍വ്വകലാശാലയ്ക്ക് കഴിയാത്തതു കൊണ്ടൊന്നുമല്ല. വേണ്ടാന്ന് അവര്‍ തന്നെ വെച്ചിട്ടാണ്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2008ല്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി നിയമിതനായ ഒരു ഐ.ഐ.ടി. പ്രൊഫസറുണ്ട് -ഡോ.എ.ജയകൃഷ്ണന്‍. വി.സി. എന്ന പദവിയുടെ മൂല്യമുയര്‍ത്തുന്നതായിരുന്നു ഡോ.ജയകൃഷ്ണന്റെ വരവ്. അദ്ദേഹം സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ തന്നെയയിരുന്നു അതിന്റെ തെളിവ്. പരീക്ഷാ കലണ്ടര്‍ കൃത്യമായി നടപ്പാക്കി എന്നതായിരുന്നു ഏറ്റവും വലിയ മേന്മ. കൃത്യമായ പരീക്ഷകളും കൃത്യമായ ഫലപ്രഖ്യാപനവും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരു പോലെ ആശ്വാസമായിരുന്നു, പ്രോത്സാഹനമായിരുന്നു.

ഡോ.ജയകൃഷ്ണന്റെ കാലത്ത് സെമസ്റ്റര്‍ ഇല്ലായിരുന്നു എന്നത് കാര്യങ്ങള്‍ ക്രമത്തിലാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. എന്നാല്‍, ഡോ.ജയകൃഷ്ണന്‍ ഒഴിഞ്ഞതോടെ കാര്യങ്ങള്‍ എല്ലാം തകിടം മറിയുന്നതാണ് കണ്ടത്. 2013 ആയപ്പോഴേക്കും ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനവും നിലവില്‍ വന്നു. പരീക്ഷാ കലണ്ടര്‍ ആകെ താറുമാറായി. ആരോ ഒരു വാശി പോലെ എല്ലാം താറുമാറാക്കി. ഇപ്പോള്‍ എല്ലാം തോന്നിയ പോലെ. ഒരുദാഹരണം പറയാം. ബി.എ., ബി.എസ്.സി., ബി.കോം മൂന്നാം സെമസ്റ്റര്‍ പരീക്ഷ നടന്നത് 2017 ഡിസംബര്‍ 14നാണ്. ഇതിന്റെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിനായി അദ്ധ്യാപകരെ വിളിച്ചത് 5 മാസങ്ങള്‍ക്കു ശേഷം -കൃത്യമായി പറഞ്ഞാല്‍ 2018 മെയ് 17ന്.

മൂല്യനിര്‍ണ്ണയത്തിന് ഉത്തരക്കടലാസ് സര്‍വ്വകലാശാല കൈമാറിയ വിധമാണ് ഏറ്റവും രസകരം! ഓരോ അദ്ധ്യാപകരുടെയും മേശപ്പുറത്ത് -അവരുടെ അസാന്നിദ്ധ്യത്തിലാണെങ്കില്‍ കൂടി -ഉത്തരക്കടലാസ് കൊണ്ടു തള്ളിയിട്ടു പോകുകയായിരുന്നു. എന്നിട്ടും അദ്ധ്യാപകര്‍ അതെടുത്തു. പ്രാഥമിക മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി ചീഫ് വാലുവേഷന് ഉത്തരക്കടലാസുകള്‍ എത്തിയത് ജൂലൈ പകുതിയോടെ. എന്നിട്ട് 10 ദിവസത്തിനകം ഫലം പ്രഖ്യാപിക്കണം എന്നു പറഞ്ഞ് അദ്ധ്യാപകര്‍ക്കു മേല്‍ സമ്മര്‍ദ്ദവും ഭീഷണിയും. ഇങ്ങനെ ഓടിപ്പിടിച്ച് നോക്കിയാല്‍ മൂല്യനിര്‍ണ്ണയത്തിന്റെ ഗുണനിലവാരം എങ്ങനെ ഉറപ്പാക്കും? 5 മാസം ഫാള്‍സ് നമ്പറിടാന്‍ ഉത്തരക്കടലാസ് കൈയില്‍ വെച്ചിരുന്ന സര്‍വ്വകലാശാല ചീഫ് മൂല്യനിര്‍ണ്ണയത്തിന് നല്‍കിയത് 10 ദിവസം!

അദ്ധ്യാപകരെ ‘കുമ്പിടി’ ആക്കുന്ന പരിപാടിയും കേരള സര്‍വ്വകലാശാലയ്ക്കുണ്ട്. ഒരേ സമയം 2 മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ ഹാജരാകാന്‍ ഉത്തരവിട്ടുകളയും. അവിടെയും വേണം ഇവിടെയും വേണം. ഇത്തരത്തില്‍ 2 ഉത്തരവുകളുമായി എങ്ങോട്ടു പോകണമെന്നറിയാതെ അന്തംവിട്ടിരിക്കുന്ന ഭാര്യയെ എത്രയോ തവണ കണ്ടിരിക്കുന്നു.

ചെറിയൊരു ആഗ്രഹമുണ്ട്. കേരള സര്‍വ്വകലാശാലയുടെ പരിധിയിലുള്ള ഇംഗ്ലീഷ് അദ്ധ്യാപകരില്‍ എത്ര പേര്‍ എത്ര ഉത്തരകടലാസ് വീതം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂല്യനിര്‍ണ്ണയം നടത്തിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ കൊടുക്കണം. ആ കിട്ടുന്ന വിവരം വെച്ച് വാര്‍ത്ത എഴുതണം. അപ്പോള്‍ തിരിയും നെല്ലും പതിരും. ഭാര്യ സമ്മതിക്കില്ല എന്നതിനാലാണ് ‘ആഗ്രഹം’ എന്ന് ആദ്യമേ പറഞ്ഞത്. വാര്‍ത്തയെഴുതിയില്ലെങ്കിലും വിവരം ശേഖരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അമ്മയുടെ പരിചരണം ലഭിക്കാതെ പോകുന്നത് എന്റെ കുഞ്ഞിനെ വല്ലാതെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അവന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഉത്തരക്കടലാസ് കോളേജില്‍ വെച്ചു തന്നെ നോക്കിത്തീര്‍ക്കണമെന്നും വീട്ടില്‍ കൊണ്ടുവരാന്‍ പറ്റില്ലെന്നും ഞാന്‍ കട്ടായം പറഞ്ഞു. ജോലിയുടെ ഉത്തരവാദിത്വം പറഞ്ഞ് അവര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരുന്നു. കാരണം എന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടിരുന്നു. ഒടുവില്‍ അവര്‍ ഒരു മൂലയില്‍ പോയിരുന്നു കരയുന്നതു കണ്ടു. അതോടെ ഞാന്‍ പിന്‍വാങ്ങി. ഈ കുറിപ്പിന് കാരണം ആ വഴക്കാണ്.

സര്‍വ്വകലാശാലയുടെ നടപടി തൊഴില്‍സ്ഥലത്തെ പീഡനമാണ്. എല്ലാവരെയും കൊണ്ടു ജോലി ചെയ്യിക്കാതെ തിരഞ്ഞെടുക്കപ്പെട്ട ചിലരെ മാത്രം ദ്രോഹിക്കുന്നതിന് എന്താണ് ന്യായീകരണം? നോക്കിത്തീര്‍ത്ത ഉത്തരക്കടലാസ് എടുക്കാന്‍ വന്ന സര്‍വ്വകലാശാലയിലെ ഒരുദ്യോഗസ്ഥനോട് ഞാനിതു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിച്ചു -‘എല്ലാവരും നോക്കിയാല്‍ ശരിയാവില്ല സാറേ. പിന്നെ ഞങ്ങള്‍ക്കത് തലവേദനയാകും’. ശരിയാണ്, ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ പോലുമറിയാത്ത ചില സ്വാശ്രയ കോളേജ് അദ്ധ്യാപകരുണ്ട്. അവര്‍ നോക്കിയാല്‍ ജയിക്കേണ്ട വിദ്യാര്‍ത്ഥികള്‍ തോല്‍ക്കും. തോല്‍ക്കേണ്ട വിദ്യാര്‍ത്ഥികള്‍ ജയിക്കും. ചീഫ് വാലുവേഷന്‍ നടത്തുന്ന എന്റെ ഭാര്യയെപ്പോലുള്ളവര്‍ അനുഭവിക്കും.

അപ്പോള്‍ ജോലി വൃത്തിയായി ചെയ്യുന്നത് ഇവിടെ പാതകമാണ്!! ഹനുമാന്റെ വാലു പോലെ അനന്തമായി നീളുന്ന മൂല്യനിര്‍ണ്ണയം കൊളുത്തിയ തീ എന്റെ കുടുംബജീവിതത്തെ എരിച്ചുതുടങ്ങിയിരിക്കുന്നു. സര്‍വ്വകലാശാലയുടെ സമ്മര്‍ദ്ദം മാത്രമല്ല ഉള്ളത് എന്നു കൂടി പറയണം. സര്‍വ്വകലാശാല പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഒരു ഘട്ടം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ ആശ്വസിക്കാന്‍ വക തേടും. പക്ഷേ, കിട്ടില്ല. അപ്പോഴേക്കും കോളേജിലെ ഇന്റേണല്‍ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം തുടങ്ങുകയായി. അതില്‍ സാവകാശമില്ലേ എന്ന ചോദ്യമുയര്‍ത്തുമ്പോള്‍ കിട്ടുന്ന മറുപടി വേഗത്തില്‍ തീര്‍ക്കാന്‍ മറ്റു വിഭാഗക്കാരുടെ സമ്മര്‍ദ്ദമുണ്ടെന്ന്.

കോളേജിന്റെ പടി ചവിട്ടുന്ന ഏതൊരു വിദ്യാര്‍ത്ഥിയും -ഏത് വിഷയം ഐച്ഛികമായി എടുത്താലും -പഠിക്കേണ്ട വിഷയമാണ് ഇംഗ്ലീഷ്. ഇതിനു പുറമെയാണ് ബി.എ., എം.എ. ഇംഗ്ലീഷ് മെയിന്‍. ഇവരെയെല്ലാം പഠിപ്പിക്കുകയും ഇവരുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്യുകയെന്നത് ചെറിയ കാര്യമല്ല. കോളേജിലെ അദ്ധ്യാപനവും ഇന്റേണല്‍ മൂല്യനിര്‍ണ്ണയവുമൊന്നും സര്‍വ്വകലാശാല പരിഗണിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. സര്‍വ്വകലാശാലയുടെ മൂല്യനിര്‍ണ്ണയ ഭാരത്തെക്കുറിച്ച് കോളേജിലെ മറ്റു വിഭാഗക്കാര്‍ക്കും അറിയേണ്ട.

ഇത്തരത്തില്‍ കൂടുന്ന സമ്മര്‍ദ്ദം ഏതൊരാളെയും അനായാസം രോഗിയാക്കി മാറ്റും, വീഴ്ത്തും. അമിതഭാരം സര്‍വ്വകലാശാല പരിധിയിലുള്ള മുഴുവന്‍ ഇംഗ്ലീഷ് അദ്ധ്യാപകരിലേക്കും തുല്യമായി പങ്കിടുക എന്നതാണ് ആകെ ചെയ്യാവുന്ന കാര്യം. എന്നാല്‍, അതു ചെയ്യുന്നില്ല. ജീവിക്കാന്‍ വേറെ വരുമാനം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ എന്റെ ഭാര്യയെ 6 മാസം ശമ്പളമില്ലാത്ത അവധിയെടുത്ത് നിര്‍ബന്ധിതമായി വീട്ടിലിരുത്തുമായിരുന്നു. അവധിയിലുള്ള ആളോട് ഉത്തരക്കടലാസില്‍ മാര്‍ക്കിടാന്‍ സര്‍വ്വകലാശാലയും സിന്‍ഡിക്കേറ്റ് സാറന്മാരും പറയില്ലല്ലോ!!

FOLLOW
 •  
  416
  Shares
 • 326
 • 47
 •  
 • 43
 •  
 •