മനുഷ്യരുടെ ജീവിതം മാറ്റിമറിക്കാനുള്ള ശേഷി ചില കൈയൊപ്പുകള്‍ക്കുണ്ട്.
എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയ കൈയൊപ്പാണ് എം.പി.വീരേന്ദ്രകുമാറിന്റേത്.

മാതൃഭൂമിയിലെ എന്റെ നിയമനക്കത്ത്

2001 മാര്‍ച്ച് 9നാണ് ആ കൈയൊപ്പിട്ട ആദ്യ കത്ത് കിട്ടിയത്.
2001 മാര്‍ച്ച് 19 രാവിലെ 10 മണിക്ക് മാതൃഭൂമി പത്രാധിപരുടെ മുന്നില്‍ ജോലിക്ക് ഹാജരാവാന്‍ ആവശ്യപ്പെടുന്നതായിരുന്നു ആ കത്ത്.
അതിനു ശേഷം സ്ഥലംമാറ്റപ്പെട്ടപ്പോഴും സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനയും കമ്പനിയുടെ വക ആനുകൂല്യങ്ങളുമൊക്കെ ലഭിച്ചപ്പോഴും ആ ഒപ്പുള്ള ഒട്ടേറെ കത്തുകള്‍ കിട്ടി.
ആ ഒപ്പിട്ട കത്ത് ഏറ്റവുമൊടുവില്‍ എന്നെത്തേടി വന്നത് 2012 ഓഗസ്റ്റ് 27നാണ്.
മാതൃഭൂമിയില്‍ നിന്നുള്ള രാജി അംഗീകരിക്കുന്നുവെന്നും 2012 സെപ്റ്റംബര്‍ 1ന് ഷിഫ്റ്റ് അവസാനിക്കുമ്പോള്‍ എനിക്കു വിടുതല്‍ ലഭിക്കുമെന്നുമുള്ള അറിയിപ്പായിരുന്നു അത്.

മാതൃഭൂമിയില്‍ നിന്നുള്ള വിടുതല്‍ കത്ത്

കോഴിക്കോട് ജോലി ചെയ്യുമ്പോള്‍ വീരേന്ദ്രകുമാറിനെ തൊട്ടടുത്ത് കണ്ടിട്ടുണ്ട്, പല വട്ടം.
എപ്പോഴും മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയിട്ടേയുള്ളൂ.
ചിലപ്പോഴൊക്കെ പിടികൂടി ഓരോന്നു ചോദിക്കും.
ഒരു വാക്ക്, അല്ലെങ്കില്‍ പരമാവധി രണ്ടു വാക്ക് ഉത്തരമായി നല്‍കി ഞാന്‍ രക്ഷപ്പെടും.

പക്ഷേ, തിരുവനന്തപുരത്തേക്കു മാറ്റമായ ശേഷം അദ്ദേഹത്തിന്റെ പരിപാടിയുണ്ടെങ്കില്‍ സ്ഥിരം റിപ്പോര്‍ട്ടര്‍ ഞാനായി മാറി.
അപ്പോഴും അടുക്കാന്‍ ശ്രമിച്ചില്ല.
ഇഷ്ടക്കേടൊന്നുമായിരുന്നില്ല കാരണം.
ഒരുതരം ഭയം കലര്‍ന്ന ബഹുമാനമായിരുന്നു അദ്ദേഹത്തോട്.
എനിക്ക് എത്തിപ്പിടിക്കാനാവാത്തത്ര ഉയരങ്ങളിലായിരുന്നു അദ്ദേഹം.
മുതലാളിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹം ഉയരങ്ങളിലായിരുന്നു.

മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെത്തിയപ്പോള്‍ കമ്പനി നല്‍കിയ വിസിറ്റിങ് കാര്‍ഡ്

മാതൃഭൂമിയില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ചില ഘട്ടങ്ങളില്‍ അദ്ദേഹത്തെ വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.
അതിനു ധൈര്യമുണ്ടായി എന്നു പറയുന്നതാവും കൂടുതല്‍ ശരി.
മാതൃഭൂമിയില്‍ എന്റെ സഹപ്രവര്‍ത്തകരായിരുന്ന സുഹൃത്തുക്കളോട് മാനേജ്മെന്റ് സ്വീകരിച്ച പ്രതികാരനടപടിയോടുള്ള എതിര്‍പ്പായിരുന്നു കാരണം.
അത് ഒരു മുതലാളിയോടുള്ള തൊഴിലാളിയുടെ പ്രതിഷേധമായിരുന്നു.
സോഷ്യലിസ്റ്റായിരുന്നുവെങ്കിലും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അദ്ദേഹം ഒരു മുതലാളി ആയിരുന്നല്ലോ.

നൂറ്റാണ്ട് തികയ്ക്കാന്‍ പോകുന്ന മാതൃഭൂമിയുടെ ചരിത്രത്തില്‍ വീരേന്ദ്രകുമാര്‍ രേഖപ്പെടുത്തപ്പെടുക സാങ്കേതികവളര്‍ച്ചയുടെ പാതയില്‍ നിര്‍ണ്ണായക ചുവടുവെയ്പുകള്‍ നടത്തിയ നായകന്‍ എന്ന പേരിലായിരിക്കും.
വീരേന്ദ്രകുമാറിന്റെ വിടവാങ്ങല്‍ ഒരു ചരിത്രത്തിന്റെ അവസാനമാണ്.
കുറഞ്ഞപക്ഷം മാതൃഭൂമിയെ സംബന്ധിച്ചിടത്തോളമെങ്കിലും അത് അങ്ങനെയാണ്.

അദ്ദേഹം വിടവാങ്ങിയെന്നറിയുമ്പോള്‍ ഉള്ളിലെവിടെയോ ഒരു വേദന.
വളരെ അടുപ്പമുള്ള ആരോ നഷ്ടമായതു പോലെ.
അദ്ദേഹത്തോട് ഉള്ളിലുണ്ടായിരുന്ന ബഹുമാനം സ്നേഹമായി വളര്‍ന്നിട്ടുണ്ടായിരുന്നിരിക്കണം.

എം.പി.വീരേന്ദ്രകുമാര്‍ മാതൃഭൂമി ഓഫീസില്‍

മാതൃഭൂമിയോടു വിട പറഞ്ഞിട്ട് എത്രയോ വര്‍ഷമായിരിക്കുന്നു.
പക്ഷേ, അദ്ദേഹത്തിന്റെ കൈയൊപ്പുകള്‍ ഇപ്പോഴും എന്റെ കൈയില്‍ ഭദ്രമായുണ്ട്.
അതെന്നും ഉണ്ടാവുകയും ചെയ്യും.

ജീവിതത്തില്‍ എനിക്ക് എം.ഡി. എന്നു പറഞ്ഞാല്‍ അത് വീരേന്ദ്രകുമാറാണ്.
നമ്പര്‍ 10 എന്നു പറഞ്ഞാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പോലെ.
ആദരാഞ്ജലികള്‍ പ്രിയ എം.ഡി.

FOLLOW
 •  
  317
  Shares
 • 282
 • 19
 •  
 • 16
 •  
 •