മാലിന്യത്തിന്റെ ‘സത്യകഥ’

 • 244
 • 52
 •  
 •  
 • 31
 •  
  327
  Shares

മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ്, വിശേഷിച്ചും തിരുവനന്തപുരത്ത്. തൊട്ടപ്പുറത്തെ പറമ്പിലേക്കോ റോഡിലേക്കോ മാലിന്യം വലിച്ചെറിഞ്ഞ് സ്വന്തം പരിസരം വൃത്തിയാക്കിയാല്‍ ‘പണി കഴിച്ചിലായി’ എന്ന് സാധാരണ നഗരവാസിയുടെ ഭാവം. എങ്ങനെയെങ്കിലും സ്വന്തം വീടും പരിസരവും വൃത്തിയായിരിക്കണം എന്നേ അവര്‍ക്കുള്ളൂ.

യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെ മഹാഗണിച്ചോട്ടില്‍ താടിക്കാരന്‍ ചവറുകൂനയ്ക്കു നടുവില്‍ -ജൂണ്‍ 21

ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ മാലിന്യം തള്ളുന്നതിന്റെ വീഡിയോ വരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ആര്‍മി എന്ന സന്നദ്ധ സംഘടനയില്‍പ്പെട്ടവരാണ് ആ വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോ ഒരു സുഹൃത്ത് എനിക്കു കൈമാറി. ഞാനത് ജൂണ്‍ 14ന് പ്രസിദ്ധീകരിച്ചു –മാലിന്യം ‘നിക്ഷേപിക്കുന്നവര്‍’. ഒറ്റനോട്ടത്തില്‍ അത് മാലിന്യം തള്ളല്‍ തന്നെയാണ്. വീഡിയോയില്‍ കാണുന്ന കാറിന്റെ നമ്പര്‍ ഉപയോഗിച്ച് ഉടമയുടെ വിശദാംശങ്ങളും പരതിയെടുത്തു. വീഡിയോ തെളിവായി സ്വീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പെരുമാതുറ സ്വദേശി ഷിബുവില്‍ നിന്ന് ജൂണ്‍ 16ന് 10,500 രൂപ പിഴ ഈടാക്കി.

എന്റെ കുറിപ്പ് വായിച്ച പൊലീസുദ്യോഗസ്ഥനായ ഒരു സുഹൃത്ത് എനിക്ക് വാട്ട്‌സാപ്പില്‍ സന്ദേശമയച്ചു. വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടത് മാലിന്യം തള്ളല്‍ ആയിരുന്നില്ലെന്നായിരുന്നു ജൂണ്‍ 20ന് വന്ന സന്ദേശത്തിലെ വിശദീകരണം. ഒരാള്‍ക്കുള്ള സഹായമായിരുന്നുവത്രേ. യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ കിടന്നുറങ്ങുന്ന ഒരു താടിക്കാരനുണ്ട്, നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ആക്രിസാധനങ്ങള്‍ പെറുക്കി നടക്കുന്ന അദ്ദേഹം സ്ഥിരമായി ഓവര്‍ബ്രിഡ്ജിലെ മെന്‍സ്‌വെയര്‍ എന്ന റെഡിമെയ്ഡ് കടയില്‍ പോയി ഷര്‍ട്ട് വരുന്ന പെട്ടികള്‍ ശേഖരിക്കാറുണ്ട്. അതു കൊണ്ടുപോയി വിറ്റ് കാശുണ്ടാക്കിയാണ് താടിക്കാരന്‍ പട്ടിണി മാറ്റുന്നത്. അദ്ദേഹത്തിന് കടയിലെത്താന്‍ പറ്റാത്ത ദിവസങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെ മഹാഗണി മരത്തിനു മുന്നില്‍ കടക്കാര്‍ പെട്ടികള്‍ എത്തിച്ചുകൊടുക്കും, ഒരു സഹായം എന്ന നിലയില്‍. അതാണ് ജൂണ്‍ 13ന് രാത്രിയും സംഭവിച്ചതെന്നായിരുന്നു വിശദീകരണം.

യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെ മാലിന്യം തള്ളല്‍ ചിത്രീകരിച്ച വീഡിയോ വാട്ട്‌സാപ്പില്‍ ലഭിച്ചത് -ജൂണ്‍ 14

പൊലീസുദ്യോഗസ്ഥനാണ് സന്ദേശമയച്ചത്. വിശ്വസിക്കാം. പക്ഷേ, എന്തുകൊണ്ടോ ചെറിയൊരു സംശയം മനസ്സില്‍ നിലനിന്നു. അടുത്ത ദിവസം യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസുദ്യോഗസ്ഥന്റെ വിശദീകരണത്തിലെ സംഗതി ശരിയാണ്. ആ താടിക്കാരന്‍ അവിടെയുണ്ട്. എന്തോ നിറച്ച പ്ലാസ്റ്റിക് കൂടുകള്‍ മെത്ത പോലെ അടുക്കിവെച്ച് അതില്‍ ചാരിയിരിക്കുകയാണ്. കുറച്ചുനേരം ഞാന്‍ അദ്ദേഹത്തെ തന്നെ നോക്കിനിന്നു. മാനസിക നില ശരിയല്ലാത്തയാളാണെന്നു തോന്നിച്ചു. അല്പസമയം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റു. അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടുകളില്‍ ഏറ്റവും വലിയത് യൂണിവേഴ്‌സിറ്റി കോളേജിന്റെ മതിലിലേക്കു ചേര്‍ത്ത് കെട്ടിവെച്ചു. എന്നിട്ട് വലിപ്പമുള്ള മറ്റൊരു ചാക്കുമെടുത്ത് തോളത്തിട്ട് പതിയെ നടന്നു നീങ്ങി, യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലൂടെ റോഡ് മറികടന്ന് സാഫല്യം കോംപ്ലക്‌സ് ലക്ഷ്യമാക്കി.

യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെ മാലിന്യം തള്ളലിന്റെ മറുവശം വിശദീകരിക്കുന്ന വാട്ട്‌സാപ്പ് സന്ദേശം -ജൂണ്‍ 20

അങ്ങനെയാണെങ്കില്‍ ഷിബുവില്‍ നിന്ന് കോര്‍പ്പറേഷന്‍ പിഴ ഈടാക്കിയത് വലിയ പിഴവല്ലേ? അതു പരിശോധിക്കണമല്ലോ. കോര്‍പ്പറേഷനിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. അവിടെ നിന്നു കൂടി വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് കഥ വ്യക്തമായത്. വീഡിയോ കണ്ട് മാലിന്യം തള്ളിയതാണെന്നു വിശ്വസിച്ചത് ശരിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനമായിരുന്നുവെന്ന് പിന്നീട് വന്ന വിശദീകരണവും ശരിയാണ്. ആകെ കണ്‍ഫ്യൂഷനായിട്ടുണ്ടാവും. കാര്യങ്ങള്‍ വിശദമാക്കാം.

മാലിന്യം തള്ളുന്നതിന്റെ വീഡിയോ ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടത് -ജൂണ്‍ 14

ജൂണ്‍ 13ന് രാത്രിയാണ് ഷിബു 2 ചാക്കുകള്‍ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ ‘നിക്ഷേപിച്ചത്’. അത് വീഡിയോ ആക്കി ഗ്രീന്‍ ആര്‍മിക്കാര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കു കൈമാറി. ഇതേത്തുടര്‍ന്ന് ജൂണ്‍ 14ന് ഉച്ചയ്ക്ക് 12 മണിയോടെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെത്തി. അവിടെ തലേദിവസം രാത്രി വെച്ച 2 പുതിയ ചാക്കുകള്‍ കാണാം. ഇതിനൊപ്പം പഴയ 2 ചാക്കുകള്‍ കൂടി കാണപ്പെട്ടു. പഴയത് എന്നുവെച്ചാല്‍, മഴ പെയ്തപ്പോള്‍ ചെളിയൊക്കെ തെറിച്ചത്. ആരോ അവിടെ 2 ചാക്ക് ആദ്യം വെച്ചതിനാല്‍ വീണ്ടും അവിടെ 2 ചാക്കു കൂടി കൊണ്ടു വെച്ചു എന്നാണ് ആരും കരുതുക. ഇത്തരത്തിലാണ് ചവറുകൂനകള്‍ രൂപപ്പെടുന്നത്. പുതിയ 2 ചാക്കുകളും പൊട്ടിച്ച് പരിശോധിച്ചു. അതില്‍ ചെറിയ ഒന്നിനകത്ത് പ്ലാസ്റ്റിക് ചാക്കുകളായിരുന്നു. വിറ്റാല്‍ കാശുകിട്ടും. വലിയ ചാക്കില്‍ നിറയെ നുള്ളിക്കീറിയ കടലാസും മറ്റ് പ്ലാസ്റ്റിക് കടലാസ് മാലിന്യങ്ങളുമായിരുന്നു. അത് ഒരു തരത്തിലും പുനരുപയോഗത്തിനു സാദ്ധ്യമായിരുന്നില്ല. ആക്രിക്കടയിലും എടുക്കുകയില്ല. കൊള്ളാവുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ താടിക്കാരന് കൊടുക്കുന്നതിനൊപ്പം പുനരുപയോഗിക്കാന്‍ പറ്റാത്ത മാലിന്യങ്ങളും പുള്ളിയുടെ തലയില്‍ കെട്ടിയേല്‍പ്പിക്കുക എന്ന രീതിയാണ് കടക്കാര്‍ സ്വീകരിച്ചതെന്നു വ്യക്തം.

വീഡിയോ ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ കണ്ട ചാക്കുകള്‍ നീക്കുന്നു -ജൂണ്‍ 14

4 ചാക്കും സ്ഥലത്തു നിന്നു നീക്കിയ ശേഷം നോട്ടീസ് നല്‍കാനായി കോര്‍പ്പറേഷന്‍ അധികൃതര്‍ ഷിബുവിന്റെ കടയിലെത്തി. താന്‍ നടത്തിയത് ജീവകാരുണ്യപ്രവര്‍ത്തനമാണെന്ന വിശദീകരണമല്ല ഉദ്യോഗസ്ഥരോട് കടയുടമ നല്‍കിയത്. ഒരബദ്ധം പറ്റിയതാണ്, ഒരു തവണത്തേക്ക് ഇത് ക്ഷമിച്ച് ഒഴിവാക്കിത്തരാമോ എന്ന ചോദ്യമാണ് പകരം ഉന്നയിച്ചത്. ഒരു കാരണവശാലും സാദ്ധ്യമല്ല എന്ന മറുപടി കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കി. പിന്നീട് വ്യാഖ്യാനിക്കപ്പെട്ട പോലെ താടിക്കാരനെ സഹായിക്കാന്‍ ചെയ്തതാണെങ്കില്‍ ഷിബുവിന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരോട് അതു പറയാമായിരുന്നു. പറഞ്ഞില്ല എന്നു മാത്രമല്ല, കോര്‍പ്പറേഷന്‍ നിശ്ചയിച്ച പിഴ ഒരെതിര്‍പ്പും രേഖപ്പെടുത്താതെ കൃത്യമായി അടുത്ത ദിവസം ഒടുക്കുകയും ചെയ്തു.

ചാക്കുമെടുത്ത് താടിക്കാരന്‍ റോഡി മുറിച്ചുകടന്ന് സാഫല്യം കോംപ്ലക്‌സിനു സമീപത്തേക്ക് നീങ്ങുന്നു -ജൂണ്‍ 21

ഒരു വിഷയമുണ്ടാവുമ്പോള്‍ അതിന്റെ പല വശങ്ങള്‍ ഉയര്‍ന്നുവരാം. ആദ്യം മനസ്സിലാക്കിയതിന് നേര്‍ വിപരീതമായിരിക്കും പിന്നീടു വരുന്ന വ്യാഖ്യാനം. എന്നാല്‍, സത്യം ഈ 2 വ്യാഖ്യാനങ്ങള്‍ക്കുമിടയില്‍ എവിടെയോ ആയിരിക്കും എന്ന് ഈ അനുഭവം വ്യക്തമാക്കുന്നു.

തുടര്‍വായന

ആഘോഷത്തിലെ പ്രതിഷേധം... ആഘോഷിച്ചുകൊണ്ട് പ്രതിഷേധിക്കാനാവുമോ? പ്രതിഷേധിച്ചുകൊണ്ട് ആഘോഷിക്കാനാവുമോ? ആഘോഷവും പ്രതിഷേധവും ഒന്നിച്ചുപോകുമോ? തിരുവനന്തപുരത്തെ മാനവീയം വീഥിയിലെ തെരുവോരം പലതരം ആഘോഷങ്ങള്‍ക്ക് വേ...
മാലിന്യം ‘നിക്ഷേപിക്കുന്നവര്‍’... എന്നാണ് 'നിക്ഷേപം'? സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് 'നിക്ഷേപം'. അപ്പോള്‍ മാലിന്യം എങ്ങനെ 'നിക്ഷേപിക്കും'? 'മാലിന്യനിക്ഷേപം' എന്ന് പലരും ഉപയോഗിച്ചു കാണാറുണ്ട്. ശുദ്ധ അസംബ...
നന്മയുടെ പ്രതിധ്വനി... സഹജീവികളുടെ സങ്കടങ്ങള്‍ പങ്കിടാനും, കഴിയുമെങ്കില്‍ അവര്‍ക്ക് ആശ്വാസമേകാനും മനുഷ്യത്വമുള്ള എല്ലാവര്‍ക്കും താല്പര്യമുണ്ടാവും. സഹായിക്കാനുള്ള മനഃസ്ഥിതി പ്രാവര്‍ത്തികമാക്കാന്‍ ജീവിതത്ത...
സുവിശേഷം പലവിധം അമേരിക്കയിലെ ടെക്‌സസിലുള്ള വില്‍സ് പോയിന്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഭയാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ. 1978ല്‍ മലയാളിയായ കെ.പി.യോഹന്നാനാണ് ഇതു സ്ഥാപിച്ചത്. അമേരിക്കയ്ക്കു പുറമെ ഇന...
സ്മാര്‍ട്ട് സിറ്റിയിലെ ഹൈക്കോടതി ബെഞ്ച്... സ്മാര്‍ട്ട് സിറ്റിയാവാനുള്ള മത്സരത്തിലാണ് തിരുവനന്തപുരം. അതിനായുള്ള പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. നല്ലതു തന്നെ. ഒരു തിരുവനന്തപുരത്തുകാരന്‍ എന്ന നിലയില്‍ അതിയായ ആഹ്ലാദമുണ്ട...
അഭിഭാഷക ‘ഗുണ്ടകള്‍’ അറിയാന്‍... അഭിഭാഷക ഗുണ്ടകള്‍!!! മനഃപൂര്‍വ്വമാണ് ഈ പ്രയോഗം. പ്രകോപനം സൃഷ്ടിക്കുകയല്ല ലക്ഷ്യം. അഭിഭാഷക സമൂഹത്തെ മുഴുവന്‍ ഗുണ്ടകളായി ഞാന്‍ കാണുന്നില്ല. അവരില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് കുഴപ്പ...

 • 244
 • 52
 •  
 •  
 • 31
 •  
  327
  Shares
 •  
  327
  Shares
 • 244
 • 52
 •  
 •  
 • 31

One Comment Add yours

 1. V.S.Syamlal says:

  കുറച്ചു ദിവസം മുമ്പെഴുതിയത്. ഇപ്പോള്‍ പങ്കിടുന്നു.

COMMENT