Reading Time: < 1 minute

2009ല്‍ ചൈന സന്ദര്‍ശിക്കുന്ന വേളയില്‍ സിചുവാന്‍ സര്‍വ്വകലാശാലയില്‍ പോയിരുന്നു. അവിടത്തെ സൗകര്യങ്ങളെക്കാളേറെ അത്ഭുതപ്പെടുത്തിയത് അവിടത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വന്‍ തോതിലുള്ള സാന്നിദ്ധ്യമാണ്. മെഡിസിനും മറ്റും പഠിക്കാന്‍ ധാരാളം ഇന്ത്യക്കാര്‍ ചൈനയിലെത്തുന്നു. വിദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികളിലേക്ക് ഇപ്പോള്‍ ചൈന കടന്നിരിക്കുകയാണ്.

വിദേശങ്ങളലില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനകാലത്ത് താല്‍ക്കാലിക തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ചൈനയില്‍ അനുമതി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി. പുതിയ തീരുമാനം ഏറ്റവുമധികം ഗുണകരമാവുക ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും.

ബെയ്ജിങ്ങിലും ഷാങ്ഹായിലുമുള്ള വിദേശവിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക ജോലിയോ ഇന്റേണ്‍ഷിപ്പോ ചെയ്യാന്‍ അനുവദിക്കുമെന്ന കാര്യം ചൈനീസ് വിദ്യാഭ്യാസ വകുപ്പാണ് പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ തൊഴിലെടുക്കുന്നതിന് ആ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചൈനീസ് ഇമിഗ്രേഷന്‍ വകുപ്പിന്റെയും അനുമതിയും അംഗീകാരവും ആവശ്യമാണ്.

ആഗോളതലത്തില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായാണ് വിദേശവിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ചൈന കാണുന്നത്. ചൈനയുടെ തൊഴില്‍ശക്തി വര്‍ദ്ധിപ്പിക്കാനും ഈ നടപടി ഉപകരിക്കുമെന്ന സര്‍ക്കാര്‍ വിലയിരുത്തുന്നു. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയില്‍ തന്നെ തൊഴില്‍ തേടുന്നതിന് അനുമതി നല്‍കുന്ന കാര്യവും പരിഗണനയിലാണ്.

205 രാജ്യങ്ങളില്‍ നിന്നുള്ള 4,42,000 വിദേശ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ കഴിഞ്ഞ വര്‍ഷം പഠിച്ചുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇതില്‍ 11.07 ശതമാനം സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. ഇന്ത്യയില്‍ നിന്ന് 15,000 വിദ്യാര്‍ത്ഥികള്‍ ചൈനയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളെക്കാളും ചൈനയില്‍ ഫീസ് കുറവാണെന്നതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി അവിടേക്കു പോകാന്‍ കാരണം.

Previous articleപഠിക്കാന്‍ ഓസ്ട്രേലിയ വിളിക്കുന്നു
Next articleഇടുക്കി ‘വിദഗ്ദ്ധരുടെ’ വിവരക്കേടുകള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here