• 404
 • 22
 •  
 • 19
 •  
 •  
 •  
  445
  Shares

ഏതാണ്ട് 8 വര്‍ഷത്തിനു ശേഷമാണ് പുതിയൊരു ലാപ്‌ടോപ്പിനെക്കുറിച്ച് ചിന്തിക്കുന്നത്. അതും ഇതുവരെ ഉപയോഗിച്ചിരുന്ന SONY VAIO താഴെ വീണ് കേടായതു കൊണ്ടു മാത്രം. പുതിയൊരെണ്ണത്തിനെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചത് LENOVO YOGA 530 എന്ന യന്ത്രത്തിലേക്ക്. ലാപ്‌ടോപ് ഓരോരുത്തരും ഉപയോഗിക്കുന്നത് അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കനുസരിച്ചാണല്ലോ. അത്തരത്തില്‍ ഡിസൈനിങ് ഉള്‍പ്പെടെയുള്ള എന്റെ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന മികച്ച യന്ത്രം തന്നെയാണ് YOGA 530.

ലാപ്‌ടോപ്പ് എന്ന സങ്കല്പമേ മാറിപ്പോയിരിക്കുന്നു. ലാപ്‌ടോപ്പ് ആയും ടാബ്ലറ്റ് ആയുമൊക്കെ ഒരേ സമയം ഉപയോഗിക്കാവുന്ന തരത്തില്‍ ടച്ച് സ്‌ക്രീനും പേനയുമൊക്കെയുള്ള അത്ഭുതം. കുറഞ്ഞപക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഇത് അത്ഭുതം തന്നെയാണ്. പണ്ടത്തെപ്പോലെ ലാപ്‌ടോപ്പുകള്‍ കൊണ്ടു നടക്കാന്‍ വലിയ ബാഗുകള്‍ ഇന്ന് വേണ്ട. കാരണം അവ വളരെ കനം കുറഞ്ഞ്, നേര്‍ത്ത്, അനായാസം കൊണ്ടു നടക്കാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. YOGA 530 അതാണ്.

14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, Intel Core i5 8250U പ്രൊസസര്‍, NVIDIA GeForce MX130 ഗ്രാഫിക്‌സ്, 512GB സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ് (SSD), Active Pen സപ്പോര്‍ട്ട് -ഇതെല്ലാമടങ്ങുന്നതാണ് YOGA 530. ഒട്ടുമിക്ക ലാപ്‌ടോപ്പുകളില്‍ നിന്ന് YOGA 530 വ്യത്യസ്തമാണ്. കൈയിലെടുക്കുമ്പോള്‍ തന്നെ ആ പുതുമ അനുഭവപ്പെടും. മൂടിയുടെ മുകളിലെ വലത്തേ മൂലയില്‍ YOGA എന്ന് കൊത്തിയിരിക്കുന്നു. വെറും 1.6 കിലോ മാത്രം ഭാരമുള്ള ഈ യന്ത്രം കൈകളില്‍ അനായാസമൊതുങ്ങും.

മൂടി തുറക്കുമ്പോള്‍ നന്നായി സജ്ജീകരിച്ചിരിക്കുന്ന കീ ബോര്‍ഡ്. 14 ഇഞ്ച് ആയതിനാല്‍ പ്രത്യേക നമ്പര്‍ പാഡ് ഇല്ല. ഏറ്റവും ഉപയോഗപ്രദമായ സവിശേഷത ആവശ്യമുള്ളപ്പോള്‍ തെളിയിക്കാനും അണയ്ക്കാനും സൗകര്യമുള്ള കീബോര്‍ഡ് ലൈറ്റാണ്. ഈ ലൈറ്റ് തന്നെ രണ്ടു വിധമുണ്ട്, തെളിച്ചമേറിയതും കുറഞ്ഞതും. രണ്ടു ചെറിയ ക്ലിപ്പുകള്‍ -hinge -കൊണ്ടാണ് സ്‌ക്രീനിനെ ബോഡിയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിന് നല്ല ഉറപ്പാണ്. ലാപ്‌ടോപ്പായും ടാബ്ലറ്റായും സ്റ്റാന്‍ഡായും ടെന്റായുമൊക്കെ YOGA 530 മാറുന്നത് ഈ രണ്ടു ക്ലിപ്പുകളുടെ ബലത്തിലാണ്.

ട്രാക്ക്പാഡിന് നല്ല വലിപ്പമുണ്ട്. പക്ഷേ, സാധാരണ കാണാറുള്ള ഇടത്-വലത് ക്ലിക്ക് ബട്ടണുകളോ അവയ്ക്കു പകരമുള്ള വേര്‍തിരിവ് വരയോ ഇല്ല. കീബോര്‍ഡിനു തൊട്ടുതാഴെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. ലാപ്‌ടോപ് തുറക്കുന്നതിനു മാത്രമല്ല ഓണ്‍ലൈന്‍ പേമെന്റുകള്‍ക്കുള്ള സുരക്ഷാസംവിധാനമായും വിരലടയാളം ഉപയോഗിക്കാം. ഒരു HDMI, രണ്ട് USB പോര്‍ട്ടുകള്‍, ഒരു USB Type-C പോര്‍ട്ട്, ഹെഡ്‌ഫോണ്‍ ജാക്ക്, മള്‍ട്ടിമീഡിയ കാര്‍ഡ് റീഡര്‍ എന്നിവയുള്‍പ്പെടുന്നതാണ് കണക്ടിവിറ്റി സങ്കേതങ്ങള്‍. ഇപ്പോള്‍ സാധാരണനിലയില്‍ എല്ലാ ലാപ്‌ടോപ്പുകളിലും കാണുന്നവ തന്നെ.

സ്‌ക്രീനിനെ ബോഡിയുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകള്‍ക്കിടയിലാണ് രണ്ട് എയര്‍വെന്റുകള്‍. സ്പീക്കര്‍ ഗ്രില്ലുകള്‍ അടിഭാഗത്താണ്. ടച്ച് സ്‌ക്രീനില്‍ കുത്തിക്കുറിക്കാനും വരയ്ക്കാനുമെല്ലാം സൗകര്യമൊരുക്കുന്ന Active Pen Stylus ആണ് YOGA 530യുടെ ഏറ്റവും വലിയ സവിശേഷത. ശരിക്കുമൊരു പേപ്പറില്‍ പേന കൊണ്ടെഴുതും പോലെ തന്നെ. ആക്ടിവ് പെന്നിനു മുകളില്‍ രണ്ട് ബട്ടണുകളുണ്ട് -മൗസിലെ ലെഫ്റ്റ്, റൈറ്റ് ക്ലിക്കുകള്‍ പോലെ ഉപയോഗിക്കാന്‍. ഒറ്റ ബാറ്ററിയിലാണ് ഇതിന്റെ പ്രവര്‍ത്തനം.

എട്ടാം തലമുറ Intel Core i5- 8250U പ്രൊസസര്‍ ഈ ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനവേഗത്തില്‍ കാര്യമായ മികവ് കൈവരുത്തുന്നുണ്ട്. സംയോജിക്കപ്പെട്ട Intel HD Graphics 620നൊപ്പം NVIDIA GeForce MX 130 ഗ്രാഫിക്‌സ് കാര്‍ഡു കൂടി ചേരുമ്പോള്‍ ഗ്രാഫിക്‌സ് അനുബന്ധ ജോലികള്‍ ഒട്ടും വലിവില്ലാതെ അനായാസം ചെയ്തുതീര്‍ക്കാനാവുന്നു. 512GB സോളിഡ് സ്‌റ്റേറ്റ് ഡ്രൈവും (SSD) 8GB റാമുമാണുള്ളത്. YOGA 530ന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതിലുള്‍ക്കൊള്ളിച്ചിരിക്കുന്ന SSD ശേഷിയെ ‘ഭീമന്‍’ എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും. അതായത്, മികച്ച പ്രകടനത്തിനൊപ്പം ആവശ്യത്തിന് സംഭരണശേഷിയും ലഭിക്കുന്നുണ്ട് എന്നര്‍ത്ഥം.

360 ഡിഗ്രി hinge സങ്കേതമാണ് യോഗ 530ന്റെ ഏറ്റവും വലിയ സവിശേഷത. കൂടുതല്‍ പേരും ഇത് സാധാരണ ലാപ്‌ടോപ്പ് മാതൃകയില്‍ തന്നെയാണ് ഉപയോഗിക്കാന്‍ സാദ്ധ്യത. എന്നാല്‍, ടാബ്ലറ്റുകള്‍ക്ക് പ്രചാരമേകുന്ന സാഹചര്യത്തില്‍ ഇതിനെ അനായാസം ഒരു ടാബ്ലറ്റാക്കി മാറ്റാനാവും. എല്ലാവിധ സൗകര്യങ്ങളും പ്രവര്‍ത്തനമികവുമുള്ള ടാബ്ലറ്റ്. സിനിമ കാണാന്‍ ടെന്റ് മാതൃകയില്‍ തലതിരിച്ചു വെച്ച് ഉപയോഗിക്കുന്നവരുടെ എണ്ണവും ഏറെയായിരിക്കും. ടാബ്ലറ്റ് മോഡിലും ടെന്റ് മോഡിലും Active Pen വലിയൊരു അനുഗ്രഹം തന്നെയാണ്.

14 ഇഞ്ച് ഡിസ്‌പ്ലേയില്‍ 1920 x 1080 Full HD റെസല്യൂഷനാണ് YOGA 530 നല്‍കുന്നത്. വളരെ അനായാസം ഉപയോഗിക്കാവുന്ന ടച്ച് സ്‌ക്രീന്‍ കൃത്യതയുടെ കാര്യത്തിലും മികച്ചുനില്‍ക്കുന്നു. ടാബ്ലറ്റ് മോഡില്‍ ഉപയോഗിക്കുമ്പോഴാണ് ടച്ചിലെ മികവ് ഏറ്റവുമധികം പ്രയോജനപ്പെടുക. ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ, സിനിമ കാണാനോ, വായിക്കാനോ ഒക്കെ എളുപ്പത്തില്‍ സാധിക്കും -Active Pen ഉപയോഗിച്ചും അല്ലാതെയും. വരയ്ക്കാനും എഴുതാനുമെല്ലാം Active Pen ഉപയോഗപ്പെടും. പക്ഷേ, സ്‌ക്രീനിന്റെ എല്ലാ കോണുകളിലും ഒരുപോലെയാണ് കാഴ്ച എന്നു ഞാന്‍ പറയില്ല. പ്രതിബിംബങ്ങളും കാഴ്ചയില്‍ അലോസരം സൃഷ്ടിക്കും, വിശേഷിച്ചും നല്ല പ്രകാശമുള്ള സന്ദര്‍ഭങ്ങളില്‍. ചെറിയ തോതില്‍ ഇരുള്‍ പടര്‍ന്ന സാഹചര്യമാണെങ്കില്‍ അടിപൊളി. പ്രത്യേകിച്ചും backlit keyboard ഉള്ള സാഹചര്യത്തില്‍. 

Harman ബ്രാന്‍ഡിങ് ഉള്ള സ്റ്റീരിയോ സ്പീക്കറാണ് YOGA 530യില്‍. അതിനാല്‍ത്തന്നെ ഇത് surround sound അനുഭവം പകരുമെന്നാണ് അവകാശവാദം. മടിയില്‍ വെയ്ക്കുമ്പോള്‍ മറയുന്ന വിധത്തിലുള്ള സ്പീക്കറിന്റെ സ്ഥാനം വീഡിയോ ആസ്വാദനത്തിന് ചിലപ്പോഴൊക്കെ തടസ്സമാകുന്നുണ്ട്. പക്ഷേ, ദൃശ്യമികവിന്റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിന്റെയും ആവശ്യം വരുന്നില്ല തന്നെ.

ഇളക്കി മാറ്റാനാവാത്ത വിധത്തിലുള്ള ബാറ്ററിയാണ് ഈ ലാപ്‌ടോപ്പിലുള്ളത്. ഒരു തവണ ഫുള്‍ ചാര്‍ജ്ജ് ചെയ്താല്‍ 10 മണിക്കൂര്‍ വരെ ഉപയോഗിക്കാനാവും എന്നാണ് അവകാശവാദം. പക്ഷേ, മൂന്നോ നാലോ അത്യാവശ്യ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ 5-6 മണിക്കൂറാണ് കിട്ടുന്നത്. അത് മോശമല്ല. 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 2 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ചാര്‍ജ്ജ് കിട്ടുന്ന fast charge സങ്കേതവും സൗകര്യപ്രദമാണ്. വിന്‍ഡോസ് 10, മൈക്രോസോഫ്റ്റ് ഓഫീസ് എന്നിവയടക്കമാണ് YOGA 530 വരുന്നതെന്ന സവിശേഷതയുമുണ്ട്. ഇതിലെ 720 പിക്‌സല്‍ ഹൈ ഡെഫനിഷന്‍ ക്യാമറ സ്‌കൈപ്പോ അതുപോലുള്ള ഏതെങ്കിലും വീഡിയോ കോളിങ് ആപ്പോ ഉപയോഗിക്കുമ്പോള്‍ മികച്ച ഫലം നല്‍കുന്നു.

 

കണക്ടിവിറ്റിയുടെ കാര്യത്തില്‍ YOGA വയറും വയര്‍ലെസുമാണ്. രണ്ട് USB 3.0 പോര്‍ട്ടുകള്‍ അതിവേഗ ഡാറ്റാ കൈമാറ്റം സാദ്ധ്യമാക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ കണക്ട് ചെയ്യാനുള്ള USB Type-C പോര്‍ട്ടുമുണ്ട്. YOGA 530നെ ടെലിവിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള HDMI പോര്‍ട്ടും ലഭ്യമാണ്. സാധാരണ നിലയിലുള്ള Bluetooth 4.1, Wi-Fi 802.11 ac എന്നിവയാണ് വയര്‍ലെസ് കണക്ഷന്‍ സങ്കേതങ്ങള്‍.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു കണ്‍വെര്‍ട്ടിബ്ള്‍ ലാപ്‌ടോപ്പിന് ആവശ്യമായ എല്ലാം YOGA 530ലുണ്ട്. ഉപയോഗിച്ച് തൃപ്തിപ്പെട്ടതിനു ശേഷം തന്നെയാണ് ഇതെഴുതുന്നത്. സ്‌ക്രീനില്‍ കുത്തിവരയ്ക്കാന്‍ പറ്റുന്ന Active Pen തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. കടലാസില്‍ പേന കൊണ്ടെഴുതുന്ന അതേ സുഖം ഈ ലാപ്‌ടോപ്പിന്‌റെ സ്‌ക്രീനില്‍ ഒപ്പമുള്ള Active Pen ഉപയോഗിച്ച് എഴുതുമ്പോള്‍ ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇതൊരു ഗെയിമിങ് പി.സി. അല്ലെങ്കിലും ഗെയിമുകളോട് മികച്ച പ്രതികരണം തന്നെയാണ് ഇതിന്റെ ഗ്രാഫിക്‌സ് ലഭ്യമാക്കുന്നത്.

YOGA 530 ഓണ്‍ ആയി വരാനെടുക്കുന്ന കുറഞ്ഞ സമയം നമ്മെ അത്ഭുതപ്പെടുത്തും. SSDയുടെ ഗുണം കാരണമാവും ക്ഷണവേഗത്തിലാണ് ലാപ്‌ടോപ്പ് പ്രവര്‍ത്തനസജ്ജമായി വരുന്നത്. വിരടയാള സെന്‍സര്‍ പോലും ശരവേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ഹാര്‍ഡ് ഡിസ്‌ക് ഉള്ള ലാപ്‌ടോപ്പുകള്‍ക്ക് ഇതിന്റെ പത്തിലൊന്ന് വേഗം പോലുമുണ്ടാവില്ല എന്നുറപ്പ്.

സാധാരണ നിലയില്‍ ഒരുപാട് ടാബുകള്‍ ഒരു ബ്രൗസറില്‍ തുറന്നിടുന്നത് സിസ്റ്റം വലിവിന് കാരണമാകും. എന്നാല്‍, ക്രോമില്‍ 30ലേറെ ടാബുകള്‍ ഒരേസമയം തുറന്നുവെച്ചിട്ടും വലിവ് ഒട്ടുമില്ല എന്നു മാത്രമല്ല ടാബുകള്‍ തമ്മിലുള്ള മാറ്റം അനായാസം സാധിക്കുന്നുമുണ്ട്. ഒരേ സമയം പല ആപ്പുകള്‍ തുറന്നാലും ലാപ്‌ടോപ്പിന്റെ പ്രകടനത്തിന് പ്രശ്‌നമൊന്നുമില്ല. ജോലിയും ചെറിയ തോതിലുള്ള വിനോദവുമാണ് ലക്ഷ്യമെങ്കില്‍ ഇതിലും നല്ലൊരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ തല്‍ക്കാലം നിര്‍ദ്ദേശിക്കാനില്ല തന്നെ.

360 ഡിഗ്രി hinge സംവിധാനം YOGA 530നെ സൂപ്പര്‍ ഹിറ്റാക്കുന്നു. സാധാരണ നിലയിലും ടാബ്ലറ്റ് ആയും ടെന്റ് ആയും സ്റ്റാന്‍ഡ് ആയുമൊക്കെ ഈ യന്ത്രം ഉപയോഗിക്കാം. സങ്കീര്‍ണ്ണമായ സോഫ്ട്‌വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഇ-ബുക്കുകള്‍ വായിക്കാനും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും സിനിമ കാണാനുമൊക്കെ ഇത് അങ്ങേയറ്റം ഉപകാരപ്രദമാണ്. ജോലിയുടെ ഭാഗമായി യാത്രകള്‍ പതിവായവര്‍ക്ക് നന്നായി ചാര്‍ജ്ജ് നില്‍ക്കുന്ന ഈ യന്ത്രം പ്രയോജനപ്പെടും.

1,15,090 രൂപയാണ് YOGA 530ന്റെ യഥാര്‍ത്ഥ വിപണി വില. എന്നാല്‍ വിശേഷ ആനുകൂല്യങ്ങളുമായി ഈ ലാപ്‌ടോപ്പ് ഓണ്‍ലൈനില്‍ കുറഞ്ഞ വിലയ്ക്ക് പരിമിത കാലത്തേക്ക് ലഭ്യമാണ്. പേടിഎം മാളില്‍ 80,890 രൂപയും ഫ്‌ളിപ്കാര്‍ട്ടില്‍ 83,990 രൂപയും ആമസോണില്‍ 84,799 രൂപയുമാണ് YOGA 530ന്റെ വിശേഷ വില.

FOLLOW

V S Syamlal

EDITOR at THE INSIGHT
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്‌സൈറ്റുണ്ട്.

Address: SIVADAM, T.C.18/1233-3, Thrikkannapuram, Aramada P.O., Thiruvananthapuram- 695032, Kerala, India
E-mail: vssyamlal@vssyamlal.com
Phone: +91 98470 62789 / +91 98470 01435 / +91 98470 61999 / +91 471 2359285
Website: https://www.vssyamlal.com/
Blog: https://vssyamlal.wordpress.com/
Page: https://fb.me/vssyamlal.official
FOLLOW
Advertisements

 • 404
 • 22
 •  
 • 19
 •  
 •  
 •  
  445
  Shares
 •  
  445
  Shares
 • 404
 • 22
 •  
 • 19
 •  
 •  
COMMENT