അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്നു പറഞ്ഞ് ‘പ്രമുഖ’ ദേശസാല്‍കൃത ബാങ്ക് ബഹളമുണ്ടാക്കുന്നു.
പ്രതിമാസ ശരാശരി അക്കൗണ്ട് ബാലന്‍സ് നോക്കുമ്പോള്‍ 3,000 രൂപ സ്ഥിരമായുണ്ടാവണമെന്ന് എസ്.എം.എസിലൂടെ തിട്ടൂരം.
ഇല്ലെങ്കില്‍ പിഴ ഈടാക്കുമത്രേ.
അപ്പോള്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ പറഞ്ഞ സീറോ ബാലന്‍സ് എന്നൊരു സംവിധാനമില്ലേ?

ഇപ്പോള്‍ രാജ്യത്ത് എല്ലാം 2,000 രൂപയുടെ കണക്കിലാണല്ലോ.
ദൈനംദിന ജീവിതവും 2,000 രൂപ നിരക്കില്‍ ഒന്ന് കണക്കുകൂട്ടി നോക്കിയത് ഈ സാഹചര്യത്തിലാണ്.

ബാങ്കിന്റെ ഭീഷണി മറികടക്കാന്‍ 2,000 രൂപ അക്കൗണ്ടില്‍ തന്നെ സ്ഥിരമായിട്ടേക്കാന്‍ തീരുമാനിച്ചു.
ആ 2,000 രൂപ തലയില്‍ചുറ്റി ദൂരെക്കളഞ്ഞു എന്നര്‍ത്ഥം.
ബാക്കി 1,000 രൂപ മാസത്തിലൊരിക്കല്‍ കറങ്ങിത്തിരിഞ്ഞു വന്നോളും.

അപ്പോള്‍ ഞാന്‍ 2,000 രൂപ സ്ഥിരമല്ലാത്ത ‘സ്ഥിര’ നിക്ഷേപത്തിനുടമ!!
ഇതിന് എനിക്ക് കിട്ടാവുന്ന പരമാവധി പലിശ ഒരു വര്‍ഷം 4 ശതമാനം.
2,000 രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ബാങ്കില്‍ നിന്ന് 4 ശതമാനം പലിശ നിരക്കില്‍ എനിക്കു കിട്ടുന്നത് 80 രൂപ മാത്രം!

എന്നാല്‍, ഇതേ ഞാന്‍ 2,000 രൂപ വായ്പയെടുത്താലോ?
വ്യക്തിഗത വായ്പയുടെ വാര്‍ഷിക പലിശ നിരക്ക് 15 ശതമാനമാണ്.
2,000 രൂപ വായ്പയെടുത്ത് ഉപയോഗിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് 15 ശതമാനം പലിശ നിരക്കില്‍ ഞാന്‍ നല്‍കേണ്ടത് 300 രൂപ!!

2,000 രൂപ നിക്ഷേപവും വേണ്ട വായ്പയും വേണ്ട, ചെലവാക്കിത്തീര്‍ക്കാം എന്നു കരുതിയാലോ?
എനിക്കത് ചെലവാക്കാനുള്ള എളുപ്പവഴി കുടുംബാംഗങ്ങള്‍ക്കൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക എന്നുള്ളതാണ്.
എന്നാല്‍, ഇപ്പോഴത്തനെ നിലയില്‍ അതാണ് ഏറ്റവും വലിയ നഷ്ടക്കച്ചവടം.
ഹോട്ടലില്‍ സേവനനികുതി 18 ശതമാനമാണ്.
2,000 രൂപയ്ക്ക് അവിടെ നിന്ന് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഒറ്റയടിക്ക് 360 രൂപ പോയിക്കിട്ടും!!!

ഇനി ഒന്നും ചെയ്യണ്ട, 2,000 രൂപ വീട്ടിലെ അലമാരയില്‍ പൂട്ടിവെയ്ക്കാം എന്നുവെച്ചാലോ?
ഇലക്ട്രോണിക് ചിപ്പും റേഡിയോയും ക്യാമറയുമെല്ലാമുള്ള അമൂല്യ വസ്തുവല്ലേ!!!
രക്ഷയില്ല, കള്ളപ്പണമാണെന്നു പറഞ്ഞ് റെയ്ഡ് ചെയ്ത് പിടിച്ചുകൊണ്ടു പോകും!!!!
എങ്ങനെയുണ്ട് കൊള്ള??!!
കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന് പറയുന്ന അവസ്ഥയൊക്കെ എത്രയോ ഭേദം!!

എളുപ്പത്തില്‍ പറയാന്‍ കഴിഞ്ഞുവെങ്കിലും ഇതൊരു ചെറിയ പ്രശ്‌നമല്ല.
സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ള എന്നെപ്പോലൊരു ഇടപാടുകാരന്റെ ദുരനുഭവമാണ് പറയുന്നത്.
സീറോ ബാലന്‍സ് എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ ഞാന്‍ സ്ഥിരമായി കുറഞ്ഞത് 2,000 രൂപ നിലനിര്‍ത്താന്‍ നിര്‍ബന്ധിതനായിരിക്കുന്നു.
അതിന് ലഭിക്കുന്ന വാര്‍ഷിക പലിശയാണ് ഒരു വര്‍ഷം വെറും 80 രൂപ!!

വായ്പകള്‍ കുറഞ്ഞ പലിശയ്ക്ക് ലഭ്യമായിരിക്കാം.
പക്ഷേ, കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ നൂലാമാലകളില്ലാതെ സാധാരണക്കാരന് ഓടിച്ചെന്ന് എടുക്കാന്‍ കഴിയുന്നത് വ്യക്തിഗത വായ്പ അഥവാ പേഴ്‌സണല്‍ ലോണ്‍ ആണ്.
ഒരു ചികിത്സയ്‌ക്കോ മറ്റോ അത്യാവശ്യം നേരിട്ടാല്‍ ഞാന്‍ ചെയ്യുക അതാണ്.
പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക് 15.5 ശതമാനമാണ് എനിക്ക് അക്കൗണ്ടുള്ള ‘പ്രമുഖ’ ദേശസാല്‍കൃത ബാങ്കില്‍.
സ്വാധീനമുണ്ടെങ്കില്‍ 15 ശതമാനം പലിശ നിരക്കില്‍ ഒപ്പിക്കാം.
ആ ബാങ്കില്‍ ജോലിയുള്ള ഒരു സുഹൃത്ത് മുഖേന 15 ശതമാനം നിരക്കില്‍ ഞാന്‍ വ്യക്തിഗത വായ്പയെടുത്തിട്ട് അധിക ദിവസമായിട്ടില്ല.

ഇനി 2,000 രൂപ വിനിയോഗിക്കുന്നതിന്റെ കാര്യം.
തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ഇത് ചെലവിടണമെങ്കില്‍ -അത് ഒരുമിച്ചോ ഘട്ടം ഘട്ടമായോ ആകട്ടെ -360 രൂപ അധികം കൊടുത്തേ മതിയാകൂ.
ഇത് സാധാരണക്കാരന്റെ പ്രശ്‌നമാണ്.
എല്ലാവര്‍ക്കും അത് മനസ്സിലാവണമെന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ഇത്രേയുള്ളൂ.

2,000 രൂപ നിക്ഷേപത്തിന് 1 വര്‍ഷത്തെ ബാങ്ക് പലിശ 4 ശതമാനം നിരക്കില്‍ കിട്ടുന്നത് 80 രൂപ!
2,000 രൂപ വായ്പയ്ക്ക് 1 വര്‍ഷത്തെ ബാങ്ക് പലിശ 15 ശതമാനം നിരക്കില്‍ കൊടുക്കേണ്ടത് 300 രൂപ!!
2,000 രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഈടാക്കുന്നത് 360 രൂപ!!!

അടിപൊളി!!!!
നമുക്ക് രാജ്യസ്‌നേഹം പുഴുങ്ങിത്തിന്നാം!!!!!
സ്വന്തമായി നോട്ടടിച്ച് വിതരണം ചെയ്യുന്ന രാജ്യസ്‌നേഹികളെ എങ്ങനെയാണ് കുറ്റം പറയുക?

പോക്കറ്റ് ചോരുന്നത് കാണാന്‍ ആര്‍ക്കും സമയമില്ല എന്നതാണ് സത്യം.
പോക്കറ്റ് ചോരുന്നത് നമ്മള്‍ അറിയുന്നില്ല എന്നതാണ് അതിലേറെ സത്യം.

ദിന്‍ ബഹുത് അച്ഛെ ഹൈ ഭായിയോം…

FOLLOW
 •  
  6.8K
  Shares
 • 6.7K
 • 41
 •  
 • 36
 •  
 •