പിണറായി വിജയന്‍ എന്ന സി.പി.എം. നേതാവിനെ പ്രകീര്‍ത്തിച്ച് ബി.ജെ.പി. മുഖപത്രമായ ജന്മഭൂമിയില്‍ ഒരക്ഷരം വാര്‍ത്ത വരുമോ?
പിണറായി വിജയന്‍ എന്ന സി.പി.എം. നേതാവിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ഒരക്ഷരം വാര്‍ത്ത വരുമോ?
നരേന്ദ്ര മോദി എന്ന ബി.ജെ.പി നേതാവിനെ പ്രകീര്‍ത്തിച്ച് സി.പി.എം. മുഖപത്രമായ ദേശാഭിമാനിയില്‍ ഒരക്ഷരം വാര്‍ത്ത വരുമോ?

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണോ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ എന്നതൊന്നും പ്രശ്‌നമല്ല. അവര്‍ നല്ലതു ചെയ്യുന്നുണ്ടോ എന്നതും പ്രശ്‌നമല്ല. പക്ഷേ, എതിര്‍ പക്ഷത്തുള്ള പാര്‍ട്ടി പത്രങ്ങള്‍ക്ക് ഈ നേതാക്കളെ എതിര്‍ത്തേ മതിയാകൂ. ആ എതിര്‍പ്പ് വാര്‍ത്തയിലൂടെ പുറത്തുവരുന്നു. പക്ഷേ, എതിര്‍പ്പ് വാര്‍ത്തയില്‍ മാത്രമേയുള്ളൂ!! പരസ്യത്തിലില്ല!! അതാണ് പരസ്യത്തിന്റെ രാഷ്ട്രീയം.

പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഒരു മുഴുവന്‍ പേജ്, അതും ഒന്നാം പേജ് ജന്മഭൂമിയില്‍!!
പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഒരു മുഴുവന്‍ പേജ്, അതും ഒന്നാം പേജ് വീക്ഷണത്തില്‍!!
നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ഒരു മുഴുവന്‍ പേജ്, അതും ഒന്നാം പേജ് ദേശാഭിമാനിയില്‍!!
തെറ്റിദ്ധരിക്കണ്ട, വാര്‍ത്തയല്ല പരസ്യമാണ്!!!

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വാര്‍ഷികം ആഘോഷിക്കുകയാണ്. പിണറായി വിജയനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ജന്മഭൂമിയും വീക്ഷണവും. അതുപോലെ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഒരു വര്‍ഷം മുഴുവന്‍ രൂക്ഷമായി വിമര്‍ശിച്ചവരാണ് ദേശാഭിമാനി. അതെല്ലാം വാര്‍ത്താ രൂപത്തിലായിരുന്നു.

എന്നാല്‍, വാര്‍ത്തയില്‍ നിന്ന് പരസ്യത്തിലേക്കു മാറിയപ്പോള്‍ വിമര്‍ശനം പ്രശംസയായി മാറി. പണം സ്വീകരിച്ചിട്ടാണ് പ്രശംസ അച്ചടിച്ചത്. അതുകൊണ്ടു തന്നെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറയേണ്ടി വരും. ആശയപരമായ വിഷയത്തിന്റെ പേരില്‍ പരസ്യം വേണ്ടെന്നു വെച്ചാല്‍ സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാവും എന്ന വാദമുയരാം. ശരിയാണ്. പക്ഷേ, ഈ ആശയങ്ങളുടെ പേരില്‍ കൊല്ലാനും ചാവാനും നടക്കുന്നവര്‍ അപ്പോള്‍ എവിടെയാണ്? എതിര്‍പക്ഷത്തിന്റെ പണം കിട്ടാന്‍ പരസ്യം അച്ചടിക്കുന്നവര്‍ എന്തുകൊണ്ട് ഇതേ ആശയപോരിന്റെ പേരില്‍ കൊല്ലുന്നതും ചാവുന്നതും എതിര്‍ക്കുന്നില്ല? കൊല്ലുന്നതും ചാവുന്നതും ശരിയാണെങ്കില്‍ എതിരാളിയെ പ്രശംസിക്കുന്ന വാക്കുകള്‍ -അതു പരസ്യമാണെങ്കില്‍ പോലും -അച്ചടിക്കുന്നത് തെറ്റല്ലേ? പണം സര്‍ക്കാരിന്റേതാണെന്നു വാദിക്കാം. സര്‍ക്കാരിന്റെ പണമാണെങ്കിലും അതു വാങ്ങി പ്രചരിപ്പിക്കുന്ന ആശയം തങ്ങള്‍ എതിര്‍ക്കുന്നതു തന്നെയല്ലേ?

ദേശാഭിമാനിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന പരസ്യം വന്നതെവിടെ എന്നറിയാമോ? കണ്ണൂര്‍ എഡിഷനില്‍. ഓരോ പത്രത്തിനും ഓരോ എഡിഷന്‍ എന്ന രീതിയിലാണെന്നു തോന്നുന്നു. ഇതിന് രണ്ടു വശമുണ്ട്. കൊത്തിയ പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കിക്കുന്നതു പോലെ കണ്ണൂര്‍ ദേശാഭിമാനിയില്‍ തന്നെ നരേന്ദ്ര മോദിയുടെ മുഴുനീള ചിത്രം അച്ചടിപ്പിക്കാനുള്ള ബി.ജെ.പിക്കാരുടെ കുരുട്ടുബുദ്ധിയാകാം. അല്ലെങ്കില്‍ കണ്ണൂരില്‍ കൂടുതല്‍ പ്രചാരമുള്ളത് ദേശാഭിമാനിക്കാണെന്ന് ബി.ജെ.പിക്കാര്‍ പരോക്ഷമായി സമ്മതിച്ചതുമാകാം.

പാര്‍ട്ടി പത്രങ്ങള്‍ നിലനില്‍ക്കുക തന്നെ വേണം -ദേശാഭിമാനി, വീക്ഷണം, ജന്മഭൂമി, ജനയുഗം ഏതുമാവട്ടെ. ഓരോ പാര്‍ട്ടിയും ആശയപ്രചാരണത്തിനായാണ് പത്രങ്ങള്‍ ഉപയോഗിക്കുന്നത്. വാളിനെക്കാള്‍ ശക്തി പേനയ്ക്കുണ്ട്. നമുക്ക് പേന കൂടുതലായി ഉപയോഗിക്കാം. വാളുകള്‍ ഉപേക്ഷിക്കാം. നിലനില്‍പ്പിനായി എതിരാളിയുടെ പരസ്യം സ്വീകരിക്കാമെങ്കില്‍, പരസ്യത്തിലൂടെയാണെങ്കിലും എതിരാളിക്കു പറയാനുള്ളത് സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിക്കാമെങ്കില്‍, ആ എതിരാളിയുടെ പക്ഷത്തു നില്‍ക്കുന്നവരെ കൊല്ലാതെയുമിരിക്കാം. കൊല്ലുന്നതിലും ചാവുന്നതിലുമൊന്നും വലിയ കഥയില്ല എന്ന് ഈ പരസ്യപരമ്പര വ്യക്തമാക്കുന്നു.

ആശയപരമായി പരസ്യം വേണ്ടെന്നു വെയ്ക്കാനാവുമോ? അങ്ങനെ ചെയ്ത ചരിത്രമുള്ള ഒരു പത്രമുണ്ട് -‘പഴയ’ മാതൃഭൂമി. കൊക്കക്കോളയുടെയും പെപ്‌സിയുടെയും കോടികള്‍ മൂല്യമുള്ള പരസ്യം ആശയപരമായ എതിര്‍പ്പിന്റെ പേരില്‍ വേണ്ടെന്നു വെച്ചു. പ്ലാച്ചിമടയിലും മറ്റും കോള കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തിനെതിരെ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ആ കമ്പനികളുടെ ഉത്പന്നങ്ങളെ പ്രകീര്‍ത്തിക്കുന്ന പരസ്യങ്ങള്‍ മാതൃഭൂമി വേണ്ടാന്നു വെച്ചു. ‘പഴയ’ എന്ന് എടുത്തു പറയാന്‍ കാരണമുണ്ട്. ഇന്നത്തെ മാതൃഭൂമി അത്തരമൊരു തീരുമാനമെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, സമ്മതിക്കാതെ പറ്റില്ല -കോള കമ്പനികള്‍ക്കെതിരെ സ്വീകരിച്ച ആ നിലപാട് ഇന്നും മാറ്റാന്‍ മാതൃഭൂമി തയ്യാറായിട്ടില്ല. വീരേന്ദ്രകുമാറിന് സ്വസ്തി!!

ചുരുക്കിപ്പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇത്രമാത്രം -പരസ്യം അച്ചടിക്കുന്നതില്‍ കാണിച്ച വിശാലമനസ്‌കത കൊല്ലും കൊലയും അവസാനിപ്പിക്കുന്നതില്‍ കൂടി പ്രകടമാക്കണം!!

FOLLOW
 •  
  623
  Shares
 • 575
 • 22
 •  
 • 26
 •  
 •