വക്കീലന്മാരുടെ ‘പത്ര’ക്കുറിപ്പ്!!!

മാധ്യമവേശ്യകള്‍…
മാധ്യമഹിജഡകള്‍…
മാധ്യമകൂട്ടിക്കൊടുപ്പുകാര്‍…
മാധ്യമപ്രവര്‍ത്തകരെ സമൂഹത്തിന് ആവശ്യമില്ല, ഇവരെ ഉന്മൂലനം ചെയ്യണം…

കുറച്ചുദിവസമായി ചില അഭിഭാഷകര്‍ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഘോരഘോരം ഉദ്‌ഘോഷിക്കുന്നുണ്ട്. കൊച്ചിയിലുള്ള അഭിഭാഷകര്‍ക്കാണ് ഉദ്‌ഘോഷണം കൂടുതല്‍. എത്ര സാമ്പിള്‍ വേണമെങ്കിലും തരാം.

Advocate 1

ടോയ്‌ലറ്റ് നാപ്കിന്റെ പോലും വിശുദ്ധിയില്ലാത്ത നിന്റെയൊക്കെ പീറ പത്രത്തില്‍ ഒരു കോളം വാര്‍ത്ത വന്നതുകൊണ്ടും കൂലിയെഴുത്തുകാരെക്കൊണ്ട് മുഴുവന്‍സമയം ഫേസ്ബുക്കില്‍ എഴുതിച്ചതുകൊണ്ടും തെറിവിളിപ്പിച്ചതുകൊണ്ടും പേടിച്ചുപോകും എന്നു കരുതിയോടാ…നിന്റെയൊക്കെ ഈ അധമമാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുവരെ എഴുതുകയും പൊരുതുകയും ചെയ്യും.. ചെയ്യാന്‍ പറ്റുന്നതുപോലൊക്കെ ചെയ്യെടാ നീയൊക്കെ..

ഒന്നു കൂടി തരാം. വിമര്‍ശകര്‍ പറയുന്നതും എല്ലാവരിലും എത്തിക്കുക എന്നതാണ് ഞങ്ങളുടെ രീതി. സഹിഷ്ണുത എന്നും പറയാം.

Advocate 2

മാധ്യമവേശ്യകളുടെ ശ്രദ്ധയ്ക്ക്.. മീഡിയ റൂം തുറക്കുമെന്ന് സ്വപ്‌നവും കണ്ട് കോള്‍മയിര്‍ കൊണ്ട് ഹൈക്കോടതിയിലേക്ക് വരാന്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അത്താഴത്തിന് അരി ഇടേണ്ട എന്ന് വീട്ടില്‍ പറഞ്ഞിട്ട് വേണം വരാന്‍.. പറഞ്ഞ് ശീലമില്ല, ചെയ്താ ശീലം.. പറഞ്ഞാല്‍ അതു ചെയ്യുകയും ചെയ്യും.. അടിക്കും എന്ന് പറഞ്ഞാല്‍ അടിക്കും.. ഓര്‍ത്താല്‍ നന്ന്..

ഇതൊക്കെ ഇവനെന്തിനാ ഇപ്പോള്‍ പറയുന്നതെന്നു തോന്നാം. കാരണമുണ്ട്. മാധ്യമവേശ്യകളെ, മാധ്യമഹിജഡകളെ തേടി ഒരു അമൂല്യരേഖ വന്നിരിക്കുന്നു. ദ കേരളാ ഹൈകോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ പത്രക്കുറിപ്പ്. വക്കീല്‍ക്കുറിപ്പ് എന്നു വേണമെങ്കിലും പറയാം.

എന്തിനാ കുറിപ്പ് ഇറക്കുന്നേ? ടോയ്‌ലറ്റ് നാപ്കിന്റെ പോലും വിശുദ്ധിയില്ലാത്ത പീറപത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍!!

High Court.jpg

പത്രക്കുറിപ്പ്

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അഡ്വക്കേറ്റ് ജനറല്‍ അദ്ധ്യക്ഷനായി രൂപീകരിച്ചിട്ടുള്ള അഭിഭാഷക-മാധ്യമ സമിതിയില്‍ പത്രങ്ങളുടെയും ഇലക്ട്രോണിക് മീഡിയകളുടെയും മാനേജ്‌മെന്റ് പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കെ.എച്ച്.സി.എ.എ. ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ വരുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാനേജ്‌മെന്റിന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. മാധ്യമങ്ങള്‍ അഭിഭാഷകര്‍ക്കും നീതിപീഠങ്ങള്‍ക്കുമെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ചര്‍ച്ചകള്‍ ഫലപ്രദമാക്കുന്നതിനും ഉചിതമാകുമെന്നും കെ.എച്ച്.സി.എ.എ. ജനറല്‍ ബോഡി വിലയിരുത്തി. അഡ്വ. എം.കെ.ദാമോദരനെതിരെ അനാവശ്യമായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി മാധ്യമവിചാരണ ചെയ്യുന്നതിനെ ജനറല്‍ബോഡി ശക്തമായി അപലപിച്ചു.

സെക്രട്ടറി

അഡ്വ. ജഗന്‍ എബ്രഹാം ജോര്‍ജ്ജ്

ഇത് പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല. ഇതില്‍ ജനങ്ങള്‍ അറിയേണ്ടതായി ഒന്നുമില്ല. എല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമമുതലാളിമാര്‍ക്കും വായിക്കാനുള്ളതാണ്. ഞങ്ങള്‍ തയ്യാറാക്കുന്ന പത്രം ഞങ്ങള്‍ പോലും വായിക്കാറില്ലെന്നാണ് ചില അഭിഭാഷകര്‍ തന്നെ പറയുന്നത്. അപ്പോള്‍പ്പിന്നെ ഈ കത്തിന്റെ പകര്‍പ്പെടുത്ത് എല്ലാവര്‍ക്കും കൊടുത്താല്‍ മതിയല്ലോ? അതു വേണമെങ്കില്‍ ചെയ്യാം.

വക്കീലന്മാര്‍ക്ക് ബുദ്ധിയുണ്ട്. മാധ്യമസ്വാതന്ത്ര്യമെന്നാല്‍ മാധ്യമമുതലാളിയുടെ സ്വാതന്ത്ര്യമെന്ന് അവര്‍ക്കറിയാം. അതിപ്പോള്‍ അറിയാനൊന്നുമില്ല, ഞങ്ങള്‍ തന്നെ നാഴികയ്ക്കു 40 വട്ടം വീതം അതു പറയുന്നുണ്ട്. അപ്പോള്‍പ്പിന്നെ മുതലാളിമാരാണ് സമിതിയിലിരിക്കേണ്ടത്. അവരുടെ വാദം കൃത്യമാണ്.

Advocate 4.jpg

പക്ഷേ ചില കാര്യങ്ങള്‍ മനസ്സിലായില്ല. അഭിഭാഷകര്‍ക്കും നീതിപീഠങ്ങള്‍ക്കുമെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് നല്ലതാണെന്ന് കുറിപ്പില്‍ പറഞ്ഞിരിക്കുന്നു. അത്തരം സംഭവങ്ങള്‍ ഈയടുത്തെങ്ങാനും ഉണ്ടായിട്ടുണ്ടോ? ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയുടെ മാറില്‍ പിടിച്ചതിന് അറസ്റ്റിലായതു സംബന്ധിച്ച വാര്‍ത്തയാണ് അടുത്തിടെ വന്നത്. അതു കൊടുത്തത് തെറ്റായിപ്പോയി എന്നാണോ ഉദ്ദേശിച്ചത്? സോറി സര്‍, അത്തരം വാര്‍ത്തകള്‍ നല്‍കാതിരിക്കാനാവില്ല.

അഡ്വ. എം.കെ.ദാമോദരനെതിരെ അനാവശ്യമായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി മാധ്യമവിചാരണ ചെയ്യുന്നതിനെ അപലപിക്കുന്നു. ഭേഷ്! അതാണ് കാര്യം. എല്ലാവര്‍ക്കും മനസ്സിലായല്ലോ അല്ലേ? ദാമോദര്‍ജി മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിക്കപ്പെട്ടതിനു ശേഷം അദ്ദേഹം സാന്റിയാഗോ മാര്‍ട്ടിന്‍, ക്വാറി മുതലാളി, ഐ.എന്‍.ടി.യു.സി. നേതാവ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കു വേണ്ടി സര്‍ക്കാരിനെതിരെ കോടതിയില്‍ ഹാജരായതാണ് വാര്‍ത്തയായത്. ഇത് അനാവശ്യമായ അപകീര്‍ത്തിയാവുന്നതെങ്ങനെ? തീവെട്ടിക്കൊള്ള ആരു നടത്തിയാലും വാര്‍ത്തയാണ്. അതു നടത്തുന്ന് മുഖ്യമന്ത്രിയുടെ ഉപദേശിയായാലും ശരി, മുഖ്യമന്ത്രിയായാലും ശരി.

Advocate 3.jpg

അടി വന്ന വഴിയെക്കുറിച്ച് നേരത്തേ തന്നെ ചെറിയ സംശയങ്ങളുണ്ടായിരുന്നു. കൊച്ചിയിലെ അഭിഭാഷകരെ കുത്തിത്തിരിച്ച് ഇളക്കിവിട്ടത് ദാമോദര്‍ജിയുടെ ശിഷ്യനാണെന്ന കാര്യം നേരത്തേ കേട്ടിരുന്നതാണ്. ഇപ്പോള്‍ ബോദ്ധ്യപ്പെട്ടു. മാഞ്ഞൂരാനേ.. നീയെത്ര മഹാന്‍!!!

മാധ്യമങ്ങളെ ലക്ഷ്യമിട്ട് പത്രക്കുറിപ്പിറക്കുന്ന മഹാന്മാര്‍ അതേ ദിവസം ആലപ്പുഴയില്‍ ചെയ്തത് എന്താണ്. അജു കൊലക്കേസ് വിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കി. ‘തല്ലാനും തല്ല് കൊള്ളാനുമായി ഒരു തല്ലുകൊള്ളിയും ഇങ്ങോട്ട് വരേണ്ടതില്ല’ എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡ് കോടതിക്കുമുന്നില്‍ വെച്ചു. അവിടെപ്പോയാല്‍ അഭിഭാഷകര്‍ സംഘര്‍ഷമുണ്ടാക്കുകയും പാപപാരം മാധ്യമപ്രവര്‍ത്തകര്‍ക്കു മുകളില്‍ ചാര്‍ത്തുകയും ചെയ്യും. അതിനാല്‍ പോയില്ല. പോലീസിന് ഇതൊന്നും പ്രശ്‌നമല്ല. നാളെ ഏതൊരു കൊള്ളക്കാരനും അവന്റെ താല്പര്യമനുസരിച്ച് ഫ്‌ളക്‌സ് വെച്ച് മാധ്യമങ്ങളെ തടയാവുന്ന സ്ഥിതിയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില വളരെ ഭദ്രമാണല്ലോ അല്ലേ!!!

കോടതികളും അഭിഭാഷകരുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കലേക്കു വരുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നു തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വന്നു ചാടുകയും ചെയ്തു. ബലാത്സംഗം ചെയ്തുവെന്ന് യുവതി വ്യാജമൊഴി നല്‍കിയെന്ന കേസില്‍ പ്രതിയായ അഡ്വ. പി.കെ.രജിത്ത് കുമാറിനെ വയനാട് ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സ്ഥിരം ചെയ്യുന്ന പണിയാണെങ്കില്‍ കേസായാല്‍ നടപടിയെടുക്കും, ഭേഷ്! അഭിഭാഷകരിലൊരാള്‍ കൃത്യമായി ജോലി ചെയ്തതിന് അഭിഭാഷകര്‍ തന്നെ ഉപഹാരം സമര്‍പ്പിച്ചത് നാട്ടുകാരറിയണം എന്നതിനാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. പോലീസല്ല, അഭിഭാഷകര്‍ മേലാളന്മാര്‍ തന്നെയാണ് നടപടിയെടുത്തിരിക്കുന്നത്. അതു റിപ്പോര്‍ട്ട് ചെയ്താല്‍ കുഴപ്പമുണ്ടാവില്ല. ഇനി കുഴപ്പമുണ്ടായാലും പ്രശ്‌നമില്ല. ആകെ നനഞ്ഞാല്‍ കുളിരില്ല എന്ന അവസ്ഥയായിട്ടുണ്ട്. തല്ലുകൊള്ളല്‍ ശീലമായതോടെ ഞങ്ങള്‍ക്കൊരു പ്രതിരോധശേഷി രൂപമെടുത്തിട്ടുണ്ട്. തല്ലുന്നവന്‍ ക്ഷീണിക്കും.

മാധ്യമപ്രവര്‍ത്തകരെ പുലഭ്യം പറയുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളുടെ പുലഭ്യം കൊണ്ടെന്നും ഈ ഗജപോക്കിരികളെ തിരുത്താനാവില്ല. നിങ്ങള്‍ വാര്‍ത്താചാനലുകള്‍ കാണുന്നത് അവസാനിപ്പിക്കുക. പത്രം വായിക്കുന്നത് നിര്‍ത്തുക. പത്രക്കുറിപ്പുകളൊക്കെ ചുരുട്ടുക്കൂട്ടി കുപ്പത്തൊട്ടിയിലിടുക. അങ്ങനെയാവുമ്പോള്‍ പരസ്യം കിട്ടാതെ, വരിസംഖ്യ കിട്ടാതെ വരുമാനമില്ലാതായി മാധ്യമങ്ങള്‍ ഇല്ലാതാവും. അപ്പോള്‍ നികൃഷ്ടജീവികളായ ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ പട്ടിണി കിടന്ന് ചാവും. എല്ലാം ചത്തൊടുങ്ങിക്കഴിഞ്ഞാല്‍ നാട്ടിലെല്ലാവര്‍ക്കും തോന്നിയപോലെ ജീവിക്കാം. സെക്രട്ടേറിയറ്റ് വേണമെങ്കില്‍ മറിച്ചുവില്‍ക്കാം. വഴിയില്‍ വെച്ച് ഏത് അഭിഭാഷകനും ഏതു പെണ്ണിനെയും എവിടെ വേണമെങ്കിലും പിടിക്കാം. ആരും ചോദിക്കില്ല.

എന്തിലും ഏതിലും തലയിടുന്ന ദുഷ്ടന്മാരായ പത്രക്കാര്‍ക്ക് അങ്ങനെ തന്നെ വരണം. ന്താല്ലേ!!!

STORY TRACKER


COMMENT