സ്ത്രീകളോട് പ്രായം ചോദിക്കരുതെന്ന് പറയും. ചോദിച്ചാല്‍ അവര്‍ പറയുകയുമില്ല. പക്ഷേ, പ്രായം തര്‍ക്കവിഷയമാവുമ്പോള്‍ അതു പറയേണ്ടി വരും. നിര്‍ബന്ധിച്ചു പറയിക്കുന്നത് ഗതികേട് തന്നെയാണ്.

ശബരിമല സന്നിധാനത്ത് നടന്ന ഒരു ‘ആചാരലംഘനം’ സംബന്ധിച്ച് കൊണ്ടുപിടിച്ച പ്രചാരണം ചില ചേട്ടന്മാര്‍ നടത്തുന്നുണ്ട്. സോപാനത്തിലെത്തിയ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ ഒരു യുവതി അനുഗമിച്ചു എന്നാണ് വാദം. വാദത്തിന് ചിത്രത്തിന്റെ അകമ്പടിയുമുണ്ട്. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തരുത് എന്ന ആചാരം ലംഘിച്ചു എന്നാണ് ആക്ഷേപം.

ആദ്യം ഫോട്ടോയും ഒറ്റവരി വിവരണവുമാണ് പ്രചാരകര്‍ പ്രചരിപ്പിച്ചത്. പിന്നീട് പോസ്റ്റിന് വിശദമായ രൂപം വന്നു.

anila (3)

ശബരിമല സന്നിധാനത്ത് കേരള ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മനഃപൂര്‍വം ആചാരലംഘനം നടത്തി .

സി.ജെ.അനില എന്ന 43 വയസ്സുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എഞ്ചിനീയറായ സ്ത്രീ ശബരിമല സന്നിധാനത്ത് സന്ദര്‍ശനം നടത്തി .

ദേവസ്വം പ്രസിഡന്റ് പദ്മകുമാര്‍ ആചാരലംഘനം നടത്താന്‍ കൂട്ടുനിന്നു.

ഇത് പൊട്ടത്തരമാണെന്ന് ആദ്യം വായിച്ചപ്പോഴേ തോന്നിയിരുന്നു. ആചാരലംഘനമാണെങ്കില്‍ ഇങ്ങനെ ക്യാമറകളുടെ മുന്നില്‍ ആരെങ്കിലും ധൈര്യമായി ചെന്നു നിന്നുകൊടുക്കുമോ? അവിടെയുള്ള ആരെങ്കിലും ചൂണ്ടിക്കാട്ടാതിരിക്കുമോ? പൊലീസുകാര്‍ കുറഞ്ഞപക്ഷം മന്ത്രിയോടെങ്കിലും രഹസ്യമായി പറയില്ലേ? അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഈ ‘യുവതി’യെ സ്ഥലത്തു നിന്നു മാറ്റില്ലേ? എന്തുകൊണ്ട് വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും മാത്രം ഈ ‘ആചാരലംഘനം’ കളിയാടുന്നു? മൂന്നു വര്‍ഷം വര്‍ഷം മുമ്പ് ഒരു മേല്‍ശാന്തിയുടെ മകള്‍ അതീവരഹസ്യമായി സോപാനത്തില്‍ കയറിയ വാര്‍ത്ത സൃഷ്ടിച്ച പുകില്‍ ചില്ലറയല്ല. പ്രായപരിധി പിന്നിട്ടുവെങ്കിലും മകള്‍ക്ക് പ്രായപൂര്‍ത്തിയായില്ല എന്നായിരുന്നു അന്ന് മേല്‍ശാന്തിയുടെ വാദം. അതൊന്നും വിലപ്പോയില്ല. അത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ആരെങ്കിലും പുലിവാല് പിടിക്കുമോ?

സമൂഹമാധ്യമങ്ങളില്‍ പ്രചാരണം അതിരുകടന്നു. ‘ഹിന്ദുവിരുദ്ധത’ എന്ന പേരില്‍ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് പ്രചാരകര്‍ ശ്രമിച്ചത്. എനിക്കും കിട്ടി ഇത്തരം സന്ദേശങ്ങള്‍ ധാരാളം. അയച്ചത് മുഴുവന്‍ ഇമ്മിണി ബല്യ ‘ഹിന്ദു’ക്കള്‍!! ഒടുവില്‍ പ്രചാരണത്തിനെതിരെ അനിലയ്ക്ക് രംഗത്തിറങ്ങേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയന് അവര്‍ പരാതി നല്‍കി.

ദേശീയ ആരോഗ്യ ദൗത്യം ചീഫ് എഞ്ചിനീയറാണ് സി.ജെ.അനില. ശബരിമല സന്നിധാനത്ത് പുതിയ ആസ്പത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ.ശൈലജ സോപാനം സന്ദര്‍ശിച്ചപ്പോള്‍ അനില അടക്കമുള്ള ഉദ്യോഗസ്ഥ സംഘം അനുഗമിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം കൊഴുപ്പിച്ചത്.

anila (2).jpeg

പ്രസാദം വാങ്ങുകയോ അതു നെറ്റിയില്‍ തൊടുകയോ ചെയ്യാതിരുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിണിയുടെ നിലപാടാണ് ആദ്യം ചര്‍ച്ചാവിഷയമായത്. പ്രസാദം സ്വന്തം നെറ്റിയില്‍ തൊടാതിരുന്ന മന്ത്രി ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ നെറ്റിയില്‍ തൊടുവിക്കുകയാണുണ്ടായത്. മന്ത്രി പ്രസാദം തൊട്ടുകൊടുത ഉദ്യോഗസ്ഥ എന്ന നിലയിലാണ് അനില ആദ്യം ശ്രദ്ധേയയായത്. എന്നാല്‍, മറ്റൊരു ‘വീക്ഷണകോണകത്തിലൂടെ’ നോക്കിയ ഏതോ ചേട്ടന് അനില യുവതിയാണെന്നു തോന്നി. പോരേ പൂരം!!

50 വയസ്സ് പിന്നിടാത്ത അനില ആചാര ലംഘനം നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇത് കാട്ടുതീ പോലെ പടര്‍ന്നു, അഥവാ പടര്‍ത്തി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ പ്രായം സംബന്ധിച്ച് ഔദ്യോഗിക രേഖ അവരുടെ ഓഫീസില്‍ ഉണ്ടാവും. പ്രചാരകരില്‍ ഒരാള്‍ പോലും അതൊന്ന് അന്വേഷിക്കാന്‍ മെനക്കെട്ടില്ല. തനിക്ക് 51 വയസ്സുണ്ടെന്ന് അനില പറയുമ്പോള്‍ അതിന് തെളിവ് അവരുടെ ജനനത്തീയതി സംബന്ധിച്ച രേഖകള്‍ തന്നെ.

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ നാറാണി സ്വദേശിനിയാണ് അനില. അതിനടുത്തു തന്നെയുള്ള കാരക്കോണം പരമുപിള്ള സ്മാരക ഹൈസ്‌കൂളില്‍ നിന്ന് അവര്‍ എസ്.എസ്.എല്‍.സി. പാസായത് 1981ല്‍. ഇതുവെച്ച് നിഷ്പ്രയാസം പ്രായം കണക്കുകൂട്ടി നോക്കാം. കുന്നത്തുകാല്‍ സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോ.വിജയദാസാണ് അനിലയുടെ ഭര്‍ത്താവ്. അവരുടെ മകന്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ ഡോക്ടറാണ്. ഇതിനെല്ലാമുപരി മറ്റൊരു കാര്യമുണ്ട് -43 വയസ്സ് മാത്രമാണ് അവരുടെ പ്രായമെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചീഫ് എഞ്ചിനീയര്‍ ആകുമോ?

അനില ഭക്തയാണോ അല്ലയോ എന്ന് അവരുടെ നാട്ടില്‍ അന്വേഷിച്ചാല്‍ മനസ്സിലാകും. കുന്നത്തുകാല്‍ ചിമ്മിണ്ടി ശ്രീ നീലകേശി ദേവീ ക്ഷേത്രത്തില്‍ ചോദിക്കുക. 51 വയസ്സുള്ള, ഈശ്വരവിശ്വാസിയായ സ്ത്രീ ശബരിമല ചവിട്ടി അയ്യപ്പനെ തൊഴുതുവെങ്കില്‍ അതിലെന്താണ് തെറ്റ്? കണ്ടാല്‍ 51 വയസ്സ് പറയില്ല എന്നൊക്കെ പറഞ്ഞ് അനിലയുടെ മകനാവാന്‍ പ്രായമുള്ളവര്‍ മാര്‍ക്കിടുന്നതു കാണുമ്പോള്‍ ഒരു ലോഡ് പുച്ഛം. ഗൂഢലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ എല്ലാ തരത്തിലുള്ള നിയമനടപടികളും സ്വീകരിക്കുമെന്ന് അവര്‍ പറയുമ്പോള്‍ അതു മുഖവിലയ്‌ക്കെടുക്കാന്‍ സാമാന്യബോധമുള്ള എല്ലാവരും തയ്യാറാവുന്നു.

anila (1).jpg

മന്ത്രി ശൈലജയോടൊപ്പം ചിത്രത്തില്‍ വന്ന അനില ആദ്യമായല്ല സന്നിധാനത്ത് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലും അവര്‍ പങ്കെടുത്തിരുന്നു. ആരോഗ്യ മന്ത്രി സന്നിധാനത്ത് ഉദ്ഘാടനം ചെയ്ത ആസ്പത്രിയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചതും അനില തന്നെ!!

‘ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല’ -സന്തൂര്‍ സോപ്പിന്റെ പരസ്യം ഓര്‍മ്മ വരുന്നു. പാവം ചേട്ടന്മാര്‍!!! ഹിന്ദുക്കളെ മുഴുവന്‍ നാണം കെടുത്താന്‍ ഓരോരുത്തന്മാര്‍ വന്നോളും…

FOLLOW
 •  
  4.6K
  Shares
 • 4.5K
 • 29
 •  
 • 45
 •  
 •