ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് മമെ ഖാന്‍ തിരുവനന്തപുരത്ത് പാടാനെത്തിയത്. അതു കണ്ട ശേഷം രാജസ്ഥാനി നാടോടി സംഗീതത്തോട് ഭ്രാന്തമായ അനുരാഗത്തിലായി. അതിന്റെ ഫലമെന്നോണം ഞാന്‍ മമെ ഖാന്റെ സിഡികള്‍ക്കായി ഓണ്‍ലൈന്‍ വിപണികളില്‍ പരതി നടന്നു. അത്തരം പരതലിനിടയിലാണ് വളരെ രസകരമായൊരു സി.ഡി. കവര്‍ കണ്ടത്. Tiger balm കുപ്പിയുടെ മുകളില്‍ Kesariya balm എന്നെഴുതിയിരിക്കുന്നു. അതിന്റെ രണ്ടു വശങ്ങളിലായി Barmer Boys എന്നുമുണ്ട്. പാട്ടു സിഡി പരതിയപ്പോള്‍ വരുന്നത് വേദനസംഹാരി കുപ്പിയോ?

അല്പമൊന്നു സൂക്ഷിച്ചു നോക്കി. Tiger balm എന്നതുപോലെ Kesariya balm എന്നെഴുതിയിരിക്കുന്നത് കേസരിയാ ബാലം എന്ന പ്രശസ്തമായ പാട്ടിലേക്കുള്ള സൂചനയാണെന്ന് അപ്പോള്‍ മനസ്സിലായി. സിഡി കവറില്‍ പോലും വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്ന ഈ പയ്യന്‍സിനെപ്പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. അവരുടെ പാട്ടുകള്‍ പരതിയെടുത്ത് കേട്ടു. ഇഷ്ടമായി. മമെ ഖാനൊപ്പം ഒരരികത്ത് ബാര്‍മര്‍ പയ്യന്‍സിനെയും ചേര്‍ത്തുനിര്‍ത്തി. പക്ഷേ, ഇവരെ നേരിട്ടു കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയുമെന്ന് അന്ന് കരുതിയില്ല. ഇപ്പോള്‍ അതു സാദ്ധ്യമായി. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ മൂന്നാമത് നാടോടി കലാസംഗമത്തില്‍ പാടാന്‍ അവരെത്തി.

ടാഗോര്‍ തിയേറ്ററിലെ വേദിക്കു സമീപം വൈകുന്നേരം പരതി നടക്കുമ്പോള്‍ വെട്ടിത്തിളങ്ങുന്ന കറുത്ത കുപ്പായവും പല നിറങ്ങളിലുള്ള തലപ്പാവുമണിഞ്ഞൊരാള്‍ മുന്നില്‍. ‘ഈ മനുഷ്യനെ നല്ല പരിചയമുണ്ടല്ലോ?’ -ചോദ്യം മനസ്സില്‍ മിന്നിമറഞ്ഞു. അതെ, ഇത് ബാര്‍മര്‍ ബോയ്‌സ് എന്ന മൂവര്‍ സംഘത്തിലെ ഒരാളാണ്. റയിസ് ഖാന്‍ ആണെന്ന് പിന്നീട് മനസ്സിലായി. അടുത്തുപോയി സംസാരിച്ചു. പാട്ടുകള്‍ ഇഷ്ടമാണ്, പരിചയപ്പെടാന്‍ വന്നതാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ നിറഞ്ഞ സ്‌നേഹത്തോടെ സംസാരിച്ചു. ഭാഗ്യം, കുറച്ചൊക്കെ ഹിന്ദി അറിയാം. നമുക്കറിയാവുന്ന ഹിന്ദിയില്‍ നിന്ന് വളരെ വ്യത്യസ്തമാണെങ്കിലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. സംസാരം മുഴുവന്‍ പാട്ടിനെക്കുറിച്ചായിരുന്നു എന്നു മാത്രം.

റയിസ് ഖാൻ

റയിസ് ഖാന്‍ ഒരു ആള്‍റൗണ്ടറാണ്. മുഹര്‍ശംഖ്, ഭപങ്, ഖര്‍താള്‍ എന്നിങ്ങനെ എല്ലാമുണ്ട്. നമ്മുടെ മിമിക്രിയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പാട്ടിന് പൂര്‍ണ്ണമായി വായ കൊണ്ട് താളം പകരുന്ന ബീറ്റ് ബോക്‌സിങ്ങും കൈയിലുണ്ടെന്ന് പിന്നീട് സംഗീതപരിപാടി കണ്ടപ്പോള്‍ മനസ്സിലായി. മംഗേ ഖാനാണ് സംഘത്തിലെ പ്രധാന പാട്ടുകാരന്‍. അദ്ദേഹം തന്നെ ഹാര്‍മോണിയവും കൈകാര്യം ചെയ്യും. ഡോലക്കിലാണ് മഗഡ ഖാന്റെ പ്രകടനം. രാജസ്ഥാനി സംഗീതം രാജസ്ഥാന്റെ അഭിമാനമാണ്. ആഴത്തിലോടുന്ന വികാരങ്ങളാണ് രാജസ്ഥാനി പാട്ടുകളുടെ സവിശേഷത. രാജസ്ഥാന്റെ വികാരങ്ങള്‍ അവതരിപ്പിക്കാനും പങ്കിടാനും കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് റയിസ് ഖാന്‍. ‘ഏതു പാട്ട് പാടിയാലും ഞങ്ങളത് ഹൃദയത്തില്‍ തൊട്ടാണ് പാടുന്നത്. വാദ്യോപകരണങ്ങള്‍ വായിക്കുന്നതു അങ്ങനെ തന്നെ. അതുവഴി പാട്ടുകളിലെ വികാരങ്ങള്‍ ഞങ്ങളും അനുഭവിക്കുന്നു’ -റയിസ് പറഞ്ഞത് അവിടേക്കു വന്ന മംഗേ ഖാന്‍ ശരിവെച്ചു.

ആസ്വാദകന്റെ ഹൃദയവുമായി നേരിട്ട് സംവദിക്കുന്നു എന്നതാണ് രാജസ്ഥാനി നാടോടി സംഗീതത്തിന്റെ സവിശേഷത. ആസ്വാദകന്‍ ഏതു ഭാഷക്കാരനോ ദേശക്കാരനോ ആകട്ടെ, ഒരിക്കല്‍ ഈ പാട്ടു കേട്ടാല്‍ അയാള്‍ അടിമയായി എന്നര്‍ത്ഥം. ആത്മാവിനെ സ്പര്‍ശിക്കുന്ന പ്രണയഗീതങ്ങള്‍ മുതല്‍ ഗതിവേഗമുള്ള പ്രിയഗീതങ്ങള്‍ വരെ വളരെ വലിയൊരു സമ്പത്താണ് ഈ പാട്ടുകാരുടെ കൈവശമുള്ളത്. രാജസ്ഥാനി പാട്ടുകളെ ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ ജയ്‌സാല്‍മറിലെയും ബാര്‍മറിലെയും മംഗാനിയാര്‍ സംഗീതജ്ഞര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കഥ പറച്ചിലുകാര്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. സൂഫി ശബ്ദത്തിന്റെ മാസ്മരികതയാണ് അവരുടെ കൈമുതല്‍. നാടോടി സംഗീതത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനായി ബീറ്റ് ബോക്‌സിങ്ങും ഇലക്ട്രോണിക്കയും ഉപയോഗിക്കാന്‍ മടിച്ചുനില്‍ക്കുന്നില്ല എന്നതിലാണ് ബാര്‍മര്‍ ബോയ്‌സ് വ്യത്യസ്തരാവുന്നത്.

മംഗേ ഖാനും മഗഡ ഖാനും

‘പരമ്പരാഗത സംഗീതത്തിനൊപ്പം പുതുമയുള്ളത് എന്തെങ്കിലും അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇതിനൊപ്പം രാജസ്ഥാനി -സൂഫി സംഗീതോപകരണങ്ങളുടെ അപൂര്‍വ്വ ശബ്ദങ്ങളും ചേര്‍ക്കുന്നു’ -റയിസ് ഖാന്‍ പറഞ്ഞു. ഈ പരീക്ഷണങ്ങള്‍ തന്നെയാണ് ഡെന്മാര്‍ക്ക്, സ്‌പെയിന്‍, ബെല്‍ജിയം, മലേഷ്യ തുടങ്ങിയ നാടുകളിലെല്ലാം സംഗീത പരിപാടികളുമായി ബാര്‍മറിലെ പയ്യന്‍സിനെ എത്തിച്ചത്. ‘തിരുവനന്തപുരത്ത് മികച്ച ആസ്വാദകരാണെന്നു കേട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ ഈ വേദി ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോഴേക്കും മഗഡ ഖാനുമെത്തി. പരിപാടി തുടങ്ങാന്‍ സമയമായതിനാല്‍ മൂവരും യാത്ര പറഞ്ഞ് വേദിയിലേക്കു നീങ്ങി.

എന്നോടെന്ന പോലെ വേദിയിലും സംസാരിച്ചത് റയിസ് ഖാന്‍ മാത്രമാണ്. മംഗേ ഖാനും മഗഡ ഖാനും പൂര്‍ണ്ണമായി സംഗീതത്തില്‍ മാത്രം ശ്രദ്ധിച്ചു. വിരഹത്തിന്റെ രാഗത്തിലായിരുന്നു സംഗീതപരിപാടിയുടെ തുടക്കം. തൊഴിലിനായി വീടു വിടാനൊരുങ്ങുന്ന മാണികറിനോട് ഒരു ദിവസം കൂടി തങ്ങൂ എന്ന പ്രണയിനിയുടെ അഭ്യര്‍ത്ഥന -‘മാണികര്‍ രേവോനീ സൂനി രാത്…’ വിരഹത്തില്‍ നിന്ന് നേരെ പോയത് സൗന്ദര്യവര്‍ണ്ണനയിലേക്ക്. ജയ്‌സാല്‍മറിലെ ഗ്രാമീണസുന്ദരിയെ വര്‍ണ്ണിക്കുന്ന ‘മൂമല്‍…’ സൂഫി സംഗീതത്തിന്റെ വൈവിധ്യം വ്യക്തമാകുന്ന വിധത്തില്‍ ‘ഡേരാ..’ എന്ന ഫാസ്റ്റ് നമ്പറിലേക്കായിരുന്നു അടുത്ത യാത്ര.

തിരുവനന്തപും ടാഗോർ തിയേറ്ററിൽ ബാർമർ ബോയ്സിന്റെ സംഗീതപരിപാടി അരങ്ങേറിയപ്പോൾ

എല്ലാ ദൈവവും ഒന്നാണെന്ന വ്യക്തമാക്കുന്ന സൂഫി ഗാനവും നൃത്തവും ഇടകലര്‍ന്ന ‘ഒയെ ലഖ് ലഖ് വകുവാ…’ ആസ്വാദകര്‍ക്ക് പുതിയൊരനുഭൂതി പകര്‍ന്നു. മമെ ഖാന്‍ തിരുവനന്തപുരത്ത് പാടി ഒട്ടേറെ ആസ്വാദകരെ സൃഷ്ടിച്ച പാട്ടായിരുന്നു അടുത്തത്. ‘ബോലെ തൊ മിഠൊ ലാഗെ, ഹസെ തൊ പ്യാരോ ലാഗെ…’ സദസ്സില്‍ ആരവങ്ങളുയര്‍ത്തി. കുടിയന്മാരെ ആഘോഷിക്കുന്ന, വിസ്‌കിയുടെയും റമ്മിന്റെയുമൊക്കെ ലഹരി നുരയുന്ന ‘തോരോ പിയോ ഖഡോ ചടിയോ…’ ശരിക്കും പതഞ്ഞു പൊങ്ങി. ‘ദമാദം മസ്ത് കലന്ദര്‍…’ എന്ന സൂപ്പര്‍ ഹിറ്റ് നമ്പറിലൂടെ സംഗീതവിരുന്നിന് വിരാമം. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു, ബാര്‍മര്‍ പയ്യന്‍സ് അടിച്ചുപൊളിച്ചു.

‘കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഞങ്ങള്‍ പാടുകയും വാദ്യോപകരണങ്ങള്‍ വായിക്കുകയുമെല്ലാം ചെയ്യുന്നു. ഇത് മംഗാനിയാര്‍ പാരമ്പര്യമാണ്. ഞങ്ങളുടെ മുതിര്‍ന്നവരില്‍ നിന്നാണ് ഞങ്ങള്‍ക്കിതെല്ലാം കിട്ടിയത്. വേദികളില്‍ പാടുക വഴി മാത്രമല്ല, അടുത്ത തലമുറയ്ക്ക് പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുക കൂടി ചെയ്താണ് ഈ പാരമ്പര്യം നിലനിര്‍ത്തുന്നത്. ഞങ്ങള്‍ പറയുന്നത്, പ്രചരിപ്പിക്കുന്നത് ഇത്രമാത്രം -നമ്മുടെ ഉള്ളിലും നമുക്കു ചുറ്റും സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്നു’ -റയിസ് ഖാന്‍ പറഞ്ഞത് എത്ര വലിയ സത്യമാണെന്ന് അവരുടെ പാട്ടുകള്‍ ബോദ്ധ്യപ്പെടുത്തി.

സമ്പന്നമായ മംഗാനിയാര്‍ പാരമ്പര്യമാണ് ബാര്‍മര്‍ പയ്യന്‍സിലൂടെ മുന്നോട്ടു നീങ്ങുന്നത്. രാജസ്ഥാനി സംഗീതത്തിനുള്ളത് ഒരു ഭാഷയല്ല, ഒരു സ്ഥലമല്ല, ഒരു ദൈവവുമല്ല. ഇതില്‍ സൂഫിസത്തിനൊപ്പം ഭജനകളും നാടന്‍ പാട്ടുകളുമെല്ലാം കൂടിക്കലര്‍ന്നിട്ടുണ്ട്. സംഗീതം ഒരു വലിയ കുടുംബമാണെന്ന് രാജസ്ഥാനി പാരമ്പര്യം വിളിച്ചുപറയുന്നു. ആ കൂടുംബത്തിന്റെ മഹിമ ലോകം കീഴടക്കുന്നു.

Previous articleബൊളീവിയന്‍ വിപ്ലവ താരങ്ങള്‍
Next articleധീരനൊപ്പം ഭാഗ്യവുമുണ്ടാകും

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS