Reading Time: 6 minutes

കേരളത്തിലെ മികച്ച കോളേജ് ഏതാണ് എന്നു ചോദിച്ചാല്‍ ഒട്ടുമിക്കവരും ഉടനെ പറയുക ഏതെങ്കിലും സ്വകാര്യ കോളേജിന്റെ പേരായിരിക്കും. തിരുവനന്തപുരത്തുകാര്‍ ഉറപ്പായും പറയും മാര്‍ ഇവാനിയോസ് കോളേജ് എന്ന്. എന്നാല്‍, ഇതാണോ ശരി? ഞാന്‍ പറയും തിരുവനന്തപുരത്തു മാത്രമല്ല, കേരളത്തില്‍ തന്നെ ഏറ്റവും മികച്ചത് യൂണിവേഴ്‌സിറ്റി കോളേജാണ് എന്ന്. ജീവിതത്തിലെ നിര്‍ണ്ണായകമായ 5 വര്‍ഷങ്ങള്‍ ചെലവിട്ട ക്യാമ്പസിനോടുള്ള സ്‌നേഹം കൊണ്ടു മാത്രമല്ല ഈ പറയുന്നത്. പിന്നീടുള്ള ജീവിതത്തില്‍ തുണയായത്, പ്രതിസന്ധികളില്‍ അടിപതറാതെ താങ്ങിനിര്‍ത്തിയത് ഈ രാജകലാലയത്തിലെ ജീവിതപരിശീലനമാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌

‘അയ്യേ ഛെ!! ഇവന് വട്ടാ’ -നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവും. യൂണിവേഴ്‌സിറ്റി കോളേജ് -സമരവും കല്ലേറും അടിപിടിയും മാത്രമുള്ള ‘തല്ലിപ്പൊളി’ കോളേജ്. സമൂഹത്തിലെ വരേണ്യവര്‍ഗ്ഗം ചാപ്പ കുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ഈ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാക്കാലത്തും പ്രതികരണശേഷി അല്പം കൂടുതലാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയവും ശക്തം. പക്ഷേ, അതുകൊണ്ട് കോളേജ് തല്ലിപ്പൊളിയും ഇവിടെ പഠിക്കുന്നവരും പഠിച്ചിറങ്ങിയവരും തല്ലിപ്പൊളികളുമാകുമോ?

‘ഇല്ല’. ഉറപ്പിച്ചു തന്നെ പറയാം. കാരണം യൂണിവേഴ്‌സിറ്റി കോളേജ് കേരളത്തിലെ ഏറ്റവും മികച്ച കോളേജാണ്. പറയുന്നത് ചില്ലറക്കാരല്ല. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമളക്കുന്ന റാങ്കിങ്ങില്‍ കോളേജുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും മുന്നിലുള്ളത് സമൂഹത്തിലെ വരേണ്യര്‍ ‘തല്ലിപ്പൊളികള്‍’ എന്നു മുദ്രകുത്തിയ പാവങ്ങള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജാണ്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.) രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. അതില്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ സ്ഥാനം 18, കേരളത്തില്‍ നിന്ന് ഏറ്റവും മുന്നില്‍. രാജ്യത്തെ 1,500 ഓളം കോളേജുകളുമായി മത്സരിച്ചിട്ടാണ് ഈ 18-ാം സ്ഥാനം എന്നോര്‍ക്കണം!!

2015 സെപ്റ്റംബര്‍ 29നാണ് എന്‍.ഐ.ആര്‍.എഫ്. എന്ന റാങ്കിങ് സംവിധാനം നിലവില്‍ വന്നത്. ഇതനുസരിച്ച് രാജ്യത്തെമ്പാടുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് അളക്കുന്നതിന് ചില മാനകങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ക്രോഢീകരിച്ച് ഒരു വിദഗ്ദ്ധ സമിതിയാണ് ഈ മാനകങ്ങള്‍ നിശ്ചയിച്ചത്. സര്‍വ്വകലാശാല, കോളേജ്, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി, മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍, നിയമം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ റാങ്കിങ്ങുണ്ട്.  അദ്ധ്യാപക മികവ്, പഠനസൗകര്യങ്ങള്‍, ഗവേഷണം, വിദ്യാര്‍ത്ഥികളുടെ മികവ്, അക്കാദമിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം മാനകങ്ങളില്‍ ഉള്‍പ്പെടുന്നു.

TEACHING LEARNING AND RESOURCES
-Student Strength including Doctoral Students
-Faculty-student ratio with emphasis on permanent faculty (FSR)
-Combined metric for Faculty with PhD (or equivalent) and Experience (FQE)
-Total Budget and Its Utilisation: (CBTU)

RESEARCH AND PROFESSIONAL PRACTICE
-Combined metric for Publications (PU)
-Combined metric for Quality of Publications (QP)
-IPR and Patents: Filed, Published, Granted and Licensed (IPR)
-Footprint of Projects and Professional Practice And Executive Development Programs (FPPP):

GRADUATION OUTCOMES
-Combined % for Placement, Higher Studies, and Entrepreneurship (GPHE)
-Metric for University Examinations: GUE
-Median Salary
-Metric for Graduating Students Admitted Into Top Universities (GTOP)
-Metric for Number of Ph.D. Students Graduated GPHD

OUTREACH AND INCLUSIVITY
-Percent Students from other states/countries (Region Diversity RD)
-Percentage of Women (WF) + (WS) + (WA)
-Economically and Socially Challenged Students (ESCS)
-Facilities for Physically Challenged Students (PCS)

PERCEPTION
-Peer Perception: Employers and Research Investors (PREMP)
-Peer Perception: Academics (PRACD)
-Public Perception (PRPUB)
-Competitiveness (PRCMP)

കോളേജ് വിഭാഗത്തില്‍ 71 മാര്‍ക്ക് നേടിയ ഡല്‍ഹി മിരാന്‍ഡ ഹൗസാണ് ഒന്നാമതെത്തിയത്. യൂണിവേഴ്‌സിറ്റി കോളേജിനുള്ളത് 57.51 മാര്‍ക്ക്. അതായത്, ഇവിടെ പലരും പറയുന്നതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് ‘പ്രതികരണശേഷി’ കൂടുന്നത് അയോഗ്യതയല്ല എന്നര്‍ത്ഥം. രാജ്യത്തെ മികച്ച 100 കോളേജുകളില്‍ പ്രതികരണശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഏക സ്ഥാപനം യൂണിവേഴ്‌സിറ്റി കോളേജ് ആണെന്ന് ഞാന്‍ പറയും. കാരണം ഈ 100 കോളേജുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക സര്‍ക്കാര്‍ സ്ഥാപനം യൂണിവേഴ്‌സിറ്റി കോളേജാണ്!!

100 മികച്ച കോളേജുകളുടെ പട്ടികയിലെ കേരള സാന്നിദ്ധ്യം

രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് 17 കോളേജുകള്‍ ഇടം പിടിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഈ കൊച്ചു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതു ചെറിയ കാര്യമല്ല.

18. യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം
34. സെന്റ് ജോസഫ്‌സ് കോളേജ്, കോഴിക്കോട്
36. മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം
41. സേക്രട്ട് ഹാര്‍ട്ട് കോളേജ്, എറണാകുളം
43. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, എറണാകുളം
45. ടി.കെ.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കൊല്ലം
46. എസ്.ബി. കോളേജ്, കോട്ടയം
63. ക്രൈസ്റ്റ് കോളേജ്, തൃശ്ശൂര്‍
69. കുര്യാക്കോസ് ഗ്രിഗോറിയോസ് കോളേജ്, കോട്ടയം
76. സെന്റ് തെരേസാസ് കോളേജ്, എറണാകുളം
77. വിമലാ കോളേജ്, തൃശ്ശൂര്‍
79. സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍
84. മരിയന്‍ കോളേജ്, കുട്ടിക്കാനം
87. നിര്‍മ്മലഗിരി കോളേജ്, കണ്ണൂര്‍
88. മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം
92. ബിഷപ് മൂര്‍ കോളേജ്, ആലപ്പുഴ
97. സെന്റ് ജോസഫ്‌സ് കോളേജ്, തൃശ്ശൂര്‍

101 മുതല്‍ 150 വരെ റാങ്കുകള്‍ നേടിയ കോളേജുകളുടെ പട്ടകിയില്‍ കേരളത്തില്‍ നിന്ന് 13 സ്ഥാപനങ്ങള്‍.

104. സി.എം.എസ്. കോളേജ്, കോട്ടയം
107. ഡോ.ഗഫൂര്‍ മെമോറിയല്‍ എം.ഇ.എസ്. മമ്പാട് കോളേജ്, മമ്പാട്
108. ഫറൂഖ് കോളേജ്, കോഴിക്കോട്
109. ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം
113. എച്ച്.എച്ച്.എം.എസ്.പി.ബി. എന്‍.എസ്.എസ്. കോളേജ് ഫോര്‍ വിമന്‍, തിരുവനന്തപുരം
123. മേഴ്‌സി കോളേജ്, പാലക്കാട്
124. എം.ഇ.എസ്. കേവിയെം കോളേജ്, വളാഞ്ചേരി
125. എം.ഇ.എസ്. പൊന്നാനി കോളേജ്, മലപ്പുറം
128. എന്‍.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി
135. പ്രോവിഡന്‍സ് വിമന്‍സ് കോളേജ്, കോഴിക്കോട്
145. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, എറണാകുളം
147. സെന്റ് പയസ് ടെന്‍ത് കോളേജ്, കാസര്‍കോട്
149. യു.സി. കോളേജ്, എറണാകുളം

151 മുതല്‍ 200 വരെ റാങ്കുകള്‍ നേടിയ കോളേജുകളുടെ പട്ടകിയില്‍ കേരളത്തില്‍ നിന്ന് 7 സ്ഥാപനങ്ങള്‍.

153. അസംപ്ഷന്‍ കോളേജ്, കോട്ടയം
158. കാത്തോലിക്കറ്റ് കോളേജ്, പത്തനംതിട്ട
172. കുര്യാക്കോസ് ഏലിയാസ് കോളേജ്, കോട്ടയം
174. ലിറ്റില്‍ ഫ്‌ളവര്‍ കോളേജ്, കോട്ടയം
179. മാര്‍ അത്തനേഷ്യസ് കോളേജ്, കോതമംഗലം
181. നിര്‍മ്മല കോളേജ്, മൂവാറ്റുപുഴ
198. സെന്റ് മേരീസ് കോളേജ്, തൃശ്ശൂര്‍

റാങ്ക് പട്ടികയില്‍ ഇടം നേടിയ കേരളത്തില്‍ നിന്നുള്ള കോളേജുകളുടെ പേരുവിവരം പൂര്‍ണ്ണമായി പ്രസിദ്ധീകരിച്ചതിനു പിന്നില്‍ ഒരു ദുരുദ്ദേശ്യമുണ്ട്. മികവിന്റെ പേരില്‍ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന സ്വകാര്യ കോളേജുകള്‍ യഥാര്‍ത്ഥത്തില്‍ എവിടെ നില്‍ക്കുന്നു എന്ന് ഈ റാങ്കിങ് പട്ടിക വ്യക്തമാക്കും. എല്ലാവരും പുച്ഛിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജിന്റെ യഥാര്‍ത്ഥ മഹത്വം പ്രകടമാവാന്‍ ഈ താരതമ്യം ആവശ്യമാണ്. കേരളത്തില്‍ നിന്ന് 53 കോളേജുകളാണ് റാങ്കിങ് പട്ടികയിലെ സ്ഥാനത്തിന് അപേക്ഷിച്ചത്. ഇതില്‍ 200 റാങ്കുകള്‍ക്കുള്ളില്‍ നേടിയത് 37 കോളേജുകള്‍ മാത്രം. പട്ടികയില്‍ സ്ഥാനം നേടാതെ പോയ ബാക്കി 16 കോളേജുകളില്‍ മികവിന്റെ ആസ്ഥാന കേന്ദ്രങ്ങളെന്ന് മേനി നടിക്കുന്ന കോളേജുകളുണ്ട്. വെറുതെ പേരു പറഞ്ഞ് നാറ്റിക്കുന്നില്ല.

വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജ് സമര്‍പ്പിച്ചത്‌

യൂണിവേഴ്‌സിറ്റി കോളേജിനെ തള്ളിപ്പറയുന്ന എല്ലാവരും ഉയര്‍ത്തിക്കാട്ടുന്ന പേര് മാര്‍ ഇവാനിയോസിന്റേതാണ്. യൂണിവേഴ്‌സിറ്റി കോളേജിനെക്കാള്‍ 18 പടി താഴെ മാത്രമാണ് മാര്‍ ഇവാനിയോസിന്റെ സ്ഥാനം എന്ന് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാകുന്നു. വിദ്യാര്‍ത്ഥികളുടെ മികവാണല്ലോ കോളേജിന്റെ മികവിന് ആധാരമായി കണക്കാക്കുന്നത്. റാങ്കിങ്ങിനായി 2016-17 അദ്ധ്യയന വര്‍ഷത്തെ കണക്കുകള്‍ മാര്‍ ഇവാനിയോസ് കോളേജും യൂണിവേഴ്‌സിറ്റി കോളേജും എന്‍.ഐ.ആര്‍.എഫിന് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടു കോളേജുകളും സ്വന്തം നിലയ്ക്കു സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ വിജയക്കണക്കുകള്‍ താരതമ്യം ചെയ്താല്‍ മാത്രം മതി, ഏതു കോളേജിനാണ് മികവെന്നു മനസ്സിലാവും.

-മാര്‍ ഇവാനിയോസ് കോളേജില്‍ 636 ബിരുദ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതില്‍ നിശ്ചിത സമയത്തിനകം ബിരുദം നേടിയത് 368 പേര്‍ -57.86 ശതമാനം

-യൂണിവേഴ്‌സിറ്റി കോളേജില്‍ 795 ബിരുദ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതില്‍ നിശ്ചിത സമയത്തിനകം ബിരുദം നേടിയത് 582 പേര്‍ -73.21 ശതമാനം

-മാര്‍ ഇവാനിയോസ് കോളേജില്‍ 136 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതില്‍ നിശ്ചിത സമയത്തിനകം ബിരുദാനന്തര ബിരുദം നേടിയത് 119 പേര്‍ -87.5 ശതമാനം

-യൂണിവേഴ്‌സിറ്റി കോളേജില്‍ 395 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതില്‍ നിശ്ചിത സമയത്തിനകം ബിരുദാനന്തര ബിരുദം നേടിയത് 349 പേര്‍ -88.35 ശതമാനം

ബിരുദ വിഭാഗത്തില്‍ ‘മാന്യന്മാരെ’ അപേക്ഷിച്ച് ‘തല്ലിപ്പൊളികള്‍’ ബഹുദൂരം മുന്നില്‍!!! ബിരുദാനന്തര ബിരുദ വിഭാഗത്തിലും മുന്നില്‍ യൂണിവേഴ്‌സിറ്റി കോളേജ് തന്നെ. മാര്‍ ഇവാനിയോസ് ഒരു സ്വയംഭരണ കോളേജാണ്. സ്വന്തമായി പാഠ്യപദ്ധതി നിര്‍ണ്ണയിച്ച്, പഠിപ്പിച്ച്, ചോദ്യക്കടലാസ് തയ്യാറാക്കി, മൂല്യനിര്‍ണ്ണയം നടത്തി വിദ്യാര്‍ത്ഥികളെ ജയിപ്പിക്കുന്ന സ്ഥാപനം. അവിടെയാണ് 40 ശതമാനത്തിലേറെ വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനകം ബിരുദം നേടാതെ പോകുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നിടത്ത് വിജയശതമാനം കുറയുകയാണ് വേണ്ടത്. എന്നാല്‍, യൂണിവേഴ്‌സിറ്റി കോളേജ് ഇക്കാര്യത്തില്‍ അപവാദമാണ്. പഠനമികവിന് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വ്യത്യാസം പ്രകടം. മേനി നടിക്കുന്നതിലൊന്നും വലിയ കഥയില്ലെന്നു മനസ്സിലായില്ലേ?

വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ മാര്‍ ഇവാനിയോസ് കോളേജ് സമര്‍പ്പിച്ചത്‌

കഴിഞ്ഞ വര്‍ഷം ജൂണിലെ ഒരു സംഭവം ഓര്‍മ്മ വരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ സമകാലികനായിരുന്ന ഒരു സുഹൃത്തിന്റെ മകന് പ്ലസ് ടുവിന് 92 ശതമാനം മാര്‍ക്കുണ്ട്. പക്ഷേ, പയ്യന്‍സിന് യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദത്തിന് പ്രവേശനം കിട്ടിയില്ല. അവന്‍ ഇതു പറഞ്ഞപ്പോള്‍ ഞാന്‍ മൂക്കത്തു വിരല്‍ വെച്ചുപോയി. എന്നിട്ട് ഇത്ര മാത്രം പറഞ്ഞു -‘നമ്മള്‍ അല്പകാലം മുമ്പ് ജനിച്ചത് നന്നായിപ്പോയി അല്ലേ അളിയാ. ഇല്ലെങ്കില്‍ നമ്മളൊന്നും ഈ കോളേജിന്റെ പടി പോലും ചവിട്ടുമായിരുന്നില്ല.’ ആ പറഞ്ഞതിനോട് സുഹൃത്തിന് 100 വട്ടം യോജിപ്പ്. ആ സുഹൃത്തിന്റെ മകന്‍ ഇപ്പോള്‍ പഠിക്കുന്നത് മാര്‍ ഇവാനിയോസിലാണ്!!

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്

യൂണിവേഴ്‌സിറ്റി കോളേജിനെ പുച്ഛിക്കുന്നവര്‍ കഴിയുമെങ്കില്‍ ഇടയ്ക്ക് സെക്രട്ടേറിയറ്റിലും ഏജീസ് ഓഫീസിലുമൊക്കെ ഒന്നു കയറി നോക്കണം. അവിടങ്ങളില്‍ ഭരണചക്രം തിരിക്കുന്ന പ്രധാന കസേരകളില്‍ ഇരുന്ന് ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വലിയൊരു വിഭാഗം യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നാടകക്കാര്‍, സിനിമക്കാര്‍, നര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ -അങ്ങനെ എല്ലാ മേഖലകളിലുമുണ്ട് വലിയൊരു സംഘം യൂണിവേഴ്‌സിറ്റി കോളേജുകാര്‍.

ചാലയിലും പാളയത്തുമുള്ള ചുമട്ടുതൊഴിലാളിയുടെയും കെട്ടിടനിര്‍മ്മാണ തൊഴിലാളിയുടെയും ഓട്ടോറിക്ഷ ഡ്രൈവറുടെയുമെല്ലാം രൂപത്തില്‍ ഞങ്ങളുണ്ട്. പക്ഷേ, ഞങ്ങളെല്ലാം സമന്മാരാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഞങ്ങള്‍ ഇടയ്ക്ക് ഒത്തുചേരാറുണ്ട്. അവിടെ വലിയവനുമില്ല, ചെറിയവനുമില്ല. എന്തു തൊഴില്‍ ചെയ്താലും ഞങ്ങളാരും ജീവിതത്തില്‍ പരാജയപ്പെട്ടിട്ടില്ല, ഒളിച്ചോടിയിട്ടില്ല. പഠിക്കുന്നതിനൊപ്പം പോരാടാനും ഞങ്ങളുടെ കലാലയ മുത്തശ്ശി ഞങ്ങളെ പഠിപ്പിച്ചു. എല്ലാവരെയും സമന്മാരായി കാണാന്‍ പഠിപ്പിച്ചു. അതിനെക്കാള്‍ വലിയ ജീവിതപഠനം വേറെയില്ല തന്നെ.

21 വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ എനിക്കു പോലും വലിയ ആവേശമുണര്‍ത്തുന്നതാണ് ഈ വിജയം. അപ്പോള്‍പ്പിന്നെ ഇപ്പോള്‍ കോളേജുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ കാര്യം പറയാനുണ്ടോ! ഈ മഹാവിജയം സാദ്ധ്യമാക്കിയ യൂണിവേഴ്‌സിറ്റി കോളേജിലെ ഇപ്പോഴത്തെ തലമുറയ്ക്ക് -വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും -ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരു പഴമക്കാരന്റെ അഭിവാദ്യങ്ങള്‍. വിജയം നേടാന്‍ എളുപ്പമാണ്. അത് നിലനിര്‍ത്താന്‍ നന്നായി ബുദ്ധിമുട്ടണം. 151 വയസ്സ് പ്രായമുള്ള, കേരളത്തിലെ ഏറ്റവും ആദ്യത്തെ കോളേജിന്റെ ഭാഗമാണ് നിങ്ങളെന്നു മറക്കാതിരിക്കുക. അതില്‍ അഭിമാനിക്കുക.

നമുക്ക് പണത്തിനു മാത്രമേ കുറവുള്ളൂ. അതൊരു കുറവല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. പഠിക്കുക. പോരാട്ടം തുടരുക.

 


പിന്‍കുറിപ്പ്: യൂണിവേഴ്‌സിറ്റി കോളേജ് കൈവരിച്ച നേട്ടത്തിന്റെ പേരില്‍ വലിയ മാധ്യമ ആഘോഷമൊന്നും കണ്ടില്ല. മാര്‍ ഇവാനിയോസ് കോളേജിനു വല്ലതും ആയിരിക്കണമായിരുന്നു ഈ നേട്ടം!!!

Previous articleസമൂഹവിരുദ്ധന്‍!!
Next articleമമ്മൂട്ടിക്ക് ‘പരോള്‍’

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

Donate to support FAIR JOURNALISM

COMMENTS