ആപത്തുകാലത്ത് ഒപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. നിലയില്ലാക്കയത്തില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ കച്ചിത്തുരുമ്പെങ്കിലും നീട്ടുന്നവന്റെ ജാതകം ആരും പരിശോധിക്കാറില്ല. ആ സഹായത്തിന്റെ പേരില്‍ ആരുടെയും ജാതകം മാറുന്നുമില്ല. എന്നാല്‍, കഷ്ടകാലത്ത് ഒപ്പം നില്‍ക്കാന്‍ തയ്യാറായി എന്നതിലെ നന്മ നമ്മള്‍ അംഗീകരിക്കേണ്ടതല്ലേ?

BURST MODI

ഒരു കാര്യത്തിന് വിജയകരമായ നേതൃത്വം നല്‍കാനാവുന്നത് എപ്പോഴാണ്? ‘നിങ്ങള്‍ പോയി ആ ജോലി ചെയ്യൂ’ എന്ന് അണികളോട് ഒരു നേതാവ് പറഞ്ഞാല്‍ ജോലി നടന്നേക്കാം. അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയിക്കണമെന്നില്ല. എന്നാല്‍ നേതാവ് പറയുന്നത് ‘വരൂ നമുക്ക് ആ ജോലി ചെയ്യാം’ എന്നാണെങ്കിലോ? സംഗതിയുടെ അര്‍ത്ഥതലം മാറി. നേതാവ് ഒപ്പമുള്ളതിന്റെ ഭയഭക്തി ബഹുമാനങ്ങളും ഗൗരവഭാവവും അണികള്‍ക്കുണ്ടാവും. പിഴവു വരുത്താതിരിക്കാന്‍, നേതാവിന്റെ പ്രീതിക്കു പാത്രമാവാന്‍ അണികള്‍ പരമാവധി ശ്രമിക്കും. ഉഴപ്പാതെ പണിയെടുക്കും. നിശ്ചിത സമയത്തിനു മുമ്പ് പണി തീരും. സാധാരണനിലയില്‍ നടക്കുന്നതില്‍ നിന്നും കാര്യങ്ങള്‍ വൃത്തിയായി പൂര്‍ത്തിയാവും. എന്റെ അച്ഛനില്‍ നിന്നു പഠിച്ചതാണ് ഈ പാഠം. ഞാന്‍ പലപ്പോഴുമിത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. കൃത്യമായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നു താല്പര്യമുള്ള എല്ലാവരും ഈ രീതി തന്നെയാണ് അവലംബിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ചെയ്തത് ഇതു തന്നെയല്ലേ?

പരവൂര്‍ വെട്ടിക്കെട്ടു ദുരന്തം മനസ്സാക്ഷിയുള്ള എല്ലാ മനുഷ്യരെയും നടുക്കിയതാണ്. വിവരമറിഞ്ഞ നരേന്ദ്ര മോദിയും ആ വികാരം ഉള്‍ക്കൊണ്ടു. ഇത്തരമൊരു ഘട്ടത്തില്‍ ഒരു പ്രധാനമന്ത്രിക്ക് എന്തു ചെയ്യാനാവുമോ അത് അദ്ദേഹം ചെയ്തു. ദുരന്തത്തിനിരയായവര്‍ക്ക് വലിയൊരളവു വരെ ആശ്വാസം പകരുന്നതു തന്നെയായിരുന്നു ആ നടപടികള്‍. എന്നാല്‍, ചിലരുടെയെങ്കിലും പ്രതികരണങ്ങള്‍ മോദി എന്തോ വലിയ പാതകം ചെയ്തു എന്ന രീതിയിലാണ്. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം! അല്ലാതെന്താ പറയുക!!

ആശയവിനിമയത്തിന് ട്വിറ്റര്‍ എന്ന സങ്കേതം വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്നയാളാണ് നരേന്ദ്ര മോദി. വെടിക്കെട്ടു ദുരന്തം അറിഞ്ഞപാടെ അദ്ദേഹം പ്രഖ്യാപിച്ചു താന്‍ ഉടനെ തന്നെ കേരളത്തിലെത്തുമെന്ന്. കേരളത്തിലുണ്ടായിരുന്ന കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയോട് ദുരിതാശ്വാസപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ആ തത്സമയ പ്രതികരണത്തെ ഞാന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. അതില്‍ രാഷ്ട്രീയം കാണുന്നവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ.

പ്രധാനമന്ത്രി എന്നു പറഞ്ഞാല്‍ രാഷ്ട്രത്തിന്റെ ഭരണത്തലവനാണ്. ഒരു സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു എന്നു പറയുമ്പോള്‍ത്തന്നെ സ്വാഭാവികമായി അതിനു പ്രധാന്യം കൈവരുന്നു, കുറഞ്ഞപക്ഷം ഉദ്യോഗസ്ഥ തലത്തിലെങ്കിലും. ദുരന്തഭൂമിയിലേക്കു താന്‍ പോകുന്നു എന്നു നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ ഞായറാഴ്ച അവധിയുടെ ആലസ്യത്തിലായിരുന്ന ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങള്‍ ഉണര്‍ന്നു. ഇങ്ങു തെക്ക് കേരളം എന്നൊരു സ്ഥലമുണ്ടെന്നു പോലും അംഗീകരിക്കാന്‍ മടിയുള്ള ഉത്തരേന്ത്യന്‍ ഗോസായിമാര്‍ സടകുടഞ്ഞെഴുന്നേറ്റു എന്നു പറയുന്നത് ചെറിയ കാര്യമല്ല തന്നെ. ദുരന്തത്തിന് ആശ്വാസം നല്‍കാന്‍ എന്തു ചെയ്യാനാവുമെന്ന് പരിശോധനയുണ്ടായി. സൈന്യവും ദുരന്തനിവാരണ സേനയുമൊക്കെ സേവനസജ്ജരായി. പ്രധാനമന്ത്രി കേരളത്തില്‍ വിമാനമിറങ്ങിയത് ഒറ്റയ്ക്കല്ല, രാജ്യത്തെ ഏറ്റവും മികച്ച 15 ഡോക്ടര്‍മാരുമായിട്ടാണ്. പ്രധാനമന്ത്രി നേരിട്ട് ഉത്തരവാദിത്വമേല്‍പ്പിച്ചതിന്റെ ഗൗരവഭാവം കൂടി ആ ഡോക്ടര്‍മാര്‍ക്കുണ്ടാവുമ്പോള്‍ നേട്ടം തീര്‍ച്ചയായും ദുരന്തത്തിനിരയായ പാവങ്ങള്‍ക്കു തന്നെ.

പ്രധാനമന്ത്രിയെപ്പോലൊരു വി.വി.ഐ.പി. ഒരു ദുരന്തഭൂമിയിലേക്ക് എത്തുന്നത് എത്രമാത്രം അഭിലഷണീയമാണ് എന്ന ചോദ്യമുണ്ട്. വന്‍ സുരക്ഷാ സംവിധാനങ്ങളും പ്രധാനമന്ത്രിയെ അനുഗമിക്കുന്ന മാധ്യമപ്പടയുമെല്ലാം ചേര്‍ന്ന് രംഗം കൈയടക്കും. ഇതോടൊപ്പം സന്ദര്‍ശത്തിന്റെ ഭാഗമായുണ്ടാവുന്ന പലവിധത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ കൂടിയാവുമ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന്റെ ത്വരിതഗതിയെ അതു ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും. എന്നാല്‍, താന്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഒരു രാജ്യത്തുണ്ടായ ദാരുണസംഭവത്തില്‍ നടുക്കം മാത്രം രേഖപ്പെടുത്തി മറ്റുള്ളവര്‍ക്ക് വെറുതെ നിര്‍ദ്ദേശം കൊടുത്ത് മാറി നില്‍ക്കുകയായിരുന്നോ നരേന്ദ്ര മോദി ചെയ്യേണ്ടിയിരുന്നത്? അത്തരമൊരു നിലപാടാണ് മോദി സ്വീകരിച്ചിരുന്നതെങ്കില്‍, വേണ്ട സന്നാഹങ്ങളുമായി പറന്നെത്തിയ ഇപ്പോഴത്തെ നടപടിയെ വിമര്‍ശിക്കുന്നതിന്റെ എത്രയോ ഇരട്ടി ആളുകള്‍ കുറ്റപ്പെടുത്താന്‍ രംഗത്തുവരുമായിരുന്നു. ഈ ഞാനും അക്കൂട്ടത്തിലുണ്ടാവുമായിരുന്നു എന്നതുറപ്പ്.

മാധ്യമപ്രവര്‍ത്തനം തുടങ്ങിയിട്ട് 19 വര്‍ഷമാകുന്നു. ഈ കാലയളവിനിടെ എത്രയോ തവണ പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഉപരാഷ്ട്രപതിമാരുടെയുമൊക്കെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇസഡ് പ്ലസ് സുരക്ഷാ ഗണത്തില്‍പ്പെടുന്ന സോണിയാ ഗാന്ധി, എല്‍.കെ.അദ്വാനി തുടങ്ങിയവരുടെ യോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വി.വി.ഐ.പി. യോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അതു കേള്‍ക്കാന്‍ പോകുന്ന സാധാരണക്കാരെക്കാള്‍ പരിഗണന കിട്ടും എന്നത് ഉറപ്പല്ലേ? ആ പ്രത്യേക പരിഗണനയുണ്ടായിട്ടുപോലും എന്തൊക്കെ നൂലാമാലകളാണ് ഞങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതെന്നറിയാമോ? വി.വി.ഐ.പി. എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും തങ്ങളുടെ ഇരിപ്പിടത്തില്‍ എത്തിയിരിക്കണം. കര്‍ശനമായ ദേഹപരിശോധനയ്ക്കു വിധേയമാകണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എല്ലാ സങ്കേതങ്ങള്‍ക്കും നിയന്ത്രണം. ഇതൊക്കെ കഴിഞ്ഞാലും ഞങ്ങളുടെ സ്ഥാനം വി.വി.ഐ.പിയില്‍ നിന്ന് കുറഞ്ഞത് 100 വാരയെങ്കിലും അകലെ. ഇതിനു പുറമെ വി.വി.ഐ.പി. സഞ്ചരിക്കുന്ന റോഡ് മുഴുവന്‍ അടച്ചുകെട്ടി ജനത്തെ ബന്ദിയാക്കുകയും ചെയ്യും.

പരവൂരിലെ ദുരന്തസ്ഥലത്തും കൊല്ലം ആസ്പത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആര്‍ക്കെങ്കിലും നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കൊണ്ട് അത്തരമൊരു ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോ? സാധാരണ രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനചിത്രങ്ങളില്‍ കാണുന്നപോലെ ഫോട്ടോമാനിയാക്കുകളായ രാഷ്ട്രീയ നേതാക്കളെ വി.വി.ഐ.പികള്‍ക്കൊപ്പം കാണാറില്ല. കര്‍ശനസുരക്ഷാ നിയന്ത്രണങ്ങള്‍ തന്നെ കാരണം. എന്നാല്‍, ഇവിടെ ചിത്രങ്ങളില്‍ മോദിക്കൊപ്പം കണ്ട എത്ര പേരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകും? പ്രോട്ടോക്കോളും സുരക്ഷാ നിയന്ത്രണങ്ങളുമെല്ലാം ഒഴിവാക്കണമെന്ന് സന്ദര്‍ശനം പ്രഖ്യാപിച്ച വേളയില്‍ തന്നെ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനാല്‍ത്തന്നെ അദ്ദേഹത്തിനു സമീപത്തെത്തിയവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. അദ്ദേഹം സംസാരിക്കാന്‍ കൂടുതല്‍ സമയം ചെലവിട്ടതും ദുരന്തത്തിനിരയായ സാധാരണക്കാരോടു തന്നെ. എനിക്കേതായാലും ഇത് ആദ്യ അനുഭവമാണ്.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലുള്ള രാഷ്ട്രീയക്കളിയാണ് നരേന്ദ്ര മോദി നടത്തിയതെന്ന് വിമര്‍ശകപക്ഷം. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ കുറ്റപ്പെടുത്തലില്‍ നിന്ന് മോചിതനാവുന്നില്ല. ഇസെഡ് പ്ലസ്, ഇസെഡ് കാറ്റഗറിയിലുള്ളവര്‍ എത്തുമെന്നറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടിയിരുന്നവരുടെ ശ്രദ്ധ അവരിലേക്കായി, അവരുടെ സുരക്ഷയിലേക്കായി. വിദഗ്ദ്ധ ചികിത്സ കിട്ടേണ്ടവരെ കൊണ്ടുപോകേണ്ട വഴികള്‍ വി.വി.ഐ.പികള്‍ക്കായി അടയ്ക്കപ്പെട്ടു. അരക്കില്ലം കത്തിയശേഷം വെന്തുമരിച്ച പാണ്ഡവരുടെയും കുന്തിയുടെയും മൃതദേഹങ്ങള്‍ കാണാന്‍ ഉള്ളില്‍ ആഹ്ലാദവാന്മാരെങ്കിലും ദുഃഖം ഭാവിച്ചെത്തിയ ദുര്യോധനാദികളോട് നരേന്ദ്ര മോദിയെയും ഒപ്പമുള്ളവരെയും ഒരാള്‍ ഉപമിച്ചു കണ്ടു. ഇതിനോടൊക്കെ ഒന്നേ പറയാനുള്ളൂ. അമ്മയെ തല്ലിയാലും രണ്ടുണ്ടഭിപ്രായം.

തിരഞ്ഞെടുപ്പ് കാരണമായിട്ടുണ്ടാവാം. പക്ഷേ, തന്റെ സന്ദര്‍ശനം തിരഞ്ഞെടുപ്പ് പ്രചാരണമെന്നു വ്യാഖ്യാനിക്കപ്പെടരുതെന്ന ബോധപൂര്‍വ്വമായ പരിശ്രമം മോദി നടത്തിയിട്ടുണ്ട് എന്നത് കാണാതിരുന്നുകൂടാ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ ഇവിടത്തെ സ്ഥാനാര്‍ത്ഥി ശ്രീശാന്ത് അടക്കമുള്ള ബി.ജെ.പി. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. എന്നാല്‍, മോദി ആസ്പത്രിക്കുള്ളിലേക്കു കടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നത് സര്‍ക്കാര്‍ പ്രതിനിധികളും ഡോക്ടര്‍മാരും മാത്രം. അവിടെ മോദി ബി.ജെ.പി. നേതാവായിരുന്നില്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു.

തന്റെ കടമ ഇതാണെന്ന് ഒരു പ്രധാനമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. നേരിട്ടുള്ള ആ ഇടപെടല്‍, അതും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ആ നേതൃത്വ മനോഭാവം അംഗീകരിക്കപ്പെടണം. ഞാന്‍ നരേന്ദ്ര മോദിയോട് യോജിക്കാത്ത ഒട്ടേറെ വിഷയങ്ങളുണ്ട്. അദ്ദേഹത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്. യോജിക്കാനാവാത്ത വിഷയങ്ങളില്‍ ഇനിയും എതിര്‍ക്കും, വിമര്‍ശിക്കും. പക്ഷേ, ഇക്കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിക്കൊപ്പമാണ്. നല്ലത് ആരു ചെയ്താലും നല്ലത് എന്നു പറയാന്‍ നമ്മളിനിയും പഠിക്കേണ്ടിയിരിക്കുന്നു. അന്ധമായ രാഷ്ട്രീയതിമിരം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

മോദിയോട് ബഹുമാനം വെറുതെയല്ല. പുലര്‍ച്ചെ 3.30ന് നടന്ന ദുരന്തത്തിനിരയായവരെ 5.00 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും നേരം പുലര്‍ന്ന് 7.30 ആയിട്ടും മുഖത്ത് പുട്ടിയിടുകയായിരുന്ന നമ്മുടെ ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാറിനോട് പുച്ഛം. ശിവകുമാറുമായി താരതമ്യം ചെയ്യുമ്പോള്‍ മോദി അത്യുന്നതങ്ങളിലാണ്.

ഒരു ലുങ്കിയുമുടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ പുലരും മുമ്പു തന്നെ മെഡിക്കല്‍ കോളേജില്‍ ഓടിനടക്കുന്ന ‘മന്ത്രി’ ശിവകുമാറിന് വരുന്ന തിരഞ്ഞെടുപ്പില്‍ കിട്ടുമായിരുന്ന മൈലേജ് ഒന്ന് ആലോചിച്ചു നോക്കൂ. തിരുവനന്തപുരം മണ്ഡലത്തില്‍ ആന്റണി രാജുവിനും ശ്രീശാന്തിനുമൊന്നും കെട്ടിവെച്ച കാശ് കിട്ടുമായിരുന്നില്ല. തേച്ച് വടിയാക്കിയ ഖദറും മുഖത്തെ ഒരു ടണ്‍ പുട്ടിയും ക്യാമറകളില്‍ നന്നായി പതിഞ്ഞിട്ടുണ്ടാവാം, ജനമനസ്സിലില്ല.

ജനങ്ങളെ മനസ്സിലാവണമെങ്കില്‍ സെന്‍സ് വേണം! സെന്‍സിബിലിറ്റി വേണം!! സെന്‍സിറ്റിവിറ്റി വേണം!!!

FOLLOW
 •  
  2K
  Shares
 • 1.8K
 • 89
 •  
 • 54
 •  
 •