സങ് ഗഛത്വം സം വദധ്വം സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂര്‍വേ സഞ്ജനാനാ ഉപാസതേ
സമാനോ മന്ത്രഃ സമിതിഃ സമാനോ സമാനം മനഃ സഹ ചിത്തമേഷാം
സമാനം മന്ത്രമഭി മന്ത്രയേ വഃ സമാനേന വോ ഹവിഷാ ജുഹാമി
സമാനീ വ ആകൂതിഃ സമാനാ ഹൃദയാനി വഃ
സമാനമസ്തു വോ മോ യഥാ വഃ സുസഹാസതി

ഋഗ്വേദത്തിലെ ഐകത്യ സൂക്തമാണ് ഈ ഉദ്ധരണി. ഈ സൂക്തത്തിലാണ് ഋഗ്വേദം അവസാനിക്കുന്നത്. അതിന്റെ സാരാംശം എതാണ്ട് ഇങ്ങനെ.

നിങ്ങള്‍ ഒന്നു ചേരുവിന്‍. ഏക രൂപത്തില്‍ സ്തുതിക്കുവിന്‍. നിങ്ങള്‍ ഏക മനസ്സുള്ളവരാകുവിന്‍. ദേവന്മാര്‍ ഏക മനസ്‌കരായി യജ്ഞത്തില്‍ നിന്ന് ഹവിസ്സ് സ്വീകരിക്കുന്നതു പോലെ നിങ്ങളും ഏകമനസ്സുള്ളവരായി ധനാദികളെ സ്വീകരിക്കുന്നവരാകുവിന്‍. ഇവര്‍ ഏകമായി ഇവിടെ വരട്ടെ. ഇവരുടെ മനസ്സും സമാനമായിരിക്കട്ടെ. നിങ്ങളുടെ കര്‍മ്മങ്ങള്‍ സമാനമാകട്ടെ. നിങ്ങളുടെ ഹൃദയവും മനസ്സും തുല്യമായിരിക്കട്ടെ. നിങ്ങള്‍ തുല്യമതികളായി എല്ലാ പ്രകാരങ്ങളിലും സുസംഘടിതരാകട്ടെ.

ഇത് ഏതെങ്കിലും മതവിഭാഗത്തിന്റെ പ്രാര്‍ത്ഥനയാണെന്നു തോന്നുന്നുണ്ടോ? ദേവകള്‍, ഹവിസ്സ് എന്നീ വാക്കുകള്‍ ചിലരില്‍ സംശയങ്ങളുയര്‍ത്തിയേക്കാം. ദേവന്മാര്‍ യജ്ഞത്തില്‍ നിന്നു ഹവിസ്സ് സ്വീകരിക്കുന്നു എന്ന പരാമര്‍ശം ഒരു ഉപമയായി മാത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദു മതത്തിന്റെ സ്വത്താണ് വേദങ്ങളെങ്കിലും അതിലെ പല സൂക്തങ്ങളും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവയാണ്. എല്ലാവരുടെയും നന്മ കാംക്ഷിക്കുന്ന അത്തരം സൂക്തങ്ങളിലൊന്നാണ് മുകളില്‍ ഉദ്ധരിച്ചത്. സംസ്‌കൃതമായതിനാല്‍ എല്ലാവര്‍ക്കും അര്‍ത്ഥം മനസ്സിലാവണമെന്നില്ല. അത്തരത്തില്‍ സംസ്‌കൃതം അറിയാത്തവര്‍ക്ക് ഐകത്യ സൂക്തം പ്രാര്‍ത്ഥനയായി തോന്നാം. സംസ്‌കൃതം അറിയുന്നവര്‍ക്ക് ഇത് അങ്ങനെയല്ല. മനുഷ്യരാശിയുടെ നന്മയ്ക്കായി എല്ലാവരും ഒരുമിക്കട്ടെ എന്ന ആശംസ മാത്രമാണ്. ഇവനെന്തു വിവരക്കേടാണ് ഈ പറയുന്നത് എന്നു സംശയിക്കുന്നവരുണ്ടാവാം. ശരിയാണ് സംസ്‌കൃത ശ്ലോകങ്ങള്‍ വ്യാഖ്യാനിക്കാനുള്ള അറിവ് എനിക്കില്ല തന്നെ. എന്റെ വ്യാഖ്യാനത്തില്‍ സംശയമുള്ളവര്‍ക്ക് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ മുന്‍ പ്രൊ വൈസ് ചാന്‍സലറുമായ കെ.ദാമോദരന്‍ എഴുതിയ ഇന്ത്യയുടെ ആത്മാവ്, ഭാരതീയ ചിന്ത എന്നീ പുസ്തകങ്ങള്‍ ഒന്നു മറിച്ചുനോക്കാവുന്നതാണ്.

kkshylaja.jpg

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിന്റെ തുടക്കത്തില്‍ ഐകത്യ സൂക്തം ഉരുവിട്ടിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇതിനോട് യോജിച്ചില്ല. ചടങ്ങിന്റെ തുടക്കത്തില്‍ ഈശ്വര പ്രാര്‍ത്ഥന നടത്തിയത് ശരിയായില്ല എന്നായിരുന്നു അവരുടെ നിലപാട്. യോഗ ഏതെങ്കിലും മതത്തിന്റെ സ്വന്തമല്ല. ഇത് എല്ലാവര്‍ക്കും പരിശീലിക്കാം. ഇതൊരു മതനിരപേക്ഷ രാഷ്ട്രമായതിനാല്‍ യോഗയും മതനിരപേക്ഷ മണ്ഡലത്തില്‍ നിലനിര്‍ത്തേണ്ടതുണ്ട്. യോഗ ആരംഭിക്കുന്നതിനു മുമ്പ് ഒരു വിശ്വാസിക്ക് അവനോ അവളോ വിശ്വസിക്കുന്ന ദൈവത്തോട് പ്രാര്‍ത്ഥിക്കാം. എന്നാല്‍, വിശ്വാസികളല്ലാത്തവര്‍ക്ക് ഏകാഗ്രത ലഭിക്കുന്നതിനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാന്‍ അവകാശമുണ്ട് എന്നാണ് അവര്‍ പറഞ്ഞത്.

Yoga-Day-reu-L.jpg

മന്ത്രി ശൈലജ പറഞ്ഞത് ശരിയാണ്. തൊട്ടതും പിടിച്ചതുമെല്ലാം തുടങ്ങുമ്പോള്‍ എന്തിനാണ് ഈശ്വര പ്രാര്‍ത്ഥന? സര്‍ക്കാര്‍ ചടങ്ങുകളില്‍ ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കുക തന്നെ വേണം. എന്നെ സംബന്ധിച്ചിടത്തോളം ഈശ്വര പ്രാര്‍ത്ഥന വളരെ സ്വകാര്യമായൊരു കാര്യമാണ്. ഭക്തനായ ഞാനും എന്റെ ഈശ്വരനും തമ്മിലുള്ള ആശയവിനിമയമാണ് പ്രാര്‍ത്ഥന. അതൊടു പൊതുഇടത്തേക്ക് വലിച്ചുകെട്ടി മലീമസമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ശാസ്ത്രത്തിന്റെ ഏറ്റവും ഉന്നതമായ തലങ്ങളില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്ന റോക്കറ്റ് വിക്ഷേപിക്കുന്നതിനു മുമ്പ് വിഘ്‌നമകറ്റാന്‍ തേങ്ങ ഉടയ്ക്കുന്ന വൈരുദ്ധ്യമുള്ള നാടാണിത്. ഇത് വിശ്വാസമല്ല അന്ധവിശ്വാസമാണ്. വിശ്വാസം സംരക്ഷിക്കപ്പെടണമെങ്കില്‍ അന്ധവിശ്വാസം ഇല്ലാതാവണം.

പക്ഷേ, ഐകത്യ സൂക്തത്തെ മന്ത്രി എതിര്‍ത്തത് അതു സംബന്ധിച്ച ധാരണയില്ലായ്മ നിമിത്തമാണെന്നു തന്നെ ഞാന്‍ പറയും. സംസ്‌കൃത ശ്ലോകങ്ങളെല്ലാം ഹൈന്ദവ പ്രാര്‍ത്ഥനകളാണെന്ന മിഥ്യാധാരണ അവരും ഒപ്പമുള്ളവരും മാറ്റണം. ഭഗവദ് ഗീത ഹൈന്ദവ ഗ്രന്ഥമാണെങ്കിലും ലോകനന്മയ്ക്കുതകുന്ന ഏറ്റവും മഹത്തായ ആശയങ്ങളാണ് അതില്‍ പ്രതിഫലിപ്പിക്കുന്നത്. ഗീതയില്‍ പറയുന്നതു തന്നെ ഖുറാനും ബൈബിളുമെല്ലാം പറയുന്നു. എല്ലാ മതഗ്രന്ഥങ്ങളും പരസ്പരപൂരകങ്ങളാണ്. പറയുന്ന രീതിയും ഭാഷയും വ്യത്യസ്തമാണ് എന്നേയുള്ളൂ. ഇവയിലൊക്കെ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമായിരുന്നുവെങ്കില്‍ ഈ ലോകത്ത് മതവൈരം എന്നത് ഉണ്ടാവുമായിരുന്നില്ല. ‘അല്പജ്ഞാനം പെരുംചേതം’ എന്നു കേട്ടിട്ടില്ലേ. അതു തന്നെയാണ് ഇവിടെ പ്രശ്‌നം. സ്‌കൂള്‍ തലത്തില്‍ സംസ്‌കൃതം ഒന്നാം ഭാഷയായി പഠിച്ചിട്ടുള്ള ഒരുവന്റെ ആത്മരോഷമാണ് ഞാന്‍ ഇവിടെ പ്രകടമാക്കുന്നത്.

ramdev.jpg

യോഗ എന്നത് വളരെ ഉദാത്തമായ ഒരു ജീവിതരീതിയാണ്. ആധുനിക മനുഷ്യന്‍ നേരിടുന്ന പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമുണ്ടാക്കാന്‍ യോഗയുടെ അച്ചടക്കത്തിനു കഴിയും. എന്നാല്‍, യോഗ എന്നാല്‍ ഇന്ന് ബാബാ രാംദേവ് എന്ന അള്‍ട്രാ മോഡേണ്‍ സംന്യാസിയാണ്. എന്തും പണമുണ്ടാക്കാനുള്ള ഉപാധിയായി കാണുന്ന മനുഷ്യന്റെ കച്ചവടതൃഷ്ണയുടെ ഉത്തമോദാഹരണമാണ് അദ്ദേഹം. വമ്പന്‍ യോഗാ സദസ്സുകള്‍ സംഘടിപ്പിച്ച് ജനസ്വാധീനം ഉറപ്പിച്ച രാംദേവ് അതുപയോഗിച്ച് സ്വന്തം വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതാണ് പിന്നീട് കണ്ടത്. വ്യായാമം പണമാക്കി മാറ്റുന്ന യോഗവിദ്യയാണ് അദ്ദേഹം പയറ്റുന്നത്. 1990കളുടെ ഒടുവിലാണ് രാംദേവിന്റെ സാമ്രാജ്യം പെട്ടെന്നു വളര്‍ന്നു പടര്‍ന്നു പന്തലിച്ചത്. പതഞ്ജലി ആയുര്‍വേദ് എന്ന ഉപഭോക്തൃ കമ്പനിക്കു തുടക്കമിട്ട അദ്ദേഹം പാരമ്പര്യവിധി പ്രകാരം തയ്യാറാക്കി എന്ന് അവകാശപ്പെടുന്ന ഭക്ഷ്യ, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുടെ വിപണനം ആരംഭിച്ചു. പ്രകൃതിദത്തവും ആരോഗ്യദായകവും അതിലുപരി ഭാരതീയവും എന്നായിരുന്നു പതഞ്ജലിയുടെ കച്ചവട മുദ്രാവാക്യം. രാംദേവിന്റെ അടുത്ത അനുയായി ആചാര്യ ബാല്‍കൃഷ്ണയ്ക്കാണ് കമ്പനിയില്‍ 92 ശതമാനം ഓഹരി പങ്കാളിത്തം. ബാക്കി 8 ശതമാനം സ്‌കോട്ട്‌ലന്‍ഡില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ ദമ്പതിമാരുടേതാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ കമ്പനി രാംദേവിന്റേതു തന്നെ.

ramdev 2.jpg

യോഗ എന്നു കേള്‍ക്കുമ്പോള്‍ ശൈലജയെ പോലുള്ളവരുടെ മനസ്സിലേക്ക് ഓടിയെത്തുക രാംദേവിന്റെ കള്ളക്കാവിയണിഞ്ഞ രൂപമായിരിക്കാം. അതുകൊണ്ട് അവര്‍ യോഗയെ എതിര്‍ക്കുന്നു. എന്നാല്‍, ഭാരതീയമായ വസ്തുക്കള്‍ക്കെല്ലാം -അത് യോഗയാവട്ടെ, സംസ്‌കൃത ശ്ലോകമാവട്ടെ -സംഘി മുദ്ര ചാര്‍ത്തിക്കൊടുക്കുന്നത് അപകടകരമാണ്. ഈ ഗണത്തില്‍പ്പെട്ടതെല്ലാം സംഘിയാണെങ്കില്‍ മന്ത്രി പറഞ്ഞ മതനിരപേക്ഷ പൊതുമണ്ഡലത്തില്‍ പിന്നെ എന്താണ് ബാക്കിയുണ്ടാവുക? ദേവഭാഷ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്‌കൃതം പഠിക്കാന്‍ ഒരു സര്‍വ്വകലാശാല ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും അപൂര്‍വ്വമാണ്. അത്തരമൊരു സര്‍വ്വകലാശാല പൊതുമണ്ഡലത്തില്‍ ഉള്ള സംസ്ഥാനമാണ് കേരളം എന്നെങ്കിലും മന്ത്രി ഓര്‍ക്കേണ്ടതായിരുന്നു. തങ്ങളുടേതല്ലാത്തത് ഇഷ്ടദാനമായി ലഭിക്കുമ്പോള്‍ സംഘികള്‍ അത് സന്തോഷത്തോടെ സ്വീകരിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ജാതിക്കും മതത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സ്വാമി വിവേകാനന്ദന്‍ സമാധിയടഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ സംഘി സംന്യാസിയായത് ഇത്തരത്തിലാണ്! അദ്ദേഹത്തെ തിരികെ പിടിക്കാന്‍ ഡി.വൈ.എഫ്.ഐക്കാര്‍ ഇടയ്‌ക്കൊന്നു ശ്രമിച്ചു നോക്കിയെങ്കിലും വിജയിച്ചില്ല എന്നുമോര്‍ക്കുക.

ഉപനിഷത്തുക്കളും വേദങ്ങളും പുരാണങ്ങളും സംസ്‌കൃതവുമെല്ലാം സംഘിയാണെങ്കില്‍ ഈ ആപ്തവാക്യങ്ങളെല്ലാം നമുക്ക് തിരുത്തിയെഴുതാം.

സര്‍ക്കാരുകള്‍..

ഭാരത സര്‍ക്കാര്‍: സത്യമേവ ജയതേ (മുണ്ഡകോപനിഷത്ത്)

കേരള സര്‍ക്കാര്‍: തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യക ഉപനിഷത്ത്)

ഗോവ സര്‍ക്കാര്‍: സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് (കഠോപനിഷത്ത്)

ചില പ്രധാന സ്ഥാപനങ്ങള്‍, സംഘടനകള്‍..

റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് -റോ: ധര്‍മ്മോ രക്ഷതി രക്ഷിതഃ (മനുസ്മൃതി)

ഭാരതീയ നാവിക സേന: ശം നോ വരുണാ (തൈത്തിരിയോപനിഷത്ത്്)

ഭാരതീയ വ്യോമസേന: നഭസ്പൃശം ദീപ്തം (ഭഗവദ് ഗീത)

ഇന്ത്യന്‍ തീരദേശ രക്ഷാ സേന: വയം രക്ഷാമഹ (വാല്‍മീകി രാമായണം)

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ: ബുദ്ധൗ ശരണമന്വിച്ഛ (ഭഗവദ് ഗീത)

കോഴിക്കോട് സര്‍വ്വകലാശാല: നിര്‍മ്മായ കര്‍മ്മണാ ശ്രീ

മഹാത്മാഗാന്ധി സര്‍വ്വകലാശാല: വിദ്യായ അമൃതോനുതേ

കണ്ണൂര്‍ സര്‍വ്വകലാശാല: തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യകോപനിഷത്ത്്)

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല: തേജസ്വി നാവധീതമസ്തു (കഠോപനിഷത്ത്്)

കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല: അമൃതം തു വിദ്യ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട്: തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യകോപനിഷത്ത്)

തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ്: കര്‍മ ജ്യായോ ഹ്യകര്‍മണഃ (ഭഗവദ് ഗീത)

നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി, ആന്ധ്ര പ്രദേശ്: ധര്‍മ്മേ സര്‍വം പ്രതിഷ്ഠിതം

മൈസൂര്‍ സര്‍വ്വകലാശാല: ന ഹി ജ്ഞാനേന സദൃശം (ഭഗവദ് ഗീത)

നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ആന്ധ്ര പ്രദേശ്: സര്‍വേ സന്തു നിരാമയാ (ശ്രീ ശങ്കരാചാര്യര്‍)

എന്‍.ടി.ആര്‍. യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, ആന്ധ്ര പ്രദേശ്: വൈദ്യോ നാരായണോ ഹരി (പുരാണം)

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്, ധന്‍ബാദ്: ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത (കഠോപനിഷത്ത്)

ബംഗാള്‍ എന്‍ജിനീയറിങ് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റി: ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത (കഠോപനിഷത്ത്)

ബെര്‍ഹാംപുര്‍ സര്‍വ്വകലാശാല, ഒഡിഷ: തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യകോപനിഷത്ത്)

ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്: ശരീരമാദ്യം ഖലൂധര്‍മ്മസാധനം (കാളിദാസന്റെ കുമാരസംഭവം)

ആന്ധ്ര സര്‍വ്വകലാശാല: തേജസ്വി നാവധീതമസ്തു (കഠോപനിഷത്ത്്)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാണ്‍പുര്‍: തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യകോപനിഷത്ത്)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പുര്‍: യോഗഃ കര്‍മ്മസു കൗശലം (ഭഗവദ് ഗീത)
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ചെന്നൈ: സിദ്ധിര്‍ഭവതി കര്‍മ്മജാ (ഭഗവദ് ഗീത)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ബംഗളൂരു: തേജസ്വി നാവധീതമസ്തു (കഠോപനിഷത്ത്)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്: യോഗഃ കര്‍മ്മസു കൗശലം (ഭഗവദ് ഗീത)

കേന്ദ്രീയ വിദ്യാലയ: തത്വം പൂഷാന്നപാവൃണു (ഈശാവാസ്യ ഉപനിഷത്ത്)

ബനസ്ഥലി വിദ്യാപീഠം: സാ വിദ്യാ യാ വിമുക്തയേ (വിഷ്ണുപുരാണം)

വിശ്വേശരയ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, നാഗ്പുര്‍: യോഗഃ കര്‍മ്മസു കൗശലം (ഭഗവദ് ഗീത)

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സില്‍ചര്‍: യോഗഃ കര്‍മ്മസു കൗശലം (ഭഗവദ് ഗീത)

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ശ്രീനഗര്‍: തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യകോപനിഷത്ത്)

മോത്തിലാല്‍ നെഹ്രു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അലഹബാദ്: സിദ്ധിര്‍ഭവതി കര്‍മ്മജാ (ഭഗവദ് ഗീത)

മദന്‍ മോഹന്‍ മാളവ്യ എന്‍ജിനീയറിങ് കോളേജ്, ഗോരഖ്പുര്‍: യോഗഃ കര്‍മ്മസു കൗശലം (ഭഗവദ് ഗീത)

സമ്പൂര്‍ണ്ണാനന്ദ് സംസ്‌കൃത സര്‍വ്വകലാശാല: ശ്രുതം മേ ഗോപായ (തൈത്തിരിയോപനിഷത്ത്)

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍: അസതോമാ സദ്ഗമയ (ബൃഹദാണ്യകോപനിഷത്ത്)

ഉസ്മാനിയ സര്‍വ്വകലാശാല, ആന്ധ്ര പ്രദേശ്: തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യകോപനിഷത്ത്)

ദേവി അഹല്യ വിശ്വവിദ്യാലയ: ധിയോ യോ നഃ പ്രചോദയാത് (യജുര്‍ വേദം)

ഗുജറാത്ത് ദേശീയ നിയമ സര്‍വ്വകലാശാല: ആ നോ ഭദ്രാ ക്രതവോ യന്തു വിശ്വതോ (ഋഗ്വേദം)

കൊച്ചി കപ്പല്‍ നിര്‍മ്മാണശാല: കര്‍മ്മയോഗേ വിദ്ധിഷ്യതേ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ച്ചേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ: യാ ഏഷാ സുപ്‌തേഷു ജാഗൃതി (കഠോപനിഷത്ത്)

സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് ടെക്‌നോളജി: ജ്ഞാനം വിജ്ഞാനസഹിതം (ഭഗവദ് ഗീത)

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ: യോഗക്ഷേമം വഹാമ്യഹം (ഭഗവദ് ഗീത)

ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ: അതിഥി ദേവോ ഭവഃ (തൈത്തിരിയോപനിഷത്ത്)

ചില യുദ്ധക്കപ്പലുകള്‍ നോക്കാം..

ഇന്ത്യന്‍ നേവല്‍ ഷിപ്പ് വിക്രാന്ത്: ജയേമ ശം യുദ്ധി സ്പര്‍ദ്ധ (ഋഗ്വേദം)

ഇന്ത്യന്‍ നേവല്‍ ഷിപ്പ് മൈസൂര്‍: ന ബിഭേതി കദാചന (മഹോപനിഷത്ത്)

ഇന്ത്യന്‍ നേവല്‍ ഷിപ്പ് ഡല്‍ഹി: സര്‍വതോ ജയം ഇച്ഛാമി (സുഭാഷിതം)

ഇന്ത്യന്‍ നേവല്‍ ഷിപ്പ് മുംബൈ: അഹം പര്യാപ്തം ത്വിദമേതേഷാം ബലം (ഭഗവദ് ഗീത)

ഇന്ത്യന്‍ നേവല്‍ ഷിപ്പ് ശിവജി: കര്‍മ്മസു കൗശലം (ഭഗവദ് ഗീത)

ഇന്ത്യന്‍ നേവല്‍ ഷിപ്പ് ഹംല: ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം (ഭഗവദ് ഗീത)

ഇന്ത്യന്‍ നേവല്‍ ഷിപ്പ് വല്‍സുര: തസ്യ ഭാസാ സര്‍വമിദം വിഭാതി (കഠോപനിഷത്ത്)

ഇന്ത്യന്‍ നേവല്‍ ഷിപ്പ് ചില്‍ക: ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി (പഞ്ചതന്ത്രം)

സംസ്‌കൃത ശ്ലോകത്തെ എതിര്‍ത്ത മന്ത്രിയുടെ പേര് കെ.കെ.ശൈലജ.

ശൈലജ എന്നാല്‍ ശൈല പുത്രി അഥവാ മലയുടെ മകള്‍.
ഹിമവാന്റെ പുത്രിയായ പാര്‍വ്വതിയുടെ പര്യായം.
പാര്‍വ്വതി എന്നാല്‍ ഭഗവാന്‍ പരമശിവന്റെ ധര്‍മ്മപത്‌നി.
ഹെന്റെ ശിവനേ.. മൊത്തം ഹൈന്ദവതയാണല്ലോ!!
ആകെ കുഴപ്പം തന്നെ!!!
പേര് മാറ്റിക്കളയാം.
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.മലമകള്‍!!!!

FOLLOW
 •  
  946
  Shares
 • 891
 • 34
 •  
 • 21
 •  
 •